ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; എല്ലാവര്‍ക്കുമായി വീതിക്കും

ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; എല്ലാവര്‍ക്കുമായി വീതിക്കും

ദുബൈ: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് കപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയുടെ ഒമ്പതാമത്തെ ഏഷ്യാ കപ്പ് കിരീടമാണിത്.

സമ്മാനത്തുകയായ 21 കോടി രൂപ കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ടീം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കിടയില്‍ വിതരണം ചെയ്യും. രാജ്യവ്യാപകമായ ആഘോഷങ്ങള്‍ക്കിടയിലാണ് ബോര്‍ഡിന്റെ പ്രഖ്യാപനം. ഇന്ത്യയുടെ പ്രകടനത്തെയും സമ്മര്‍ദ്ദത്തില്‍ വീഴാതെ മുന്നേറാനുള്ള ടീമിന്റെ കഴിവിനെയും ബിസിസിഐ പ്രശംസിച്ചു.

അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ അഞ്ചുവിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചത്. തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അവസാന ഓവറിലാണ് വിജയം കണ്ടത്. തിലക് വര്‍മ്മ (69 നോട്ടൗട്ട്), ശിവം ദുബെ (22 പന്തില്‍ 33), സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ് ആണ് ഇന്ത്യയുടെ വിജയത്തിന് പിന്നില്‍. പന്ത് അതിര്‍ത്തി കടത്തി റിങ്കു സിങ്ങാണ് വിജയ റണ്‍ നേടിയത്.

ടീം ഇന്ത്യക്ക് ആശംസയുമായി പ്രധാനമന്ത്രി

ടീം ഇന്ത്യക്ക് ആശംസയുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആവശം നിറഞ്ഞ പോരാട്ടത്തില്‍ എഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കിയ ഓപറേഷന്‍ സിന്ദൂറിനോട് ഉപമിച്ചാണ് പ്രധാന മന്ത്രിയുടെ പ്രതികരണം. ‘ഗെയിം ഫീല്‍ഡിലെ ഓപറേഷന്‍ സിന്ദൂര്‍, ഫലം ഒന്നുതന്നെ -ഇന്ത്യ ജയിച്ചിരിക്കുന്നു. നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍’ എന്നായിരുന്നു മോദിയുടെ എക്‌സ് പോസ്റ്റ്.

രാഷ്ട്രപതിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ എല്ലാം ടീം ഇന്ത്യയ്ക്ക് ആശംസകളുമായി എത്തി. ടൂര്‍ണമെന്റില്‍ ഒരു മത്സരവും തോല്‍ക്കാതെ സമ്പൂര്‍ണ ആധിപത്യം അടയാളപ്പെടിക്കൊണ്ടുള്ള ഇന്ത്യയുടെ മഹത്തരമാണെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങളുമായി പോസ്റ്റ് പങ്കുവച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍ എന്നാണ് പിണറായി വിജയന്റെ പ്രതികരണം.

നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായി ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. ഏഷ്യ കപ്പ് ടൂര്‍ണമെന്റിലെ ഒന്‍പതാം കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ക്രിക്കറ്റ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും സ്വത്ത് കണ്ടുകെട്ടും; ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് കേസില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

ക്രിക്കറ്റ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും സ്വത്ത് കണ്ടുകെട്ടും; ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് കേസില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

ഡല്‍ഹി: ഓണ്‍ലൈന്‍ വാതുവെപ്പ്, ഗെയിമിംഗ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ കടുപ്പിക്കുന്നു. കേസില്‍ പ്രതികളായ ക്രിക്കറ്റ് താരങ്ങളുടെയും സിനിമാതാരങ്ങളുടെയും സ്വത്ത് ഇഡി ഉടന്‍ കണ്ടുകെട്ടും. ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പായ വണ്‍എക്‌സുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സെലിബ്രിറ്റികളില്‍ ചിലര്‍ വന്‍ തോതില്‍ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് അനധികൃത വരുമാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് ഈ സ്വത്തുക്കള്‍ എന്നാണ് ഇഡി നിലപാട്.

