by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറാന് യുദ്ധക്കപ്പല്‍ തകര്‍ത്തു. ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ ഉണ്ടായ അന്തര്‍വാഹിനി ആക്രമണത്തിലാണ് ഐആര്‍ഐഎസ് ദേന തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ 101 ഇറാന് നാവികസേനാ അംഗങ്ങളെ കാണാതാവുകയും 78 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം തുടരുന്നതിനിടെയാണ് ശ്രീലങ്കയ്ക്ക് സമീപം കടലില്‍ ഇറാന് യുദ്ധക്കപ്പല്‍ തകര്‍ത്തത്. കപ്പല്‍ ദുരന്ത സന്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ സൈന്യം വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ഇറാനിയന്‍ കപ്പലില്‍ നിന്ന് അടിയന്തര സിഗ്നല്‍ ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ നാവികസേന രക്ഷാ ദൗത്യം നടത്തിയതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിക്ക് സമീപം മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ നിന്ന് കുറഞ്ഞത് 30 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാര്‍ലമെന്റില്‍ പറഞ്ഞു. രക്ഷാദൗത്യത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. പക്ഷേ സംഭവത്തിന് മറുപടിയായി ശ്രീലങ്ക ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കപ്പലില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്ന ആളുകളുടെ എണ്ണം, അന്തര്‍വാഹിനി ആക്രമണത്തിന് ഉത്തരവാദികള്‍ ആര് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ശ്രീലങ്ക പുറത്തുവിട്ടിട്ടില്ല.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ഇസ്രയേലും യുഎസും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ ആസ്തികള്‍ ലക്ഷ്യമിടുന്ന ഇറാന്റെ നീക്കത്തില്‍ യുഎഇ നേരിട്ടത് ആയിരത്തോളം വ്യോമാക്രമണ ശ്രമങ്ങള്‍. ശനിയാഴ്ച മുതല്‍ രൂക്ഷമായ സംഘര്‍ഷത്തില്‍ ഇതുവരെ യുഎഇ ലക്ഷ്യമാക്കിയെത്തിയത് 194 മിസൈലുകളും 812 ഡ്രോണുകളുമാണെന്ന് യുഎഇ വ്യോമ പ്രതിരോധ വിഭാഗം അറിയിച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിച്ചതായും യുഎഇ അധികൃതര്‍ അറിയിച്ചു.
186 ബാലിസ്റ്റിക് മിസൈലുകള്‍ യുഎഇ ലക്ഷ്യമിട്ടെത്തി. ഇതില്‍ 172 എണ്ണം പ്രതിരോധിച്ചു. 13 എണ്ണം സമുദ്രത്തില്‍ പതിച്ചു. ഒന്ന് യുഎഇയുടെ മണ്ണില്‍ ആഘാതം ഉണ്ടാക്കി. എട്ട് ക്രൂസ് മിസൈലുകളും പ്രയോഗിക്കപ്പെട്ടെങ്കിലും മുഴുവനും പ്രതിരോധിക്കാന്‍ സാധിച്ചു. 812 ഡ്രോണുകളും യുഎഇ ലക്ഷ്യമിട്ടെത്തിയെന്നും ഇതില്‍ 755 എണ്ണം പ്രതിരോധിക്കുകയും ചെയ്തു. 57 എണ്ണം രാജ്യത്തിന് അകത്ത് നാശ നഷ്ടങ്ങള്‍ക്ക് ഇടയാക്കി. ദുബൈയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാനിയന്‍ ആക്രമണങ്ങള്‍ ‘സ്വയം പ്രതിരോധത്തിനുള്ള നിയമപരമായ അവകാശം’ തങ്ങള്‍ക്ക് ഉറപ്പിച്ച് നല്‍കുന്നതാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പുതിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ‘ഈ യുദ്ധത്തില്‍ പങ്കാളിയല്ല’ എന്നും ഇറാനെതിരായ ആക്രമണത്തിനായി തങ്ങളുടെ പ്രദേശമോ ജലപാതയോ വ്യോമാതിര്‍ത്തിയോ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും അബുദാബിയും ആവര്‍ത്തിച്ചു.
അതിടെ, യുഎഇയിലെ തങ്ങളുടെ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യുഎസ് സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ലെവല്‍ 3 അലര്‍ട്ട് നല്‍കിക്കൊണ്ട് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് നല്കിയ മുന്നറിയിപ്പിലാണ് ഇക്കാര്യം നിര്‍ദേശിക്കുന്നത്. വിമാനങ്ങള്‍ ലഭ്യമല്ലെങ്കില്‍ അബുദാബി, ദുബായ്, മറ്റ് നഗരങ്ങള്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ പൗരന്മാരോട് ഒമാന്‍, സൗദി അറേബ്യ എന്നിവയുമായുള്ള കര അതിര്‍ത്തികള്‍ വഴി രാജ്യത്തിന് പുറത്തെത്തണം എന്നാണ് നിര്‍ദേശം. യുഎഇയിലെ ഇന്ത്യന്‍ പൗരന്മാര് അബുദാബിയിലെ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്ന് ന് ഇന്ത്യന്‍ സര്‍ക്കാരും പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. ‘അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശം പറയുന്നു.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയെയും രൂക്ഷമായി ബാധിക്കുന്നു. വിപണിയില്‍ കനത്ത തകര്‍ച്ചയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സും നിഫ്റ്റിയും കനത്ത ഇടിവ് നേരിട്ടു. 2.1 ശതമാനം ഇടിവാണ് സെന്‍സെക്സ് രേഖപ്പെടുത്തിയത്. 1,600 പോയന്റിലേറെയാണ് ഇന്ന് കുറഞ്ഞത്. നിഫ്റ്റി രണ്ട് ശതമാനം ഇടിഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ഓട്ടോമൊബൈല്‍ മേഖലകളാണ് വലിയ തിരിച്ചടി നേരിട്ടത്. ആഗോള വിപണികളിലെ അനിശ്ചിതത്വം, ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലെത്തിയതും വിപണിയെ സ്വാധീനിച്ചു.
