by Midhun HP News | Sep 17, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 75ന്റെ നിറവില്‍. ലോകനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ജന്മദിനത്തിന്റെ ഭാഗമായി രണ്ടാഴ്ച നീളുന്ന സേവ പഖ്വാഡെയും ആരംഭിച്ചു. ജന്മദിനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ രാജ്യവ്യാപകമായി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ജില്ലാ ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലായി ഒരു ലക്ഷത്തിലധികം ആരോഗ്യ ക്യാംപുകള്‍ സംഘടിപ്പിക്കും.
പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ‘സ്വസ്ത് നാരി സശക്ത് പരിവാര്‍’ ക്യാംപെയ്‌നും തുടക്കം കുറിച്ചു. ഗ്രാമങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് മാതൃ-ശിശു ആരോഗ്യത്തെക്കുറിച്ച് സമയബന്ധിതമായ വിവരങ്ങള്‍ നല്‍കുന്നതിനായി ‘സുമന്‍ സഖി ചാറ്റ്‌ബോട്ട്’ന്റെ പ്രവര്‍ത്തനത്തിനും ഇന്ന് തുടക്കമായി. രാജ്യത്തെ ആദ്യ പി എം മിത്ര ടെക്സ്റ്റൈല്‍ പാര്‍ക്കിന് തറക്കല്ലിട്ടു. കുടാത വിവിധ വികസനപദ്ധതികള്‍ക്കും മോദി തുടക്കം കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഷ്്ട്രപതി ദ്രൗപദി മുര്‍മു ജന്മദിനാശംസകള്‍ നേര്‍ന്നു. ‘രാജ്യത്ത് വലിയ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുന്നതിനും നേടുന്നതിനുമുള്ള ഒരു സംസ്‌കാരം നിങ്ങളുടെ അസാധാരണമായ നേതൃത്വം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇന്ന്, ആഗോള സമൂഹം പോലും നിങ്ങളുടെ മാര്‍ഗനിര്‍ദേശത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നു” രാഷ്ട്രപതി ആശംസ സന്ദേശത്തില്‍ പറഞ്ഞു.
ഇതിന് പിന്നാലെ പ്രധാനമന്ത്രി മോദി രാഷ്ട്രപതിക്ക് നന്ദി പറഞ്ഞു. 140 കോടി ജനങ്ങളുടെ പിന്തുണയോടെ, ശക്തവും, കഴിവുള്ളതും, സ്വാശ്രയവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് തന്റെ സര്‍ക്കാര്‍ സമര്‍പ്പിതമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ ചിന്തകള്‍ പ്രചോദനാത്മകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും മോദിക്ക് ആശംസകള്‍ നേര്‍ന്നു. മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ ശക്തമായ വ്യക്തിത്വം സൃഷ്ടിക്കുകയാണെന്നും വികസിത രാഷ്ട്രമായി മാറുന്നതിലേക്ക് അതിവേഗം നീങ്ങുകയാണെന്നും സിപി രാധാകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ രാജ്യത്തോടുള്ള സമര്‍പ്പണവും പ്രതിബദ്ധതയും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് ഓം ബിര്‍ള പറഞ്ഞു.
ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, രാജ്യത്തോടുള്ള അര്‍പ്പണബോധം, അക്ഷീണമായ കഠിനാധ്വാനം എന്നിവയിലൂടെ മോദി രാജ്യത്തിന് പുതിയ ഊര്‍ജ്ജം നല്‍കുകയും ഒരു പുതിയ ദിശ കാണിക്കുകയും ചെയ്തതായി രാജ്‌നാഥ് സിങ് പറഞ്ഞു. അദ്ദേഹം ഇന്ത്യയെ ഉന്നതിയിലേക്ക് ഉയര്‍ത്തി, രാജ്യത്തോടും ജനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത മാതൃകാപരമാണെന്നും സിങ് പറഞ്ഞു.
മോദി അഞ്ചു പതിറ്റാണ്ടിലേറെയായി ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന നേതാവ് മോദിയെന്ന് അമിത് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വം രാഷ്ട്രക്ഷേമത്തിനായി ജീവിതം സമര്‍പ്പിച്ച ദൗത്യനിഷ്ഠയാര്‍ന്ന നേതാവാണെന്നും അമിത് ഷാ പറഞ്ഞു. ത്യാഗത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായ മോദി കോടിക്കണക്കിന് പൗരന്മാര്‍ക്ക് പ്രചോദനമാണെന്നും അമിത് ഷാ വിശേഷിപ്പിച്ചു. ആര്‍എസ്എസ് പ്രചാരകനെന്ന നിലയില്‍ നടത്തിയ യാത്രകള്‍ രാജ്യത്തിന്റെ ആത്മാവിനെ അടുത്തറിയാന്‍ മാത്രമല്ല, അതിന്റെ ആന്തരികശക്തി അനുഭവിക്കാനും അദ്ദേഹത്തെ സഹായിച്ചതായും അമിത് ഷാ പറഞ്ഞു.