യുഎഇ പോലുള്ള രാജ്യങ്ങളില്‍ പേലും ഇത്തരം സ്വത്തുക്കള്‍ സമ്പാദിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. നിലവില്‍ ആസ്തികള്‍ അളക്കുന്നതിനും വിലയിരുത്തുന്നതുമായ നടപടികള്‍ പുരോഗമിക്കുകയാണ് എന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു.

വാതുവെപ്പ് ആപ്പായ വണ്‍എക്‌സുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ക്രിക്കറ്റ്താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്ന, റോബിന്‍ ഉത്തപ്പ, ശിഖര്‍ ധവാന്‍, നടന്മാരായ സോനു സൂദ്, ടിഎംസി മുന്‍ എംപി കൂടിയായ മിമി ചക്രവര്‍ത്തി, അങ്കുഷ് ഹസ്ര എന്നിവരെ നേരത്തെ ഇഡി ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ കായികതാരങ്ങളുടെയും അഭിനേതാക്കളുടെയും രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് വണ്‍എക്‌സിന്റെ ഇന്ത്യന്‍ അംബാസഡറായിരുന്ന നടി ഉര്‍വശി റൗട്ടേലയെ ഇഡി ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ നോട്ടീസ് പ്രകാരം ഇവര്‍ ഹാജരായിരുന്നില്ല.

വിജയ്‌യുടെ സഹായം നിഷേധിച്ച് ദുരന്തത്തില്‍ മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍

വിജയ്‌യുടെ സഹായം നിഷേധിച്ച് ദുരന്തത്തില്‍ മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ )കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച ബൃന്ദയെന്ന സ്ത്രീയുടെ കുടുംബത്തിന് പ്രഖ്യാപിച്ച സഹായധനം നിഷേധിച്ച് ബന്ധുക്കള്‍. പണം വേണ്ട, സഹോദരിയെ തിരികെ തരൂ എന്നാണ് കുടുംബം പറഞ്ഞത്.

കുടുംബത്തിന് പണം വേണ്ടെന്നും പൊതുയോഗങ്ങള്‍ക്ക് ശരിയായ ക്രമീകരണങ്ങള്‍ ചെയ്തില്ലെങ്കില്‍ അത്തരമൊരു പ്രഖ്യാപനം അര്‍ത്ഥശൂന്യമാണെന്നും ബൃന്ദയുടെ സഹോദരി പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് ദുരന്തം സംഭവിച്ചതായി വാര്‍ത്ത വന്നതിനുശേഷം നിരന്തരം ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് ബൃന്ദയുടെ സഹോദരി പറഞ്ഞു. ഇന്ന് രാവിലെയാണ് ബൃന്ദയുടെ മരണവാര്‍ത്ത ബന്ധുക്കള്‍ അറിഞ്ഞത്.

‘ഒരു യോഗം സംഘടിപ്പിക്കുകയാണെങ്കില്‍, സ്ഥലമുണ്ടെന്ന് ഉറപ്പാക്കുക, ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കുക. നഷ്ടപരിഹാരം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം ഒന്നും പരിഹരിക്കപ്പെടുന്നില്ല. എനിക്ക് പണം വേണ്ട, എന്റെ സഹോദരിയുടെ ജീവന്‍ തിരികെ നല്‍കാന്‍ കഴിയുമോ?, ബൃന്ദയുടെ സഹോദരി ചോദിച്ചു.

വിജയ്‌യുടെ കടുത്ത ആരാധികയായ ബൃന്ദ ഇന്നലെ കരൂരിലെ റാലിയില്‍ ആവേശഭരിതയായിരുന്നു. തന്റെ രണ്ട് വയസ്സുള്ള മകനെ സഹോദരിയുടെ കൂടെ നിര്‍ത്തി നായകനെ ഒരു നോക്ക് കാണാമെന്ന പ്രതീക്ഷയിലാണ് ബൃന്ദ പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ചുവെന്ന വാര്‍ത്ത വന്നതിനുശേഷം നിരന്തരം വിളിച്ചിരുന്നെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല.

