കന്നി ടെസ്റ്റ് സെഞ്ച്വറി, ഓസ്ട്രേലിയൻ മണ്ണിൽ ചരിത്ര നേട്ടം; തന്‍സിദ് ഹസന്‍ ‘ക്ലാസിക്ക്’

കന്നി ടെസ്റ്റ് സെഞ്ച്വറി, ഓസ്ട്രേലിയൻ മണ്ണിൽ ചരിത്ര നേട്ടം; തന്‍സിദ് ഹസന്‍ ‘ക്ലാസിക്ക്’

ഡാര്‍വിന്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ് കരുതലോടെ മുന്നേറുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ 198 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശ് നിലവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയില്‍. അവര്‍ക്കിപ്പോള്‍ 41 റണ്‍സ് ലീഡ്.

ഓപ്പണര്‍ തന്‍സിദ് ഹസന്‍ നേടിയ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ ബലത്തിലാണ് ബംഗ്ലാദേശ് പൊരുതുന്നത്. താരം 8 ഫോറും ഒരു സിക്‌സും സഹിതം 188 പന്തില്‍ 100 റണ്‍സെടുത്തു. കന്നി ടെസ്റ്റ് സെഞ്ച്വറി ചരിത്ര നേട്ടത്തോടെയാണ് തന്‍സിന്‍ ആഘോഷിച്ചത്. ഓസീസ് മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്ററെന്ന അനുപമ റെക്കോര്‍ഡാണ് താരം ഡാര്‍വിനില്‍ പൊരുതി നേടിയത്. കരിയറിലെ രണ്ടാം ടെസ്റ്റിലാണ് 25കാരന്‍ കന്നി ടെസ്റ്റ് ശതകം കുറിച്ചത്. സെഞ്ച്വറിക്ക് പിന്നാലെ താരം 101 റണ്‍സുമായി മടങ്ങി.

ഓസ്‌ട്രേലിയന്‍ പേസ് അറ്റാക്കിനെ സധൈര്യം നേരിടാന്‍ ബംഗ്ലാ ബാറ്റിങ് നിര കാണിച്ച ആര്‍ജവമാണ് അവരുടെ പ്രതിരോധത്തെ മുന്നോട്ടു നയിച്ചത്. ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ (20) തുടക്കത്തില്‍ നഷ്ടമായ ശേഷം ബംഗ്ലാദേശ് കളത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

പിന്നീട് ക്രീസിലെത്തിയ മൊമിനുല്‍ ഹഖ് തന്‍സിദിനൊപ്പം ചേര്‍ന്നു പോരാട്ടം ഓസീസ് ക്യാംപിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 102 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. മൊമിനുല്‍ ഹഖ് 49 റണ്‍സുമായി മടങ്ങി.

നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയും തന്‍സിദിനെ പിന്തുണച്ചതോടെയാണ് അവര്‍ സ്‌കോര്‍ 200 കടത്തി ലീഡ് സ്വന്തമാക്കിയത്. നജ്മല്‍ അര്‍ധ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നു. താരം 50 റണ്‍സെടുത്തിട്ടുണ്ട്.

നേരത്തെ ഹസന്‍ മഹ്മൂദിന്റെ മാരക ബൗളിങാണ് ഓസീസിനെ വെട്ടിലാക്കിയത്. താരം 6 വിക്കറ്റുകള്‍ വീഴ്ത്തി. 109 പന്തില്‍ 71 റണ്‍സെടുത്തു പൊരുതി നിന്ന സ്റ്റീവ് സ്മിത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 198ല്‍ എത്തിച്ചത്.

അമിത് ഷാ സഭയിലെത്തി, സംസാരിച്ചില്ല; പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

അമിത് ഷാ സഭയിലെത്തി, സംസാരിച്ചില്ല; പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർ സഭയിലെത്തിയെങ്കിലും ചർച്ചകളൊന്നുമില്ലാതെ വന്ദേമാതരം ആലപിച്ച് സഭ പിരിയുകയായിരുന്നു.

