by Midhun HP News | Feb 6, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ആദായനികുതി കുടിശികയില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ലേലം ചെയ്യേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ്. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2026 ജനുവരി 31 വരെ പലിശ സഹിതം 20 കോടി രൂപയാണ് ജയലളിതയുടെ ബന്ധുക്കള്‍ നികുതിയിനത്തില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഈ തുക അടച്ചില്ലെങ്കില്‍ തുടര്‍നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നുമാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്.

നികുതി കുടിശിക ആവശ്യപ്പെട്ട് നല്‍കിയ ആദായ നികുതി വകുപ്പ് നോട്ടിസ് ചോദ്യം ചെയ്ത് ജയലളിതയുടെ സഹോദര പുത്രിയും അനന്തരാവകാശിയുമായ ജെ ദീപയുടെ ഹര്‍ജിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് സി. ശരവണന് മുമ്പാകെയാണ് ആദായ നികുതി വകുപ്പിന്റെ റിക്കവറി ഓഫീസര്‍ എസ്. അശോക് കുമാര്‍ എതിര്‍ സത്യവാങ്മൂലം സമർപ്പിച്ചത്.
ജയലളിതയുടെ നിയമപരമായ അവകാശികളില്‍ ഉള്‍പ്പെട്ടവരാണ് ജെ ദീപയും ദീപകും. 600 കോടിയിലേറെ രൂപയുടെ മൂല്യമാണ് ജയലളിതയുടെ മൊത്തം സ്വത്തുക്കള്‍ക്കുള്ളത്. 2025 ഓഗസ്റ്റ് 4 ന് ആദായ നികുതി വകുപ്പ് നല്‍കിയ കത്തില്‍ ആണ് ആദായ നികുതി വരുപ്പ് സ്വത്ത് നികുതി കുടിശ്ശിക ഇനത്തില്‍ 13.69 കോടി രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. 1990-91 മുതല്‍ 2011-12 വരെയുള്ള കാലയളവില്‍ നികുതി ഡിമാന്‍ഡ്, പലിശ എന്നിവയിനത്തില്‍ 36.56 കോടി രൂപയാണ് നല്‍കാനുള്ളത്. ഈ വിഷയത്തില്‍ 2007 ഫെബ്രുവരി 8 ന് റിക്കവറി സര്‍ട്ടിഫിക്കറ്റ് നല്‍കിയിണ്ടായിരുന്നു എന്നും ആദായ നികുതി വകുപ്പ് പറയുന്നു.
36 കോടി രൂപയായിരുന്ന നികുതി കുടിശ്ശിക പിന്നീട് 13 കോടിയായി കുറയ്ച്ചിരുന്നു. ദീപക് ഇതിനകം തന്നെ 1.17 കോടി രൂപ നല്‍കിയിട്ടുണ്ട്. നോട്ടിസുകളിലെ തുകയുടെ വ്യത്യാസം ചോദ്യം ചെയ്തും കൃത്യമായ തുക അറിയിക്കണമെന്നും ആവശ്യപ്പെട്ടാണു ദീപ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ദീപയുടെ വാദം 18നു കേള്‍ക്കും.

