അയവില്ലാതെ സംഘര്‍ഷം, ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം, ദുബായില്‍ ഒരു മരണം

അയവില്ലാതെ സംഘര്‍ഷം, ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം, ദുബായില്‍ ഒരു മരണം

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്കകം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ആക്രമണം. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തില്‍ ഇറാന്‍ ഡ്രോണുകള്‍ പതിച്ചു. ഇറാന്റെ ആക്രമണത്തില്‍ ദുബായില്‍ ഒരാള്‍ മരിച്ചു.

ഇറാനില്‍ നിന്നുള്ള ആക്രമണം തടയുന്ന ശ്രമത്തില്‍, കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ച് അല്‍ ബര്‍ഷയില്‍ ഏഷ്യന്‍ വംശജനായ ഡ്രൈവറാണ് മരിച്ചത്. ദുബായ് വിമാനത്താവളത്തിന്റെ ഇന്ധനടാങ്കിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും തുടര്‍ച്ചയായ ആക്രമണമുണ്ടായി.

ബഹ്റൈനിലും വിവിധ ഇടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. യുഎസ് ബേസിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ വീടിനും കെട്ടിടത്തിനും കേടുപാടുണ്ടായെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇറാഖിലെ ബാഗ്ദാദിലെ യുഎസ് എംബസിക്കുനേരെയും ഇറാന്റെ റോക്കറ്റാക്രമണം ഉണ്ടായി. ഇറാഖ് തലസ്ഥാനത്ത് ഉടനീളം വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിനു ശേഷമാണ് എംബസിക്ക് നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ശത്രുക്കള്‍ക്ക് താവളം ഒരുക്കി നല്‍കിയ അയല്‍ക്കാരെ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്ന് ചീഫ് ജസ്റ്റിസ് മുഹ്‌സനി ഇസെയ് പറഞ്ഞു.

‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയല്‍രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളില്‍ മാപ്പപേക്ഷിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം ഇനി ആ രാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്നും അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.

ഇറാന്റെ ആക്രമണത്തിന് ഇരയായ അയല്‍രാജ്യങ്ങളോട് സ്വന്തം പേരിലും രാജ്യത്തിന്റെ പേരിലും ക്ഷമ ചോദിക്കുന്നതായി പ്രസിഡന്റ് ഇറാന്‍ സ്റ്റേറ്റ് ടിവിയിലൂടെ അറിയിച്ചു. അയല്‍രാജ്യങ്ങള്‍ക്കെതിരെ ഇനി മിസൈല്‍ ആക്രമണങ്ങള്‍ നടത്തില്ലെന്ന് ഇടക്കാല നേതൃസമിതി തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇറാനെതിരായ ആക്രമണം അയല്‍ രാജ്യങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നതെങ്കില്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ ഒരിക്കലും കീഴടങ്ങില്ലെന്നും, ഇറാന്‍ ജനത കീഴടങ്ങണമെന്ന ശത്രുക്കളുടെ ആഗ്രഹം നടക്കില്ലെന്നും ഭിന്നതകള്‍ മാറ്റിവെച്ച് അവസാനശ്വാസം വരെ ഇറാനികള്‍ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് പെസഷ്‌കിയാന്റെ പരാമര്‍ശം.

പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഖത്തറിനും സൗദി അറേബ്യയ്ക്കും നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 14 ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും ഖത്തറിന് നേരെ തൊടുത്തുവിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ ഒരു മിസൈല്‍ ഖത്തറിലെ അല്‍-ഉദൈദ് സൈനിക താവളത്തില്‍ പതിച്ചാതായും റിപ്പോര്‍ട്ടുകളുണ്ട്. സൗദിയിലെ അല്‍ ഷൈബ എണ്ണപ്പാടത്തിന് നേരെയും ഇറാന്റെ ആക്രമണം ഉണ്ടായി. എന്നാല്‍ ഈ ആക്രമണം തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ദുബൈ വിമാനത്താവളം തുറന്നു

അതേസമയം, സുരക്ഷാ പരിശോധനകളെ തുടര്‍ന്ന് അടച്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. സുരക്ഷാ പരിശോധനകളും നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് വിമാനത്താവളം തുറന്നത്. വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍പസമയം മാത്രമാണ് വിമാനത്താവളം അടച്ചിട്ടത്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചത്. യാത്രക്കാര്‍, വിമാനത്താവളത്തിലെ ജീവനക്കാര്‍ എന്നിവരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളം അടച്ചതെന്ന് ദുബൈ വിമാനത്താവള അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

‘കൈവിടാതെ കൂടെയുണ്ട്’, ഇറാന്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ്

‘കൈവിടാതെ കൂടെയുണ്ട്’, ഇറാന്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ്

അബുദാബി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ യുഎഇക്ക് എതിരായ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഇറാന്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്ന ഷെയ്ഖ് ഷഖ്ബൗട്ട് മെഡിക്കല്‍ സിറ്റിയില്‍ ആയിരുന്നു യുഎഇ പ്രസിഡന്റ് എത്തിയത്. ചികിത്സയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിച്ച അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

