by Midhun HP News | Mar 7, 2026 | Latest News, കായികം, ദേശീയ വാർത്ത
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരം നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിനായി സ്റ്റേഡിയം സജ്ജമായി കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ല ഓർമ്മകൾ അല്ല നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉള്ളത്.2023-ലെ ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ തോറ്റത് ഇതേ ഗ്രൗണ്ടിൽ ആയിരുന്നു. അന്നത്തെ മത്സരത്തിൽ ഇന്ത്യൻ ബൗളർമാർക്ക് യാതൊരു ആനുകൂല്യവും പിച്ചിൽ നിന്ന് ലഭിച്ചിരുന്നില്ല. ഇതിൽ ബൗളർമാർ നിരാശരാകുന്നതും മത്സരത്തിനിടെ കണ്ടിരുന്നു. ഇതിന് പുറമേ, ഈ ടൂർണമെന്റിലെ സൂപ്പർ 8 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 70 റൺസിലധികം വ്യത്യാസത്തിൽ തോൽവി നേരിട്ടതും ഇതേ ഗ്രൗണ്ടിൽ ആയിരുന്നു.
മോദി സ്റ്റേഡിയത്തിലെ കറുത്ത മണ്ണ് കൊണ്ട് നിർമിക്കുന്ന പിച്ചിൽ ഇത്തവണ മാറ്റം വരുത്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കറുത്ത മണ്ണ് കൊണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പിച്ചുകൾ ക്രമേണ മത്സരം മന്ദഗതിയിലാക്കുമെന്നും അത് ബാറ്റിങ് ടീമിന് ബുദ്ധിമുട്ടാകും എന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഫൈനലിനായി ഉപയോഗിക്കാനിരിക്കുന്ന സെൻറർ പിച്ച് ചുവപ്പ് മണ്ണും കറുത്ത മണ്ണും ചേർന്ന മിക്‌സ്‌ഡ് സോയിൽ ആണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ഈ മിക്സിങ്ങിൽ ചുവപ്പ് മണ്ണിന്റെ അളവ് കൂടുതലാണെന്നാണ് സൂചന. ചുവന്ന മണ്ണ് കൂടുതലുള്ള പിച്ചുകൾ സാധാരണയായി ബാറ്റർമാർക്ക് അനുകൂലമാണ്. കാരണം ഇത്തരം ട്രാക്കുകളിൽ പന്തിന് ബൗൺസ് ലഭിക്കാറുണ്ട്. അതിനാൽ ബാറ്റർമാർക്ക് വലിയ ഷോട്ടുകൾ കളിക്കാൻ കൂടുതൽ സൗകര്യം ലഭിക്കും. അതേസമയം ബൗളർമാരെയും പിച്ച് സഹായിക്കുമെങ്കിലും അധികം സ്വിങ് ലഭിക്കാൻ സാധ്യതയില്ല.

മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനലിൽ ഉപയോഗിച്ച പിച്ചിനോട് ഏറെ സാമ്യമുള്ളതായിരിക്കും ഫൈനലിനായി തയ്യാറാക്കുന്ന ട്രാക്ക് എന്ന് തന്നെ പറയാം. ഇത്തരം സാഹചര്യത്തിൽ ഫൈനലിലെ ശരാശരി സ്കോർ ഏകദേശം 200 റൺസിനടുത്തായിരിക്കാമെന്നാണ് വിലയിരുത്തൽ. ബാറ്റിംഗ് അനുകൂലമായ പിച്ചായതിനാൽ ടോസ് നേടിയ ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നും ക്രിക്കറ്റ് നിരീക്ഷകർ പറയുന്നു.

