കേരളത്തിലെ പക്ഷിപ്പനി: നാമക്കലിലെ പൗള്‍ട്രി ഫാമുകള്‍ അതീവ ജാഗ്രതയില്‍,

കേരളത്തിലെ പക്ഷിപ്പനി: നാമക്കലിലെ പൗള്‍ട്രി ഫാമുകള്‍ അതീവ ജാഗ്രതയില്‍,

ചെന്നൈ: കേരളത്തില്‍ പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ രാജ്യത്തെ ഏറ്റവും വലിയ മുട്ട ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നായ തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ പൗള്‍ട്രി ഫാമുകള്‍ അതീവ ജാഗ്രതയില്‍. രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ ശക്തമാക്കി. ഇന്ത്യയിലെ പൗള്‍ട്രി വ്യവസായത്തില്‍ നിര്‍ണായക പങ്കാണ് നാമക്കലിനുള്ളത്.

ഏകദേശം 1500 പൗള്‍ട്രി ഫാമുകള്‍ നാമക്കലില്‍ മാത്രം ഉണ്ട്. ദിവസേന ദശലക്ഷക്കണക്കിന് മുട്ടകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലേയ്ക്കും വിദേശ രാജ്യങ്ങളിലേയ്ക്കുമാണ് ഇവിടെ നിന്നും മുട്ട കയറ്റുമതി ചെയ്യുന്നത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോഴികളെ കയറ്റി വരുന്ന വാഹനങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

പതിവായി വൃത്തിയാക്കലും അണുവിമുക്തമാക്കലും കര്‍ശനമായി പാലിക്കുന്നു. രോഗകാരികളായ ജീവികളെ ഇല്ലാതാക്കാന്‍ ഫോര്‍മാലിന്‍ പതിവായി ഉപയോഗിക്കുന്നു, നാമക്കലിലെ ഫാം ഉടമയായ പാര്‍ഥസാരഥി പറഞ്ഞു.

കോഴിത്തീറ്റയും മുട്ടയും കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഫാം പരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് നന്നായി അണുവിമുക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല കൃത്യസമയത്ത് വാക്‌സിനുകളും നല്‍കുന്നുണ്ട്. ശുചിത്വം കര്‍ശനമായി പാലിക്കുന്നുണ്ട്. നനഞ്ഞ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് എളുപ്പത്തില്‍ അണുബാധയുണ്ടാക്കും. അതുകൊണ്ട് തന്നെ അണുബാധയുണ്ടാകാതിരിക്കാനും നിരന്തരശ്രമങ്ങളുണ്ട്. നാമക്കലില്‍ നിന്ന് പ്രതിദിനം 50 ലക്ഷത്തിലധികം മുട്ടകള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് അഖിലേന്ത്യാ പൗള്‍ട്രി പ്രൊഡക്ട് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി വല്‍സന്‍ പരമേശ്വരന്‍ പറഞ്ഞു. ഫാമിലെ വെള്ളം കൃത്യമായി ശുചീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശകാര്യ മന്ത്രാലയത്തിൽ ഒഴിവ്; പ്രതിമാസം 2.75 ലക്ഷം ശമ്പളം

വിദേശകാര്യ മന്ത്രാലയത്തിൽ ഒഴിവ്; പ്രതിമാസം 2.75 ലക്ഷം ശമ്പളം

വിദേശകാര്യ മന്ത്രാലയം വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സീനിയർ പോളിസി സ്പെഷ്യലിസ്റ്റ്, കൺസൾട്ടന്റ് വിഭാഗങ്ങളിലായി അകെ 12 ഒഴിവുകളാണ് ഉള്ളത്. മാസ്റ്റർ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 16.12.2025.

കൺസൾട്ടന്റ്
തസ്തികയുടെ പേര് : കൺസൾട്ടന്റ്

ഒഴിവുകളുടെ എണ്ണം : 10 (പത്ത്)

ശമ്പളം : പ്രവൃത്തി പരിചയം പ്രൊഫൈലും അനുസരിച്ച് ശമ്പളം ലഭിക്കും.
10 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം.