രോഗികളുടെ അവസ്ഥ പരിശോധിക്കുകയും അവരുമായും അവരുടെ കുടുംബാംഗങ്ങളുമായും സംസാരിക്കാനും ഷെയ്ഖ് മുഹമ്മദ് തയ്യാറായി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. രോഗികള്‍ക്ക് നല്‍കുന്ന പരിചരണത്തിന് മെഡിക്കല്‍ സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു. യുഎഇ പ്രസിഡന്റിന്റെ ആശുപത്രി സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. ഭരണാധികാരിയുടെ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേരാണ് ഫോട്ടോയുള്‍പ്പെടെ പങ്കുവച്ചിരിക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ യുഎഇക്ക് എതിരെ വലിയ തോതിലുള്ള ആക്രമണമാണ് ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. രാജ്യത്തുണ്ടായ ആക്രമണങ്ങളില്‍ പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി. വിവിധ രാജ്യക്കാരായ നൂറിലധികം പേര്‍ക്ക് നിസാര പരുക്കുകളേറ്റതായും മന്ത്രാലയം സ്ഥിരീകരിച്ചു. പരുക്കേറ്റവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.

ഇസ്രയേലും യുഎസും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ ആസ്തികള്‍ ലക്ഷ്യമിടുന്ന ഇറാന്റെ നീക്കത്തില്‍ വെള്ളിയാഴ്ച വരെ യുഎഇ നേരിട്ടത് ആയിരത്തോളം വ്യോമാക്രമണ ശ്രമങ്ങള്‍. ശനിയാഴ്ച മുതല്‍ രൂക്ഷമായ സംഘര്‍ഷത്തില്‍ ഇതുവരെ യുഎഇ ലക്ഷ്യമാക്കിയെത്തിയത് 194 മിസൈലുകളും 812 ഡ്രോണുകളുമാണെന്ന് യുഎഇ വ്യോമ പ്രതിരോധ വിഭാഗം അറിയിച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിച്ചതായും യുഎഇ അധികൃതര്‍ അറിയിച്ചു.

പെട്രോള്‍- ഡീസല്‍ വില കൂട്ടിയത് 55 രൂപ, സംഘര്‍ഷത്തിന്റെ ചൂടറിഞ്ഞ് പാകിസ്ഥാന്‍

പെട്രോള്‍- ഡീസല്‍ വില കൂട്ടിയത് 55 രൂപ, സംഘര്‍ഷത്തിന്റെ ചൂടറിഞ്ഞ് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ചൂടറിഞ്ഞ് പാകിസ്ഥാന്‍. രാജ്യത്തെ ഇന്ധന വിലയില്‍ വന്‍ വര്‍ധന. പെട്രോള്‍, ഡീസല്‍ വിലകള്‍ ലിറ്ററിന് 55 പാക് രൂപയാണ് പാകിസ്ഥാനില്‍ ഒറ്റയടിക്ക് കൂട്ടിയത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ആവശ്യത്തിന് പെട്രോളിയം ശേഖരം ഉണ്ടെന്ന് പെട്രോളിയം മന്ത്രി അലി പര്‍വൈസ് മാലിക്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദര്‍, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വില വര്‍ധന നിലവില്‍ വന്നത്.

വില വര്‍ധനയോടെ പാകിസ്ഥാനിലെ അതിവേഗ ഡീസലിന്റെ എക്‌സ്-ഡിപ്പോ വില 335 പാകിസ്ഥാന്‍ രൂപയായി വര്‍ധിച്ചു. പെട്രോളിന്റെ എക്‌സ്-ഡിപ്പോ വില ലിറ്ററിന് 266. 17 പാകിസ്ഥാന്‍ രൂപയായിരുന്നതില്‍ നിന്ന് 321.17 ആയി പുതുക്കി നിശ്ചയിച്ചു. ഏകദേശം 17 ശതമാനം വര്‍ദ്ധനവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിട്ടുള്ളത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മുഴുവന്‍ മേഖലയിലും അനിശ്ചിതത്വം സൃഷ്ടിച്ചുവെന്നും ആഗോള ഊര്‍ജ്ജ വിതരണത്തെയും വിലകളെയും ഇത് ബാധിച്ചതിന്റെ ഫലമാണ് വിലവര്‍ധനയെന്നാണ് നടപടിക്ക് നല്‍കുന്ന വിശദീകരണം. അതിനിടെ, പാകിസ്ഥാനിലെ ഇന്ധന വില പരിഷ്‌കരിക്കരണം എല്ലാ ആഴ്ചയിലും നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്. മന്ത്രിമാരുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. മിഡില്‍ ഈസ്റ്റ് പ്രതിസന്ധി മൂലമുണ്ടാകുന്ന വിതരണ പ്രതിസന്ധി മറികടക്കാന്‍ നടപടികള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. വില വര്‍ധന പ്രഖ്യാപിച്ചതോടെ രാജ്യത്ത് പ്രെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. പുതിയ വില പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ഇന്ധനം ശേഖരിക്കാനുള്ള തിരക്കായിരുന്നു പമ്പുകളില്‍ രൂപം കൊണ്ടത്.

