ഇന്‍ഡിഗോയില്‍ ഇന്നും പ്രതിസന്ധി തുടരും; ഇന്നലെ റദ്ദാക്കിയത് 550ഓളം സര്‍വീസുകള്‍

ഇന്‍ഡിഗോയില്‍ ഇന്നും പ്രതിസന്ധി തുടരും; ഇന്നലെ റദ്ദാക്കിയത് 550ഓളം സര്‍വീസുകള്‍

ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ പ്രതിസന്ധി പരിഹരിക്കാതെ ഇന്‍ഡിഗോ. ഇന്നലെ മാത്രം 550ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ ഇന്നും റദ്ദാക്കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാകാന്‍ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്. അതുവരെ വിമാന സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കും. തല്‍ക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നതായും ഇന്‍ഡിഗോ അറിയിച്ചു.

പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് ഇന്‍ഡിഗോയ്ക്ക് വിനയായത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശ പ്രകാരം പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമ സമയം നല്‍കേണ്ടതുണ്ട്. അതിനിടെ, പുതിയ ചട്ടങ്ങളില്‍ ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് തല്‍ക്കാല ഇളവ് അനുവദിക്കും. പ്രതിസന്ധി നേരിടാന്‍ കഴിയാത്തതില്‍ ഇന്‍ഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. നിലവിലെ അവസ്ഥ, വിമാന നിരക്കുകള്‍ കൂടാന്‍ കാരണമാകരുതെന്നും നിര്‍ദേശമുണ്ട്. സര്‍വീസുകള്‍ നിരീക്ഷിക്കാന്‍ ഡിജിസിഎയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നെല്ലാം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പുതിയ മാനദണ്ഡ പ്രകാരം ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്ന് തിരിച്ചറിയുന്നതിലും കൃത്യമായി ആസൂത്രണം നടത്തുന്നതിലും വീഴ്ച വന്നെന്ന് ഇന്‍ഡിഗോ സമ്മതിച്ചു.

ഫുട്‌ബോള്‍ ലോകകപ്പ്: ഏതൊക്കെ ടീമുകള്‍ ഏതൊക്കെ ഗ്രൂപ്പില്‍? ; ഇന്ന് നറുക്കെടുപ്പ്

ഫുട്‌ബോള്‍ ലോകകപ്പ്: ഏതൊക്കെ ടീമുകള്‍ ഏതൊക്കെ ഗ്രൂപ്പില്‍? ; ഇന്ന് നറുക്കെടുപ്പ്

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ഏതൊക്കെ ടീമുകള്‍, ഏതൊക്കെ ഗ്രൂപ്പില്‍ ഉള്‍പ്പെടുമെന്ന് ഇന്നറിയാം. ഇതിനായുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി സെന്റില്‍, ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 10.30 നാണ് നറുക്കെടുപ്പ് നടക്കുക.

ഫിഫ ഡോട്ട് കോമിലൂടെയും ഫിഫ യുട്യൂബ് ചാനലിലൂടെയും നറുക്കെടുപ്പ് തത്സമയം കാണാം. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തുടങ്ങിയ പ്രമുഖര്‍ നറുക്കെടുപ്പ് ചടങ്ങില്‍ പങ്കെടുക്കും. 48 ടീമുകളാണ് ലോകകപ്പില്‍ കളിക്കുന്നതെങ്കിലും 64 രാജ്യങ്ങളുടെ പ്രതിനിധികള്‍ നറുക്കെടുപ്പിനുണ്ടാവും.

48 ടീമുകളെ നാല് പോട്ടുകളാക്കി തിരിച്ചാണ് നറുക്കെടുപ്പ്. ഓരോ പോട്ടിലും 12 വീതം ടീമുകളുണ്ടാവും. ഒന്നു മുതല്‍ നാലാം പോട്ട് വരെ ക്രമത്തിലായിരിക്കും നറുക്കെടുപ്പ്. എ മുതല്‍ എല്‍ വരെ 12 ഗ്രൂപ്പുകളുണ്ടാവും. നാല് പോട്ടിലെയും ഓരോ ടീം എല്ലാ ഗ്രൂപ്പുകളിലുമുണ്ടാവും. ഫിഫ റാങ്കിങ്ങിലെ ആദ്യ ഒമ്പത് സ്ഥാനക്കാരും വെവ്വേറെ ഗ്രൂപ്പുകളിലായിരിക്കുമെന്നാണ് വിവരം.

