by Midhun HP News | Jan 31, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും മലയാളി വ്യവസായിയുമായ സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും. ഇത് സംബന്ധിച്ച് കര്‍ണാടക ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങള്‍ ഉള്‍പ്പെടെ അന്വേഷണത്തിന്റെ പരിധിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ, സി ജെ റോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഫിഡന്റ് ഗ്രൂപ് പരാതി നല്‍കി. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് ആണ് പരാതി നല്‍കിയിരിക്കുന്നത്. അഞ്ച് പേജുകളുള്ള പരാതിയാണ് ടി ജെ ജോസഫ് പൊലീസില്‍ നല്‍കിയിട്ടുണ്ട്. ആദായ നികുതി പരിശോധനയുടെ പേരില്‍ റോയ് വലിയ സമ്മര്‍ദത്തില്‍ ആയിരുന്നു എന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടങ്ങുന്ന പരാതി അശോക് നഗര്‍ പൊലീസില്‍ നല്‍കിയ പരാതിയും സിഐഡി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
റോയിയുടെ മരണത്തില്‍ ആദായ നികുതി വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതികരണമാണ് കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഉയരുന്നത്. ഇന്ന് ദുബായില്‍ നിന്നെത്തിയ റോയിയുടെ സഹോദരന്‍ സി ജെ ബാബു മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും സമാനമായ സൂചനകളാണ് നല്‍കിയത്. കേരളത്തില്‍ നിന്നുള്ള ആദായനികുതി സംഘം നടത്തിയ മൂന്ന് ദിവസത്തെ പരിശോധനയും ചോദ്യം ചെയ്യലുമാണ് സഹോദരനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സി.ജെ. ബാബു രോപിച്ചു.
റോയിക്ക് കടങ്ങളോ, മറ്റ് പ്രശ്‌നങ്ങളോ പുറമെ നിന്നുള്ള ഭീഷണികളോ ഇല്ലായിരുന്നു. ശത്രുക്കള്‍ ഉള്ളതായും അറിയിവില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ റോയ് വിളിച്ചിരുന്നു. ആദായനികുതി ഉദ്യോഗസ്ഥര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന് പറഞ്ഞു. ഇന്ന് രാവിലെ കാണാം എന്നാണ് അറിയിച്ചത്. എന്നാല്‍ അതിന് മുന്‍പ് റോയ് ജീവനൊടുക്കി. എന്നായിരുന്നു ബാബുവിന്റെ പ്രതികരണം.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെയായിരുന്നു സി ജെ റോയ് ആത്മഹത്യ ചെയ്തത്. ബംഗളൂരുവിലെ ഓഫീസില്‍ ആദായ നികുതി പരിശോധന നടക്കുന്നതിനിടെ റോയ് ക്യാബിനില്‍ കയറി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ഏകദേശം 90 മിനിറ്റോളം അഹേത്തെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇതിന് ശേഷം ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടു. നല്‍കാമെന്ന് പറഞ്ഞ് തന്റെ ചേംബറില്‍ പോയി റോയ് ജീവനൊടുക്കുകയായിരുന്നു.


by Midhun HP News | Jan 29, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ പ്രകീര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഗ്രാമീണ വികസനം, സാമൂഹിക വളര്‍ച്ച എന്ന മേഖലയിലാണ് കേരളത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന നേട്ടത്തെ കുറിച്ച് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തില്‍ ആശ വർക്കർമാർ, അങ്കണവാടി പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ളവുയുടെ കൂട്ടായ പ്രവര്‍ത്തനമാണ് നേട്ടത്തിന് വഴിയൊരുക്കിയത് എന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വച്ച റിപ്പോര്‍ട്ട് പറയുന്നു.