‘വൈകുന്നേരം 4 മണിയോടെ ഞങ്ങള്‍ അവളെ വിളിച്ചു, പക്ഷേ അവള്‍ ഫോണെടുത്തില്ല. ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നു, പക്ഷേ ഒരു പ്രതികരണവും ഉണ്ടായില്ല. 10 മണി കഴിഞ്ഞപ്പോള്‍ അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇന്ന് രാവിലെ, അവളുടെ ഭര്‍ത്താവ് അവളുടെ ഫോട്ടോ സംഘാടകര്‍ക്ക് അയച്ചു, അപ്പോഴാണ് അവര്‍ മരിച്ചുവെന്ന വിവരം ഞങ്ങള്‍ അറിഞ്ഞത’്, ബൃന്ദയുടെ സഹോദരി പറഞ്ഞു. തിക്കിലും തിരക്കിലും മരിച്ച ഓരോ വ്യക്തിയുടെയും കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ സഹായവുമാണ് വിജയ് പ്രഖ്യാപിച്ചത്.

ആശ്രിത വിസയിൽ കഴിയുന്നവർക്ക് ജോലി ചെയ്യാം; പുതിയ നീക്കവുമായി സൗദി

ആശ്രിത വിസയിൽ കഴിയുന്നവർക്ക് ജോലി ചെയ്യാം; പുതിയ നീക്കവുമായി സൗദി

റിയാദ്: രാജ്യത്ത് ആശ്രിത വിസയിൽ കഴിയുന്നവർക്ക് ജോലി ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ. ഇത് സംബന്ധിച്ച പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പുതിയ തീരുമാനം ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണകരമാണ്.

മുൻപ് രാജ്യത്ത് ആശ്രിത വിസയിൽ എത്തുന്നവർ ജോലി ചെയ്യുന്നത് നിയമവിരുദ്ധമായിരുന്നു. എന്നാൽ വർധിച്ച് വരുന്ന തൊഴിലാളി ക്ഷാമം പരിഗണിച്ചാണ് ആശ്രിത വിസയിൽ ഉള്ളവർക്ക് ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചത്.

വിദേശത്ത് നിന്ന് ഒരാളെ പുതിയതായി നിയമിക്കുന്നത് വഴി കമ്പനികൾക്ക് വലിയ ചെലവാണ് ഉണ്ടാകുന്നത്. അത് ഒഴിവാക്കാൻ പുതിയ നീക്കം സഹായിക്കും. പുതിയ നിയമത്തിലൂടെ ഓരോ കുടുംബത്തിന്റെയും വരുമാനം വർധിക്കുകയും ജീവിത നിലവാരം ഉയരുകയും ചെയ്യും.

ആശ്രിത വിസയിൽ കഴിയുന്ന ഭർത്താവ്, ഭാര്യ, ജോലി ചെയ്യുന്ന സ്ത്രീയുടെ അച്ഛൻ എന്നിവർക്കാണ് ഈ നിയമത്തിലൂടെ ജോലി ചെയ്യാൻ അനുമതി. എന്നാൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയന്ത്രണമേർപ്പെടുത്തിയ മേഖലകളിൽ ജോലി ചെയ്യാൻ ഇവർക്ക് അനുമതിയില്ല. അടുത്ത മാസം മുതലായിരിക്കും നിയമം നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സബ്-ഇൻസ്പെക്ടറാകാൻ അവസരം; മികച്ച ശമ്പളം,3073 ഒഴിവുകൾ

സബ്-ഇൻസ്പെക്ടറാകാൻ അവസരം; മികച്ച ശമ്പളം,3073 ഒഴിവുകൾ

ഡൽഹി പൊലീസിലും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലും (CAPFs) സബ്-ഇൻസ്പെക്ടർമാരുടെ (SI) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CPO 2025 വിജ്ഞാപനം പുറത്തിറക്കി.