by Midhun HP News | Mar 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഗള്‍ഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യയില്‍ നിന്നും ഇന്ന് 58 വിമാന സര്‍വീസുകള്‍. സൗദി, ഒമാന്‍ വ്യോമപാത തുറന്നതിന് പിന്നാലെയാണ് സര്‍വീസുകള്‍. ജിദ്ദയിലേക്കും മസ്‌കത്തിലേക്കും എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. ഇന്ന് 24 ഷെഡ്യൂള്‍ഡ് സര്‍വീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി ഇന്ന് 34 നോണ്‍ഷെഡ്യൂള്‍ഡ് സര്‍വീസുകളും ഇന്ന് നടക്കും.
ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ യുഎഇയില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തുക. അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് ഭാഗികമായി സര്‍വീസുകള്‍ പുനരാരംഭിക്കാനും ശ്രമം നടത്തുന്നുണ്ട്. കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും മസ്‌കത്തിലേക്കും തിരിച്ചുമുള്ള ഷെഡ്യൂള്‍ഡ് സര്‍വീസ് ഇന്നുണ്ടായിരിക്കും. നോണ്‍ ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍ കൊച്ചി-റാസല്‍ഖൈമ-കൊച്ചി സര്‍വീസും ഇന്നുണ്ടാകും.അതിനിടെ, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന 12 വിമാനങ്ങളും തിരുവനന്തപുരത്തേയ്ക്കുള്ള 9 വിമാനങ്ങളും റദ്ദാക്കി. ശനിയാഴ്ച വിമാനത്താവളത്തില്‍ തിരുവനന്തപുരത്ത് എത്തേണ്ട 9 സര്‍വീസുകളും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുറപ്പെടേണ്ട 12 സര്‍വീസുകളുമാണ് റദ്ദാക്കിയത്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ കൃത്യമായ വിവരം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.


by Midhun HP News | Mar 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി ക്ഷാമം നേരിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബുക്കിങ്ങില്‍ ഉണ്ടായ ഉയര്‍ച്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നില്‍. എല്‍പിജി റീഫില്ലുകള്‍ക്ക് എണ്ണ വിതരണ കമ്പനികൾ 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ് ഏര്‍പ്പെടുത്തി. നിയന്ത്രണം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഒരു സിലിണ്ടര്‍ ബുക്ക് ചെയ്ത് 21 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇനിമുതല്‍ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു. വാണിജ്യ സിലിണ്ടര്‍ ബുക്കിങ്ങിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകള്‍ കാന്റീനുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെ നിയന്ത്രണം പ്രതികൂലമായി ബാധിച്ചേയ്ക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതിനിടെ, എല്‍പിജി ഉത്പാദനം പരമാവധിയാക്കാന്‍ കേന്ദ്രം എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 1955 ലെ അവശ്യസാധന നിയമപ്രകാരമാണ് സര്‍ക്കാര്‍ നിര്‍ദേശം.
എണ്ണക്കമ്പനികളുടെ പക്കലുള്ള അധിക എല്‍പിജി പൊതുമേഖലയ്ക്ക് മാത്രം നല്‍കണമെന്നുള്‍പ്പെടെയാണ് നിര്‍ദേശം. എല്‍പിജി, പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ പൊതുമേഖലയിലെ എണ്ണകമ്പനികള്‍ക്ക് നല്‍കണം. ഇവ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. എല്ലാ എണ്ണ ശുദ്ധീകരണ കമ്പനികളും തങ്ങളുടെ കൈവശമുള്ള പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ എല്‍പിജി ഉല്‍പാദനത്തിനായി പരമാവധി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക – വാണിജ്യ സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു.


