by Midhun HP News | Aug 11, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ശബരിമല കേസില്‍ സുപ്രീംകോടതി വിധി ഒക്ടോബറില്‍. ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശബരിമല റഫറന്‍സ് കേസില്‍ ഒക്ടോബറില്‍ സുപ്രീംകോടതി വിധി ഉണ്ടാവുമെന്ന് സൂചിപ്പിച്ചത്. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ആണ് ശബരിമല കേസില്‍ വിധി പറയുക.
ബോധ്ഗയ ക്ഷേത്ര കേസിലെ ചില നിയമപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം ശബരിമല റഫറന്‍സിലെ ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ നിന്ന് ഉത്തരം കണ്ടെത്തേണ്ടതാണെന്നും അതുകൊണ്ട് ശബരിമല കേസിന് ശേഷം മാത്രമേ ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ എന്നും വാദത്തിനിടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് ശബരിമല കേസില്‍ ഒക്ടോബറില്‍ വിധി ഉണ്ടാവുമെന്ന് ചീഫ് ജസ്റ്റിസ് സൂചന നല്‍കിയത്. ശബരിമല റഫറന്‍സില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയാന്‍ പോകുന്നത്.

മെയ് 14നാണ് കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. നീണ്ട 16 ദിവസമാണ് കേസില്‍ വാദം കേള്‍ക്കല്‍ നടന്നത്. വിശ്വാസപരമായ കാര്യങ്ങളില്‍ അല്ലെങ്കില്‍ മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടലിന് എന്തുമാത്രം സാധ്യത ഉണ്ട് എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സുപ്രീംകോടതി. കൂടാതെ ഏത് പരിധി വരെ കോടതിക്ക് ഇടപെടാം, മതപരമായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനാണോ അതോ വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനാണോ പ്രാധാന്യം നല്‍കേണ്ടത് തുടങ്ങിയ ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ കൂടിയാണ് കേസ് പരിഗണിച്ചത്.

by Midhun HP News | Aug 11, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഇതിലൂടെ വരുമാനം നേടാന്‍ അര്‍ഹതയുള്ളവരുടെ മാനദണ്ഡം പുതുക്കി. യൂട്യൂബ് പ്രീമിയത്തില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും വരുമാനം ലഭിക്കുന്നതിന് കഴിഞ്ഞ വര്‍ഷം 8000 ക്വാളിഫൈഡ് വാച്ച് അവറുകളോ അല്ലെങ്കില്‍ 90 ദിവസത്തിനകം രണ്ടു കോടി ക്വാളിഫൈഡ് ഷോര്‍ട്്‌സ് വ്യൂകളോ ആവശ്യമാണെന്ന് കമ്പനി അറിയിച്ചു. 2027 ഫെബ്രുവരി ഒന്നിനാണ് പുതിയ മാനദണ്ഡം പ്രാബല്യത്തില്‍ വരിക.
നിലവില്‍ 4000 വാച്ച് അവറുകള്‍ അല്ലെങ്കില്‍ ഒരു കോടി ഷോര്‍ട്‌സ് വ്യൂ ആണ് വരുമാനം നേടുന്നതിനുള്ള മാനദണ്ഡം. ഇത് ഇരട്ടിയായി വര്‍ധിപ്പിച്ചാണ് യൂട്യൂബ് മാനദണ്ഡം പുതുക്കിയത്. ക്രിയേറ്റര്‍മാര്‍ക്ക് കുറഞ്ഞത് ആയിരം സബ്‌സ്‌ക്രൈബര്‍മാര്‍ ഉണ്ടായിരിക്കണമെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റമില്ല.
യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ ഇതിനകം അംഗങ്ങളായ ക്രിയേറ്റര്‍മാരെയും പുതിയ വ്യവസ്ഥ ബാധിക്കും. ഷോര്‍ട്‌സില്‍ നിന്ന് എല്ലാ മാസവും പരസ്യ, സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം നേടുന്നതിന് ക്രിയേറ്റര്‍മാര്‍ 90 ദിവസത്തെ റോളിങ് കാലയളവില്‍ ഒരു കോടി ക്വാളിഫൈഡ് വ്യൂകള്‍ നിലനിര്‍ത്തേണ്ടതുണ്ട്. ഈ പരിധിക്ക് താഴെ പോകുന്ന ചാനലുകള്‍ പ്രോഗ്രാമില്‍ തന്നെ തുടരുകയും ലോംഗ് ഫോം വിഡിയോകളില്‍ നിന്ന് പണം സമ്പാദിക്കുന്നത് തുടരുകയും ചെയ്യും. വ്യൂകള്‍ വീണ്ടും ഈ പരിധിക്ക് മുകളിലെത്തിയാല്‍ മാത്രമേ ഷോര്‍ട്‌സ് വരുമാനം പങ്കിടല്‍ ഓട്ടോമാറ്റിക്കായി പുനരാരംഭിക്കുകയുള്ളൂ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


