by Midhun HP News | Sep 27, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗർ: ലഡാക്ക് സംഘർഷത്തിൽ പ്രതിഷേധക്കാരുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും. ലഡാക്ക് അപ്പക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നീ സംഘടനകളുമായി ആഭ്യന്തര മന്ത്രാലയ പ്രതിനിധികളാണ് ചർച്ച നടത്തുന്നത്. പ്രാരംഭ ചർച്ചയാണെന്നും തുടർ ഘട്ടങ്ങളുണ്ടാകുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകി.
ലഡാക്കിനു സംസ്ഥാന പദവി, സ്വയംഭരണാവകാശം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചയെങ്കിലും ഇക്കാര്യത്തിൽ ഉടനടിയൊരു തീരുമാനം കേന്ദ്രം കൈക്കൊള്ളില്ല. സംവരണ പരിധി ഉയർത്തുന്നതടക്കമുള്ള നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ടു വയ്ക്കാൻ സാധ്യതയുണ്ട്. പിന്നാക്ക സംവരണ പരിധി ഉയർത്താനും സർക്കാർ ജോലികളിൽ തസ്തിക കൂട്ടാനും തയ്യാറാണെന്നും കേന്ദ്രം അറിയിച്ചേക്കും.

അതിനിടെ സംഘർഷ സാധ്യത മുൻനിർത്തി മേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ആളുകൾ കൂട്ടം ചേരുന്നതിനു വിലക്കുണ്ട്. ഇന്റർനെറ്റ് വിലക്ക് തുടരും. കൂടുതൽ സുരക്ഷാ സേനയേയും വിന്യസിച്ചിട്ടുണ്ട്.
ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുകിന്റെ അറസ്റ്റിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കും. എതിർ ശബ്ദങ്ങളെ രാജ്യ വിരുദ്ധതായി സർക്കാർ മുദ്ര കുത്തുന്നതായി പ്രതിപക്ഷം ആരോപിച്ചു. സർക്കാരിനു ഭയമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ദേശസുരക്ഷാ നിയമപ്രകാരമാണ് വാങ്ചുകിനെ കഴിഞ്ഞ ദിവസം ലേ പൊലീസ് അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ലഡാക്ക് സംഘര്‍ഷത്തിന് കാരണം സോനം വാങ്ചുക് ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ നാലു പേര്‍ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. സൈനികരടക്കം എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരും പൊലീസും നടത്തിയ ഏറ്റുമുട്ടലിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്.
വാങ്ചുക് ഉൾപ്പെടെ 15 പേർ സെപ്റ്റംബർ 10 മുതൽ 35 ദിവസം നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. നിരാഹാരമനുഷ്ഠിച്ച രണ്ടുപേരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ലേയിലെ ബുദ്ധമത വിശ്വാസികളുടെ സംഘടനയായ ലേ ഏപ്പെക്സ് ബോഡിയുടെ യുവജന സംഘടനയാണ് ലേയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പ്രതിഷേധത്തെ നേപ്പാളിലെ ജെൻ സീ കലാപത്തോടും ബംഗ്ലദേശിലെ ജനകീയ പ്രക്ഷോഭത്തോടും ഉപമിച്ച വാങ്ചുകിന്റെ പ്രസ്താവനകളാണ് കലാപം അക്രമാസക്തമായതിന് കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു
വാങ്ചുകിന്റെ സന്നദ്ധ സംഘടനയായ ദ സ്റ്റുഡന്റ്സ് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ ലൈസൻസും കേന്ദ്രം റദ്ദാക്കിയിരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു നടപടി. സോനം വാങ്ചുക് സംഘർഷം ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ കവീന്ദർ സിങ് രംഗത്തു വന്നിരുന്നു. 2019ൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി നരേന്ദ്രമോദി സർക്കാർ ഏകപക്ഷീയമായി എടുത്തുകളഞ്ഞതോടെയാണ് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി മാറിയത്.


by Midhun HP News | Sep 26, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,800 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ഫാര്‍മ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകളുടെ ഇറക്കുമതിക്ക് അമേരിക്ക നൂറ് ശതമാനം താരിഫ് ചുമത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഓഹരി വിപണിയെ ബാധിച്ച ഒരു പ്രധാന ഘടകം. ഫാര്‍മ സൂചിക 2.3 ശതമാനമാണ് ഇടിഞ്ഞത്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് ഫാര്‍മ സെക്ടര്‍ ഇടിയുന്നത്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 3.4 ശതമാനമാണ് ഇടിഞ്ഞത്. ഡോ. റെഡ്ഡീസ് ലാബ്, സിപ്ല, എന്നിവയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍.

