സര്‍ക്കാര്‍ അല്ല, കളിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയട്ടെ… അപ്പോള്‍ കാണാം, ഐസിസിയുടെ ‘കളി’!

സര്‍ക്കാര്‍ അല്ല, കളിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയട്ടെ… അപ്പോള്‍ കാണാം, ഐസിസിയുടെ ‘കളി’!

ദുബൈ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പാക് ക്രിക്കറ്റ് ബോര്‍ഡ് അക്കാര്യം ഐസിസിയെ ഇപ്പോഴും അറിയിച്ചിട്ടില്ല. പാകിസ്ഥാനെതിരെ എന്ത് നടപടിയെന്ന കാര്യത്തില്‍ ഐസിസിയും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. കളി ഉപേക്ഷിച്ചാല്‍ പാകിസ്ഥാനെ കാത്ത് പിഴയടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നു റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതിലൊന്നും വ്യക്തത ഇനിയുമായിട്ടില്ല. പാകിസ്ഥാനെതിരെ എന്ത് നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ ആകാംക്ഷ ഇപ്പോഴും നിനില്‍ക്കുന്നു.

ലോകകപ്പ് കളിക്കുമെന്നും എന്നാല്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നുമാണ് നിലവില്‍ പാകിസ്ഥാന്‍ എടുത്ത തീരുമാനം. ഇത്തരത്തില്‍ ഒരു മത്സരം ബഹിഷ്‌കരിക്കാന്‍ ഐസിസി നിയമം അനുവദിക്കുന്നുണ്ടോ?

ടൂര്‍ണമെന്റില്‍ പങ്കെടുക്കുമ്പോള്‍ തന്നെ മത്സരം ബഹിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം ടീമുകള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ ഐസിസിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ചില നടപടികള്‍ ടീമുകള്‍ക്കെതിരെ എടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നിയമങ്ങളും ഐസിസിക്കുണ്ട്.

വാക്കോവര്‍

ഒരു ടീം മത്സരം ബഹിഷ്‌കരിച്ചാല്‍ എതിരാളികള്‍ക്ക് കളിക്കാതെ തന്നെ മുഴുവന്‍ പോയിന്റും നല്‍കുന്നതാണ് ഒരു നടപടി. പാകിസ്ഥാന്‍ കളിക്കാതിരുന്നാല്‍ ഇന്ത്യക്ക് കളത്തിലിറങ്ങാതെ തന്നെ രണ്ട് പോയിന്റ് ഇതിലൂടെ ലഭിക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ ടോസിനായി ഗ്രൗണ്ടിലേക്ക് വരണം. പാക് നായകന്‍ ഗ്രൗണ്ടിലേക്ക് വന്നില്ല എങ്കില്‍ മത്സരം ബഹിഷ്‌കരിച്ചതായി ഉറപ്പിക്കപ്പെടും. ഇതോടെ മാച്ച് റഫറിക്ക് മത്സരം റദ്ദാക്കിയതായി പ്രഖ്യാപിക്കാം. മത്സരം ഇന്ത്യ ജയിച്ചതായി കണക്കാക്കി രണ്ട് പോയിന്റ് ടീമിനു സമ്മാനിക്കും.

മാത്രമല്ല കളിക്കാത്ത ടീം 20 ഓവര്‍ കളിച്ചിട്ടും പൂജ്യം റണ്‍സ് മാത്രമാണ് എടുത്തത് എന്നു റിപ്പോര്‍ട്ട് നല്‍കി അവരുടെ നെറ്റ് റണ്‍റേറ്റ് ഗണ്യമായി കുറയ്ക്കാനും മാച്ച് റഫറിക്ക് സാധിക്കും. അതോടെ മത്സരം ബഹിഷ്‌കരിക്കുന്ന ടീമിന്റെ നോക്കൗട്ട് സാധ്യതകളേയും ഇതു ബാധിക്കും. മറ്റ് മത്സരങ്ങള്‍ ജയിച്ചാലും 20 ഓവറില്‍ പൂജ്യം റണ്‍സെന്ന കണക്ക് ആ ടീമിനു തിരിച്ചടിയായി മാറും.

