by Midhun HP News | Sep 30, 2026 | ദേശീയ വാർത്ത
ഡല്‍ഹി: ഒക്ടോബറില്‍ സിമന്റ് വില വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചാക്ക് ഒന്നിന് അഞ്ചു രൂപ മുതല്‍ 20 രൂപ വരെ വില വര്‍ധന ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബറില്‍ അഖിലേന്ത്യാ തലത്തില്‍ ശരാശരി ചാക്ക് ഒന്നിന് ഏഴ് രൂപ വര്‍ധിച്ച് 356 രൂപയിലെത്തിയിരുന്നു. എന്നാല്‍ വീണ്ടും വില വര്‍ധിപ്പിക്കാനുള്ള സാധ്യത വിപണിയിലെ ആവശ്യകതയെയും ഡീലര്‍മാരുടെ സ്വീകാര്യതയെയും ആശ്രയിച്ചിരിക്കും.

ആഗോള വിപണിയിലെ എണ്ണവില വര്‍ധന അടക്കമുള്ള വിഷയങ്ങളാണ് സിമന്റ് വിലയില്‍ നിര്‍ണായമാകുക. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 104 ഡോളറിന് മുകളിലാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്ന സിമന്റ് വിലയാണ് സെപ്റ്റംബറില്‍ കൂടിയത്. സെപ്റ്റംബറില്‍ ട്രേഡ്, നോണ്‍-ട്രേഡ് വിഭാഗങ്ങളിലാണ് സിമന്റ് വില വര്‍ധിച്ചത്. മിക്ക വിപണികളിലും നോണ്‍-ട്രേഡ് വിലകളിലാണ് കൂടുതല്‍ വര്‍ധന ഉണ്ടായത്.

ടാര്‍ഗറ്റ് കൈവരിക്കുന്നതിനായി ഡീലര്‍മാര്‍ പഴയ വിലക്ക് തന്നെ വില്‍പ്പന തുടര്‍ന്നിരുന്നതിനാല്‍ കമ്പനികളുടെ ഉയര്‍ന്ന ബില്ലിങ് നിരക്കുകള്‍ പല വിപണികളിലും ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായി ബാധകമായിരുന്നില്ല. ദക്ഷിണേന്ത്യയില്‍ സെപ്റ്റംബറില്‍ ചാക്ക് ഒന്നിന് 11 രൂപയാണ് വര്‍ധിച്ചത്. സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ വില വര്‍ധന ദക്ഷിണേന്ത്യയിലാണ്. പശ്ചിമ ഇന്ത്യ ഒന്‍പത് രൂപ വര്‍ധന രേഖപ്പെടുത്തി. മധ്യ, കിഴക്കന്‍, ഉത്തരേന്ത്യ മേഖലകളില്‍ ചാക്ക് ഒന്നിന് അഞ്ചു രൂപ വീതമാണ് വില കൂടിയത്.


by Midhun HP News | Sep 30, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അറബിക്കടലില്‍ വന്‍ ലഹരി മരുന്ന് കടത്ത് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന, ഹെറോയിനും മെത്താംഫെറ്റാമിനും അടക്കമുള്ള മയക്കുമരുന്ന് പിടികൂടി. ഏകദേശം 526 കിലോഗ്രാം ഉയര്‍ന്ന നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പായ് വഞ്ചിയിലുണ്ടായിരുന്ന അഞ്ച് പാകിസ്ഥാന്‍ പൗരന്മാരെയും പിടികൂടി.

ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍, ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡുമായി (ATS) സഹകരിച്ച് ഇന്ത്യന്‍ തീരസംരക്ഷണ സേന (Indian Coast Guard) നടത്തിയ ഓപ്പറേഷനിലാണ് വന്‍തോതിലുള്ള ലഹരിമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘം നിരീക്ഷണം നടത്തിവരികയായിരുന്നു.ഇതിനിടെയാണ് അറബിക്കടലില്‍ സംശയാസ്പദമായ നിലയില്‍ ഒരു ഇറാനിയന്‍ ‘ധൗ’ (പരമ്പരാഗത പായ്വഞ്ചി) സെപ്റ്റംബര്‍ 25-ന് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഇതിനെ പിന്തുടര്‍ന്ന സേന പായ് വഞ്ചിയില്‍ കയറി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പിടിച്ചെടുത്ത വഞ്ചിയും അതിലെ ജീവനക്കാരെയും ലഹരിവസ്തുക്കളും മുംബൈയിലേക്ക് കൊണ്ടുപോയി.



