by Midhun HP News | Sep 16, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനായി ഇനിമുതല്‍ UIDAI പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യേണ്ടതില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചാറ്റ്ബോട്ട് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം കഴിയും. ഇതിനായി വാട്സ്ആപ്പിലെ MyGov Helpdesk എന്ന് ചാറ്റ്ബോട്ട് ഉപയോഗിക്കാം.
ബാങ്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍, ഫോണ്‍ കണക്ഷനുകള്‍ തുടങ്ങി എല്ലാ ആശ്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പലപ്പോഴും, പെട്ടെന്ന് ആധാര്‍ ആവശ്യമായി വരുമ്പോള്‍ പ്രിന്റൗട്ടോ ഡിജിറ്റല്‍ പകര്‍പ്പോ കൈവശം ഉണ്ടാകാറില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് വാട്സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
DigiLocker-മായി ബന്ധിപ്പിച്ചിരിക്കുന്ന MyGov Helpdesk ചാറ്റ്ബോട്ട് ഉപയോഗിച്ച്, ആര്‍ക്കും ആധാര്‍ കാര്‍ഡിന്റെ PDF പതിപ്പ് മിനിറ്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പുതിയ സംവിധാനം സുരക്ഷിതവും ലളിതവുമാണ്. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന OTP വഴിയാണ് സേവനം ലഭിക്കുക.
വാട്സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
നിങ്ങളുടെ ഫോണില്‍ MyGov Helpdesk WhatsApp നമ്പര്‍ +91-9013151515 സേവ് ചെയ്യുക.
വാട്സ്ആപ്പ് തുറന്ന് ഈ നമ്പറിലേക്ക് ‘Hi’ അല്ലെങ്കില്‍ ‘Namaste’ എന്ന് അയക്കുക.
ചാറ്റ്ബോട്ട് ഓപ്ഷനുകള്‍ നല്കുമ്പോള് ‘DigiLocker Services’ തെരഞ്ഞെടുക്കുക.
നിങ്ങള്‍ക്ക് DigiLocker അക്കൗണ്ട് ഇല്ലെങ്കില്‍, DigiLocker വെബ്സൈറ്റോ ആപ്പോ ഉപയോഗിച്ച് അക്കൗണ്ട് എടുക്കുക, ഈ അക്കൗണ്ട് നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിരിക്കണം
ചാറ്റ്ബോട്ട് ആവശ്യപ്പെടുന്ന 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക നിങ്ങളുടെ ആധാറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒരു OTP ലഭിക്കും.
സ്ഥിരീകരണത്തിനായി WhatsApp ചാറ്റില്‍ ഈ OTP നല്‍കുക. തുടര്‍ന്ന് ഡിജിലോക്കറില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന രേഖകളുടെ ലിസ്റ്റ് നിങ്ങള്‍ കാണാം.
ലിസ്റ്റില്‍ നിന്ന് ‘ആധാര്‍ കാര്‍ഡ്’ തെരഞ്ഞെടുക്കുക, തുടര്‍ന്ന് ആധാര്‍ കാര്‍ഡ് ചാറ്റില്‍ പിഡിഎഫ് ഫയലായി കാണാം.
by Midhun HP News | Sep 16, 2025 | Latest News, ദേശീയ വാർത്ത
ഗുവാഹത്തി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ അസം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. 2019 ല്‍ അസം സിവില്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ച ഗാലാഘട്ടില്‍ താമസിക്കുന്ന നുപുര്‍ ബോറയാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ വിജിലന്‍സ് സെല്‍ നടത്തിയ പരിശോധനയില്‍ 90 ലക്ഷം രൂപയും ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു. ഇവരുടെ ബാര്‍പേട്ടയിലെ വാടക വീട്ടിലും റെയ്ഡ് നടന്നിരുന്നു.