പിഴ

ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാന്‍ ഉപേക്ഷിച്ചാല്‍ അത് ലോകകപ്പിനെ മൊത്തത്തില്‍ തന്നെ ബാധിക്കും. ക്രിക്കറ്റ്, മത്സരം മാത്രമല്ല. അതൊരു വിപണി മൂല്യമുള്ള വ്യവസായം കൂടിയായതിനാല്‍ വരുമാനത്തെ കാര്യമായി തന്നെ ബാധിക്കും. പ്രത്യേകിച്ച് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം പോലെ ഹൈ വോള്‍ട്ടേജ് മത്സരമാകുമ്പോള്‍ പ്രത്യേകിച്ചും. മത്സരത്തിന്റെ സംപ്രേഷണ അവകാശം, പരസ്യ വരുമാനം അടക്കമുള്ള നിരവധി വിഷയങ്ങള്‍ ഉള്‍ച്ചേര്‍ന്നതിനാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതു തന്നെയാണ്.

മത്സരം ഉപേക്ഷിക്കുന്നതിലൂടെ ഐസിസിക്ക് ലഭിക്കേണ്ട വരുമാനത്തെ അതു ബാധിക്കും. പരസ്യം നല്‍കിയവരേയും സംപ്രേഷാവകാശം സ്വന്തമാക്കിയ കമ്പനികളേയും സാമ്പത്തികമായി ബാധിക്കുന്ന കാര്യം കൂടിയായി സംഭവം മാറും. ഈ നഷ്ടം പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടാനുള്ള എല്ലാ അധികാരങ്ങളും ഐസിസിക്കുണ്ട്. മാത്രമല്ല പാക് ക്രിക്കറ്റ് ബോര്‍ഡിനു വാര്‍ഷികമായി ലഭിക്കുന്ന വരുമാനത്തിന്റെ 80 ശതമാനം വരെ തടഞ്ഞു വയ്ക്കാനുള്ള അധികാരവും ഐസിസിക്കുണ്ട്. ഇപ്പോള്‍ തന്നെ സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന പാക് ടീമിനെ സംബന്ധിച്ച് ഇത് വലിയ കുരുക്കായി മാറുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്.

സര്‍ക്കാര്‍ ഇടപെടല്‍ അംഗീകരിക്കില്ല

നിലവില്‍ പാകിസ്ഥാന്‍ സര്‍ക്കാരാണ് ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പറഞ്ഞത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. പാക് ക്രിക്കറ്റ് ബോര്‍ഡ് ബഹിഷ്‌കരണ കാര്യം പറയാത്തതിനാല്‍ ഐസിസിയെ സംബന്ധിച്ച് മത്സരം നടക്കും എന്നു തന്നെയാണ്. കാരണം രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡുകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഐസിസി അനുവദിക്കുന്നില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് എല്ലാ രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍. അതിനാല്‍ നിലവില്‍ ഐസിസിയുടെ കണ്ണില്‍ ഇന്ത്യ- പാക് പോരാട്ടം നടക്കുമെന്നു തന്നെയാണ്.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പേരില്‍ ഐസിസി ഉപരോധം അടക്കമുള്ള നടപടികളില്‍ പാക് ക്രിക്കറ്റിനു സംരക്ഷണം നല്‍കണമെന്നു മുന്‍ പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മാനി വാദിച്ചിരുന്നു. എന്നാല്‍ ഐസിസി ഇതംഗീകരിച്ചില്ല. മാത്രമല്ല ഇന്ത്യയില്‍ കളിക്കില്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പാകിസ്ഥനു വേണ്ടി ശ്രീലങ്കയേയും ഐസിസി ലോകകപ്പ് വേദിയായി നിശ്ചയിച്ചത്. ആ വേദിയിലും ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പറയുന്നത്, അതും സര്‍ക്കാര്‍ ഇടപെട്ട് മത്സരം ബഹിഷികരിക്കുന്നത് ഐസിസി ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമായും കണക്കാക്കും. അപ്പോള്‍ ചില്ലര ബുദ്ധിമുട്ടുകളല്ല പാക് ക്രിക്കറ്റിനു മുകളില്‍ വാളായി തൂങ്ങി നില്‍ക്കുന്നത് എന്നു ചുരുക്കം.