യോഗ്യത :

ഇന്ത്യൻ പൗരൻ ആയിരിക്കണം.

നിശ്ചിത വിഷയങ്ങളിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ അതിനുമുകളിൽ യോഗ്യത.

ബന്ധപ്പെട്ട മേഖലയിലെ കുറഞ്ഞത് ഒരു വർഷത്തെ കൺസൾട്ടന്റ് പരിചയം.

കമ്പ്യൂട്ടർ പ്രാവീണ്യം ആവശ്യമാണ്.

പ്രായപരിധി :
അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിൽ 35 വയസ്സ് കവിയരുത്.

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.mea.gov.in/Images/CPV/advertisement-MER-10-Consultants.pdf

പോളിസി സ്പെഷ്യലിസ്റ്റ്
തസ്തികയുടെ പേര് : MER ഡിവിഷനിലെ സീനിയർ പോളിസി സ്പെഷ്യലിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 2 (രണ്ട്)

ശമ്പളം : പ്രവൃത്തി പരിചയം പ്രൊഫൈലും അനുസരിച്ച് ശമ്പളം ലഭിക്കും.
പ്രതിമാസം 2.75 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം

യോഗ്യത :

ഇന്ത്യൻ പൗരൻ ആയിരിക്കണം.

ഇക്കണോമിക്സ്, ഡെവലപ്‌മെന്റ്, ഇന്റർനാഷണൽ റിലേഷൻസ്, ലോ തുടങ്ങിയ ബന്ധപ്പെട്ട വിഷയങ്ങളിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ അതിനുമുകളിൽ യോഗ്യത.

ബന്ധപ്പെട്ട മൾട്ടിലാറ്ററൽ മേഖലയിലെ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം കൂടാതെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയ മറ്റ് കഴിവുകൾ.

പ്രായപരിധി :
അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിൽ 45 വയസ്സ് കവിയരുത്.

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.mea.gov.in/Images/CPV/MER-2-Senior-policy.pdf

അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുള്ളവരെ അഭിമുഖം / എഴുത്തുപരീക്ഷ എന്നിവയ്ക്കായി മന്ത്രാലയം ക്ഷണിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഇ- മെയിൽ വഴി അറിയിക്കും.

അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷകർക്ക് മന്ത്രാലയം യാതൊരു ടിഎ / ഡിഎയും നൽകില്ല. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.mea.gov.in/ സന്ദർശിക്കുക.

വെറും 852 പന്തില്‍ ടെസ്റ്റ് തീര്‍ന്നു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ജയിച്ചു!

വെറും 852 പന്തില്‍ ടെസ്റ്റ് തീര്‍ന്നു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ജയിച്ചു!

മെല്‍ബണ്‍: ആഷസിന്റെ ചരിത്രത്തിലെ അതിവേഗം തീര്‍ന്ന ടെസ്റ്റ് പോരാട്ടങ്ങളുടെ പട്ടികയിലേക്ക് മെല്‍ബണില്‍ അരങ്ങേറിയ ബോക്‌സിങ് ഡേ ടെസ്റ്റും. 15 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഇംഗ്ലണ്ട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നതിനും മെല്‍ബണ്‍ സാക്ഷ്യം നിന്നു. ആദ്യ ദിനത്തില്‍ മെല്‍ബണില്‍ മത്സരം കാണാനെത്തിയത് റെക്കോര്‍ഡ് കാണികളായിരുന്നു. അവരെ സാക്ഷിയാക്കി 2 ദിവസം തികയും മുന്‍പ് തന്നെ മത്സരം അവസാനിച്ചു. നാലിന്നിങ്‌സിലും ഇരു ടീമുകളും 200 പോലും കടക്കാത്ത മത്സരം കൂടിയാണ് ഇത്.