മികച്ച ശമ്പള പാക്കേജുള്ള സർക്കാർ ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം നഷ്ടപ്പെടുത്തരുത്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 35,400 മുതൽ 1,12,400 രൂപ വരെ ലഭിക്കും. ഡൽഹി പൊലീസിൽ സബ്-ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്), സി എ പി എഫുകളിൽ സബ്-ഇൻസ്പെക്ടർ (ജനറൽ ഡ്യൂട്ടി) എന്നി തസ്തികകളിലായി 3073 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹി പൊലീസിൽ എസ്‌ഐ (എക്സിക്യൂട്ടീവ്) വിഭാഗത്തിൽ പുരുഷൻമാർ-142 സ്ത്രീ- 70, സി എ പി എഫുകളിൽ എസ്‌ ഐ (ജിഡി) പുരുഷൻ & സ്ത്രീ 2861 ഒഴിവുകളുമാണ് ഉള്ളത്.

വിദ്യാഭ്യാസ യോഗ്യത

സബ്-ഇൻസ്‌പെക്ടർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥിക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം, എന്നാൽ കട്ട്-ഓഫ് തീയതിയിലോ അതിന് മുമ്പോ ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരിക്കണം.

പ്രായപരിധി

20 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ നൽകാം. അപേക്ഷകർ 2000 ഓഗസ്റ്റ് 2-ന് മുമ്പോ 2005 ഓഗസ്റ്റ് 1-ന് ശേഷമോ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് നിയമനുസൃതമായ ഇളവുകൾ ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ
പേപ്പർ-I: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ

ഇത് സെലക്ഷൻ പ്രക്രിയയുടെ ആദ്യ ഘട്ടമാണ്. 200 മാർക്കിന് ആകെ 200 ചോദ്യങ്ങളുള്ള ഒരു ഒബ്ജക്റ്റീവ്-ടൈപ്പ് പരീക്ഷയാണിത്. പരീക്ഷയുടെ ദൈർഘ്യം 2 മണിക്കൂറാണ്. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

ജനറൽ ഇന്റെലിജൻസ് ആൻഡ് റീസണിംഗ് : 50 ചോദ്യങ്ങൾ (50 മാർക്ക്)

പൊതുവിജ്ഞാനവും പൊതു അവബോധവും: 50 ചോദ്യങ്ങൾ (50 മാർക്ക്)

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്: 50 ചോദ്യങ്ങൾ (50 മാർക്ക്)

ഇംഗ്ലീഷ് കോംപ്രിഹെൻഷൻ: 50 ചോദ്യങ്ങൾ (50 മാർക്ക്)

ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി) ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റും (പിഇടി)

പേപ്പർ-1 പാസാകുന്ന ഉദ്യോഗാർത്ഥികളെ പിഎസ്ടി, പിഇടി എന്നിവയ്ക്ക് ക്ഷണിക്കും. ഈ ഘട്ടം വളരെ നിർണ്ണായകമാണ്.

പി എസ്ടി : വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ഉദ്യോഗാർത്ഥികളുടെ ഉയരവും നെഞ്ചും അളക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

പി ഇ ടി: ഓട്ടം, ലോംഗ്ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട് തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ ഉദ്യോഗാർത്ഥികളുടെ ശാരീരികക്ഷമത ഇത് പരിശോധിക്കും.

പേപ്പർ-II: ഇംഗ്ലീഷ് ലാംഗ്വേജ് & കോംപ്രിഹെൻഷൻ

PET/PST യോഗ്യത നേടുന്നവർ പേപ്പർ-II എക്‌സാമിന് ക്ഷണിക്കും. ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്.

ചോദ്യങ്ങളുടെ എണ്ണം: 200

പരമാവധി മാർക്ക്: 200

ദൈർഘ്യം: 2 മണിക്കൂർ

നെഗറ്റീവ് മാർക്കിംഗ്: ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക്.

വിശദമായ മെഡിക്കൽ പരിശോധന (DME)

പേപ്പർ-II പാസാകുന്ന ഉദ്യോഗാർത്ഥികൾ ആരോഗ്യപരമായി യോഗ്യരാണെന്ന് ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ് വിശദമായ മെഡിക്കൽ പരിശോധന (DME) നടത്തും. ഇത് അവസാനഘട്ടമാണ്. ഇതിന് ശേഷം യോഗ്യരായവരുടെ ലിസ്റ്റ് പ്രഖ്യാപിക്കും.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 16. കൂടുതൽ വിവരങ്ങൾക്കായി https://ssc.gov.in/ സന്ദർശിക്കുക.