by Midhun HP News | Sep 26, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പുതിയ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് വില്‍ക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ( ഐആര്‍ഡിഎഐ). ഇത് പ്രാബല്യത്തില്‍ വന്നാല്‍ വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വലിയ കുറവ് ലഭിക്കും. ഫലത്തില്‍ ഡീലര്‍മാര്‍ക്കും മറ്റു വിതരണക്കാര്‍ക്കും ലഭിക്കുന്ന കമ്മീഷനില്‍ കുറവ് ഉണ്ടാവും.

ഇന്‍ഷുറന്‍സ് രംഗത്തെ ഏകീകൃത വിപണന പോര്‍ട്ടലായ ബീമ സുഗം വഴി ഇന്‍ഷുറന്‍സ് പോളിസി വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്ന തരത്തില്‍ ക്രമീകരണം ഒരുക്കണമെന്നാണ് ഐആര്‍ഡിഎഐ നിര്‍ദേശിച്ചിരിക്കുന്നത്. പോളിസികള്‍ വിതരണം ചെയ്യുന്നതിനായുള്ള കമ്മീഷന്‍ ഈ പോര്‍ട്ടലില്‍ ആവശ്യമില്ലാത്തതിനാല്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന നേട്ടം. സാധാരണഗതിയില്‍ ഇന്‍ഷുറന്‍സ് പോളിസികളുടെ വിതരണത്തിന് വന്‍തുക കമ്മീഷനായി ചെലവാകാറുണ്ട്. ബീമ സുഗം വഴി മികച്ച ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ പ്രീമിയത്തില്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ക്ക് കഴിയും. ഷോറൂമിന് പുറത്തുനിന്നാണ് പോളിസി നേടിയതെങ്കില്‍ പോലും ക്യാഷ്‌ലെസ് റിപ്പയര്‍ ക്ലെയിമുകള്‍ ഓതറൈസ്ഡ് ഡീലര്‍മാര്‍ നിഷേധിക്കാന്‍ പാടില്ലെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കി. അന്തിമ ചട്ടം പുറത്തുവരുമ്പോള്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും ഐആര്‍ഡിഎഐ അറിയിച്ചു.
പുതിയ വാഹനം വാങ്ങുമ്പോള്‍ ഉപഭോക്താവിനായി ബീമ സുഗം പ്ലാറ്റ്‌ഫോം വഴി ഇന്‍ഷുറന്‍സ് വാങ്ങാനുള്ള സൗകര്യം ഡീലര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. ഇതിനായി ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍ ക്യൂആര്‍ കോഡുകള്‍ ഉള്‍പ്പെടെ നല്‍കാവുന്നതാണ്.

ഇതിലൂടെ ഡീലര്‍ഷിപ്പ് നല്‍കുന്ന ഇന്‍ഷുറന്‍സ് ഓപ്ഷനുകളെ മാത്രം ആശ്രയിക്കാതെ മറ്റ് മികച്ച ബദലുകള്‍ കണ്ടെത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഒരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം, പുതിയ പോളിസി വാങ്ങുമ്പോഴോ നിലവിലുള്ളത് പുതുക്കുമ്പോഴോ ലഭ്യമായ വിവിധ ഓപ്ഷനുകള്‍ താരതമ്യം ചെയ്യാനും മോട്ടോര്‍ ഇന്‍ഷുറന്‍സ് വാങ്ങാനും ഇത് മറ്റൊരു വഴി തുറന്നുനല്‍കും.
നിലവില്‍ ഒരു പുതിയ വാഹനം വാങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് ഓപ്ഷനും ഡീലര്‍ വഴിയാണ് ലഭ്യമാകുന്നത്. എന്നാല്‍ പകരം മറ്റൊരു ഡിജിറ്റല്‍ സംവിധാനമുണ്ടെന്ന് ഡീലര്‍മാര്‍ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കേണ്ടതാണ്. കുറഞ്ഞ കമ്മീഷനില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ നേടാന്‍ സാധിക്കുന്നതിനാല്‍ ഉപഭോക്താവിനെ സംബന്ധിച്ച് ഐആര്‍ഡിഎഐ നിര്‍ദ്ദേശങ്ങള്‍ നടപ്പാകുമ്പോള്‍ അത് നേട്ടം നല്‍കും.