ട്രംപിന്റെ പ്രഖ്യാപനം ഒക്ടോബര്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വരുന്നത്. ഐടി കമ്പനികളാണ് നഷ്ടം നേരിട്ട മറ്റൊരു സെക്ടര്‍. നിഫ്റ്റി ഐടി സൂചിക 1.3 ശതമാനമാണ് ഇടിഞ്ഞത്. ആഗോള വിപണികള്‍ നഷ്ടത്തിലാണ് എന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. അതിനിടെ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചുകയറി. ഡോളറിനെതിരെ ആറു പൈസയുടെ നേട്ടത്തോടെ 88.70ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ ഒരു പൈസയുടെ നഷ്ടത്തോടെ 88.76 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ മൂല്യം.


by Midhun HP News | Sep 25, 2025 | Latest News, ദേശീയ വാർത്ത
ചണ്ഡിഗഢ്: സിപിഐ ജനറല്‍ സെക്രട്ടറി പദത്തില്‍ ഡി. രാജ തുടരും. ഇന്നലെ രാത്രി നിര്‍വാഹക സമിതി യോഗത്തിലാണു തീരുമാനം. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്ക്കു മാത്രം ഇളവ് അനുവദിച്ചു.
വോട്ടെടുപ്പുസാധ്യത ഉയര്‍ന്ന ഘട്ടത്തിലാണ് സമവായത്തിനു നീക്കമുണ്ടായതും രാജയ്ക്കു മാത്രം ഇളവ് അനുവദിക്കാന്‍ തീരുമാനമായതും. രാജ തുടരുന്ന സാഹചര്യമുണ്ടായാല്‍ ഡപ്യൂട്ടി സെക്രട്ടറിയുണ്ടാകുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും തീരുമാനമായില്ല. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദലിത് നേതാവായ രാജ 2019 മുതല്‍ ജനറല്‍ സെക്രട്ടറിയാണ്. സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ആദ്യ അവസരം ലഭിച്ചത്. 2022ല്‍ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലും രാജ ജനറല്‍ സെക്രട്ടറിയായി.

സിപിഐയുടെ പുതിയ നേതൃത്വത്തെ ഇന്നു തെരഞ്ഞെടുക്കാനിരിക്കെ, എഴുപത്തിയാറുകാരനായ ഡി.രാജയ്ക്ക് ഇളവു നല്‍കാന്‍ നേതൃത്വത്തില്‍ ധാരണയാകുകയായിരുന്നു. പ്രായപരിധി 75 എന്ന നിബന്ധന കര്‍ശനമാക്കണമെന്നു കേരളം പൊതുചര്‍ച്ചയില്‍ നിലപാട് എടുത്തിരുന്നെങ്കിലും മൂന്നര മണിക്കൂറിലേറെ നീണ്ട നിര്‍വാഹക സമിതിയില്‍ കേരളം അയഞ്ഞു. അതേസമയം, സെക്രട്ടേറിയേറ്റിലും കൗണ്‍സിലിലും പ്രായപരിധി പാലിച്ചു പുതിയ ആളുകളെ കൊണ്ടുവരാനാണ് തീരുമാനം.


by Midhun HP News | Sep 24, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ട്രാന്‍സ്‌ലേഷന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഏത് ഭാഷയിലും ഉപയോക്താക്കള്‍ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ വാട്‌സ്ആപ്പ് ചാറ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സന്ദേശമാണോ വിവര്‍ത്തനം ചെയ്യേണ്ടത്, ആ സന്ദേശത്തിന് മുകളില്‍ ദീര്‍ഘനേരം ഹോള്‍ഡ് ചെയ്താല്‍ ഒപ്ഷന്‍ ലഭ്യമാകും. പിന്നീട് ഏത് ഭാഷയിലേക്കാണോ ട്രാന്‍സ്‌ലേറ്റ് ചെയ്യേണ്ടതെന്ന് എന്ന് സെലക്ട് ചെയ്താല്‍ മാത്രം മതി.
ഫീച്ചര്‍ ലഭ്യമാകാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദിഷ്ട ഭാഷകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പുതിയ ഫീച്ചര്‍ വരുന്നതോടെ വിവര്‍ത്തനങ്ങള്‍ക്ക് മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല.
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ആറ് ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയും. ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോര്‍ച്ചുഗീസ്, റഷ്യന്‍, അറബിക് ഭാഷകളിലാണ് നിലവില്‍ ഫീച്ചര്‍ ലഭ്യമാകുക. അതേസമയം, ഫ്രഞ്ച്, ജാപ്പനീസ്, മന്ദാരിന്‍, ടര്‍ക്കിഷ്, കൊറിയന്‍ എന്നിവയുള്‍പ്പെടെ 19-ലധികം ഭാഷകളുടെ പിന്തുണയോടെ ഫീച്ചര്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ഫീച്ചര്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുഴുവന്‍ ചാറ്റ് ത്രെഡുകളും ഓട്ടോമാറ്റിക് ട്രാന്‍സ്ലേഷന്‍ ലഭ്യമാണ്.ഒരിക്കല്‍ ഓണാക്കിയാല്‍, ആ സംഭാഷണത്തിലെ ഭാവിയിലെ ഓരോ സന്ദേശവും എളുപ്പത്തില്‍ അതാത് ഭാഷയില്‍ ദൃശ്യമാകും. ഗ്രൂപ്പ് ചാറ്റുകള്‍ക്കോ, വിദേശ രാജ്യങ്ങളിലെ പ്രൊഫഷണല്‍ ചര്‍ച്ചകള്‍ക്കോ ഫീച്ചര്‍ സൗകര്യപ്രദമാണ്.

