നീറ്റ് ചോദ്യങ്ങള്‍ കടത്തിയത് ആസൂത്രിതമായി, എന്‍ടിഎയിലെ മൂന്ന് സബ്ജക്ട് വിദഗ്ധര്‍ക്ക് പങ്ക്, നിര്‍ണായക കണ്ടെത്തലുമായി സിബിഐ

നീറ്റ് ചോദ്യങ്ങള്‍ കടത്തിയത് ആസൂത്രിതമായി, എന്‍ടിഎയിലെ മൂന്ന് സബ്ജക്ട് വിദഗ്ധര്‍ക്ക് പങ്ക്, നിര്‍ണായക കണ്ടെത്തലുമായി സിബിഐ

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടായെന്ന് സിബിഐ കണ്ടെത്തല്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) വിദഗ്ധര്‍ക്കും ചോര്‍ച്ചയില്‍ നിര്‍ണായ പങ്കുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു. അവസാന നിമിഷം ചോദ്യപേപ്പര്‍ ചോര്‍ന്നതല്ല, പകരം കൃത്യമായ ആസൂത്രണം ചോര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം വിശദീകരിക്കുന്നത്.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഓഫീസില്‍ നിന്ന് മൂന്ന് സബ്ജക്ട് വിദഗ്ധര്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ പരീക്ഷാ ചോദ്യങ്ങള്‍ പുറത്തെത്തിച്ചതായാണ് കണ്ടെത്തിയത്. ഒരാള്‍ ചോദ്യങ്ങള്‍ ചെറിയ കടലാസ് കഷണങ്ങളില്‍ എഴുതി ഒളിപ്പിച്ചാണ് പുറത്തെത്തിച്ചത്. മറ്റ് രണ്ടുപേര്‍ ചോദ്യങ്ങള്‍ കാണാതെ പഠിച്ച് ഹോട്ടല്‍ മുറികളിലെത്തി കടലാസില്‍ എഴുതുകയോ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ അടയാളപ്പെടുത്തുകയോ ചെയ്തുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

എന്‍ടിഎ നിയോഗിച്ച ബയോളജി വിദഗ്ധന്‍ മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ധന്‍ പ്രഹ്ലാദ് വിത്തല്‍റാവു കുല്‍ക്കര്‍ണി, ഫിസിക്‌സ് വിദഗ്ധ മനീഷ സഞ്ജയ് ഹവാല്‍ദര്‍ എന്നിവരാണ് ഗൂഢാലോചനയില്‍ പങ്കാളികളായത്. ഇവര്‍ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, നീറ്റ് പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പര്‍ പുറത്തു കടത്തുകയായിരുന്നുവെന്ന് സിബിഐ വ്യക്തമാക്കുന്നു.

എന്‍ടിഎ ഓഫീസിന്റെ ‘കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍’ നിന്ന് പുറത്തുകടക്കുമ്പോള്‍ ഇവരെ ശരീരപരിശോധനയ്ക്ക് വിധേയരാക്കിയില്ലെന്നതാണ് ചോദ്യങ്ങള്‍ പുറത്തെത്തിക്കാന്‍ ഇവരെ സഹായിച്ചതെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു. ഇവിടെ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക കണ്‍ട്രോള്‍ റൂമും ഉണ്ടായിരുന്നില്ല. അനദികൃത സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ ചോദ്യപേപ്പര്‍ കടത്തിയതെന്നും സിബിഐ സൂചിപ്പിക്കുന്നു.

പ്രഹ്ലാദ് വിത്തല്‍റാവു കുല്‍ക്കര്‍ണി ചെറിയ കടലാസ് കഷണങ്ങളില്‍ കെമിസ്ട്രിയിലെ 135 ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ചുരുക്ക രൂപത്തില്‍ എഴുതിയെടുത്തു. മറ്റൊരു പ്രതിയായ മനീഷ വാഗ്മറെ പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞു കൊടുക്കുകയും ചെയ്തു. ബയോഝലി വിഷയങ്ങള്‍ കൈകാര്യം ചെയ്ത മനീഷ മന്ധാരെ, തന്റെ ഹോട്ടല്‍ മുറിയിലെത്തി മനഃപാഠമാക്കിയ ചോദ്യങ്ങള്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ കുറിച്ചുവെന്നും സിബിഐ വ്യക്തമാക്കുന്നു.