by Midhun HP News | Feb 5, 2026 | Latest News, ദേശീയ വാർത്ത
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി -UPSC) 2026 ലെ സിവിൽ സർവീസ് പരീക്ഷകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) എന്നിവയുൾപ്പെടെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകളിലേക്കുള്ള നിയമനം നടത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർകര്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക യുപിഎസ്‌സി പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 24 ആണ്.
ഐഎഎസ്, ഐപിഎസ്, ഐ എഫ് എസ്, ഐആർഎസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ടന്റ്സ്, ഡൽഹി, ആൻഡമാൻ ആൻഡ് നിക്കോബാർ,ലക്ഷദ്വീപ്, ദാമൻല ദിയു, ദാദ്ര, നാഗർഹാവേലി സിവിൽ സർവീസസുകളായ ഗ്രൂപ്പ് ബി വിഭാഗത്തിൽപ്പെട്ട DANICS,DANIPS മറ്റ് കേന്ദ്ര സർവീസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സിവിൽ സർവീസസ് പരീക്ഷ (CSE) 2026
തസ്തിക: ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകൾ
സെൻട്രൽ സർവീസസ്ഗ്രൂപ്പ് എ: ഐഎഎസ് / ഐപിഎസ് / ഐഎഫ്എസ്, സെൻട്രൽ സർവീസസ് ഗ്രൂപ്പ് എ, ഐആർഎസ്, ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ്, ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ്, ഇന്ത്യൻ പോസ്റ്റൽ സർവീസ് മുതലായവ
സെൻട്രൽ സർവീസസ് ഗ്രൂപ്പ് ബി : ഡാനിക്സ് (DANICS) / ഡാനിപ്സ് (DANIPS )/ എഎഫ്എച്ച്ക്യു സിവിൽ സർവീസ് (AFHQ Civil Service) / പോണ്ടിക്സ് (PONDICS)
യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രായപരിധി 21–32 വയസ്സ് (01-08-2026 അടിസ്ഥാനമാക്കി)
എസ് സി, എസ് ടി വിഭാഗത്തിന് : അഞ്ച് വർഷത്തെ ഇളവ്
ഒബിസി വിഭാഗത്തിന് : മൂന്ന് വർഷത്തെ ഇളവ്
പിഡബ്ല്യു ബി ഡി : 10 വർഷത്തെ ഇളവ്
അപേക്ഷാ ഫീസ്
ജനറൽ,ഒബിസി,ഇഡബ്ല്യു എസ് :100 രൂപ
എസ് സി, എസ് ടി,പിഡബ്ല്യു ബി ഡി സ്ത്രീകൾ : അപേക്ഷാ ഫീസ് ഇല്ല
പരീക്ഷാ ഘട്ടങ്ങൾ: പ്രിലിമിനറി, മെയിൻസ്, അഭിമുഖം
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 24 വൈകുന്നേരം ആറ് മണി