by Midhun HP News | Sep 25, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്ത് 18 വയസ്സ് തികഞ്ഞ ജെന്‍-സികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ 2024 മുതല്‍ നിലച്ചതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും ചേര്‍ന്ന് യുവാക്കളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്, 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം വോട്ടര്‍ പട്ടികയുടെ പുതുക്കല്‍ (സ്‌പെഷല്‍ സമ്മറി റിവിഷന്‍ -എസ്എസ്ആര്‍) നടപടികളൊന്നും നടന്നിട്ടില്ല. പുതുതായി 18 വയസ്സ് തികയുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കുന്ന വാര്‍ഷിക പ്രക്രിയയാണിത്. സാധാരണയായി മെയ് അവസാനത്തോടെ പ്രഖ്യാപിക്കേണ്ട 2026-27 വര്‍ഷത്തെ എസ്എസ്ആര്‍ പ്രഖ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്മീഷന്റെ കഴിഞ്ഞ 10 മാസത്തെ വിവിധ തീരുമാനങ്ങളെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ശക്തമായി എതിര്‍ത്തിരുന്നതായി നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
എന്താണ് എസ്എസ്ആര്‍?
വോട്ടര്‍ പട്ടിക കാലികമായി നിലനിര്‍ത്തുന്നതിനും പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിനുമുള്ള വാര്‍ഷിക പ്രക്രിയയാണിത്. 18 വയസ്സ് തികയുന്നവര്‍ക്ക് ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ തീയതികളില്‍ അപേക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും. അതായത്, വര്‍ഷത്തില്‍ എപ്പോഴെങ്കിലും 18 വയസ്സ് തികയുന്നവര്‍ അടുത്ത ജനുവരി വരെ കാത്തിരിക്കേണ്ടി വരില്ല.
എന്നാല്‍ 2024 മുതല്‍ ഈ നടപടിക്രമങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. ഇതിനിടയില്‍ വിവിധ സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പാക്കിയെങ്കിലും, ദശാബ്ദങ്ങളായി തുടര്‍ന്നുവരുന്ന വാര്‍ഷിക എസ്എസ്ആര്‍ നടപടികള്‍ ഇത് തടസ്സപ്പെടുത്തിയെന്ന് വിമര്‍ശനമുണ്ട്. എസ്എസ്ആര്‍ നിര്‍ത്തിവെച്ചത് വഴി ആയിരക്കണക്കിന് ജെന്‍-സി വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.
‘മോദി സര്‍ക്കാരിന് ജെന്‍സി തലമുറയെ ഭയം’
റിപ്പോര്‍ട്ടിന് പിന്നാലെ മോദി സര്‍ക്കാരിനും ഗ്യാനേഷ് കുമാറിനുമെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മോദിക്കെതിരെ നില്‍ക്കുന്നതുകൊണ്ട് സര്‍ക്കാരിന് ജെന്‍-സി തലമുറയെ ഭയമാണ്. ഈ ഭയം കാരണം മോദി ഗ്യാനേഷ് കുമാറുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലും ഗോവയിലും ഇതുവരെ എസ്എസ്ആര്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചു. ഇതിലൂടെ പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും പാര്‍ട്ടി ആരോപിക്കുന്നു.

രാജ്യത്തെ യുവാക്കള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് കണ്ടാണ് സര്‍ക്കാര്‍ ഈ തന്ത്രം പയറ്റുന്നതെന്ന് രാജ്യസഭാംഗം ജയ്‌റാം രമേശ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വോട്ടിങ് പ്രായം 21ല്‍ നിന്ന് 18 ആയി കുറച്ച് യുവാക്കള്‍ക്ക് അധികാരം നല്‍കിയപ്പോള്‍, നിലവിലെ പ്രധാനമന്ത്രി രഹസ്യ മാര്‍ഗങ്ങളിലൂടെ ആ വോട്ടവകാശം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കമ്മീഷനിലെ ‘ഭിന്നാഭിപ്രായങ്ങള്‍’ സ്വാഭാവിക ചര്‍ച്ചകളുടെ ഭാഗമാണെന്നാണ് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.