2024 ആവര്‍ത്തിക്കുമോ?, ഇത്തവണയും റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് ഫീല്‍ഡ് അംപയർ

2024 ആവര്‍ത്തിക്കുമോ?, ഇത്തവണയും റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് ഫീല്‍ഡ് അംപയർ

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഫൈനൽ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് നടക്കുന്നത്. അതിനിടെ മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യൽസിന്റെ പട്ടിക ഐസിസി പുറത്തിറക്കി.

മത്സരത്തിനായി ഐസിസിയുടെ എമിറേറ്റ്സ് എലിറ്റ് പാനൽ ഓഫ് മാച്ച് ഒഫീഷ്യൽസിൽ നിന്നുള്ള പരിചയസമ്പന്നരായ അംപയർമാരെയാണ് നിയമിച്ചിരിക്കുന്നത്. ഇംഗ്ലണ്ടുകാരായ റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത്,അലക്സ് വാർഫ് എന്നിവർ ആയിരിക്കും ഓൺ ഫീൽഡ് അംപയർമാർ. സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള അല്ലാഹുദിൻ പലേക്കർ ആണ് മത്സരത്തിൽ തേർഡ് അംപയർ. ഫോർത്ത് അംപയർ അഡ്രിയാൻ ഹോൾഡ്‌സ്റ്റോക്കും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റുമാണെന്ന് ഐസിസി അറിയിച്ചു. റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് തുടർച്ചയായ രണ്ടാം തവണയാണ് ടി20 ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്നത്. 2024ലെ ക്രിസ് ഗഫാനിയ്‌ക്കൊപ്പമായിരുന്നു അദ്ദേഹം ടി20 ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിച്ചത്. ഈ മത്സരത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി കപ്പ് നേടിയിരുന്നു. ഇതിനുമുമ്പ് ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് 2023 ഫൈനലിലും ചാംപ്യൻസ് ട്രോഫി 2025 ഫൈനലിലും അംപയറിങ് ടീമിന്റെ ഭാഗമായും റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് പ്രവർത്തിച്ചിരുന്നു.

എണ്ണ വില ബാരലിന് 150 ഡോളറാവും, മുന്നറിയിപ്പുമായി ഖത്തര്‍ ഊര്‍ജ്ജമന്ത്രി; പെട്രോള്‍ വില ഉയരുമോ?

എണ്ണ വില ബാരലിന് 150 ഡോളറാവും, മുന്നറിയിപ്പുമായി ഖത്തര്‍ ഊര്‍ജ്ജമന്ത്രി; പെട്രോള്‍ വില ഉയരുമോ?

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 90 ഡോളര്‍ കടന്ന് കുതിച്ചു. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില. സംഘര്‍ഷം വരുംദിവസങ്ങളിലും തുടരുകയാണെങ്കില്‍ ഗള്‍ഫിലെ എല്ലാ എണ്ണ, വാതക കയറ്റുമതിക്കാരും ദിവസങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പാദനം നിര്‍ത്തുമെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് വിലയിലെ കുതിപ്പ്.

ആഗോള ഊര്‍ജ്ജ വിതരണത്തിലും ഷിപ്പിങ് റൂട്ടുകളിലും പ്രധാന പങ്ക് വഹിക്കുന്ന മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ലോകത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് അല്‍-കാബി പറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ വെള്ളിയാഴ്ച മാത്രം ഒന്‍പത് ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 93 ഡോളറിലെത്തി. 2023ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്.

എണ്ണവില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണെങ്കില്‍, യുകെ, യുഎസ് പോലുള്ള പ്രധാന ലോക സമ്പദ്വ്യവസ്ഥകളില്‍ പണപ്പെരുപ്പം ഉയരാന്‍ കാരണമായേക്കാം. ഇറാന്‍ സംഘര്‍ഷം വരുന്ന ആഴ്ചകളിലും തുടര്‍ന്നാല്‍ എണ്ണ വില ബാരലിന് 150 ഡോളറിലെത്തുമെന്നും കാബി പ്രവചിച്ചു. ഈ യുദ്ധം ഏതാനും ആഴ്ചകള്‍ തുടര്‍ന്നാല്‍, ലോകമെമ്പാടുമുള്ള ജിഡിപി വളര്‍ച്ചയെയും ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. 12.2 ശതമാനം ഉയര്‍ന്ന് ബാരലിന് 90ന് മുകളില്‍ എത്തിയിരിക്കുകയാണ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ്. 2020 ഏപ്രിലിന് ശേഷം ഒരാഴ്ച ഉണ്ടാവുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്.