by Midhun HP News | Feb 5, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ലോകത്ത് പകൽ സമയങ്ങളിൽ ഏറ്റവും കൂടുതൽ ജനത്തിരക്കുള്ള നഗരപ്രദേശങ്ങളിലൊന്നിലെ ട്രാഫിക് ജാം ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഗതാഗതക്കുരുക്ക് അഴിക്കുന്നതിനും യാത്രാവേഗം കൂട്ടുന്നതിനും വിവിധ പദ്ധതികളുമായി ദുബൈ അതിവേഗം സഞ്ചരിക്കുകയാണ്. ഈ വർഷം ദുബൈയിൽ പുതിയ ഗതാഗത സംവിധാനങ്ങൾ നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്.
ദുബൈയിലെ ഡ്രൈവറില്ലാ ഗതാഗത സംവിധാനവും, അതിവേഗ, പൂർണ്ണ വൈദ്യുത ഭൂഗർഭ ഗതാഗത സംവിധാനവുമാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായ രണ്ട് പദ്ധതികൾ
റോഡ് വഴി സഞ്ചരിച്ചാൽ 20 മിനിട്ട് കൊണ്ട് എത്തുന്ന ദുരം വെറും മൂന്ന് മിനിട്ട് കൊണ്ട് എത്തുന്ന സംവിധാനമാണ് ദുബൈ ലൂപ്പ് എന്ന അതിവേഗ വൈദ്യുത ഭൂഗർഭ ഗതാഗത സംവിധാനം. ഇത് ഈ വർഷം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) ചെയർമാൻ മത്താർ അൽ തായർ അറിയിച്ചു.
ഇലോൺ മസ്കിന്റെ ബോറിങ് എന്ന കമ്പനിയാണ് ദുബൈ അതിവേഗ വൈദ്യുത ഭൂഗർഭ ഗതാഗത സംവിധാനം ഒരുക്കുന്നത്. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിന് മാത്രം 60 കോടി ദിർഹം ചെലവ് വരുമെന്ന് കണക്കാക്കുന്നു. പദ്ധതി പൂർത്തിയാക്കുമ്പോൾ നിലവിലത്തെ കണക്കനുസരിച്ച് അത് 250 കോടി ദിർഹമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്ത് ആദ്യമായി ഇത്തരമൊരു ഗതാഗത സംവിധാനം നടപ്പാക്കിയത് അമേരിക്കയിലെ ലാസ് വേഗസ് എന്ന നഗരമാണ്. അതിന് ശേഷം അത് നടപ്പാക്കാൻ ഒരുങ്ങുന്നത് ദുബൈ ആണ്.
ഡ്രൈവറില്ലാ വാഹനം
ദുബൈയിലെ തന്നെ മറ്റൊരു പ്രധാന ഗതാഗത സംവിധാനമാണ് ഡ്രൈവറില്ലാത്ത വാഹനനിര. ട്രെയിൻ പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഇത്.
ഇടവിട്ടുള്ള സ്റ്റോപ്പുകളില്ലാതെ പോയിന്റ്-ടു-പോയിന്റ് യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ. നഗരങ്ങളിലെ ഹ്രസ്വ ദൂര യാത്രകൾ കൂടുതൽ വേഗതയാർന്നതും സൗകര്യപ്രദമാക്കുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ള ഓട്ടോമേറ്റഡ് ട്രാൻസിറ്റ് നെറ്റ്‌വർക്ക് സംവിധാനമാണ് ഇത്.
നിർദിഷ്ട സംവിധാനം ഡ്രൈവറില്ലാ ഇലക്ട്രിക് വാഹനങ്ങളായിരിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നതും റോഡ് ഗതാഗതത്തിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നതുമാണ്. നിലവിലുള്ള റോഡുകൾക്കും യൂട്ടിലിറ്റി നെറ്റ്‌വർക്കുകൾക്കും തടസ്സങ്ങൾ കുറച്ചു കൊണ്ട്, തറനിരപ്പിൽ ഉയർത്താനോ അതനിലയിൽ വിന്യസിക്കാനോ കഴിയുന്ന ഒതുക്കമുള്ളതും വീതി കുറഞ്ഞതുമായ ഗൈഡ്‌വേകളിലാകും ഇത് പ്രവർത്തിക്കുക.
ഓരോ വാഹനത്തിനും നാല് മുതൽ ആറ് വരെ യാത്രക്കാരെ വഹിക്കാനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനും കഴിയും.
ഗ്ലൈഡ്‌വേസിന്റെ സാങ്കേതികവിദ്യ ഒരു സെക്കൻഡ് വേഗതയിൽ പ്രവർത്തിക്കുന്ന പത്തിലധികം വാഹനങ്ങളുടെ വെർച്വൽ പ്ലാറ്റൂണിങ് ആണ്. “ഇതിനർത്ഥം 10 കാറുകൾ വരെ ഒരു ട്രെയിൻ പോലെ വെർച്വലായി പരസ്പരം ബന്ധിപ്പിക്കാൻ കഴിയും എന്നാണ്. അതിനാൽ, ഇത് ശരിക്കും പൊതുഗതാഗത സംവിധാനം പോലെയാണ്. ഇതിന് നല്ല സാധ്യതയുണ്ടെന്ന് ഞങ്ങൾ കരുതുന്നു, ” എന്ന് ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ഹാഷെം ബഹ്‌റോസിയാൻ ഈ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
by Midhun HP News | Feb 4, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സി ജെ റോയ് 6 മാസമായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച രേഖകളും കണ്ടെത്തിയിട്ടുണ്ട്. ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചതു സമ്മര്‍ദം കൂട്ടാന്‍ കാരണമായെന്നാണ് കണ്ടെത്തല്‍.

പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെയാണ് റോയ് കടുത്ത തീരുമാനത്തിലേക്കു നീങ്ങിയെന്നാണു സംശയിക്കുന്നത്. ഗ്രൂപ്പ് ആസ്ഥാനത്തു നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്.
അതേസമയം റിയല്‍ എസ്റ്റേറ്റ് രംഗത്തെ റോയിയുടെ പങ്കാളികളെയും ഇടപാടുകാരെയും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം പരിശോധന ശക്തമാക്കുകയാണ്. ആദ്യഘട്ട മൊഴികളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത തേടിയാണ് ഈ നീക്കം.ഇതു പ്രകാരം വന്‍കിട ഭൂമി ഇടപാടുകളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരെ വരുംദിവസങ്ങളില്‍ കര്‍ണാടക പൊലിസ് ചോദ്യം ചെയ്യും. മരണത്തിന് മുന്‍പ് നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് എസ്ഐടി ബാങ്കുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് സി ജെ റോയിയുടെ ഓഫീസുകളിലും വസതികളിലും കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നടന്നുവരുന്നതിനിടെയായിരുന്നു ഓഫീസിനകത്ത് വച്ച് അദ്ദേഹം സ്വയം വെടിവച്ച് മരിച്ചത്. ബംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള ഓഫീസിലായിരുന്നു സംഭവം.