പരീക്ഷാ പ്രക്രിയകള്‍ക്ക് മുമ്പേ തന്നെ ഈ മൂന്ന് സബ്ജക്ട് വിദഗ്ധരുമായും കോച്ചിങ് ഓപ്പറേറ്റര്‍മാരും ഇടനിലക്കാരും ബന്ധം സ്ഥാപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി സിബിഐ കണ്ടെത്തി. അവര്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തിയിരുന്നതായും, കൂടിക്കാഴ്ചകള്‍ സംഘടിപ്പിച്ചിരുന്നതായും, ചോദ്യങ്ങള്‍ കൈമാറുന്നതിന് പ്രതിഫലമായി പണം സുരക്ഷിതമായി ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നതായും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

പൂനെ ഡോ. അഭാങ് പ്രഭു മെഡിക്കല്‍ അക്കാദമി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തേജസ് ഹര്‍ഷദ്കുമാര്‍ ഷാ, രേണുകായ് കരിയര്‍ സെന്റര്‍ മാനേജിംഗ് പാര്‍ട്ണര്‍ ശിവരാജ് മോട്ടെഗാവോങ്കര്‍, സിദ്ധിവിനായക് ആശുപത്രി ഉടമ ഡോ. മനോജ് ഭഗവന്റാവു ഷിരുരെ എന്നിവരും ഈ ഓപ്പറേഷനില്‍ പങ്കാളികളാണെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടിയ ശേഷം, പ്രതികളില്‍ ഒരാള്‍ തന്റെ ഒറിജിനല്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും ഒപ്പിട്ട ബ്ലാങ്ക് ചെക്കും ഈടായി കൈമാറിയിരുന്നതായും സിബിഐ വ്യക്തമാക്കുന്നു.

’62 വയസ്സായി, ഈ കേസില്‍ ഞാനാണ് ഇര’: പീഡനക്കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ തരുണ്‍ തേജ്പാല്‍

’62 വയസ്സായി, ഈ കേസില്‍ ഞാനാണ് ഇര’: പീഡനക്കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ തരുണ്‍ തേജ്പാല്‍

പനജി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതിയില്‍ വൈകാരിക പ്രതികരണവുമായി തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍. താന്‍ ഒരു ഇരയാണെന്നും തന്നോട് കരുണ കാണിക്കണമെന്നും തേജ്പാല്‍ കോടതിയില്‍ പറഞ്ഞു. 2021ല്‍ ഗോവ സെഷന്‍സ് കോടതി വെറുതെവിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തേജ്പാല്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.

ട്രംപ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അരികിലൂടെ യാത്രാവിമാനം; സുരക്ഷാവീഴ്ചയില്‍ അന്വേഷണം

ട്രംപ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അരികിലൂടെ യാത്രാവിമാനം; സുരക്ഷാവീഴ്ചയില്‍ അന്വേഷണം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്റ്ററായ മറൈന്‍ വണ്ണിന് തൊട്ടരികിലൂടെ യാത്രാവിമാനം പറന്നതായി റിപ്പോര്‍ട്ട്. വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. വൈറ്റ് ഹൗസില്‍ നിന്ന് ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസിലേക്ക് ട്രംപുമായി പറക്കുകയായിരുന്ന ഹെലികോപ്റ്ററും, എയര്‍പോര്‍ട്ടില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പ്രാദേശിക യാത്രാവിമാനവും തമ്മിലാണ് നിശ്ചിത അകലം പാലിക്കാതെ അപകടകരമായ രീതിയില്‍ അടുത്തുവന്നത്.