2019 ല്‍ അസം സിവില്‍ സര്‍വീസില്‍ ചേര്‍ന്ന നുപുര്‍ ബോറ, കാംരൂപ് ജില്ലയിലെ ഗൊറോയ്മാരിയില്‍ സര്‍ക്കിള്‍ ഓഫീസറായി നിയമിതയായിരുന്നു. വിവാദമായ ഭൂമി പ്രശ്നങ്ങളില്‍ പങ്കുണ്ടെന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ഉദ്യോഗസ്ഥ നിരീക്ഷണത്തിലായിരുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ബാര്‍പേട്ട റവന്യൂ സര്‍ക്കിളില്‍ നിയമിതമായപ്പോള്‍ പണത്തിന് പകരമായി സംശയാസ്പദമായ വ്യക്തികള്‍ക്ക് ഹിന്ദു ഭൂമി കൈമാറിയതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
അസമില്‍ ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളിലെ റവന്യൂ സര്‍ക്കിളുകളില്‍ വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാര്‍പേട്ടയിലെ റവന്യൂ സര്‍ക്കിള്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയുടെ സഹായി ലാത് മണ്ഡല് സുരജിത് ദേകയുടെ വസതിയിലും സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ റെയ്ഡ് നടത്തി. സര്‍ക്കിള്‍ ഓഫീസറായിരുന്ന സമയത്ത് നുപുറുമായി ചേര്‍ന്ന് ബാര്‍പേട്ടയില്‍ പല ഇടങ്ങളിലായി ഇയാള്‍ ഭൂമി സ്വന്തമാക്കിയിരുന്നയായും പരാതിയുണ്ട്.
by Midhun HP News | Sep 14, 2025 | Latest News, ദേശീയ വാർത്ത
ചണ്ഡീഗഡ്: തെരുവുനായ കള്‍ക്ക് പൊതുസ്ഥലത്ത് ഭക്ഷണം നല്‍കുന്നവര്‍ക്ക് പതിനായിരം പിഴ ചുമത്തുമെന്ന് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്പ്പറേഷന്. പുതുതായി തയ്യാറാക്കിയ നിയമപ്രകാരം നായകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള സ്ഥലങ്ങള്‍ നഗരത്തിലുടനീളം കണ്ടെത്തിയിട്ടുണ്ട്. ഇതിനകം 60 സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ സ്ഥലങ്ങളിലൂടെയല്ലാത തെരുവുനായകള്‍ക്ക് ഭക്ഷണം നല്കുന്നവരില് നിന്ന് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്പ്പറേഷന് പിഴ ഈടാക്കും.
by Midhun HP News | Sep 13, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ഹാസനില്‍ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി ഒന്‍പത് പേര് മരിച്ചു. ഇരുപതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഹാസനിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാന്‍ ഇടയുണ്ട്. ഇന്നലെ രാത്രി ഹൊളെ നരസിപ്പുര ഹൊസഹള്ളിക്ക് സമീപം ആയിരുന്നു അപകടം.
വിഗ്രഹ നിമജ്ജന ഘോഷയാത്രയില്‍ ഡിജെ സംഘത്തിന് നേര്‍ക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തിന് ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
by Midhun HP News | Sep 13, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: വംശീയ കലാപത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിലെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുത്ത ശേഷം അസമിലേക്ക് തിരിക്കും. 2023 മേയില്‍ വംശീയകലാപം തുടങ്ങിയ മണിപ്പുരില്‍ രണ്ട് വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. മിസോറമില്‍ നിന്ന് കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക. അഞ്ച് മണിക്കൂര്‍ നേരം മോദി മണിപ്പൂരില്‍ ചെലവഴിക്കും. മണിപ്പൂരിന്റെ വികസനമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു.