by Midhun HP News | Mar 6, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കുട്ടികളിലെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി കര്‍ണാടക. 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
സാങ്കേതികവിദ്യാധിഷ്ഠിത പഠന സംരംഭങ്ങള്‍ക്കൊപ്പം കുട്ടികളുടെ ഡിജിറ്റല്‍ അഡിക്ഷന്‍ കുറയ്ക്കുയും ചെയ്യുന്ന വിധത്തില്‍ വിദ്യാഭ്യാസ മേഖലയുടെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുമെന്നും സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കര്‍ണാടക.
മാനസികാരോഗ്യം, ഉറക്കം, സുരക്ഷ എന്നിവയെ സോഷ്യല്‍ മീഡിയ സ്വാധീനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വിദേശ രാഷ്ട്രങ്ങള്‍ നിയന്ത്രണം നടപ്പാക്കിയിട്ടുണ്ട്. ഡിസംബറില്‍, ഓസ്ട്രേലിയ 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഉപയോഗത്തിന്റെ പ്രതികൂല ഫലങ്ങള്‍ തടയുകയാണ് 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റത്തിനുതകുന്ന പ്രഖ്യാപനങ്ങളും സിദ്ധരാമയ്യയുടെ ബജറ്റില്‍ ഉള്‍പ്പെടുന്നുണ്ട്. ഡിഗ്രി കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവയ്ക്കായി 2,000 അധ്യാപക ജീവനക്കാരെ നിയമിക്കുന്നതിന് സംസ്ഥാനം അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസത്തില്‍, സ്റ്റാഫ് ക്ഷാമം പരിഹരിക്കും, സ്ഥാപനങ്ങള്‍ വികസിപ്പിക്കും, ബംഗളൂരുവിലെ വിശ്വേശ്വരയ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗ് സര്‍വകലാശാലയ്ക്ക് ഐഐടികളുടെ മാതൃകയില്‍ വികസനത്തിനായി 500 കോടി നീക്കിവയ്ക്കും, ഇതിലേക്കായി 100 കോടി ഉടന്‍ അനുവദിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം പരിഹരിക്കുന്നതിനായി രോഹിത് വെമുല ബില്‍ അവതരിപ്പിക്കുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
by Midhun HP News | Mar 6, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ഇറാന് എതിരെ ഇസ്രയേലും യുഎസും നടത്തുന്ന സൈനിക നീക്കം ഏഴാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ആക്രമണം ശക്തമാകുന്നു. ഇറാനില്‍ ഭൂമിക്കടിയില്‍ സുക്ഷിച്ചിട്ടുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം വ്യാപിപ്പിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. അമേരിക്കയുടെ ബി 2 ബോംബര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വെള്ളിയാഴ്ച ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ തലസ്ഥാന നഗരമായ ടെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നുള്‍പ്പെടെ വന്‍ സ്‌ഫോടനങ്ങള്‍ നടന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇറാന് എതിരായ യുഎസ് – ഇസ്രയേല്‍ സൈനിക നടപടിയില്‍ ഇതുവരെ 1230 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. യുണിസെഫ് റിപ്പോര്‍ട്ട് പ്രകാരം 181 കുട്ടികളും മരിച്ചിട്ടുണ്ട്. മിനാബിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ ഉണ്ടായ അക്രമണത്തില്‍ മാത്രം 175 കുട്ടികള്‍ മരിച്ചെന്നാണ് വിലയിരുത്തല്‍.
ആക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കൂള്‍ ആക്രമിച്ചത് യുഎസ് സൈന്യം തന്നെയാണ് സ്ഥിരീകരിച്ചതായാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പറയുന്നത്. സ്‌കൂള്‍ മനഃപൂര്‍വ്വം ആക്രമിക്കുന്നത് ഒരു യുദ്ധക്കുറ്റമായാണ് വിലയിരുത്തുക. ആക്രമണത്തില്‍ യുഎസിന്റെ പങ്ക് സ്ഥിരീകരിക്കപ്പെട്ടാല്‍, മിഡില്‍ ഈസ്റ്റില്‍ അമേരിക്ക നടത്തുന്ന സൈനിക നടപടികളില്‍ ഏറ്റവും കൂടുതല്‍ സിവിലിയന്‍ മരണങ്ങള്‍ സംഭവിച്ച ആക്രമണത്തില്‍ ഒന്നായിരിക്കും ഈ ആക്രമണം.
അതിനിടെ, സൗദിയിലേക്ക് വീണ്ടും ഇറാനില്‍ നിന്നും മിസൈല്‍ – ഡ്രോണ്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിലേക്ക് വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അല്‍ ഖര്‍ജ് ഗവര്‍ണറേറ്റിലുള്ള വ്യോമതാവളത്തിന് നേരെയാണ് മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
കിഴക്കന്‍ പ്രവിശ്യയിലും അല്‍ ഖര്‍ജിന് കിഴക്കുമായി രണ്ട് ഡ്രോണുകളും അല്‍ ഖര്‍ജ് ഗവര്‍ണറേറ്റിന് കിഴക്ക് ഒരു ക്രൂസ് മിസൈല്‍ തടഞ്ഞതായും വക്താവ് പറഞ്ഞു. സംഭവങ്ങളില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടമോ ഇല്ലെന്നും സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.