ആഗോളതലത്തില്‍ ഫീച്ചര്‍ എപ്പോള്‍ നടപ്പിലാക്കുമെന്ന് വാട്സ്ആപ്പ് ഒരു നിശ്ചിത സമയപരിധി നല്‍കിയിട്ടില്ല, പക്ഷേ ആന്‍ഡ്രോയിഡിലും ഐഒഎസിലും ഫീച്ചര്‍ ഇതിനകം തന്നെ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.


by Midhun HP News | Sep 24, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: യു എ ഇയിൽ ഡ്രോണുകൾ ഉപയോഗിക്കാത്ത മേഖലകൾ വളരെ കുറവാണ് എന്ന് തന്നെ പറയാം. പാഴ്‌സൽ വിതരണം ചെയ്യുന്നത് മുതൽ വീടുകളുടെ മുകൾ വശം വൃത്തിയാക്കുന്നത് വരെ ഇപ്പോൾ ഡ്രോണുകൾ ഉപയോഗിച്ചാണ്. ഒരു പടി കൂടി കടന്ന് തീപിടുത്തം ഉണ്ടായാൽ അവിടെയും ഡ്രോണുകൾ ഉപയോഗിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ദുബൈ അധികൃതർ.
കഴിഞ്ഞ ദിവസം മാൾ ഓഫ് ദി എമിറേറ്റ്‌സിനടുത്തുള്ള അൽ ബർഷ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായി. 14 നിലകളുള്ള കെട്ടിടമായിരുന്നു അത്. വിവരം ലഭിച്ചതിനെത്തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി.
ഉടൻ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും തീ അണക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഉയരമുള്ള കെട്ടിടമായതിനാൽ ഡ്രോൺ ഉപയോഗിച്ചും അധികൃതർ തീ അണക്കാൻ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട് നിന്ന് പരിശ്രമങ്ങൾക്ക് ഒടുവിൽ തീ പൂർണമായും കെടുത്തി. അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ‘ഷഹീൻ’ എന്ന ഡ്രോണുകളാണ് തീ അണയ്ക്കാൻ ഉപയോഗിച്ചത്. ഇവയ്ക്ക് 200 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങളിലെ തീ അണയ്ക്കാൻ കഴിയുമെന്നും 1,200 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.



by Midhun HP News | Sep 24, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടി മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് പഠിക്കാനിരിക്കേ, മഹാരാഷ്ട്രയില്‍ 19 വയസുള്ള വിദ്യാര്‍ഥി ജീവനൊടുക്കിയതിന്റെ ഞെട്ടലില്‍ നാട്. മെഡിക്കല്‍ കോളജ് പ്രവേശനത്തിനായി പോകാനിരുന്ന ദിവസമാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.

അനുരാഗ് അനില്‍ ബോര്‍ക്കര്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വിദ്യാര്‍ഥി എഴുതിയതെന്ന് കരുതുന്ന, ഒരു ഡോക്ടര്‍ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെ നടന്ന നീറ്റ് യുജി 2025 പരീക്ഷയില്‍ 99.99 പെര്‍സെന്റൈലോടെ മികച്ച വിജയമാണ് അനുരാഗ് നേടിയത്. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒബിസി വിഭാഗത്തില്‍ 1475 ആണ് അനുരാഗിന്റെ റാങ്ക്. എംബിബിഎസ് കോഴ്‌സിന് ചേര്‍ന്ന് പഠിക്കുന്നതിനായി പ്രവേശനത്തിനായി ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ആകസ്മികമായ മരണം.
ഗോരഖ്പൂരിലേക്ക് പോകുന്നതിന് മുമ്പ് സ്വന്തം വീട്ടിലാണ് അനുരാഗ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. വീട്ടിനുള്ളില്‍ അനുരാഗിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. കുറിപ്പിന്റെ ഉള്ളടക്കം ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.


Recent Comments