ആഗോള വിപണയിലും സമാനമായ തകര്‍ച്ചയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ജപ്പാനിലെ ടോപിക്സ് സൂചിക നാല് ശതമാനത്തിലധികം ഇടിഞ്ഞു. ഹോങ്കോങ്ങ് ഹാങ്സെങ് രണ്ട് ശതമാനത്തിലധികം താഴ്ന്നു. കഴിഞ്ഞ വ്യാപാര ദിനത്തില്‍ അമേരിക്കന്‍ വിപണികളായ ഡോ ജോണ്‍സ്, എസ് ആന്റ് പി 500, നാസ്ഡാക് എന്നിവയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
രൂപയുടെ മൂല്യത്തില്‍ ഇന്ന് റെക്കോര്‍ഡ് ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 69 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 92.18 രൂപ എന്ന നിലയിലെത്തി. സംസ്ഥാനത്ത് സ്വര്‍ണവിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ എണ്ണ വിലയില്‍ ഉണ്ടാകുന്ന ഉയര്‍ച്ച വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ഇറക്കുതി ചെലവില്‍ ഉണ്ടാകുന്ന വര്‍ധന വ്യാപാര കമ്മിയെയും ബാധിച്ചേക്കും.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകള്‍ ജിനു(21)വാണ് മരിച്ചത്. ചെന്നൈ അംബേദ്കര്‍ ലോ കോളജിലെ നാലാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. കോട്ടൂര്‍പുരം ഗാന്ധിമണ്ഡപം റോഡില്‍ അണ്ണാ സര്‍വകലാശാലയുടെ ഔട്ടര്‍ ഗേറ്റിനുസമീപം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.
ജിനുവും സഹപാഠികളായ പ്രിയ(21), ജഗദീപ്(21), ആര്‍ത്തിപ്(21) എന്നിവരും കോളജിലെ പരിപാടിയില്‍ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടില്‍ കൊണ്ടുവിട്ട് കോളജിലേക്ക് തിരിച്ചുവരുകയായിരുന്നു. അണ്ണാ സര്‍വകലാശാലയ്ക്ക് സമീപമെത്തിയപ്പോള്‍ മുന്നില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാര്‍ പെട്ടെന്ന് യൂ ടേണ്‍ എടുത്ത് തൊട്ടു പിന്നിലുണ്ടായിരുന്ന നിയമവിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ജിനു തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ വെങ്കിടേശി(35)നും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ റോയപ്പേട്ട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിനുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് രാവിലെ 10-ന് തിരുവല്വാമല ഐവര്‍മഠം ശ്മശാനത്തില്‍. സഹോദരന്: ജിബിന്‍.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ലോക ശക്തിയെന്ന ഖ്യാതി നിലനിര്‍ത്താന്‍ വേണ്ടിയാണ് അമേരിക്ക വിദേശ രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇന്ധനം നല്കുന്നു എന്ന് ഇറാന്. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ലോകശക്തികളായി ഉയരുന്നത് തടയാനാണ് അമേരിക്ക യുദ്ധം സൃഷ്ടിക്കുന്നത്. ലോകത്തിന്റെ അധികാരം ഈ രാജ്യങ്ങളിലേക്ക് മാറുന്നത് തടയുക എന്നതാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും ഇറാന് പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രത്യേക പ്രതിനിധി അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി വാര്‍ത്താ ഏജന്‍സിയായ എന്‍ഐയോട് പ്രതികരിച്ചു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ഒരു പങ്കാളിയായി കാണാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി പറഞ്ഞു.
പശ്ചിമേഷ്യയെ അശാന്തിയിലേക്ക് തള്ളിവിട്ട ഇപ്പോഴത്തെ സാഹചര്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം അമേരിക്കയ്ക്കാണ്. യുദ്ധം തുടങ്ങിയത് ഇറാനല്ല, അമേരിക്കയാണെന്നും അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി പറഞ്ഞു. ഇറാന് പോരാട്ടം അവസാനിപ്പിക്കാന്‍ തയ്യാറാണ്. എന്നാല്‍, അമേരിക്ക ആക്രമണം നിര്‍ത്തിയാല്‍ ഉടന്‍ തന്നെ തങ്ങളും ആക്രമണം നിര്‍ത്തും. യുഎസുമായി നടന്നിരുന്ന ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടാവുകയും ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാന്‍ തയ്യാറെടുക്കുകയും ചെയ്ത ഘട്ടത്തിലാണ് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയതെന്ന് ഇലാഹി ആരോപിച്ചു. ആക്രമണത്തിലൂടെ സമാധാനത്തിനുള്ള വലിയൊരു അവസരമാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തകര്‍ത്തത് എന്നും ഇറാന് പ്രതിനിധി ചൂണ്ടിക്കാട്ടുന്നു.
