by Midhun HP News | Jul 10, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: സ്‌കൂളില്‍ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പലും അറ്റന്‍ഡന്റും അറസ്റ്റില്‍. താനെയിലെ ഷാപൂരിലെ ആര്‍എസ് ധമാനി സ്‌കൂളിലെ നാല് അധ്യാപകര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. സ്‌കൂളിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടതിന് പിന്നാലെയാണ് പ്രിന്‍സിപ്പലും സഹായിയും ചേര്‍ന്ന് പെണ്‍കുട്ടികളെ വിവസ്ത്രരാക്കി ആര്‍ത്തവ പരിശോധന നടത്തിയത്.
സംഭവത്തില്‍ സ്‌കൂളിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രിന്‍സിപ്പലിനും സഹായിക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും മാതാപിതാക്കളും പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി. ബുധനാഴ്ച രാത്രി സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും സഹായിയെയും അറസ്റ്റ് ചെയ്തതായി ഷാഹാപൂര്‍ പൊലീസ് അറിയിച്ചു.
സ്‌കൂളിലെ ജീവനക്കാര്‍ ചൊവ്വാഴ്ച ടോയ്ലറ്റില്‍ രക്തക്കറ കണ്ടെത്തുകയും ഉടന്‍ തന്നെ അധ്യാപകരെയും പ്രിന്‍സിപ്പലിനെയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ആരാണ് ഉത്തരവാദികള്‍ എന്ന് കണ്ടെത്തുന്നതിനായി, 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ കണ്‍വെന്‍ഷന്‍ ഹാളിലേക്ക് വിളിച്ചുവരുത്തി, അവിടെ ഒരു പ്രൊജക്ടര്‍ ഉപയോഗിച്ച് ടോയ്ലറ്റിലെയും ടൈലുകളിലെയും രക്തക്കറയുടെ ചിത്രങ്ങള്‍ കാണിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിനികളോട് ആര്‍ക്കൊക്കെ ആര്‍ത്തവമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. കൈകള്‍ ഉയര്‍ത്തിയ പെണ്‍കുട്ടികളുടെ വിരലടയാളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അധ്യാപകര്‍ രേഖപ്പെടുത്തി. ബാക്കിയുള്ള പെണ്‍കുട്ടികളെ വാഷ്റൂമുകളിലേക്ക് കൊണ്ടുപോയി, അവിടെവച്ച് വിവസ്ത്രരാക്കി പരിശോധനക്ക് വിധേയരാക്കി.
by Midhun HP News | Jul 10, 2025 | Latest News, ദേശീയ വാർത്ത
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ശുഭാംശു ശുക്ലയുടെയും സംഘത്തിന്റേയും മടക്കയാത്ര മാറ്റി. ആക്‌സിയം ഫോർ ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിലേക്ക് മടങ്ങുക ജൂലൈ 14ന് ശേഷം. ദൗത്യസംഘം മടങ്ങാനിരുന്നത് ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ആയിരുന്നു. യൂറോപ്യൻ സ്‌പേസ് ഏജൻസിയാണ് മടക്കയാത്ര മാറ്റിയ വിവരം അറിയിച്ചത്. മടക്കയാത്ര തീയതി കൃത്യം പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശുഭാംശുവിനും സംഘത്തിനും മൂന്നാഴ്ച ചെലവിടാനായേക്കും. പതിനാലു ദിവസത്തേക്കാണ് ദൗത്യം പദ്ധതിയിട്ടിരുന്നത്.
നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, ഐഎസ്‌ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ് ആക്‌സിയം 4 ദൗത്യം. ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ സന്ദര്‍ശകരെ എത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ആക്‌സിയം സ്‌പേസ്. 2022 ലാണ് ആക്സിയം സ്പേസ് ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികളെ നിലയത്തിലെത്തിച്ചത്. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്‌സിയം സ്‌പേസിന്റെ നാലാം ദൗത്യ വിക്ഷേപണത്തില്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്.
by Midhun HP News | Jul 10, 2025 | Latest News, ദേശീയ വാർത്ത
വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. മലയാളിയുള്‍പ്പെടെ രണ്ട് വിദ്യാര്‍ഥികള്‍ പറത്തിയ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി സ്വദേശിയായ ശ്രീഹരി സുകേഷ് ആണ് അപകടത്തില്‍പ്പെട്ട മലയാളി. സാവന്ന മെയ് റോയ്സ് എന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥി.
കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്‍ബാച്ച് മേഖലയില്‍ ചൊവ്വാഴ്ച ആയിരുന്നു അപകടം. പരിശീലന പറക്കലിനിടെ ഇരുവരും ഒരേ സമയം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പരിശീനത്തിന് ഉപയോഗിക്കുന്ന ചെറിയ റണ്‍വേയില്‍ നിന്ന് ഏതാനും മീറ്ററുകള്‍ അകലെ ആയിരുന്നു അപകടം.