അടുത്ത ലോകകപ്പില്‍ 48 ടീമുകള്‍ ഉണ്ടാകുമെന്ന് ഫിഫ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 42 ടീമുകള്‍ ഇതിനോടകം യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന ആറു ടീമുകള്‍ പ്ലേഓഫ് മത്സരങ്ങളിലൂടെ യോഗ്യത നേടും. യൂറോപ്പില്‍നിന്ന് നാലും ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫ് വഴി രണ്ടും ടീമുകളാണ് എത്താനുള്ളത്. യൂറോപ്യന്‍ പ്ലേഓഫില്‍ 16 ടീമുകളാണ് കളിക്കുന്നത്.

ചെങ്കടലില്‍ കപ്പല്‍ ആക്രമണം; യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു

ചെങ്കടലില്‍ കപ്പല്‍ ആക്രമണം; യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു

ഡല്‍ഹി: യെമന്‍ തടഞ്ഞുവച്ച മലയാളി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു. ആലപ്പുഴ കായംകുളം സ്വദേശിയാണ്. അനില്‍കുമാര്‍ രവീന്ദ്രനെ മസ്‌കറ്റില്‍ എത്തിച്ചയായും ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകര്‍ന്ന ചരക്ക് കപ്പലിലെ അംഗമായിരുന്നു അനില്‍കുമാര്‍ രവീന്ദ്രന്‍. കപ്പപ്പിലെ മറ്റ് 10 പേരെയും മോചിപ്പിച്ചു. താന്‍ യെമനിലുണ്ടെന്ന് അനില്‍ കുമാര്‍ കുടുംബത്തെ അറിയിച്ചെങ്കിലും പിന്നീട് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

കപ്പലില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിന്‍ രക്ഷപ്പെട്ട് നാട്ടിലെത്തുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ കാണാന്‍ അനില്‍കുമാറിന്റെ ഭാര്യ ശ്രീജ കന്യാകുമാരിയിലെത്തിയിരുന്നു.

ഗ്രീക്ക് കമ്പനിയുടെ ലൈബീരിയന്‍ റജിസ്‌ട്രേഷനുള്ള ‘ഏറ്റേണിറ്റി സി’ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 30 ഓളം ജീവനക്കാര്‍ ആയിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.

പ്രശസ്ത നിർമാതാവും എ വി എം സ്റ്റുഡിയോസ് ഉടമയുമായ എം ശരവണൻ അന്തരിച്ചു

പ്രശസ്ത നിർമാതാവും എ വി എം സ്റ്റുഡിയോസ് ഉടമയുമായ എം ശരവണൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര നിർമാതാവും എ വി എം പ്രൊഡക്ഷൻസിന്റെ ഉടമയുമായ എ വി എം ശരവണൻ (86) അന്തരിച്ചു. 86-ാം ജന്മദിനത്തിന് പിറ്റേന്ന് ചെന്നൈയിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർ‌ന്ന് കഴിഞ്ഞ രണ്ട് വർഷമായി നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ശരവണനെ കഴിഞ്ഞ മാസം ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തമിഴ് സിനിമയിലെ ഹിറ്റ് നിർമാതാക്കളിൽ ഒരാളായിരുന്നു. എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവരുടെ സിനിമകൾ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. എ വി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൂറോളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പിതാവും സംവിധായകനും നിർമാതാവുമായ എ വി മെയ്യപ്പ ചെട്ടിയാർ ആണ് 1945 ൽ എ വി എം സ്റ്റുഡിയോസ് സ്ഥാപിക്കുന്നത്. പിന്നീട് എ വി എം ശരവണൻ നിർമാണക്കമ്പനി ഏറ്റെടുക്കുകയായിരുന്നു. സംസാരം അടി മിൻസാരം, നീനു ഒരടപ്പിന്നു, ശിവാജി, വേടഗാഡു, അയൻ, മിൻസാര കനവ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. നിരവധി സൂപ്പർ സ്റ്റാറുകളെ സിനിമാ ലോകത്ത് പരിചയപ്പെടുത്തിയ എ വി എം കമ്പനി നിലവിൽ അദ്ദേഹത്തിന്റെ മകൻ എം എസ് ഗുഹന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ലീഡർ, എവരൈന കുംകും, ജെമിനി, ആ ഒക്കത്തി അടക്കു, സംസാരം ഒക്ക ചദരം, ശിക്ഷ, നാഗു, മൂടു മുള്ള തുടങ്ങി ഒട്ടേറെ തെലുങ്ക് സിനിമകളും നിർമിച്ചിട്ടുണ്ട്.

നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. വടപളനി എവിഎം സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ അനര്‍ഹര്‍ കൈപ്പറ്റിയത് തിരിച്ചുപിടിച്ച് കേന്ദ്രം

പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ അനര്‍ഹര്‍ കൈപ്പറ്റിയത് തിരിച്ചുപിടിച്ച് കേന്ദ്രം

ഡല്‍ഹി: കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം അനര്‍ഹര്‍ കൈപ്പറ്റിയതായി കണ്ടെത്തി. ഇത്തരം അനധികൃതമായി കൈപ്പറ്റിയ 416.75 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുപിടിച്ചു.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഒരേ കുടുംബത്തിലെ ആളുകള്‍ അനര്‍ഹമായി ആനുകൂല്യം നേടിയെടുക്കുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രാലയം കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ തന്നെ 29.13 ലക്ഷം അക്കൗണ്ടുകളാണ് രാജ്യവ്യാപകമായി കണ്ടെത്തിയത്. തുടര്‍ന്നാണ് അനര്‍ഹര്‍ കൈപ്പറ്റിയ ആനുകൂല്യം പിടിച്ചെടുത്ത് തിരിച്ചു നല്‍കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. കേരളത്തില്‍ 7,694 കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ആനുകൂല്യം കൈപ്പറ്റിയതായി സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മക്കളും മറ്റു ബന്ധുക്കളും ഉള്‍പ്പെടെ സംസ്ഥാനത്ത് 33 പേരും അനധികൃതമായി ആനുകൂല്യം കൈപ്പറ്റിയിരുന്നു. ഇതു തിരിച്ചുപിടിക്കാനുള്ള നടപടികളും തുടങ്ങി.

ഇന്‍ഡിഗോയില്‍ ഇന്നും പ്രതിസന്ധി തുടരും; ഇന്നലെ റദ്ദാക്കിയത് 550ഓളം സര്‍വീസുകള്‍

വിമാനങ്ങള്‍ റദ്ദാക്കിയതില്‍ ഡിജിസിഎ അന്വേഷണം; ഇന്‍ഡിഗോ റദ്ദാക്കിയത് 150 സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നലെയും ഇന്നുമായി റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). 150 സര്‍വീസുകളാണ് ഇന്‍ഡിഗോ മാത്രം റദ്ദാക്കിയത്. സാങ്കേതിക പ്രശ്‌നങ്ങളാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം. ചെക്കിന്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകളെ ബാധിച്ചിരുന്നു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ അന്വേഷണം. സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ കുറവ് കുറവാണ് സര്‍വീസുകളെ ബാധിച്ചെതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടു ദിവസത്തിനിടെ 150 വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ആയിരത്തിലേറെ വിമാനങ്ങള്‍ വൈകി. സാങ്കേതിക തകരാര്‍, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ മാറ്റങ്ങള്‍, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ഫ്‌ലൈറ്റ് പുതുക്കിയ ഡ്യൂട്ടി സമയ പരിധികള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങള്‍ വിമാനങ്ങള്‍ വൈകുന്നതിനു കാരണമായെന്നാണ് ഇന്‍ഡിഗോ അറിയിച്ചത്.