കേരളത്തിന് 3975 കോടി അനുവദിച്ചു; ശബരി പാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി: കേന്ദ്ര റെയില്‍വേമന്ത്രി

കേരളത്തിന് 3975 കോടി അനുവദിച്ചു; ശബരി പാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി: കേന്ദ്ര റെയില്‍വേമന്ത്രി

ഡല്‍ഹി: കേരളത്തിന് 3795 കോടി റെയില്‍വേ ബജറ്റ് വിഹിതം അനുവദിച്ചെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് മികച്ച പരിഗണനയാണ് നല്‍കിയിട്ടുള്ളത്. മംഗലാപുരം- ഷൊര്‍ണൂര്‍ മൂന്നും നാലും പാതകളുടെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുന്നു. ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ മൂന്നാം നാലും പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു.

ഷൊര്‍ണൂര്‍- എറണാകുളം മൂന്നാം പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ അന്തിമ നടപടികളിലാണ്. എറണാകുളം- കായംകുളം മൂന്നാം പാത ( കോട്ടയം വഴി) ട്രാഫിക് സര്‍വേ പൂര്‍ത്തിയായി. കായംകുളം- തിരുവനന്തപുരം മൂന്നാം പാതയുടെ ട്രാഫിക് സര്‍വേ പൂര്‍ത്തിയായി അലൈന്‍മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. ഡിപിആര്‍ ഉടന്‍ തയ്യാറാക്കും. തിരുവനന്തപുരം – നാഗര്‍കോവില്‍ സര്‍വേ നടക്കുകയാണ്.

തുറവൂര്‍- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലില്‍ സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഏറെ സുപ്രധാനമായ ശബരിപാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി. അങ്കമാലി ശബരിപാതയ്ക്ക് സ്ഥലമേറ്റെടുക്കല്‍ തുടങ്ങി. ഗുരുവായൂര്‍- തിരുനാവായ പാതയുടെ നടപടികള്‍ ആരംഭിച്ചു. സ്ഥലം ഏറ്റെടുക്കലില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ തേടിയിട്ടുണ്ട്. പദ്ധതിക്കായി 1975 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.റെയില്‍വേ മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റെയില്‍വേ നടപടി ആരംഭിച്ചിട്ടുണ്ട്. 105 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയും തേടിയിട്ടുണ്ട്. സ്ഥലമേറ്റെടുക്കലില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവും വേണം.

മെട്രോ മാൻ ഇ ശ്രീധരന്റെ കണ്ടിരുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.. കേരളത്തിലെ റെയില്‍വേ വികസനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ ശ്രീധരന്റെ അതിവേഗ റെയില്‍പാത സംബന്ധിച്ച ചോദ്യങ്ങളില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമായ മറുപടി നല്‍കിയില്ല.

‘ചൈന ഇന്ത്യന്‍ ഭൂമി കയ്യേറി’; മുന്‍കരസേനാ മേധാവിയുടെ പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ച് രാഹുല്‍ഗാന്ധി, ലോക്‌സഭ പ്രക്ഷുബ്ധം

‘ചൈന ഇന്ത്യന്‍ ഭൂമി കയ്യേറി’; മുന്‍കരസേനാ മേധാവിയുടെ പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ച് രാഹുല്‍ഗാന്ധി, ലോക്‌സഭ പ്രക്ഷുബ്ധം

ഡല്‍ഹി: ചൈന ലഡാക്കില്‍ ഇന്ത്യന്‍ ഭൂമി കയ്യേറിയെന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ ഉള്ളടക്കമാണ് രാഹുല്‍ ഗാന്ധി സഭയില്‍ ഉന്നയിച്ചത്. ചൈന അതിര്‍ത്തിയില്‍ ഇന്ത്യ ഉറച്ച നിലപാടെടുത്തില്ലെന്നും രാഹുല്‍ പറഞ്ഞു. പുസ്തകങ്ങളിലെ പരാമര്‍ശത്തോടെ ലോക്‌സഭയില്‍ ഭരണ പ്രതിപക്ഷം രൂക്ഷമായതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തി.

രാഹുല്‍ഗാന്ധി സംസാരിക്കുമ്പോള്‍, പ്രകാശിപ്പിക്കാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ഒരു മാഗസിനില്‍ വന്ന റിപ്പോര്‍ട്ടാണ് വായിക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. പുറത്തിറങ്ങാത്ത പുസ്തകം വായിക്കാനാകില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ല സൂചിപ്പിച്ചു. സഭാചട്ടം പാലിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.

