by Midhun HP News | Dec 3, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ സഞ്ചാര്‍ സാഥി സൈബര്‍ സുരക്ഷാ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആപ്പിൾ ഉൾപ്പെടെയുള്ള നിർമ്മാതാക്കൾ നിയമനടപടിക്ക് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആപ്പിന് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് പ്രീ ഇന്‍സ്റ്റാള്‍ വേണ്ടെന്ന തീരുമാനമെടുത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
സഞ്ചാര്‍ സാഥി നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. .
‘മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അത് ഇല്ലാതാക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ഫോണില്‍ ഇത് സൂക്ഷിക്കണമെങ്കില്‍ അത് സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഇത് ഇല്ലാതാക്കണമെങ്കില്‍ അതും ചെയ്യാം. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഫോണ്‍ വാങ്ങുമ്പോള്‍, ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത തരത്തില്‍ നിരവധി ആപ്പുകള്‍ ഉണ്ടാകും. ഇതില്‍ ഗൂഗിള്‍ മാപ്പ്‌സും വരുന്നു. നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പ്‌സ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അത് ഡിലീറ്റ് ചെയ്യുക. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്‌സ് നീക്കം ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും, ഇത് പ്രവര്‍ത്തനരഹിതമാക്കാം. എന്നാല്‍ ഐഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്‌സ് നീക്കം ചെയ്യാം.’- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.



by Midhun HP News | Dec 3, 2025 | Latest News, ദേശീയ വാർത്ത
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) വര്‍ഷങ്ങളായി ഇന്ത്യയിലെ നിക്ഷേപകര്‍ക്കിടയിലെ വിശ്വസനീയമായ ഒരു പേരാണ്. സുരക്ഷിത നിക്ഷേപങ്ങളും നല്ല വരുമാനവും ആഗ്രഹിക്കുന്ന ആളുകള്‍ പലപ്പോഴും എല്‍ഐസി പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രായമായവര്‍ക്കും കമ്പനി വൈവിധ്യമാര്‍ന്ന പോളിസികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിരവധി സവിശേഷതകളുള്ള അനേകം പോളിസികളാണ് ഇന്ത്യയിലെ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. ആവശ്യം അനുസരിച്ച് പലതരത്തിലുള്ള സ്‌കീമുകള്‍ എല്‍ഐസിയിലുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ്, അപകട പരിരക്ഷ, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങി ലിസ്റ്റ് നീളും. അത്തരത്തില്‍ എല്‍ഐസി പോളിസികളില്‍ ഏറ്റവും ജനപ്രീതിയുള്ള ഒരു സ്‌കീമാണ് എല്‍ഐസി ജീവന്‍ ആനന്ദ്. ഇന്‍ഷുറന്‍സ് പരിരക്ഷയും, മികച്ച വരുമാനവും നല്‍കുന്ന ഒരു സ്‌കീമാണ് ഇത്.
എല്‍ഐസി ജീവന്‍ ആനന്ദ്
ടേം ഇന്‍ഷുറന്‍സും മെച്യൂരിറ്റി ആനുകൂല്യങ്ങളും സംയോജിപ്പിക്കുന്ന ഒരു പോളിസിയാണ് എല്‍ഐസി ജീവന്‍ ആനന്ദ്. കുറഞ്ഞ പ്രീമിയത്തില്‍ സുരക്ഷിത നിക്ഷേപവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വരുമാനവും ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവര്‍ക്കും ഒരുപോലെ ചേരാവുന്ന ഒരു പോളിസിയാണ് എല്‍ഐസി ജീവന്‍ ആനന്ദ്. ഇവിടെ പ്രായം ഒരു പ്രശ്‌നമല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ജീവന്‍ ആനന്ദ് പോളിസിയുടെ പരമാവധി കാലാവധി 35 വര്‍ഷമാണ്. ഈ കാലാവധിക്കുള്ളില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ സാധിക്കും. എന്നാല്‍ കുറഞ്ഞ കാലാവധി 15 വര്‍ഷമാണ്. അതായത് 15 വര്‍ഷമെങ്കിലും പോളിസി തുടരണമെന്ന് അര്‍ത്ഥം. എങ്കില്‍ മാത്രമേ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ബോണസുകള്‍ക്കു യോഗ്യത നേടാന്‍ കഴിയുകയുള്ളൂ.