by Midhun HP News | Aug 11, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത ജാഗ്രത നിര്‍ദേശം. ഇതിന്റെ മുന്നോടിയായി ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുകയും പ്രധാന സ്ഥലങ്ങളില്‍ പിടികിട്ടാപ്പുള്ളികളായ 19 ഭീകരരുടെ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.

ഇന്ത്യന്‍ മുജാഹിദിന്‍, അല്‍ ഖ്വയ്ദ, വിവിധ ഖാലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുള്ളവരാണ് പോസ്റ്ററുകളില്‍ ഉള്ളത്. പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനും ഒളിവില്‍ കഴിയുന്ന പ്രതികളെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകാന്‍ സഹായകമായേക്കുമെന്നും അധികൃതര്‍ കരുതുന്നു. സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും മുമ്പ് സ്വീകരിക്കുന്ന പതിവ് സുരക്ഷാ നടപടികളുടെ ഭാഗമായാണ് രാജ്യത്തിന് ഭീഷണിയായേക്കാവുന്ന തീവ്രവാദികളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഓഗസ്റ്റ് 15ന് നടക്കുന്ന ചടങ്ങിനായി ഡല്‍ഹി പൊലീസിലെയും അര്‍ധസൈനിക വിഭാഗങ്ങളിലെയും 15,000 മുതല്‍ 20,000 വരെ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും മുഖം തിരിച്ചറിയല്‍ സംവിധാനമുള്ള ക്യാമറകള്‍ ഉള്‍പ്പെടെ ഏകദേശം 1,000 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്കുള്ളില്‍ ഹൈടെക് സിസിടിവി കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും 24 മണിക്കൂറും പ്രദേശം നിരീക്ഷിക്കും.
ഡല്‍ഹിയിലുടനീളമുള്ള ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, ലോഡ്ജുകള്‍, മറ്റ് താമസ സൗകര്യങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കി. സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സന്ദര്‍ശക രജിസ്റ്ററുകള്‍, കമ്പ്യൂട്ടറൈസ്ഡ് ഗസ്റ്റ് വെരിഫിക്കേഷന്‍ സിസ്റ്റങ്ങള്‍, മറ്റ് രേഖകള്‍ എന്നിവ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍ഷിപ്പുകള്‍ കേന്ദ്രീകരിച്ച് വിശദമായ പരിശോധന തുടരുന്നു, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവടങ്ങില്‍ നിരീക്ഷണം ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളില്‍ പൊലീസും ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡ് ഉള്‍പ്പടെ വിവിധ തവണ പരിശോധന തുടരുന്നതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

by Midhun HP News | Aug 11, 2026 | Latest News, ദേശീയ വാർത്ത
ബൊഗോട്ട: കൊളംബിയയെ നടുക്കി വന്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 132 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. റിസ റാള്‍ഡ പ്രവിശ്യയെയാണ് ദുരന്തം ഏറ്റവും അധികം ബാധിച്ചത്.
ബൊഗോട്ടയില്‍ നിന്ന് 400 കിലോ മീറ്റര്‍ അകലെയുള്ള സാന്‍ ജോസ് ഡെല്‍ പാല്‍മര്‍ ആണ് പ്രഭവ കേന്ദ്രം. അയല്‍രാജ്യമായ ഇക്വഡോറിലും പ്രകമ്പനം ഉണ്ടായി. വ്യാപകനാശനഷ്ടമാണ് ഉണ്ടായത്. സാഹചര്യം ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.34നാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ 100 കിലോമീറ്ററോ അതിൽ കൂടുതലോ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് കൊളംബിയൻ അധികൃതർ പറഞ്ഞു.
ബൊഗോട്ടയില്‍ നിന്ന് മുന്‍കരുതലിന്റെ ഭാഗമായി ആളുകളെ ഒഴിപ്പിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് കൊളംബിയന്‍ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഭൂമി കുലുങ്ങിയതിനെ തുടര്‍ന്ന് കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലും ഇക്വഡോറിലെ ക്വിറ്റോയിലും കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ജൂൺ അവസാനം വെനസ്വേലയിൽ 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങളുണ്ടായിരുന്നു. അന്ന് നൂറുകണക്കിന് കെട്ടിടങ്ങൾ തകരുകയും 5,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.