ആഷസ് ചരിത്രത്തില്‍ എറിഞ്ഞ പന്തുകളുടെ എണ്ണം നോക്കി ഫലം വിലയിരുത്തിയാല്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച നാലാമത്തെ മത്സരമായി ഈ പോരാട്ടം മാറി. ഇതേ പരമ്പരയിലെ പെര്‍ത്തിലെ പോരാട്ടമാണ് ഈ പട്ടികയില്‍ മൂന്നാമത്. അന്ന് മത്സരം തീര്‍ന്നത് 847 പന്തുകളില്‍. മെല്‍ബണില്‍ ഇരു ടീമുകളുമായി ആകെ എറിഞ്ഞത് 852 പന്തുകള്‍ മാത്രം. 1888ല്‍ ഇംഗ്ലണ്ടില്‍ അരങ്ങേറിയ ആഷസ് പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ യഥാക്രമം 788, 792 പന്തുകളില്‍ അവസാനിച്ചിരുന്നു. ഇതാണ് നിലവില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

2011നു ശേഷം ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ മൂന്നാം തോല്‍വിയാണിത്. നേരത്തെ ഇന്ത്യയോട് 2018, 2020ലും ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ പോരാട്ടം തോറ്റിട്ടുണ്ട്. പിന്നാലെയാണ് ഇപ്പോഴത്തെ തോല്‍വി.

2011നു ഇംഗ്ലണ്ട് ഓസീസ് മണ്ണില്‍ ഒറ്റ ടെസ്റ്റും വിജയിച്ചിട്ടില്ല. മെല്‍ബണിലെ ജയം വരെ ടീം 18 മത്സരങ്ങള്‍ കളിച്ചു. അതില്‍ 16 മത്സരങ്ങളും തോറ്റു. രണ്ട് കളികളില്‍ സമനിലയില്‍ അവസാനിച്ചു.

‘ഇനിയും വേട്ടയാടിയാല്‍ ജീവനൊടുക്കും, എന്‍റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ല’; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് മണി

‘ഇനിയും വേട്ടയാടിയാല്‍ ജീവനൊടുക്കും, എന്‍റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ല’; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് മണി

ദിണ്ഡിഗല്‍: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി ഡിണ്ടിഗല്‍ സ്വദേശി എംഎസ് മണി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ ദിണ്ഡിഗല്ലില്‍ എത്തി പരിശോധന നടത്തുകയും വിവരങ്ങള്‍ തേടുകയും ചെയ്തതിന് പിന്നാലെയാണ് മണി മാധ്യമങ്ങളെ കണ്ടത്. കേരളത്തില്‍ പുറത്തുവരുന്ന വലിയ വാര്‍ത്തകളില്‍ താന്‍ എങ്ങനെയെത്തി എന്നറിയില്ല. ചെറിയ ബിസിനസ് മാത്രമാണുള്ളത്. എല്ലാ സ്വത്തുക്കളും നിയമ വിധേയമാണെന്നും മണി ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ടായിരുന്നു മണിയുടെ പ്രതികരണം.

തന്റെ പക്കലുള്ള വിവരങ്ങള്‍ എല്ലാം എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങള്‍ എല്ലാം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഞാന്‍ സാധാരണക്കാരനാണ്, കേസുമായി ബന്ധപ്പെട്ട ആരെയും അറിയില്ല. മൂന്ന് പേരുടെ ഫോട്ടോകള്‍ കാണിച്ച് പൊലീസ് സംഘം വിവരങ്ങള്‍ തേടിയിരുന്നു. തന്റെ പേരില്‍ പെറ്റിക്കേസ് പോലുമില്ല. ഇതുപോലൊരു വലിയ കേസില്‍ എങ്ങനെയാണ് തന്റെ പേരെത്തിയത് എന്ന് അറിയില്ലെന്നും മണി പറയുന്നു. തന്നെ ഇനിയും വേട്ടയാടരുതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും മണി മാധ്യമങ്ങളോടു പറഞ്ഞു.