ഓരോ കുടുംബത്തിനും വ്യക്തിഗത മൈക്രോ പ്ലാനുകള്‍ സൃഷ്ടിച്ചുകൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയും നിരന്തരമായ ഡിജിറ്റല്‍ ട്രാക്കിംഗ്, നിരീക്ഷണം എന്നിവ നേട്ടത്തില്‍ പ്രധാനമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആധാര്‍, റേഷന്‍ കാര്‍ഡുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള യുണീക്ക് ഡിസെബിലിറ്റി ഐഡി (യുഡിഐഡി) കാര്‍ഡുകള്‍, ഇലക്ടറല്‍ ഐഡികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ തുടങ്ങിയ സേവനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉറപ്പാക്കി. വിവിധ കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടെ കേരളത്തെ നേട്ടത്തിലേക്ക് അടുക്കാന്‍ സഹായിച്ചെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സേവന വിതരണം പതിവായി ഡിജിറ്റല്‍ ട്രാക്ക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്തുകൊണ്ട് ഓരോ കുടുംബത്തിനും വ്യക്തിഗത മൈക്രോ പ്ലാനുകള്‍ സൃഷ്ടിച്ചു. കമ്മ്യൂണിറ്റി മോണിറ്ററായും സേവന ദാതാവായും കുടുംബശ്രീ നെറ്റ്വര്‍ക്ക് ഒരു പ്രധാന പങ്ക് വഹിച്ചു, അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ വാര്‍ഷിക വികസന പദ്ധതികളില്‍ ഈ ഇടപെടലുകള്‍ക്ക് മുന്‍ഗണന നല്‍കി. ജനനീ സുരക്ഷാ യോജന പോലുള്ള പദ്ധതികള്‍ കോവിഡ് മൂലം നഷ്ടപ്പെട്ട വരുമാന സ്രോതസുകള്‍ ഉള്‍പ്പെടെ മറികടക്കാന്‍ ജനങ്ങളെ സഹായിച്ചു. ഇത്തരം പദ്ധതികള്‍ സംസ്ഥാനതലത്തില്‍ നവീകരിച്ച നടപ്പാക്കുകയാണ് കേരളം ചെയ്തത്. ഇത്തരം ക്ഷേമ പദ്ധതികള്‍ സാമൂഹിക സംരക്ഷണം വികസിപ്പിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ സമീപനത്തെക്കുറിച്ചുള്ള ആത്മാര്‍ത്ഥത വ്യക്തമാക്കുന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.


by Midhun HP News | Jan 28, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (66) വിമാനാപകടത്തിൽ മരിച്ചു. ഇന്നു രാവിലെ അജിത് പവാര്‍ സഞ്ചരിച്ച സ്വകാര്യ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ബരാമതിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനിടെയാണ് അപകടം. അജിത് പവാറിന് ഒപ്പമുണ്ടായിരുന്ന അഞ്ചുപേരും അപകടത്തില്‍ മരിച്ചു. എന്‍സിപി ശരദ് പവാര്‍ പാര്‍ട്ടി പിളര്‍ന്ന് എന്‍സിപി അജിത് പവാര്‍ എന്ന പുതിയ പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയായിരുന്നു.
വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കുന്നിന്‍ ചെരുവില്‍ ഇടിച്ചു തകരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് നാല് പ്രധാന പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ അജിത് പവാര്‍ ബാരാമതിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
by Midhun HP News | Jan 27, 2026 | Latest News, ദേശീയ വാർത്ത
ഷിംല: ഹിമാചല്‍ പ്രദേശില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും മഴയിലും സാധാരണ ജീവിതം സ്തംഭിച്ചു. പ്രതികൂല കാലാവസ്ഥയില്‍ സംസ്ഥാനത്തെ 1,250ലധികം റോഡുകള്‍ അടച്ചു. ചുരങ്ങളും ലിങ്ക് റോഡുകളും മഞ്ഞുമൂടിയ നിലയില്‍ തുടരുകയാണ്. പ്രധാന റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനുള്ള പ്രവൃത്തികള്‍ തുടരുകയാണ്.
സ്‌നോ ബ്ലോവറുകള്‍, ജെസിബികള്‍, തൊഴിലാളികളുടെ ബറ്റാലിയനുകള്‍ എന്നിവ ഉപയോഗിച്ച് മഞ്ഞ് നീക്കം ചെയ്യല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ചയും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മണാലി, ഷിംല, ലാഹൗള്‍-സ്പിതി എന്നിവിടങ്ങളില്‍ പോയ വിനോദസഞ്ചാരികള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു. മണാലിയിലെ നിരവധി റോഡുകളില്‍ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങി. പ്രതികൂല കാലാവസ്ഥ കാരണം വിനോദസഞ്ചാരികള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച മൂലം വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു. റോഡുകള്‍ മഞ്ഞുമൂടി ട്രാന്‍സ്ഫോര്‍മറുകളും വൈദ്യുതി തൂണുകളും തകര്‍ന്നു. നിരവധി ജില്ലകളില്‍ വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടിട്ടുണ്ട്. റോഡുകളില്‍ വാഹനമോടിക്കുമ്പോള്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


by Midhun HP News | Jan 27, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്നാട്ടില്‍ കുപ്രസിദ്ധ ഗുണ്ട അഴകുരാജ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പെരമ്പലൂര്‍ ജില്ലയിലെ തിരുമാന്തുറൈ വനമേഖലയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ തലയ്ക്ക് വെടിയേറ്റതിന് പിന്നാലെയാണ് മരണം. ഇയാള്‍ക്കെതിരെ അഞ്ചിലധികം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
ഇന്നലെ രാത്രി ഊട്ടിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഴക് രാജ ഉള്‍പ്പെടെ ഏഴ് പ്രതികളെ മംഗലമേട് ഇന്‍സ്‌പെക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് വനമേഖലയില്‍ കൊണ്ടുപോയി ഒളിപ്പിച്ച ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്വയരക്ഷയ്ക്കായി വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്.