നീറ്റ് വിഷയത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് അമിത് ഷാ മുൻപ് അറിയിച്ചിരുന്നെങ്കിലും അവസാന ദിനം സഭയിൽ പ്രസ്താവനകളോ വിശദീകരണങ്ങളോ ഉണ്ടായില്ല. സഭയ്ക്കുള്ളിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ വരികയും പുറത്ത് മകർ ദ്വാറിന് മുൻപിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിന് പിന്നാലെ, ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ചേമ്പറിൽ സംഘടിപ്പിച്ച പരമ്പരാഗത ചായസംഗമം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാ പാർട്ടി നേതാക്കളും പങ്കെടുക്കുന്ന പതിവുചടങ്ങിൽ നിന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ സഭാ നേതാക്കൾ വിട്ടുനിന്നു. അതേസമയം ഡിഎംകെ നേതാവ് കനിമൊഴി ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു തുടങ്ങിയ എൻ.ഡി.എ നേതാക്കളും പങ്കെടുത്തു . രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര തുടങ്ങിയ പ്രമുഖ നേതാക്കളെ നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും പ്രതിപക്ഷം വിട്ടുനിന്നത് ഭരണ-പ്രതിപക്ഷ ബന്ധത്തിലെ വിള്ളലാണ് വ്യക്തമാക്കുന്നത്.

‘ദലിതുകള്‍ക്ക് ഈ രാജ്യത്ത് സ്ഥാനമില്ല’; രാംലീല മൈതാനിയിലെ ശുദ്ധികലശത്തില്‍ രോഷാകുലനായി ഖാര്‍ഗെ

‘ദലിതുകള്‍ക്ക് ഈ രാജ്യത്ത് സ്ഥാനമില്ല’; രാംലീല മൈതാനിയിലെ ശുദ്ധികലശത്തില്‍ രോഷാകുലനായി ഖാര്‍ഗെ

ഡല്‍ഹി: ഉത്തരാഖണ്ഡിലെ രാംലീല മൈതാനിയില്‍ തന്റെ പ്രസംഗത്തിനു പിന്നാലെ ഹിന്ദുത്വ സംഘടന ശുദ്ധികലശം നടത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്ത്. രാജ്യത്ത് ദലിതുകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്നും മതത്തിന്റെ പേരില്‍ അവര്‍ എല്ലാവരെയും ഭിന്നിപ്പിക്കുകയാണെന്നും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ തുറന്നടിച്ചു.

ഹാല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കഴിഞ്ഞ ശനിയാഴ്ചയാണ് ഖാര്‍ഗെ വിജയശംഖനാഥ് റാലിയെ അഭിസംബോധന ചെയ്തത്. ഇതിനുശേഷം തിങ്കളാഴ്ച ശ്രീരാമ സേന ശുദ്ധികലശം നടത്തുകയും ചെയ്തു. സംഭവം വലിയ രാഷ്ട്രീയ വിവാദമായി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കാനിരിക്കെ വ്യാഴാഴ്ചയാണ് ഖാര്‍ഗെ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്.

‘ഈ രാജ്യത്ത് ദളിതര്‍ക്ക് ഇടമില്ലെന്ന് ഞങ്ങള്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. അവര്‍ എല്ലാവരെയും മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയാണ്. അവിടെ ഒരു ഹോമം നടത്തേണ്ട ആവശ്യമെന്തായിരുന്നു? രാംലീല മൈതാനി എല്ലാ പാര്‍ട്ടികളും പൊതുയോഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന വേദിയാണ്. എന്നാല്‍ അവര്‍ ചെയ്തത് ഹിന്ദു മതത്തിന് തന്നെ എതിരാണ്. രണ്ടാമതായി, അവര്‍ രാജ്യത്തെ ഭിന്നിപ്പിക്കാനും ജാതികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കാനുമായാണ് പ്രവര്‍ത്തിക്കുന്നത്.

രാംലീല മൈതാനിയില്‍ ഞാന്‍ പ്രസംഗിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ അവിടെയുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ഒരു സമുദായത്തിന്റെയും മതത്തിന്റെയും പേര് പരാമര്‍ശിച്ചിരുന്നില്ല. സര്‍ക്കാരിന്റെ വിഷയങ്ങള്‍ മാത്രമാണ് ഞാന്‍ ആവര്‍ത്തിച്ചത്. എന്നാല്‍ എന്റെ പ്രസംഗത്തിന് ശേഷം, ബിജെപി പ്രവര്‍ത്തകര്‍ ആ വേദി ശുദ്ധീകരിക്കാന്‍ അവിടെ ഹോമം നടത്തി. ഇതാണോ ജനാധിപത്യ രീതി? നിങ്ങള്‍ എങ്ങനെയാണ് ഭരണഘടന സംരക്ഷണത്തിന്റെ വക്താക്കളാകുന്നത്?’ -ഖാര്‍ഗെ ചോദിച്ചു