by Midhun HP News | Sep 25, 2026 | Latest News, ദേശീയ വാർത്ത
റിയാദ്: പ്രവാസികള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പറക്കാം. ദമാമില്‍നിന്ന് റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വിമാന സര്‍വീസുകളായി. എയര്‍ അറേബ്യയുടെ നേതൃത്വത്തിലുള്ള പുതിയ സൗദി ബജറ്റ് വിമാനക്കമ്പനി സര്‍വീസ് ആരംഭിച്ചതോടെയാണ് കിഴക്കന്‍ പ്രവിശ്യയില്‍നിന്ന് ഈ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിലുള്ള വിമാനയാത്ര സാധ്യമാകുന്നത്.

റിയാദിലേക്കും ജിദ്ദയിലേക്കും ദിവസേന രണ്ടു സര്‍വീസുകള്‍ വീതവും മദീനയിലേക്ക് ഒരു സര്‍വീസുമാണ് ആരംഭിച്ചത്. ഇതോടെ യാത്രക്കാര്‍ക്ക് അനുയോജ്യമായ സമയം തെരഞ്ഞെടുക്കാം.കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം ആസ്ഥാനമാക്കിയാണ് പുതിയ വിമാനക്കമ്പനിയുടെ പ്രവര്‍ത്തനം. ഞായറാഴ്ച ദമാമില്‍നിന്ന് റിയാദിലേക്കായിരുന്നു കന്നി സര്‍വീസ്.
എയര്‍ അറേബ്യ ഗ്രൂപ്പ്, നെസ്മ ഗ്രൂപ്പ്, കുന്‍ ഹോള്‍ഡിങ് എന്നിവയുടെ സംയുക്ത സംരംഭത്തിനാണ് പുതിയ വിമാനക്കമ്പനി നടത്താനുള്ള അനുമതി ലഭിച്ചത്. എയര്‍ അറേബ്യയുടെ മാതൃകയിലുള്ള ബജറ്റ് സര്‍വീസില്‍ 174 സീറ്റുള്ള എയര്‍ബസ് എ320 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.


by Midhun HP News | Sep 25, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: നാളേയ്ക്കകം രാജി വെച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് അന്ത്യശാസനവുമായി കോക്രോച്ച് ജനതാ പാർട്ടി. ഒക്ടോബർ രണ്ടാംതീയതി മുതൽ മുംബൈയിൽ സിജെപി രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ പ്രഖ്യാപിച്ചു. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു അഭിജീത്തിന്റെ പ്രതികരണം.

ഈ ഗാന്ധിജയന്തിദിനത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. പ്രക്ഷോഭം ഇന്ത്യയിലെമ്പാടുമുള്ള നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അഭിജീത് ദിപ്‌കെ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ക്രമക്കേട് നടക്കുന്നെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ, തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളോട് അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി നൽകിയത്. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടികളുമായി ബന്ധപ്പെട്ട് നിയമപരമായ ചുമതലകൾ ലംഘിച്ച ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
ഭരണഘടനയുടെ 32-ാം അനുച്ഛേദം പ്രകാരം സമർപ്പിച്ച ഹർജിയിൽ, മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും അനുമതിയില്ലാതെ ഗ്യാനേഷ് കുമാർ കൈക്കൊണ്ട തീരുമാനങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, സോഫ്റ്റ്‌വെയർ പരിഷ്കാരങ്ങൾ എന്നിവ ഭരണഘടനാ വിരുദ്ധവും അസാധുവുമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

‘ഗ്യാനേഷ് കുമാറിനെതിരെ നടപടി സ്വീകരിക്കണം’
ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണ വിധേയരായ ഗ്യാനേഷ് കുമാർ, സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ്, ഡയറക്ടർ ജനറൽ (ഐ ടി ) സീമ ഖന്ന, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ‘ജനപ്രാതിനിധ്യ നിയമം, 1950’-ലെ (Representation of the People Act) 32-ാം വകുപ്പ് പ്രകാരം പരാതി രജിസ്റ്റർ ചെയ്യാനും, നിയമനടപടികൾ ആരംഭിക്കാനും ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.


Recent Comments