ഫിനാന്‍സ് മാത്രമാണ് തനിക്കുള്ള ബിസിനസ്, സ്വര്‍ണം സംബന്ധിച്ച ഒരു ഇടപാടുമില്ല. _ബാലമുരുകനുമായി കാലങ്ങളായുള്ള ബന്ധമാണുള്ളത്. അതിന്റെ പേരിലാണ് ആ ഫോണ്‍ ഉപയോഗിക്കുന്നത് എന്നും മണി ആവർത്തിച്ചു. വിവരങ്ങള്‍ നല്‍കാന്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചുണ്ട്. ഈ മാസം 30ന് തിരുവനന്തപുരത്ത് പോകുമെന്നും മണി അറിയിച്ചു. കേരളത്തില്‍ വന്നിട്ടുള്ളത് പിതാവിന്റെ മരണാന്തര ചടങ്ങിനായിട്ടാണ്, ശബരിമലയ്ക്കും വന്നിട്ടുണ്ട്. അവിടെ ആരെയും പരിചയമില്ലെന്നും മണി പ്രതികരിച്ചു.

ശബരിമല സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയെന്ന നിലയിലാണ് എസ്‌ഐടി മണിയിലേക്ക് എത്തിയത്. നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചായിരുന്നു ഇടപാടുകള്‍ എന്നുമായിരുന്നു വിരങ്ങള്‍.

നിരോധിത കീടനാശിനി ഉപയോഗിച്ചാൽ അഞ്ച് വർഷം തടവും ഒരു കോടി റിയാൽ പിഴയും, നിയമം കർശനമാക്കാൻ സൗദി അറേബ്യ

നിരോധിത കീടനാശിനി ഉപയോഗിച്ചാൽ അഞ്ച് വർഷം തടവും ഒരു കോടി റിയാൽ പിഴയും, നിയമം കർശനമാക്കാൻ സൗദി അറേബ്യ

ജിദ്ദ: കീടനാശിനികൾ സംബന്ധിച്ച് നിയമം കർശനമാക്കാൻ സൗദി അറേബ്യ. ഇതിനായി കരട് നയം രൂപീകരിച്ചു. കീടനാശിനി നിയന്ത്രണങ്ങളിൽ സമൂലമായ ഭേദഗതികൾ വരുത്താൻ സൗദി അറേബ്യ നിർദ്ദേശിച്ചിട്ടുണ്ട്.

നിരോധിതമോ വ്യാജമോ ആയ കീടനാശിനികൾ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്താൽ അഞ്ച് വർഷം വരെ തടവും 10 ദശലക്ഷം സൗദി റിയാൽ വരെ പിഴയും ചുമത്തുന്നതിനാണ് നിർദ്ദേശം.

ജിസിസി കീടനാശിനി നിയമപ്രകാരമുള്ള പിഴകൾ സംബന്ധിച്ച കരട് പുതുക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചെറിയ ലംഘനങ്ങൾക്കുള്ള മുന്നറിയിപ്പുകൾ
കരട് ചട്ടങ്ങൾ പ്രകാരം, മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ, പരിസ്ഥിതി അല്ലെങ്കിൽ പൊതുജനാരോഗ്യം എന്നിവയ്ക്ക് കാര്യമായ ദോഷം വരുത്താത്ത, ഗുരുതരമല്ലാത്ത ലംഘനങ്ങൾക്ക് തുടക്കത്തിൽ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകും.

തുടർനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് നിയമ ലംഘനം തിരുത്താൻ പ്രതികൾക്ക് നിശ്ചിത സമയം ഗ്രേസ് പിരീഡ് ആയി നൽകും.

ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ
കൂടുതൽ ഗുരുതരമായ ലംഘനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. നിരോധിതമോ വ്യാജമോ ആയ കീടനാശിനികൾ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ അഞ്ച് വർഷം വരെ തടവോ 10 ദശലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

പബ്ലിക് പ്രോസിക്യൂഷൻ അത്തരം കേസുകൾ അന്വേഷിച്ച് നിർദ്ദിഷ്ട കോടതിയിലേക്ക് റഫർ ചെയ്യും, ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് പിഴ ഇരട്ടിയാക്കും.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് കീടനാശിനി ദുരുപയോഗവും ലംഘനങ്ങളും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (SFDA) കീഴിൽ വരും, അതിന്റെ പ്രസിഡന്റ് അല്ലെങ്കിൽ അംഗീകൃത പ്രതിനിധി മുഖേന കേസുകൾ അവലോകനം ചെയ്യുന്നതിനും പിഴകൾ സംബന്ധിച്ച തീരുമാനം സ്വീകരിക്കുക.