ഖാര്‍ഗെയ്ക്ക് മറുപടി നല്‍കിയ കേന്ദ്രമന്ത്രി ജെപി നഡ്ഡ, സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ബിജെപി അംഗങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നും പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് നഡ്ഡ ഉറപ്പുനല്‍കി. ശ്രീരാമ സേന ബിജെപിയുമായി ബന്ധമുള്ള സംഘടനയാണെന്ന ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോഡിയാലിന്റെ ആരോപണം ബിജെപി നിഷേധിച്ചു. ശ്രീരാമ സേനയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ നൈനിറ്റാള്‍ പൊലീസ് സൂപ്രണ്ടിനെയും ഗോഡിയാല്‍ ചോദ്യം ചെയ്തു.

അതേസമയം, ഖാര്‍ഗെയുടെ റാലിക്കിടെ ചില മുദ്രാവാക്യങ്ങള്‍ മുഴങ്ങിയെന്നും, ഇത് സനാതന സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ബിജെപി സംസ്ഥാന വക്താവും കാബിനറ്റ് മന്ത്രിയുമായ ഖജന്‍ ദാസ് പറഞ്ഞു. രാംലീല മൈതാനി മതപരമായ പ്രാധാന്യമുള്ള ഒരു സ്ഥലമാണെന്നും, അവിടെ മറ്റൊരു മതവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങള്‍ വിളിച്ചത് ആളുകളെ പ്രകോപിപ്പിച്ചെന്നും ഖജന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം: റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി കൂട്ടുന്നു

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം: റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി കൂട്ടുന്നു

ഡൽഹി: രാജ്യത്തെ റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സീബ്രാ ലൈനുകളുടെ (പെഡസ്ട്രിയൻ ക്രോസിംഗ്) വീതി കൂട്ടാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കാനും റോഡ് മുറിച്ചുകടക്കുന്നവർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ നിർദേശങ്ങൾ തയാറാക്കുന്നത്.

​നിലവിലെ സീബ്രാ ക്രോസിംഗുകളിൽ പലയിടത്തും കാൽനടയാത്രക്കാരുടെ തിരക്കിന് അനുസരിച്ചുള്ള വീതി ലഭ്യമല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നതോടെ ഡ്രൈവർമാർക്ക് ദൂരത്തുനിന്നുതന്നെ സീബ്രാ ലൈനുകൾ വ്യക്തമായി കാണാനും വേഗത കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

​പ്രധാന വിവരങ്ങൾ:
സുരക്ഷ വർധിപ്പിക്കൽ: കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ കൂടുതൽ സ്ഥലസൗകര്യം ലഭ്യമാക്കും.

ദൃശ്യപരത (Visibility): സീബ്രാ വരകൾക്ക് കൂടുതൽ വീതി നൽകുന്നതിലൂടെ ദൂരക്കാഴ്ച കൂട്ടാനും ഡ്രൈവർമാർക്ക് പെട്ടെന്ന് മുൻകരുതലുകൾ എടുക്കാനും സാധിക്കും.

മൾട്ടിലൈൻ പാതകളിൽ പ്രത്യേക ശ്രദ്ധ: നഗരങ്ങളിലെയും ദേശീയപാതകളിലെയും പ്രധാന ജംഗ്ഷനുകളിലും മൾട്ടിലൈൻ റോഡുകളിലും പുതിയ മാനദണ്ഡങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ നടപ്പിലാക്കും.

​പുതുക്കിയ ഗൈഡ്‌ലൈനുകൾ ഉടൻ തന്നെ രാജ്യത്തുടനീളം നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്കും ബന്ധപ്പെട്ട റോഡ് നിർമാണ ഏജൻസികൾക്കും കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശം നൽകും.