രണ്ട് തരത്തിലുള്ള യുദ്ധങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്ന് സൈനികവും രണ്ടാമത്തേത് അഖ്യാനങ്ങളുടേതുമാണ്. വ്യാജ വാര്‍ത്തകള്‍ നിരവധി സൃഷ്ടിക്കപ്പെടുന്നു. ഇറാനിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നാണ് ഇതില്‍ പ്രധാനം. ആദ്യ യുദ്ധത്തേക്കാള്‍ വലുതാണ് വ്യാജ വാര്‍ത്തകളാല്‍ സൃഷ്ടിക്കപ്പെടുന്ന രണ്ടാമത്തെ സാഹചര്യമെന്നും അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി ചൂണ്ടിക്കാട്ടി.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: ഇറാനെതിരായ ഇസ്രയേല്‍ – യുഎസ് ആക്രമണം ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയിലും പ്രതിഫലിക്കുന്നു. യുഎന്‍ രക്ഷാ സമിതിയുടെ പ്രതിമാസ അധ്യക്ഷ സ്ഥാനം യുഎസ് ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പുമായി റഷ്യയും ചൈനയും. രക്ഷാസമിതിയുടെ പ്രതിമാസ അധ്യക്ഷ പദവിയിലേക്കായി യുഎസ് തയ്യാറാക്കിയ പ്രവര്‍ത്തന രേഖയ്ക്ക് അംഗീകാരം ലഭിച്ചില്ല.
15 രാജ്യങ്ങളുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനം വീറ്റോ അധികാരമുള്ള സ്ഥിരാംഗമായ അമേരിക്ക, മാര്‍ച്ച് മാസത്തേക്ക് ഏറ്റെടുത്തിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തേക്കായി യുഎസ് തയ്യാറാക്കിയ യുഎന്‍എസ്സി പിഒഡബ്ല്യു അംഗീകരിക്കുന്നതിനെ മറ്റ് സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും എതിര്‍ക്കുകയായിരുന്നു.
‘യുഎസ് നിര്‍ദേശിച്ച പ്രവര്‍ത്തന പരിപാടിയില്‍ ഇറാനെക്കുറിച്ചുള്ള ഉപരോധ സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരണമാണ് വിരുദ്ധ നിലപാട് എടുക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് എന്ന് സമിതിയിലെ റഷ്യന്‍ പ്രതിനിധിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടി 2025 സെപ്തംബറിലാണ് ഇറാന് വിരുദ്ധ പ്രമേയങ്ങള്‍ ആദ്യം നടപ്പിലാക്കിയത്.
ഈ വിഷയത്തില്‍ റഷ്യന്‍ നിലപാട് ഫെബ്രുവരിയില്‍ യുഎസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. താല്‍ക്കാലിക പ്രവര്‍ത്തന പരിപാടിയില്‍ അത്തരമൊരു സംഭവം ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നീക്കവുമായി മുന്നോട്ട് പോയ സാഹചര്യത്തിലാണ് എതിര്‍പ്പ് ഉയര്‍ത്തിയതെന്നും റഷ്യന്‍ പ്രതിനിധി അറിയിച്ചു. എതിര്‍പ്പുയര്‍ന്നതോടെ മാര്‍ച്ച് 3 ന് നടത്താനിരുന്ന യുഎന്നിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്സിന്റെ പത്രസമ്മേളനവും റദ്ദാക്കി.
കൗണ്‍സില്‍ പ്രസിഡന്റുമാര്‍ സാധാരണയായി രണ്ട് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാറുണ്ട്. മാര്‍ച്ച് 2 ന് ‘അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം’ പേരില്‍ ‘സംഘര്‍ഷത്തിലെ കുട്ടികള്‍, സാങ്കേതികവിദ്യ, വിദ്യാഭ്യാസം’ എന്നതായിരുന്നു ഇതില്‍ ഒന്ന്. പരിപാടിക്ക് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് അധ്യക്ഷത വഹിച്ചു.
ഒരു ലോക നേതാവിന്റെ ഭാര്യ യുഎന്‍എസ്സി യോഗത്തില്‍ അധ്യക്ഷത വഹിച്ച ആദ്യ സംഭവം കൂടിയായായിരുന്നു ഇത്. ‘ഊര്‍ജ്ജം, നിര്‍ണായക ധാതുക്കള്‍, സുരക്ഷ’ എന്നിവ സംബന്ധിച്ചുള്ളതാണ് രണ്ടാമത്തെ കാര്യ പരിപാടി.


Recent Comments