by Midhun HP News | Feb 4, 2026 | Latest News, ദേശീയ വാർത്ത
മസ്കറ്റിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്. ടിക്കറ്റ് എടുക്കാൻ പണം നൽകിയ സുഹൃത്തിനൊപ്പം സമ്മാനത്തുക പങ്കിടും. BMW X5 കാർ സ്വന്തമാക്കിയത് ഷാർജയിൽ നിന്നുള്ള ഡ്രൈവർ.
ബിഗ് ടിക്കറ്റ് സീരീസ് 283 ഡ്രോയിൽ ഇന്ത്യൻ പ്രവാസിക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്. ബംഗ്ലദേശിൽ നിന്നുള്ള പ്രവാസിയാണ് BMW X5 നേടിയത്.
കർണാടകത്തിൽ നിന്നുള്ള ശന്തനു ഷെട്ടിഗറാണ് ഗ്രാൻഡ് പ്രൈസ് വിജയി. മസ്കറ്റിലാണ് എട്ടു വർഷമായി അദ്ദേഹം താമസിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്.
സുഹൃത്തിനോടൊപ്പം എടുത്ത ടിക്കറ്റിലാണ് ശന്തനുവിന് ഗ്രാൻഡ് പ്രൈസ് ലഭിച്ചത്. വിജയിയായി എന്ന് തിരിച്ചറിഞ്ഞ നിമിഷം അദ്ദേഹം ഓർത്തെടുത്തു.


by Midhun HP News | Feb 4, 2026 | Latest News, ദേശീയ വാർത്ത
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. കുട്ടികളുടെ മരണത്തിന് പിന്നില്‍ മൊബൈല്‍ ഗെയിമുകളോടുള്ള ആസക്തിയെന്ന് റിപ്പോര്‍ട്ട്. ചേതന്‍ കുമാര്‍ എന്നയാളുടെ മക്കളായ നിഷിക (16), പ്രാചി (14), പഖി (12) എന്നിവരാണ് മരിച്ചത്. സാഹിബാബാദിനെ ടീല മോര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഭാരത് സിറ്റിയിലെ ബഹുനില കെട്ടിടത്തിലെ ഒമ്പതാം നിലയിലെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടിയാണ് കുട്ടികള്‍ ജീവനൊടുക്കിയത്.

കുട്ടികളുടെ മരണം സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിലാണ് മൂവര്‍ക്കും മൊബൈല്‍ ഗെയിമുകളോടുള്ള ആസക്തി സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ഇന്ന് പുലര്‍ച്ച 12.30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ബാല്‍ക്കണിയിലേക്ക് കസേര ഉപയോഗിച്ച് കയറിയ ശേഷം കുട്ടികള്‍ ഓരോരുത്തരായി ചാടുകയായിരുന്നു എന്നാണ് വിലയിരുത്തല്‍. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
കോവിഡ്-19 കാലം മുതല്‍ സഹോദരിമാര്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് അമിതമായ താത്പര്യം കാണിച്ചിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഓണ്‍ലൈന്‍ ടാസ്‌ക് അധിഷ്ഠിത ഇന്ററാക്ടീവ് ഗെയിമായ ‘ലവ് ഗെയിം’ പോലുള്ളവയോടെ കുട്ടികള്‍ അമിത താത്പര്യം കാണിച്ചുരുന്നു. ഇതിനോടുള്ള രക്ഷിതാക്കളുടെ എതിര്‍പ്പില്‍ കുട്ടികള്‍ അസന്തുഷ്ടരായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. കുട്ടികളെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണ് എന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ (ഷാലിമാര്‍ ഗാര്‍ഡന്‍) അതുല്‍ കുമാര്‍ സിങ് അറിയിച്ചു.

Recent Comments