ഇറാന്റെ വധഭീഷണി: രഹസ്യമായി വിമാനം മാറിക്കയറി, സ്ഥിരീകരിച്ച് ട്രംപ്

ഇറാന്റെ വധഭീഷണി: രഹസ്യമായി വിമാനം മാറിക്കയറി, സ്ഥിരീകരിച്ച് ട്രംപ്

അങ്കാറ/വാഷിങ്ടന്‍: ഇറാന്റെ വധഭീഷണിയെത്തുടര്‍ന്ന്, നാറ്റോ ഉച്ചകോടിക്ക് ശേഷം തുര്‍ക്കിയില്‍ നിന്ന് മടങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതീവ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറി. സുരക്ഷാ കാരണങ്ങളാല്‍ ട്രംപ് സഞ്ചരിച്ച പ്രധാന വിമാനം ശത്രുക്കളുടെ ശ്രദ്ധ തിരിക്കാനുള്ള ഡെക്കോയ് ആയി ഉപയോഗിക്കുകയും, ട്രംപിനെ വിമാനത്താവളത്തിലെ കാറ്ററിങ് ട്രക്കില്‍ ഒളിച്ച് മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറ്റുകയുമാണുണ്ടായത്. വിമാനം മാറ്റിയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ട്രംപ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ജൂലൈയില്‍ അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ട്രംപ് തുര്‍ക്കിയിലെത്തിയത്. ഖത്തര്‍ സമ്മാനമായി നല്‍കിയ അത്യാധുനിക സൗകര്യങ്ങളുള്ള ബോയിങ് വിമാനത്തിലാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്. എന്നാല്‍ അയല്‍രാജ്യമായ ഇറാനുമായി നിലനില്‍ക്കുന്ന യുദ്ധസമാന സാഹചര്യങ്ങള്‍ക്കിടയില്‍, ട്രംപിനെയോ അദ്ദേഹത്തിന്റെ വിമാനത്തെയോ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് അമേരിക്കന്‍-ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഖത്തര്‍ നല്‍കിയ വിമാനത്തിന് പഴയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനങ്ങളേക്കാള്‍ പ്രതിരോധ ശേഷി കുറവാണെന്ന ആശങ്കയും ഇതോടൊപ്പം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് ട്രംപിന്റെ മടക്കയാത്രയ്ക്ക് യുഎസ് സീക്രട്ട് സര്‍വീസും സൈന്യവും അടിയന്തര സുരക്ഷാ പദ്ധതി തയ്യാറാക്കി. ക്യാമറകള്‍ക്ക് മുന്നില്‍ വച്ച് ട്രംപ് പഴയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറി. എന്നാല്‍ വിമാനത്തിനുള്ളില്‍ പ്രവേശിച്ച ശേഷം, വിമാനത്താവളത്തിലെ ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്ന കാറ്ററിങ് ട്രക്കിലേക്ക് അതീവ രഹസ്യമായി അദ്ദേഹത്തെ മാറ്റി. ഈ ട്രക്കില്‍ വച്ചാണ് അദ്ദേഹത്തെ ബോയിംഗ് സി-32എ എന്ന ചെറിയ സൈനിക വിമാനത്തിലേക്ക് എത്തിച്ചത്.

പ്രസിഡന്റ് തങ്ങളോടൊപ്പമുണ്ടെന്ന ധാരണയില്‍ മാധ്യമപ്രവര്‍ത്തകരും ചില വൈറ്റ് ഹൗസ് ജീവനക്കാരും ഡെക്കോയ് ആയി ഉപയോഗിച്ച എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ തന്നെ യാത്ര തുടര്‍ന്നു. ട്രംപിന്റെ യഥാര്‍ഥ ലൊക്കേഷന്‍ ശത്രുക്കള്‍ക്ക് മനസ്സിലാകാതിരിക്കാനാണ് ഈ സുരക്ഷാ തന്ത്രം പ്രയോഗിച്ചത്. ഇരുവിമാനങ്ങളും ബ്രിട്ടനിലെ ആര്‍എഎഫ് മില്‍ഡന്‍ഹാളിലാണ് ഇറങ്ങിയത്. ട്രംപ് സഞ്ചരിച്ച ചെറുവിമാനം രാത്രി 10:20 ഓടെയും, തൊട്ടുപിന്നാലെ എയര്‍ ഫോഴ്‌സ് വണ്ണും അവിടെ ലാന്‍ഡ് ചെയ്തു.

താന്‍ സീക്രട്ട് സര്‍വീസിന്റെയും സൈന്യത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുകയായിരുന്നു എന്നാണ് വിമാനമാറ്റത്തെക്കുറിച്ച് ട്രംപ് പറഞ്ഞത്. ഭീഷണിയുടെ വിശദാംശങ്ങള്‍ ചോദിച്ചില്ലെന്നും, തനിക്ക് ധാരാളം ഭീഷണികള്‍ വരാറുണ്ടെന്നും ട്രംപ് പറഞ്ഞു.