എന്നാല്‍ വഴങ്ങാതെ രാഹുല്‍ പ്രസംഗം തുടരാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും രാഹുല്‍ ഗാന്ധിയുമായി തര്‍ക്കമായി. പുസ്തകം പ്രസിദ്ധീകരിച്ചോ എന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ചു. പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ എങ്ങനെ ശരിയാകും. മാഗസിനുകള്‍ക്ക് എന്തും പറയാമെന്നും അമിത് ഷാ പറഞ്ഞു. ജനറല്‍ നരവനെയെ പുസ്തകം ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

അതിനിടെ, ബിജെപി എംപി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമായി. ചൈനയുമായി ബന്ധപ്പെട്ട വിഷയം വളരെ ​ഗൗരവമേറിയതാണെന്നും, ലോക്സഭ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കമെന്നും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി. ബഹളത്തെത്തുടർന്ന് ലോക്സഭ മൂന്നു മണി വരെ നിർത്തിവച്ചു.

320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി

320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി

ദുബൈ : ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഐസിസി. ഔദ്യോഗികമായി അറിയിപ്പ് പിസിബിയിൽ നിന്ന് ലഭിച്ചിട്ടില്ല. മത്സരത്തിൽ നിന്നും പിന്മാറുന്നത് അടിസ്ഥാനതത്വങ്ങൾക്ക് എതിരാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഐസിസി ആവശ്യപ്പെട്ടു.

ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ ലോകകപ്പ് മത്സരങ്ങൾ പാകിസ്ഥാൻ ബഹിഷ്‌കരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഐസിസി വടിയെടുത്തതോടെ തീരുമാനത്തിൽ നിന്ന് പിസിബി പിന്മാറുകയായിരുന്നു. തുടർന്നാണ് ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് വിട്ടു നിൽക്കാൻ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഫെബ്രുവരി 15നാണ് ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. മത്സരം കൊളംബോയിലാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയില്ലെങ്കിൽ കനത്ത പിഴയടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും.

ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം പിസിബി നല്‍കേണ്ടി വരും. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി

തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്ന് കേരളത്തിനുള്ള നികുതി വിഹിതത്തില്‍ വന്‍ വര്‍ധന. സംസ്ഥാനത്തിന്റെ നികുതി വിഹിതം 1.925 ശതമാനത്തില്‍ നിന്ന് 2.382 ആയി വര്‍ധിപ്പിച്ചതായി ഫിനാന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച ബജറ്റിനൊപ്പം പാര്‍ലമെന്റില്‍ വെച്ച ഫിനാന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നികുതി, ഡ്യൂട്ടി, എന്നിവയിലൂടെ സമാഹരിക്കുന്ന പണത്തിന്റെ ഒരു പങ്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതാണ് ഈ നികുതി വിഹിതം. ആകെ തുകയുടെ 41 ശതമാനമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നത്. അങ്ങനെ വീതം വെക്കുമ്പോള്‍ കേരളത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കിട്ടിയത് ആകെ തുകയുടെ 1.925 ശതമാനമായിരുന്നു. ഇതാണ് ഇനിയുള്ള അഞ്ചു വര്‍ഷങ്ങളില്‍ 2.382 ശതമാനം ആയി ഉയര്‍ത്തിയത്.

ധനകാര്യ കമ്മീഷന്‍ സമര്‍പ്പിക്കുന്ന ശുപാര്‍ശ പ്രകാരമാണ് കേന്ദ്രം എടുക്കേണ്ട പങ്കും സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതം വയ്ക്കേണ്ട പങ്കും തീരുമാനിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് കുറവ് വിഹിതമാണ് ശുപാര്‍ശ ചെയ്തത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ ഗുരുതരമായി ബാധിച്ചിരുന്നു.