by Midhun HP News | Aug 10, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഓഗസ്റ്റ് പതിനഞ്ചിനകം ഇ-കെവൈസി നിര്‍ബന്ധമായി നല്‍കണമെന്നാണ് പൊതുമേഖല എണ്ണ കമ്പനികള്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഇത് പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡി നിരക്കില്‍ സിലിണ്ടറുകള്‍ ലഭിക്കില്ലെന്നും വാണിജ്യ നിരക്കില്‍ സിലിണ്ടറുകള്‍ വാങ്ങേണ്ടി വന്നേക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിശ്ചിത തീയതിക്കകം ബയോമെട്രിക് അപ്ഡേഷന്‍ നല്‍കിയില്ലെങ്കില്‍ ഗാര്‍ഹിക സിലിണ്ടര്‍ ആനൂകൂല്യം ലഭിക്കില്ല എന്ന തരത്തില്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ഗ്യാസ് ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2024ല്‍ ആരംഭിച്ച ഇ- കെവൈസി അപ്ഡേഷന്‍ കര്‍ശനമാക്കിയത് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സിലിണ്ടര്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ്. ഗ്യാസ് സിലിണ്ടര്‍ യഥാര്‍ഥ ഉടമകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പിക്കാനാണ് അപ്ഡേഷന്‍ എന്നാണ് കമ്പനികളുടെ വാദം.
വിതരണ ഏജന്‍സികള്‍ മുഖേനെയും കമ്പനികളുടെ ആപ്പ് വഴി ഓണ്‍ലൈനായും അപ്ഡേഷന്‍ നടത്താം. സിലിണ്ടര്‍ വിതരണത്തിനായി ഏജന്‍സി ജീവനക്കാര്‍ വീട്ടിലെത്തുമ്പോഴും അപ്ഡേഷന്‍ നടത്താവുന്നതാണ്. ഓണ്‍ലൈന്‍ അപ്ഡേഷനായി കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാര്‍ ഫെയ്സ് ആര്‍ഡി ആപ്പും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. സംശയങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍: 1800 2333555ല്‍ ബന്ധപ്പെടാവുന്നതാണ്.
ഇന്‍ഡേന്‍, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് എന്നിവയ്ക്കായി ഇ- കെവൈസി പൂര്‍ത്തിയാക്കേണ്ട വിധം താഴെ:
1. എല്‍പിജി സിലിണ്ടര്‍ കമ്പനിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
2. എല്‍പിജി അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
3. രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുക
4. എല്‍പിജി അക്കൗണ്ട് ലിങ്ക് ചെയ്യുകയോ ആക്‌സസ് ചെയ്യുകയോ ചെയ്യുക
ഇന്‍ഡേന്‍ ഗ്യാസ്: അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ 16 അക്ക എല്‍പിജി ഐഡി നല്‍കുക
ബിപിസിഎല്‍, എച്ച്പിസിഎല്‍ ആപ്പുകളില്‍ ഇ-കെവൈസി ഓപ്ഷന്‍ നേരിട്ട് ലഭ്യമാണ്
5. ഇ- കെവൈസി ഓപ്ഷന്‍ ഓപ്പണ്‍ ചെയ്യുക
ഇന്‍ഡേന്‍ ഗ്യാസ്: മൈ പ്രൊഫൈല്‍ വിഭാഗത്തിന് കീഴില്‍ ഇ-കെവൈസി ഓപ്ഷന്‍ കാണാം
ഭാരത് ഗ്യാസ്: ഹോം പേജില്‍ തന്നെ ഇ-കെവൈസി ഓപ്ഷന്‍ ലഭ്യമാണ്
എച്ച്പി ഗ്യാസ്: എച്ച്പി പേ ആപ്പില്‍ എല്‍പിജി സെക്ഷന് കീഴില്‍ ഇ- കെവൈസി ഓപ്ഷന്‍ കാണാം
6. നിബന്ധനകള്‍ വായിച്ച് മനസിലാക്കിയ ശേഷം ആധാര്‍ അധിഷ്ഠിത ഫെയ്‌സ് ഓതന്റിക്കേഷന് സമ്മതം നല്‍കുക
7. ഫെയ്‌സ് സ്‌കാന്‍ ടാപ്പ് ചെയ്ത് ആധാര്‍ ഫെയ്‌സ്ആര്‍ഡി ആപ്പിനെ മുഖം സ്‌കാന്‍ ചെയ്യാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കുക.