‘പ്രാധാന്യമുള്ള ഏത് പ്രസിഡന്റിനും ഇത്തരം നിരവധി ഭീഷണികള്‍ നേരിടേണ്ടി വരും. പ്രാധാന്യമില്ലാത്ത പ്രസിഡന്റുമാര്‍ക്ക് ഭീഷണികളുണ്ടാകാറില്ല. ഞാന്‍ ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള പ്രസിഡന്റായിരിക്കാം’ ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി താന്‍ സഞ്ചരിച്ച ചെറിയ സൈനിക വിമാനം കൂടുതല്‍ അപകടസാധ്യതയുള്ളതാണെന്നാണ് ട്രംപ് വിശ്വസിക്കുന്നത്. ശത്രുക്കള്‍ പ്രധാനമായും ലക്ഷ്യമിടാന്‍ സാധ്യതയുള്ളത് തന്നെയായതുകൊണ്ട് ആ ചെറിയ വിമാനത്തിലായിരുന്നു കൂടുതല്‍ അപകടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, വധഭീഷണിയെക്കുറിച്ച് യാതൊരു വിവരവും നല്‍കാതെ മാധ്യമപ്രവര്‍ത്തകരെയും ജീവനക്കാരെയും ഡെക്കോയ് വിമാനത്തില്‍ യാത്ര ചെയ്യിച്ചതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇത് അവരുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടിയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവ് ച്യുങ്, പ്രസിഡന്റിന്റെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് സാധ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് വ്യക്തമാക്കി.

‘നല്ല തമാശ, ഗെയിം ഓൺ’; ബെംഗളൂരുവിൽ വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയെന്ന് നടൻ പ്രകാശ് രാജ്

‘നല്ല തമാശ, ഗെയിം ഓൺ’; ബെംഗളൂരുവിൽ വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയെന്ന് നടൻ പ്രകാശ് രാജ്

ബെംഗളൂരു: കർണാടകയിൽ നടക്കുന്ന അതിതീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്ഐആർ) നടപടികൾക്കിടെ തന്റെ വോട്ടവകാശം റദ്ദാക്കിയതായി നടനും രാഷ്ട്രീയ വിമർശകനുമായ പ്രകാശ് രാജ് . ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റപ്പെട്ട 65 ലക്ഷത്തോളം വോട്ടർമാരിൽ ഒരാളാണ് താനെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

തന്റെ വോട്ടവകാശം നിഷേധിക്കപ്പെട്ട നടപടിയെ “നല്ല തമാശ” എന്ന് പരിഹസിച്ചാണ് 61-കാരനായ നടൻ രംഗത്തെത്തിയത്.

“പ്രിയ സുഹൃത്തുക്കളെ, നിങ്ങളുമായി ഒരു തമാശ പങ്കുവെക്കാനുണ്ട്. എസ്‌ഐആറിന് ശേഷം ബെംഗളൂരു മണ്ഡലത്തിൽ നിന്ന് വോട്ടവകാശം റദ്ദാക്കപ്പെട്ട 65 ലക്ഷം വോട്ടർമാരിൽ ഒരാളാണ് ഞാൻ. നല്ല തമാശ, അല്ലേ? ഞാൻ ജനിച്ചതും വളർന്നതും ഈ മണ്ഡലത്തിലാണ്. എന്റെ സ്കൂൾ, കോളേജ് പഠനവും നാടക പ്രവർത്തനങ്ങളുമെല്ലാം ഇവിടെയായിരുന്നു. നിങ്ങളുടെ അറിവിലേക്കായി പറയട്ടെ, ഞാൻ ഈ മണ്ഡലത്തിലെ എംപി സ്ഥാനാർത്ഥി കൂടിയായിരുന്നു. എന്തായാലും തമാശ നന്നായിട്ടുണ്ട്. ഗെയിം ഓൺ,” – പ്രകാശ് രാജ് പറഞ്ഞു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പ്രകാശ് രാജ് മത്സരിച്ചിരുന്നത്. നിലവിൽ കർണാടകയിൽ നടക്കുന്ന വോട്ടർ പട്ടിക തീവ്ര പരിശോധനയിൽ (SIR) ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത് ബെംഗളൂരു നഗരത്തിലാണ്.ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് അടുത്തിടെ ബെംഗളൂരു കോടതി പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് വ്യവസ്ഥകളോടെ ജാമ്യം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തെന്ന വെളിപ്പെടുത്തൽ.