പുതിയ പതിനാറാം ധനകാര്യ കമ്മീഷന്‍ 2026-27 മുതല്‍ അഞ്ചു വര്‍ഷത്തേയ്ക്കാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. 2.382 ശതമാനം വിഹിതം അനുസരിച്ച് കേരളത്തിന് ഈ വര്‍ഷം കിട്ടുക 36,355 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം കിട്ടിയത് 24,500 കോടി രൂപയാണ്. വര്‍ഷംതോറും പതിനായിരം കോടിയില്‍ കൂടുതല്‍ ഇനിയുള്ള അഞ്ചു വര്‍ഷങ്ങളില്‍ കേരളത്തിന് ലഭിക്കും. സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ശേഷം ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നികുതി വിഹിതം കൂട്ടി കിട്ടുമെന്ന് ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ധനകാര്യ കമ്മീഷനുകള്‍ നികുതി വിഹിതം വീതം വയ്ക്കുന്ന ശതമാനം നിര്‍ണയിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മാനദണ്ഡം നിര്‍ണയിച്ചപ്പോള്‍ കേരളം പോലെ ജനസംഖ്യാ നിയന്ത്രണത്തില്‍ വിജയിച്ച സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായി. ഇങ്ങനെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഡെഫിസിറ് ഗ്രാന്റ് അനുവദിച്ചെങ്കിലും നഷ്ടമായ തുകയ്ക്ക് പകരം ആവുമായിരുന്നില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും, ആദായ നികുതി വകുപ്പിനെതിരെ പൊലീസില്‍ പരാതി

സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും, ആദായ നികുതി വകുപ്പിനെതിരെ പൊലീസില്‍ പരാതി

ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും മലയാളി വ്യവസായിയുമായ സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും. ഇത് സംബന്ധിച്ച് കര്‍ണാടക ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങള്‍ ഉള്‍പ്പെടെ അന്വേഷണത്തിന്റെ പരിധിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, സി ജെ റോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഫിഡന്റ് ഗ്രൂപ് പരാതി നല്‍കി. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് ആണ് പരാതി നല്‍കിയിരിക്കുന്നത്. അഞ്ച് പേജുകളുള്ള പരാതിയാണ് ടി ജെ ജോസഫ് പൊലീസില്‍ നല്‍കിയിട്ടുണ്ട്. ആദായ നികുതി പരിശോധനയുടെ പേരില്‍ റോയ് വലിയ സമ്മര്‍ദത്തില്‍ ആയിരുന്നു എന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടങ്ങുന്ന പരാതി അശോക് നഗര്‍ പൊലീസില്‍ നല്‍കിയ പരാതിയും സിഐഡി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

റോയിയുടെ മരണത്തില്‍ ആദായ നികുതി വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതികരണമാണ് കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഉയരുന്നത്. ഇന്ന് ദുബായില്‍ നിന്നെത്തിയ റോയിയുടെ സഹോദരന്‍ സി ജെ ബാബു മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും സമാനമായ സൂചനകളാണ് നല്‍കിയത്. കേരളത്തില്‍ നിന്നുള്ള ആദായനികുതി സംഘം നടത്തിയ മൂന്ന് ദിവസത്തെ പരിശോധനയും ചോദ്യം ചെയ്യലുമാണ് സഹോദരനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സി.ജെ. ബാബു രോപിച്ചു.

റോയിക്ക് കടങ്ങളോ, മറ്റ് പ്രശ്‌നങ്ങളോ പുറമെ നിന്നുള്ള ഭീഷണികളോ ഇല്ലായിരുന്നു. ശത്രുക്കള്‍ ഉള്ളതായും അറിയിവില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ റോയ് വിളിച്ചിരുന്നു. ആദായനികുതി ഉദ്യോഗസ്ഥര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന് പറഞ്ഞു. ഇന്ന് രാവിലെ കാണാം എന്നാണ് അറിയിച്ചത്. എന്നാല്‍ അതിന് മുന്‍പ് റോയ് ജീവനൊടുക്കി. എന്നായിരുന്നു ബാബുവിന്റെ പ്രതികരണം.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെയായിരുന്നു സി ജെ റോയ് ആത്മഹത്യ ചെയ്തത്. ബംഗളൂരുവിലെ ഓഫീസില്‍ ആദായ നികുതി പരിശോധന നടക്കുന്നതിനിടെ റോയ് ക്യാബിനില്‍ കയറി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ഏകദേശം 90 മിനിറ്റോളം അഹേത്തെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇതിന് ശേഷം ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടു. നല്‍കാമെന്ന് പറഞ്ഞ് തന്റെ ചേംബറില്‍ പോയി റോയ് ജീവനൊടുക്കുകയായിരുന്നു.