30ഓളം കേസുകളില്‍ പ്രതിയായ കാളിമുത്തുവിനെ ദിവസങ്ങള്‍ക്കു മുന്‍പ് പൊലീസ് അകമ്പടിയോടെ ജയിലിലേക്കു കൊണ്ടുപോകവേ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ കേസിലാണ് അഴകുരാജയെ പൊലീസ് പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ പിടികൂടാന്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു.
തിരുനെല്‍വേലി ഭാഗത്ത് ഇയാള്‍ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് സംഭവം. പൊലീസിന് നേരെ ആക്രമണം നടത്തിയ അഴകുരാജയെ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴകുരാജയുടെ പേരില്‍ കൊലപാതകം, വധശ്രമം, ക്വട്ടേഷന്‍ ആക്രമണങ്ങള്‍ തുടങ്ങി മുപ്പതിലധികം കേസുകള്‍ നിലവിലുണ്ട്.


by Midhun HP News | Jan 24, 2026 | Latest News, ദേശീയ വാർത്ത
മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ഇന്ദ്രൻസ്. കോമഡി വേഷങ്ങൾ മാത്രമല്ല കാരക്ടർ റോളുകൾ ചെയ്തും മലയാളികളുടെ മനസിനെ കീഴടക്കിയ ഇന്ദ്രൻസ് ഇന്ന് മലയാളികളുടെ തന്നെ അഭിമാനമാണ്. എന്നാൽ അതിന്റെ യാതൊരു തലക്കനവും ഇല്ലാതെ സാധാണക്കാരനിൽ സാധാരണക്കാരനായി എളിമയും വിധേയത്വവും കൊണ്ട് നമുക്ക് മുന്നിലൂടെ അദ്ദേഹം നിറ ചിരിയോടെ നടന്നടുക്കുന്നുണ്ട്.
വേറിട്ട അഭിനയത്തിലൂടെ തിളങ്ങുന്ന ഇന്ദ്രൻസിന്റെ ഡാൻസ് നമ്പറാണ് കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു സിനിമാ പ്രൊമോഷനിടെ കോളജ് വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തിയതായിരുന്നു ഇന്ദ്രൻസ്. എല്ലാവരുടേയും പ്രേത്സാഹനം കൊടുമ്പിരി കൊണ്ടപ്പോൾ അദ്ദേഹം ജെൻ സി പിള്ളേർക്കൊപ്പം ഡാൻസ് കളിച്ചു.
പയ്യന്മാരെ പിന്നിലാക്കി ‘ജന നായകനി’ലെ ഗാനത്തിന് ചുവടുവച്ച ഇന്ദ്രൻസിനെ കണ്ട് ഏവരും കയ്യടിച്ചു. ഇതിനിടയിൽ അദ്ദേഹത്തിന്റെ പഴയൊരു ഡാൻസ് വിഡിയോ ഓർമിപ്പിച്ച് ‘ഈ സീൻ മൂപ്പര് പണ്ടേ വിട്ടതാ’ എന്ന് പറയുകയാണ് ആരാധകർ. പാർവതി പരിണയം എന്ന ചിത്രത്തിലെ ഗാനരംഗമാണിത്.
‘കള്ളിപ്പെണ്ണേ..’ എന്ന് തുടങ്ങുന്ന ഗാനരംഗത്ത് ഇന്ദ്രൻസിന്റെ കലക്കൻ ഡാൻസ് കാണാം. നടനൊപ്പം അഞ്ജു അരവിന്ദാണ് പെയറായി എത്തിയത്. ഈ ഗാനത്തിൽ സമീപകാലത്ത് ഇറങ്ങിയ പല സിനിമകളുടെ പാട്ടുകൾ ഉൾപ്പെടുത്തി ഷോർട്ട് വിഡിയോകൾ പുറത്തിറങ്ങിയിരുന്നു.
Recent Comments