മറ്റു പോളിസികളില്‍ നിന്നും വ്യത്യസ്തമായി കുറഞ്ഞ പ്രീമിയം എന്ന സവിശേഷതയും ജീവന്‍ ആനന്ദിനുണ്ട്. ഇതു തന്നെയാണ് നിരവധി പേര്‍ ജീവന്‍ ആനന്ദ് പോളിസിയുടെ ഭാഗമാവുന്നതും. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഭാവിയിലേക്ക് ശക്തമായ ഒരു ഫണ്ട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു നല്ല ഓപ്ഷനാണെന്ന് തെളിയിക്കാനാകും.
35 വര്‍ഷത്തേക്ക് ഈ പോളിസി തിരഞ്ഞെടുക്കുന്ന ഒരാള്‍ പ്രതിമാസം ഏകദേശം 1,358 നിക്ഷേപിക്കണം. അതായത് ഏകദേശം 45 രൂപ പ്രതിദിന നിക്ഷേപം. പതിവ് നിക്ഷേപങ്ങള്‍ക്ക് പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 25 ലക്ഷം കോര്‍പ്പസ് സൃഷ്ടിക്കാന്‍ കഴിയും. ഈ കാലയളവില്‍ മൊത്തം അടക്കുന്ന പ്രീമിയം തുക 5,70,360 രൂപയായിരിക്കും.
പോളിസി പ്രകാരം പ്രിന്‍സിപ്പല്‍ സം അഷ്വേര്‍ഡ് 5 ലക്ഷം രൂപയായി നിശ്ചയിച്ചാല്‍, നിക്ഷേപകന് 8.60 ലക്ഷം രൂപയുടെ ബോണസും, 11.50 ലക്ഷം രൂപയുടെ റിവിഷന്‍ ബോണസും ലഭിക്കും. നിക്ഷേപവും, ആനുകൂല്യങ്ങളുമെല്ലാം കണക്കാക്കുമ്പോള്‍ 25 ലക്ഷം രൂപയോളം അക്കൗണ്ടില്‍ എത്തും. ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 15 വര്‍ഷമാണ്. എന്നാല്‍ ഈ കാലാവധിക്കു മുന്നേ തന്നെ പോളിസി നിക്ഷേപം നിര്‍ത്തിയാല്‍ നിക്ഷേപിച്ച പണത്തിന്മേലുള്ള അധിക ബോണസ് നഷ്ടപ്പെടും. 35 വര്‍ഷം വരെ നിക്ഷേപം തുടരാന്‍ സാധിക്കില്ലെങ്കില്‍ ഏറ്റവും കുറഞ്ഞ കാലാവധിയായ 15 വര്‍ഷത്തേക്കെങ്കിലും നിക്ഷേപം നിലനിര്‍ത്താന്‍ ശ്രമിക്കുക.
അധിക ആനുകൂല്യങ്ങള്‍
നിരവധി ഓപ്ഷണല്‍ റൈഡറുകള്‍ ഉള്‍പ്പെടുത്താനുള്ള ഓപ്ഷന്‍ ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ആക്‌സിഡന്റല്‍ ഡെത്ത് ആന്‍ഡ് ഡിസെബിലിറ്റി റൈഡര്‍, ആക്‌സിഡന്റ് ബെനിഫിറ്റ് റൈഡര്‍, ന്യൂ ടേം ഇന്‍ഷുറന്‍സ് റൈഡര്‍, ന്യൂ ക്രിട്ടിക്കല്‍ ബെനിഫിറ്റ് റൈഡര്‍ എന്നിവ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. പോളിസി കാലയളവില്‍ പോളിസി ഉടമ മരിച്ചാല്‍, മരണ ആനുകൂല്യത്തിന്റെ 125 ശതമാനം നോമിനിക്ക് ലഭിക്കും.



by Midhun HP News | Dec 3, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ ആദ്യമായി 90 എന്ന നിലവാരം മറികടന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ആറു പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് ഒരു ഡോളറിന് 90 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നത്. 90.02 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.
വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ബാങ്കുകള്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. എങ്കിലും എണ്ണവില കുത്തനെ ഇടിഞ്ഞതും ഡോളര്‍ ദുര്‍ബലമായതും വലിയ തോതില്‍ ഇടിയുന്നതില്‍ നിന്ന് രൂപയെ തടഞ്ഞുനിര്‍ത്തി. ഇന്നലെ രൂപ 43 പൈസയുടെ നഷ്ടമാണ് നേരിട്ടത്. തുടര്‍ന്ന് 89.96 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ക്ലോസ് ചെയ്തത്.
അതിനിടെ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടം നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300ലധികം പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. നിലവില്‍ ബിഎസ്ഇ സെന്‍സെക്‌സ് 85,000ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഇന്‍ഫോസിസ്, ജിയോ ഫിനാന്‍ഷ്യല്‍, ശ്രീറാം ഫിനാന്‍സ്, മാക്‌സ്‌ഹെല്‍ത്ത് കെയര്‍, കോള്‍ ഇന്ത്യ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.



by Midhun HP News | Dec 2, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തീപ്പൊരി സെഞ്ച്വറി ബലത്തില്‍ കൂറ്റന്‍ ജയം ആഘോഷിച്ച് കര്‍ണാടക. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ തമിഴ്‌നാടിനെ കര്‍ണാടക 145 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തമിഴ്‌നാടിന്റെ പോരാട്ടം 14.2 ഓവറില്‍ വെറും 100 റണ്‍സില്‍ അവസാനിച്ചു.
46 പന്തില്‍ 6 സിക്‌സും 10 ഫോറും സഹിതം ദേവ്ദത്ത് പടിക്കല്‍ 102 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു. ബിആര്‍ ഭരത് നാല് വീതം സിക്‌സും ഫോറും സഹിതം 23 പന്തില്‍ 53 റണ്‍സെടുത്തു ടീമിനു മികച്ച തുടക്കം നല്‍കി. ദേവ്ദത്തിനൊപ്പം രവിചന്ദ്രന്‍ സ്മരന്‍ 29 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്നു.
ജയം തേടിയിറങ്ങിയ തമിഴ്‌നാടിനു പൊരുതാന്‍ പോലും സാധിച്ചില്ല. 29 റണ്‍സെടുത്ത തുഷാര്‍ രഹേജയാണ് തമിഴ്‌നാടിന്റെ ടോപ് സ്‌കോറര്‍. നരായണ്‍ ജഗദീശന്‍ 21 റണ്‍സെടുത്തു. മാറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല.
കര്‍ണാടകയ്ക്കായി ശ്രേയസ് ഗോപാല്‍ 3 വിക്കറ്റെടുത്തു. പ്രവീണ്‍ ദുബെയും 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച നാല് വിക്കറ്റുകള്‍ ശുഭംഗ് ഹെഗ്‌ഡെയും വിജയ്കുമാര്‍ വൈശാഖും 2 വിക്കറ്റുകള്‍ വീഴ്ത്തി പങ്കിട്ടു.



by Midhun HP News | Dec 2, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: തിരുവനന്തപുരത്ത് 180 ഏക്കര്‍ ഭൂമിയില്‍ ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് സുപ്രീം കോടതി അനുമതി. തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ ഭൂമി ഡിആര്‍ഡിഓയ്ക്ക് കൈമാറാന്‍ സുപ്രീം കോടതി സര്‍ക്കാരിന് അനുമതി നല്‍കി.
നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 32 ഏക്കര്‍ ഭൂമി നാഷണല്‍ ഫൊറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാനായി നല്‍കാനും സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ സശസ്ത്ര സീമ ബല്‍ ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്സ് സ്ഥാപിക്കാന്‍ 32 ഏക്കര്‍ ഭൂമി കൈമാറാനും സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി.