വ്യോമയാന നിയമപ്രകാരം വിമാനങ്ങള്‍ തമ്മില്‍ കുറഞ്ഞത് 1.5 മൈല്‍ ഹൊറിസോണ്ടല്‍ അകലവും 500 അടി വെര്‍ട്ടിക്കല്‍ അകലവും പാലിക്കേണ്ടതുണ്ട്. എന്നാല്‍ മറൈന്‍ വണ്ണും യാത്രാവിമാനവും തമ്മിലുള്ള അകലം ഒരു മൈലിലും കുറവായിരുന്നുവെന്ന് വിമാനഗതാഗത വിഭാഗം വ്യക്തമാക്കി. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുമായുള്ള ആശയവിനിമയത്തിലെ തടസ്സമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രസിഡന്റ് സുരക്ഷിതനാണെന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരാണ് മറൈന്‍ വണ്‍ പറത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ ഗതിയിലുള്ള യാത്ര മാത്രമായിരുന്നുവെന്നും അപകടകരമായ സാഹചര്യം ഉണ്ടായിട്ടില്ലെന്നും യുഎസ് മറൈന്‍ കോര്‍പ്‌സ് വക്താവും പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ റൊണാള്‍ഡ് റീഗന്‍ എയര്‍പോര്‍ട്ടിന് സമീപം സൈനിക ഹെലികോപ്റ്ററും യാത്രാവിമാനവും കൂട്ടിയിടിച്ച് 67 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ഈ മേഖലയില്‍ എയര്‍ ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

തരുൺ തേജ്പാലിന് തിരിച്ചടി; ബലാത്സംഗ കേസില്‍ കുറ്റക്കാരന്‍

തരുൺ തേജ്പാലിന് തിരിച്ചടി; ബലാത്സംഗ കേസില്‍ കുറ്റക്കാരന്‍

പനജി: സഹപ്രവര്‍ത്തക നല്‍കിയ പീഡന കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരന്‍. കേസില്‍ തരുണ്‍ തേജ്പാലിനെ വെറുതെ വിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തരുണ്‍ തേജ്പാല്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയായിരുന്നു.

ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ച് ജസ്റ്റിസ് ഡോ നീല ഗോഖലെ, ജസ്റ്റിസ് അമിത് ജാംസണ്ഡേക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376(2)(എഫ്), 376 (2)(കെ), കൂടാതെ 354എ, 354ബി എന്നി വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, ലൈംഗികാതിക്രമം എന്നി കുറ്റങ്ങളില്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരനാണെന്നും ബെഞ്ച് വിധിച്ചു.

2013ല്‍ ഗോവയിലെ നക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ വച്ച് സഹപ്രവര്‍ത്തകയ്ക്ക് നേരെ തരുണ്‍ തേജ് പാല്‍ ലൈംഗികാതിക്രമം നടത്തി എന്നതാണ് കേസ്. കേസില്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സെഷന്‍സ് കോടതി തേജ്പാലിനെ വെറുതെവിട്ടത്. വിധിക്കെതിരെ ഗോവ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

ഹോര്‍മൂസ് ഭാഗികമായി തുറക്കുന്നു ?, ഇറാന്‍-ഒമാന്‍ ചര്‍ച്ച അന്തിമഘട്ടത്തില്‍

ഹോര്‍മൂസ് ഭാഗികമായി തുറക്കുന്നു ?, ഇറാന്‍-ഒമാന്‍ ചര്‍ച്ച അന്തിമഘട്ടത്തില്‍

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നു. ഇറാനും ഒമാനും കൈകാര്യം ചെയ്യുന്ന താല്‍ക്കാലിക പാത സംബന്ധിച്ച് ധാരണയിലെത്തിയെന്ന് ഇറാന്‍ സൂചിപ്പിച്ചു. ഒമാനുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണെന്നും ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ ഹോര്‍മൂസില്‍ ഇറാന് മേല്‍ക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക അറിയിച്ചു.