മൂന്‍ ബിജെപി ദേശീയ പ്രസിഡന്റും കേന്ദ്ര ആരോഗ്യമന്ത്രിയുമായി ജെപി നഡ്ഡ മോദിക്ക് ആശംസകള്‍ നേര്‍ന്നു. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പുരോഗതി ലക്ഷ്യമിട്ട് സ്വയംപര്യാപ്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രധാനമന്ത്രി മോദി നിരവധി പരിവര്‍ത്തനപരമായ നടപടികള്‍ സ്വീകരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ഇന്ത്യയുടെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തിന് ആഗോള പ്രശസ്തി ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രശംസിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഭീകരവാദവും അഴിമതിയും ഇല്ലാതാക്കി ഇന്ത്യ സ്വയംപര്യാപ്തമായെന്നും ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി മോദിക്ക് ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടായിരിക്കട്ടെയെന്ന് രാഹുലും ഖാര്‍ഗെയും പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ മന്ത്രിമാര്‍ തുടങ്ങി നിരവധി പേര്‍ മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.
by Midhun HP News | Sep 17, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 75-ാം പിറന്നാള്‍ ആഘോഷിക്കുന്ന മോദിയെ ഫോണില്‍ വിളിച്ചാണ് ട്രംപ് ആശംസകള്‍ നേര്‍ന്നത്. ജൂണ്‍ 17 ന് ശേഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യ ഫോണ്‍ സംഭാഷണമാണിത്. നരേന്ദ്ര മോദി ഗംഭീരമായി ജോലി ചെയ്യുന്നുവെന്നും ട്രംപ് പിന്നീട് കൂട്ടിച്ചേര്‍ത്തു.‘‘ഇപ്പോൾ എന്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം ഗംഭീരമായ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നരേന്ദ്ര: റഷ്യ– യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി’’–ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ജന്മദിനാശംസകള്‍ നേര്‍ന്ന ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. ‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപ്, നിങ്ങളുടെ ഫോൺ കോളിനും ജന്മദിനാശംസയ്ക്കും നന്ദി. നിങ്ങളെപ്പോലെ തന്നെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരത്തിലെത്തിക്കാൻ ഞാൻ പൂർണമായും പ്രതിജ്ഞാബദ്ധനാണ്. യുക്രൈൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കും’–മോദി എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.
by Midhun HP News | Sep 17, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. ഗുജറാത്തിലെ മെഹ്സാനയില്‍ 1950 സെപ്തംബര്‍ 17 നാണ് മോദിയുടെ ജനനം. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബിജെപിയും ഇന്ന് തുടക്കമിടും.
മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും ‘സേവ പഖ്വാഡ’ (സേവന വാരം) ആചരിക്കും. രക്തദാന-ആരോഗ്യ ക്യാമ്പുകള്‍, ശുചിത്വ ദൗത്യങ്ങള്‍, പരിസ്ഥിതി ബോധവത്കരണം, പ്രദര്‍ശനങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍, വികലാംഗര്‍ക്കുള്ള ഉപകരണ വിതരണം, ‘മോദി വികാസ് മാരത്തണ്‍’ കായികമേളകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.’സ്വദേശി’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നീ പ്രമേയങ്ങളിലൂന്നിയുള്ള പരിപാടിയാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. ജന്മദിനമായ ഇന്ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പിറന്നാള്‍ ദിനം പ്രധാനമന്ത്രി മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ രാജ്യത്തെ ആദ്യ പി എം മിത്ര ടെക്സ്റ്റൈല്‍ പാര്‍ക്കിന് തറക്കല്ലിടും.
by Midhun HP News | Sep 16, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സര്‍വീസുകളാണ് നീട്ടുന്നത്.
എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് വീക്കിലി എക്‌സ്പ്രസാണ്(0655) ഒക്ടോബര്‍ മൂന്നുവരെയാണ് നേരത്തേ അനുവദിച്ചത്. ഇത് ഡിസംബര്‍ 26 വരെയാക്കി നീട്ടി. സെപ്റ്റംബര്‍ 28 വരെ അനുവദിച്ച തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഡിസംബര്‍ 28 വരെ നീട്ടി.
സെപ്റ്റംബര്‍ 15 വരെ എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് വീക്കിലി എക്‌സ്പ്രസ്(06523) ഡിസംബര്‍ 29 വരെ സര്‍വീസ് നടത്തും. തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്‌സ്പ്രസ്(06524) ഡിസംബര്‍ 30 വരെയും നീട്ടിയിട്ടുണ്ട്.
എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യല്‍(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബര്‍ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബര്‍ 24 വരെയാക്കി. തിരിച്ചുള്ള തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യല്‍(06548) സെപ്റ്റംബര്‍ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബര്‍ 25 വരെയാക്കി. സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു.
by Midhun HP News | Sep 16, 2025 | Latest News, ദേശീയ വാർത്ത
സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം തുടങ്ങുന്നതായി സൗദി സെന്‍ട്രൽ ബാങ്ക് അറിയിച്ചു. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) അറിയിച്ചു.
by Midhun HP News | Sep 16, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ 25,100 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് നിഫ്റ്റി.
ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ചയിലുള്ള ശുഭാപ്തി വിശ്വാസവുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും വിപണിയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. ഇതിന് പുറമേ രൂപ ശക്തിയാര്‍ജിച്ചതും ഏഷ്യന്‍ വിപണിയുടെ മുന്നേറ്റവും ഇന്ത്യന്‍ നിക്ഷേപകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ച ഘടകങ്ങളാണ്. ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എല്‍ആന്റ്ടി, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഏകദേശം ഈ ഓഹരികള്‍ രണ്ടുശതമാനം വരെയാണ് ഉയര്‍ന്നത്. അതേസമയം ബജാജ് ഫിനാന്‍സ്, ടൈറ്റന്‍ കമ്പനി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു.
ഡോളറിനെതിരെ മൂല്യത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. നിലവില്‍ 88.04 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്.
Recent Comments