ബ്രഹ്മോസ് എയ്‌റോ സ്പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന്റെ വികസനത്തിന്റെ ഭാഗമായി ഭൂമി അനുവദിക്കണമെന്ന് കേരള സര്‍ക്കാരിനോട് ഡിആര്‍ഡിഒ ആവശ്യപ്പെട്ടിരുന്നു. അത്യാധുനിക മിസൈല്‍ നിര്‍മ്മാണത്തിനും തന്ത്രപ്രധാനമായ ഹാര്‍ഡ്വെയര്‍ നിര്‍മ്മാണത്തിനുമായുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ഡിആര്‍ഡിഓ ഭൂമി ഭൂമി ആവശ്യപ്പെട്ടത്. ബ്രഹ്മോസ് എയ്‌റോ സ്പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിനെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിനേക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന് നിലവില്‍ 457 ഏക്കര്‍ ഭൂമിയാണ് ഉള്ളത്. ഇതില്‍ 200 ഏക്കര്‍ ഭൂമി ജയിലിനായി നിലനിര്‍ത്തിയശേഷം ബാക്കിയുള്ള 257 ഏക്കര്‍ ഭൂമിയാണ് മൂന്ന് വികസന പദ്ധതികള്‍ക്കായി കൈമാറാന്‍ പോകുന്നത്. തുറന്ന ജയില്‍ സ്ഥിതിചെയ്യുന്ന സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് കൈമാറണമെങ്കില്‍ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്. സംസ്ഥാന സര്‍ക്കാരിനുവേവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹാജരായത്. സുപ്രീം കോടതി ഉത്തരവോടെ മൂന്ന് പദ്ധതികള്‍ക്കും ഉടന്‍ ഭൂമി കൈമാറും.



by Midhun HP News | Dec 2, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: വഴിതെറ്റിയ രണ്ട് വയസുകാരി ഒരു രാത്രി മുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ. കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമത്തിൽ കൊങ്കണയ്ക്കു സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. തോട്ടം തൊഴിലാളികളായ സുനിൽ, നാഗിനി ദമ്പതികളുടെ മകൾ സുനന്യയെയാണ് കാണാതായത്.
കുട്ടിയെ കാണാതാകുന്നതിനും അഞ്ച് ദിവസം മുൻപാണ് ദമ്പതികൾ കാപ്പിത്തോട്ടത്തിൽ ജോലിക്കായി എത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഇവർ ജോലിക്കു പോകുമ്പോൾ മകളേയും ഒപ്പം കൂട്ടി. തോട്ടത്തിലെ മറ്റു തൊഴിലാളികളുടെ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് രണ്ട് വയസുകാരി വിജനമായ തോട്ടത്തിനകത്ത് അകപ്പെടുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ശനിയാഴ്ച രാത്രി മുഴുവൻ തിരച്ചിൽ നടത്തി. എന്നാൽ കുട്ടിയെ കണ്ടെത്തിയില്ല. അതിനിടെ തോട്ടത്തിനുള്ള വനം ജീവനക്കാർ കടുവ കാട്ടുപന്നിയെ വേട്ടയാടി ജഡം ഉപേക്ഷിച്ചതു കണ്ടെത്തി. കടുവയുടെ കാൽപ്പാടുകളും കണ്ടതോടെ പരിഭ്രാന്തി പരന്നു. ഞായറാഴ്ച പുലർച്ചെ മുതൽ വീണ്ടും കുട്ടിക്കായി തിരച്ചിൽ തുടർന്നു.



അതിനിടെ തോട്ടത്തിലെ ഒരു മരത്തിനടിയിൽ കുട്ടി ഭയന്ന് ഇരിക്കുന്നത് കണ്ടെത്തി. കാണാതായി 14 മണിക്കൂർ കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയോടെയാണ് കുട്ടിയെ മാതാപിതാക്കളുടെ അരികിലെത്തിച്ചു.
ഗോണികുപ്പ ഫോറസ്റ്റ് എസ്ഐ പ്രദീപ് കുമാർ, ഡിആർഎഫ്ഒ ജെകെ ശ്രീധർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. കുട്ടി തോട്ടത്തിനകത്ത് ഉറങ്ങിപ്പോയതായിരിക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി പരിക്കില്ലെന്നു ഉറപ്പാക്കിയാണ് കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചത്.
Recent Comments