ഹോര്‍മൂസില്‍ ഇറാന്റെ അവകാശങ്ങള്‍ സംരക്ഷിക്കു തരത്തിലുള്ള ഏകദേശ ധാരണയാണ് ഒമാനുമായുള്ള ചര്‍ച്ചയില്‍ ഉണ്ടായിരിക്കുന്നത്. ഹോര്‍മൂസ് വഴി ഗള്‍ഫിലേക്ക് കടക്കുന്ന കപ്പലുകളുടെ നിയന്ത്രണം ഇറാനായിരിക്കും. കപ്പലിലെ ചരക്കുമൂല്യത്തില്‍റെ 5 മുതല്‍ 7 ശതമാനം വരെ ടോള്‍ നിരക്ക് ഈടാക്കാനും ഇറാന് അധികാരമുണ്ടാകും. ഇത്തരത്തില്‍ ഇറാന്റെയും ഒമാന്റെയും നിയന്ത്രണത്തിലൂടെയുള്ള താല്‍ക്കാലിക പാത തുറക്കാനാണ് ധാരണയായിട്ടുള്ളത്.

താല്‍ക്കാലിക പാതയുടെ പൂര്‍ണ നിയന്ത്രണം ഇറാനും ഒമാനും ആയിരിക്കും എന്നാണ് ചര്‍ച്ചയില്‍ ധാരണയായിട്ടുള്ളത്. എന്നാല്‍ ഇറാന് മേല്‍ക്കൈ നല്‍കുന്ന ധാരണ അനുവദിക്കാനാവില്ലെന്നും, താല്‍ക്കാലിക പാത എന്ന നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നുമാണ് യുഎസ് നിലപാട്. ഇറാന് ഹോര്‍മൂസില്‍ മേല്‍ക്കൈ അനുവദിക്കുന്നത് അവരുടെ വിജയം അംഗീകരിക്കുന്നതിന് തുല്യമാണെന്നും യുഎസ് കണക്കുകൂട്ടുന്നു.

അടിയന്തരമായി ഹോര്‍മൂസ് തുറക്കണമെന്നും, ഹോര്‍മൂസിന്റെ നിയന്ത്രണം വിട്ടുനല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഇറാനുമേല്‍ കടുത്ത അക്രമണം ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ചയ്ക്കകം ഹോര്‍മൂസ് തുറക്കുന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഒന്നുകില്‍ യുഎസുമായി ധാരണയിലെത്തുക അല്ലെങ്കില്‍ പൂര്‍ണമായും കീഴടങ്ങുക എന്ന മുന്നറിയിപ്പും ഇറാന് ട്രംപ് നല്‍കിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

ചെന്നൈ: കേരളത്തിന്റെ ആശങ്ക കൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ബജറ്റ് പ്രഖ്യാപനം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി എന്‍ മാരി വില്‍സണ്‍ പറഞ്ഞത്. ഇതോടൊപ്പം കാവേരി നദിയില്‍ നിന്ന് അര്‍ഹതപ്പെട്ട ജലം തമിഴ്‌നാട് നേടിയെടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് കേരളത്തിന്റെ ആശങ്ക കൂട്ടുന്ന പ്രഖ്യാപനം. നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. അന്തര്‍ സംസ്ഥാന നദീജലം പങ്കുവെയ്ക്കലില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നും മാരി വില്‍സണ്‍ പറഞ്ഞു.

ദീര്‍ഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും മുലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തേണ്ടതുണ്ടെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്താനുള്ള അനുമതി നേരത്തെ തന്നെ സുപ്രീംകോടതി തമിഴ് നാടിന് നല്‍കിയിരുന്നു. എന്നാല്‍ കേരളം ഉന്നയിച്ച ആശങ്കയുടെ അടിസ്ഥാനത്തില്‍ ഇത് 136 അടി എന്നതില്‍ പരിമിതപ്പെടുത്തി നിര്‍ത്തി. നിലവിലെ പ്രഖ്യാപനത്തോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതടക്കമുള്ള നടപടികളിലേക്ക് തമിഴ് നാട് സര്‍ക്കാര്‍ കടന്നേക്കുമെന്നാണ് സൂചന.