ഹാര്‍വ്‌സ് എയര്‍ പൈലറ്റ് പരിശീലന സ്‌കൂളിന്റെ സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങളായ സെസ്‌ന 152, സെസ്‌ന 172 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ ഹാര്‍വ്‌സ് എയറിൻ്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡ് അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Jul 9, 2025 | Latest News, ദേശീയ വാർത്ത
രാജ്യത്ത് മൊബൈൽ റീചാർജ് ഇനി കൂടുതൽ ചിലവേറും. ഈ വർഷം അവസാനത്തോടെ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ 12 ശതമാനം വരെയാണ് പ്രതീക്ഷിക്കുന്ന നിരക്ക് വർധനവ്. ഇടത്തരം മുതൽ ഉയർന്ന റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളെയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. അതേസമയം കുറഞ്ഞ റീചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്താന് ആലോചനയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മെയ് മാസത്തിൽ സജീവമായ വരിക്കാരുടെ വളർച്ചയാണ് വർദ്ധനവിന് കാരണമായി പറയുന്നത്.
by Midhun HP News | Jul 9, 2025 | Latest News, ദേശീയ വാർത്ത
ജയ്പൂര്‍: രാജസ്ഥാനില്‍ വ്യോമ സേന വിമാനം തകര്‍ന്ന് വീണ് അപകടം. ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് രാജസ്ഥാനിലെ ചുരു ജില്ലയിലെ ഭനോഡ മേഖലയിലെ കൃഷിയിടത്തിലാണ് വിമാനം തകർന്നുവീണത്. രണ്ട് പേര്‍ സഞ്ചരിച്ച വിമാനം ഒരു മണിയോടെയാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. സൂറത്ത്‌നഗര്‍ വ്യോമ താവളത്തില്‍ പറന്നുയര്‍ന്നതാണ് വിമാനം.
എന്നാല്‍, അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിമാനം തകര്‍ന്നുവീണ് സ്ഥലത്ത് ശരീരഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
വിമാനം തകര്‍ന്നു വീണ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഒഴിഞ്ഞ പ്രദേശത്ത് നിന്നും പുക ഉയരുന്നതകും ആളുകള്‍ ഓടിയെത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. കരയിലെ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ദൗത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവയാണ് വ്യോമസേനയുടെ ജഗ്വാര്‍ വിമാനങ്ങള്‍.
by Midhun HP News | Jul 9, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉന്നതതല ഇടപെടലിലൂടെ പാലക്കാട് സ്വദേശിനിയുടെ ശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ദയാധനം കൈമാറുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സങ്കീര്‍ണമാണെന്നതാണ് രക്ഷാദൗത്യത്തിന് പ്രതിസന്ധിയാകുന്നത്.
വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രാദേശിക അധികാരികളുമായും യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. എന്നാല്‍ വധ ശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് കുടുംബത്തിനും ഇന്ത്യന്‍ അധികൃതര്‍ക്കും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വധശിക്ഷ സംബന്ധിച്ച് ഇതുവരെ ഞങ്ങള്‍ക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് മുന്നിലുള്ളത്. എന്ന് നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് അറിയിച്ചു. യമന്‍ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കും എന്നാണ് ഇപ്പോഴും കരുതുന്നത്, ഉന്നത ഇടപെടലുകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു.
അതിനിടെ, നിമിഷപ്രിയയുടെ മോചനത്തിനായി നെന്മാറ എംഎല്‍എ കെ. ബാബു കമ്മിറ്റിയുടെ ചെയര്‍മാനായി സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം ഏറെ ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് കെ. ബാബു പ്രതികരിച്ചു. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിഷയത്തില്‍ നല്ല രീതിയില്‍ ഇടപെട്ടിട്ടുണ്ട്. യെമനില്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നില്ല. ഗോത്രസമുദായങ്ങളാണ് തീരുമാനങ്ങളെടുക്കുന്നത്. ഈ വിഷയത്തില്‍ പലതവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. സാമുവല്‍ ഇന്നുതന്നെ യെമെനിലേക്ക് പുറപ്പെടുമെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
നിമിഷ പ്രിയയുടെ വധ ശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാനാണ് ഉത്തരവെന്നാണ് റിപ്പോര്‍ട്ട്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയതായും യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നത് തടയാന്‍ തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും സാമുവല്‍ ജെറോം പറഞ്ഞു.
2017 ജൂലൈയില്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ തടവിലായ പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. 2020-ല്‍ സനയിലെ വിചാരണ കോടതിയും യെമന്‍ സുപ്രീം കോടതിയുമാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്. വധ ശിക്ഷ ഒഴിവാക്കാന്‍ ദയാധനമായി 8.57 കോടി രൂപയാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെട്ടത്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.
Recent Comments