by Midhun HP News | Mar 6, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ഐസിസിയുടെ ടി20 ലോകകപ്പ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. എട്ട് പേരടങ്ങുന്ന പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ താരമാണ് സഞ്ജു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ്, പാകിസ്ഥാന്‍ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി, ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രം, ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര, ബാറ്റര്‍ ടിം സീഫെര്‍ട്ട്, അമേരിക്കന്‍ ബൗളര്‍ വാന്‍ ഷാല്‍ക്‌വിക്ക് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

ടൂര്‍ണമെന്റില്‍ ആദ്യ മത്സരങ്ങളില്‍ ഇടം കണ്ടെത്താനാകാതെ പോയ സഞ്ജു തുടര്‍ച്ചയായി രണ്ട് തവണ പ്ലെയര്‍ ഓഫ് ദ മാച്ച് നേടിയാണ് വന്‍തിരിച്ചു വരവ് നടത്തിയത്. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജു, ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 50 പന്തില്‍ 97 റണ്‍സ് നേടി മികവ് തെളിയിച്ചു. ലോകകപ്പില്‍ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 77.33 ശരാശരിയിലും 201.73 സ്‌ട്രൈക്ക് റേറ്റില്‍ 232 റണ്‍സാണ് സഞ്ജുവിന്റെ നേട്ടം.
ഇന്നലത്തെ മിന്നുന്ന സെഞ്ച്വറിയോടെ ഇംഗ്ലണ്ടിന്റെ വില്‍ ജാക്സും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഈ ടൂര്‍ണമെന്റില്‍ 176.56 എന്ന സ്ട്രൈക്ക് റേറ്റില്‍ 226 റണ്‍സ് നേടിയ ജാക്സ് ഫിനിഷര്‍ റോളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
ആറ് ഇന്നിങ്സുകളില്‍ നിന്ന് 383 റണ്‍സ് നേടിയ ഫര്‍ഹാന്‍ ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പട്ടികയില്‍ ഇടം നേടി. ഏഴ് മത്സരങ്ങളില്‍ നിന്ന് 7.19 എന്ന ഇക്കണോമി റേറ്റില്‍ 12 വിക്കറ്റുകള്‍ നേടിയ എന്‍ഗിഡിയും പട്ടികയിലുണ്ട്.
എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളും 286 റണ്‍സും നേടിയ നായകന്‍ മര്‍ക്രം, എട്ട് മത്സരങ്ങളില്‍ നിന്ന് 128 റണ്‍സും 11 വിക്കറ്റുകളും വീഴ്ത്തി ബാറ്റിങ്ങിലും ബൗളിങ്ങലും തിളങ്ങിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര, യുഎസ്എയുടെ വാന്‍ ഷാല്‍ക്‌വിക്ക് . എട്ട് മത്സരങ്ങളില്‍ നിന്ന് 274 റണ്‍സ് നേടിയ ന്യൂസിലന്‍ഡിന്റെ ടിം സീഫെര്‍ട്ട് എന്നിവരും പട്ടികയിലുണ്ട്.

Recent Comments