by Midhun HP News | Aug 10, 2026 | Latest News, ദേശീയ വാർത്ത
മസ്‌കത്ത്: ഒമാന്‍ തീരങ്ങളില്‍ നെയ്മീന്‍ പിടിക്കുന്നതിനും വിപണനം നടത്തുന്നതിനും നിരോധനം. ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 വരെ രണ്ടു മാസത്തേക്കാണ് വിലക്കെന്ന് ഒമാന്‍ കൃഷി, ജലവിഭവ മന്ത്രാലയം അറിയിച്ചു. കടലിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണവും നെയ്മീനുകളുടെ സ്വാഭാവിക പ്രജനനവും ഉറപ്പാക്കുന്നതിനാണ് ഈ നിയന്ത്രണം.
നെയ്മീന്‍ സമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യബന്ധന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമാണ് നടപടി. അക്വാട്ടിക് റിസോഴ്‌സ് നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ (178) അനുസരിച്ചാണ് മന്ത്രാലയം ഈ നിയന്ത്രണം നടപ്പിലാക്കുന്നത്. ഒമാന്റെ മത്സ്യബന്ധന മേഖലയില്‍ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക മൂല്യമുള്ള മല്‍സ്യങ്ങളിലൊന്നാണ് നെയ്മീന്‍.
19,743 ടണ്‍ നെയ്മീന്‍ മത്സ്യമാണ് കഴിഞ്ഞ വര്‍ഷം ഒമാനില്‍ ഉല്‍പ്പാദിപ്പിച്ചത്. ഇതിന്റെ ആകെ വിപണി മൂല്യം 4.44 കോടി ഒമാനി റിയാലാണ് (ഏകദേശം 4.4422 കോടി ഒമാനി റിയാല്‍). കിലോഗ്രാമിന് ശരാശരി 2.25 റിയാല്‍ നിരക്കിലായിരുന്നു വില്‍പ്പന. ഒമാന്റെ ആകെ നെയ്മീന്‍ ഉല്‍പ്പാദനത്തിന്റെ 83.47 ശതമാനവും അല്‍ വുസ്ത, സൗത്ത് ശര്‍ഖിയ എന്നീ രണ്ട് പ്രവിശ്യകളില്‍ നിന്നാണ്. ഇതില്‍ 41% വും അല്‍ വുസ്തയില്‍ നിന്നും 41% സൗത്ത് ശര്‍ക്കിയയില്‍ നിന്നും ലഭിക്കുന്നു.
നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍, വിതരണക്കാര്‍, കച്ചവടക്കാര്‍, കയറ്റുമതിക്കാര്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവര്‍ നെയ്മീന്‍ പിടിക്കാനോ വില്‍ക്കാനോ സൂക്ഷിച്ചു വെക്കാനോ പാടില്ല. നിലവില്‍ നെയ്മീന്‍ ശേഖരമുള്ള വ്യാപാരികളും വ്യക്തികളും നിശ്ചിത സമയത്തിനകം ബന്ധപ്പെട്ട മന്ത്രാലയ അധികൃതര്‍ക്ക് മുമ്പാകെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളും പിഴയും ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.


Recent Comments