ചുരാചന്ദ്പുരില്‍ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് മോദി തറക്കല്ലിടും. മെയ്തി-കുക്കി മേഖലകള്‍ക്ക് പ്രത്യേക സാമ്പത്തികപാക്കേജും പ്രഖ്യാപിക്കും. തുടര്‍ന്ന് മോദി രണ്ടരയോടെ ഇംഫാലില്‍ എത്തും. അവിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കും. 1200 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. മണിപ്പൂര്‍ കലാപത്തിന്റെ ഇരകളെയും മോദി കാണും. അതിനിടെ, ചുരാചന്ദ്പുരില്‍ സംഘര്‍ഷമുണ്ടായത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും ഒരുസംഘം നശിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് വഴുതിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
തുടര്‍ന്ന് അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളും മോദി സന്ദര്‍ശിക്കും. സെപ്റ്റംബര്‍ 13-ന് ഗുവഹാത്തിയില്‍ നടക്കുന്ന ഡോ. ഭൂപന്‍ ഹസാരികയുടെ നൂറാം ജന്മവാര്ഷികാഘോഷങ്ങളില് മോദി പങ്കെടുക്കും. പിറ്റേദിവസം അസമില്‍ 18,530 കോടിയുടെ വിവിധ പദ്ധതികള്‍ക്ക് ശിലാസ്ഥാപനം നടത്തുകയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
സെപ്റ്റംബര്‍ 15-ന് പ്രധാനമന്ത്രി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. രാവിലെ ഒന്‍പതരയ്ക്ക് കാല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന 16-ാമത് സംയുക്ത കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. തുടര്‍ന്ന് ബിഹാറിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 2:45-ന് പൂര്‍ണിയ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും. കൂടാതെ, പൂര്‍ണിയയില്‍ ഏകദേശം 36,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. അവിടെ നടക്കുന്ന പൊതുപരിപാടിയിലും മോദി സംസാരിക്കും.
by Midhun HP News | Sep 12, 2025 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: കോളജ് ഹോസ്റ്റലിലെ ഡൈനിങ് ഹാളില്‍ നടപ്പാക്കിയ വെജ്, നോണ്‍ വെജ് വിവേചനം അവസാനിപ്പിച്ച് ഖരഗ്പൂര്‍ ഐഐടി. ക്യാംപസിലെ ബി ആര് അംബേദ്കര്‍ ഹോസ്റ്റലില്‍ നടപ്പാക്കിയ നിര്‍ദേശമാണ് പിന്‍വലിച്ചത്. അധികൃതര്‍ അറിയാതെയാണെന്ന് ഇത്തരം ഒരു നടപടി ഉണ്ടായതെന്ന് ഐഐടി ഡയറക്ടര്‍ സുമന് ചക്രബര്‍ത്തി അറിയിച്ചു. വേര്‍തിരിവിന് ഏതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.
ഡൈനിങ് ഹാളില്‍ വിദ്യാര്‍ത്ഥികളുടെ ഭക്ഷണ ശീലം അനുസരിച്ച് വേര്‍തിരിക്കുന്ന തരത്തിലുള്ള ഒരു നിയന്ത്രണങ്ങളും പാടില്ല. അത്തരം വേര്‍തിരിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് ഉടനടി പിന്‍വലിക്കണം എന്ന് നിര്‍ദേശിച്ചതായും ഐഐടി ഡയറക്ടര്‍ വ്യക്തമാക്കുന്നു. ഉന്നതമായ അക്കാദമിക് സ്ഥാപനത്തില്‍ വ്യക്തിയുടെ ഭക്ഷണ താത്പര്യങ്ങള്‍ അനുസരിച്ച് വേര്‍തിരിവ് ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സെപ്റ്റംബര്‍ 8 ന് പുറത്തിറക്കിയ നോട്ടീസ് വ്യക്തമാക്കുന്നു. ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും പ്രത്യക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താം. എന്നാല്‍ ഭക്ഷണം കഴിക്കുന്ന ഹാളില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജമാക്കരുതെന്നും ഹോസ്റ്റല്‍ വാര്ഡന്മാര്ക്ക് നല്കിയ നോട്ടീസില്‍ ഐഐടി അധികൃതര്‍ വ്യക്തമാക്കുന്നു.
ഖരഗ്പൂര്‍ ഐഐടിയിലെ ബി ആര് അംബേദ്കര്‍ ഹോസ്റ്റലില്‍ ഓഗസ്റ്റ് 16 നാണ് ഭക്ഷണ ശീലത്തിന് അനുസരിച്ച് ഇരിപ്പിടങ്ങള്‍ തയ്യാറാന് ശ്രമം നടന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സസ്യാഹാരികളായ ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഡൈനിംഗ് ഹാളില്‍ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വേര്‍തിരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
Recent Comments