നിയമലംഘനം ആവർത്തിച്ചാൽ
നിയമലംഘനം നടത്തുന്നവർ തന്നെ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. മൂന്ന് വർഷത്തിനുള്ളിൽ കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കണമെന്നും ആവശ്യപ്പെടാൻ പുതിയ നിയമത്തിനായുള്ള കരട് അധികാരികളെ അനുവദിക്കുന്നു.

കീടനാശിനിയിൽ ഉൾപ്പെടുന്ന വസ്തുക്കൾ ഒരു പ്രത്യേക കെമിക്കൽ ഡിസ്പോസൽ കമ്പനി നശിപ്പിക്കുകയോ നിയമലംഘകന്റെ ചെലവിൽ അവരുടെ ഉത്ഭവ രാജ്യത്തേക്ക് വീണ്ടും കയറ്റുമതി ചെയ്യുകയോ ചെയ്യും.സ്ഥാപനം ആറ് മാസം വരെ താൽക്കാലികമായി അടച്ചുപൂട്ടൽ അല്ലെങ്കിൽ സ്ഥിരമായി അടച്ചുപൂട്ടൽ എന്നിവയും നേരിടേണ്ടിവരും.

നിലവിലുള്ള ചട്ടങ്ങൾക്ക് അനുസൃതമായി, പിഴ ചുമത്തുന്ന തീരുമാനങ്ങൾക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ നൽകാവുന്നതാണ്.

2 മലയാളി താരങ്ങളുടെ സെഞ്ച്വറിയില്‍ കേരളം വീണു!

2 മലയാളി താരങ്ങളുടെ സെഞ്ച്വറിയില്‍ കേരളം വീണു!

അഹമ്മദാബാദ്: കേരളത്തിനെതിരായ വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ അനായാസം വിജയം സ്വന്തമാക്കി കര്‍ണാടക. 8 വിക്കറ്റ് വിജയമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. കര്‍ണാടക 48.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 285 അടിച്ചെടുത്താണ് വിജയം സ്വന്തമാക്കിയത്.

മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവരുടെ കിടിലന്‍ സെഞ്ച്വറികളാണ് കര്‍ണാടകയ്ക്ക് ജയമൊരുക്കിയത്. 130 പന്തില്‍ 14 ഫോറുകള്‍ സഹിതം 130 റണ്‍സെടുത്ത് കരുണ്‍ നായര്‍ പുറത്താകാതെ നിന്നു. ദേവ്ദത്ത് 137 പന്തില്‍ 12 ഫോറും 3 സിക്‌സും സഹിതം 124 റണ്‍സുമായി മടങ്ങി.

കര്‍ണാടക വിജയം സ്വന്തമാക്കുമ്പോള്‍ 25 റണ്‍സുമായി സ്മരനായിരുന്നു കരുണിനൊപ്പം ക്രീസില്‍. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (1) ആണ് പുറത്തായ മറ്റൊരു കര്‍ണാടക ബാറ്റര്‍.

കര്‍ണാടകയ്ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ എംഡി നിധീഷും അഖില്‍ സ്‌കറിയയും പങ്കിട്ടു.

നേരത്തെ ഏഴാമനായി ക്രീസിലെത്തി മിന്നും ബാറ്റിങുമായി കളം വാണ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം ബാബ അപരാജിതിന്റെ അര്‍ധ ശതകവും കേരളത്തിനു നിര്‍ണായകമായി.

മുഹമ്മദ് അസ്ഹറുദ്ദീന്‍ 58 പന്തുകള്‍ നേരിട്ട് 4 സിക്സും 3 ഫോറും സഹിതം 84 റണ്‍സുമായി പുറത്താകാതെ നിന്നു. ബാബ അപരാജിത് 62 പന്തില്‍ 8 ഫോറും 2 സിക്സും സഹിതം 71 റണ്‍സും കണ്ടെത്തി. വിഷ്ണു വിനോദ് (35), എംഡി നിധീഷ് (പുറത്താകാതെ 34), അഖില്‍ സ്‌കറിയ (27) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു.