by Midhun HP News | Jul 11, 2025 | Latest News, ദേശീയ വാർത്ത
ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും ലോക കോടീശ്വര പട്ടികയിൽ ഉണ്ടായിരുന്ന വ്യക്തിയുമായിരുന്നു അനിൽ അംബാനി. എന്നാൽ ഇപ്പോൾ പാപ്പരത്ത നടപടികളിലൂടെ കടന്നു പോവുകയാണ് അദ്ദേഹം. ഈ സാചര്യത്തിലാണ് അംബാനിക്ക് ആശ്വാസം നൽകിക്കൊണ്ട് കാനറാ ബാങ്കിന്‍റെ നടപടി. അനിൽ അംബാനിയുടെ നിയന്ത്രണത്തിലുള്ള ടെലികോം കമ്പനിയായിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ വായ്പകളെ ‘തട്ടിപ്പ്’ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയാതായി കാനറാ ബാങ്ക് അറിയിച്ചു. ബോംബെ ഹൈക്കോടതിയിലാണ് ബാങ്ക് ഒഴിവാക്കിയ വിവരം അറിയിച്ചത്.
ബാങ്കിന്റെ നടപടിയെ ചോദ്യം ചെയ്ത് അംബാനി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് നീക്കം. 2017 ല്‍ കാനറ ബാങ്ക് അനുവദിച്ച 1,050 കോടി രൂപയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ നടന്ന നിയമനടപടികളുടെ ഭാഗമായാണ് ഈ നീക്കം. റിസർവ് ബാങ്കിന്റെ മാസ്റ്റർ സർക്കുലർ അനുസരിച്ച്, ഒരു അക്കൗണ്ട് വ്യാജമാണെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ബാങ്കുകൾ സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടെ വാദം കേൾക്കുന്നതിൽ കാനറ ബാങ്ക് പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഓര്‍ഡര്‍ പിന്‍വലിച്ച വിവരം റിസര്‍വ് ബാങ്കിനെ ധരിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
മറ്റ് കമ്പനികളുടെ ബാധ്യതകള്‍ തീര്‍പ്പാക്കാനായി അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, കാനറ ബാങ്കില്‍ നിന്നെടുത്ത 1,050 കോടി രൂപയുടെ വായ്‌പ വകമാറ്റി എന്നാരോപിച്ചാണ് വായ്പകളെ ബാങ്ക് തട്ടിപ്പ് വിഭാഗത്തിലേക്ക് മാറ്റിയത്. അതേസമയം എസ് ബി ഐയും റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ വായ്പകളെ ‘തട്ടിപ്പ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അനിൽ അംബാനി കമ്പനിയുടെ ഡയറക്ടർ അല്ല.
by Midhun HP News | Jul 11, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: ഹെഡ്ലൈറ്റിടാതെ രാത്രിയിൽ വാഹനം ഡ്രൈവ് ചെയ്തതിന് 30,000 പേർക്ക് പിഴയിട്ടതായി യു എ ഇ അധികൃതർ. ട്രാഫിക് നിയമം അനുസരിച്ചു യു എ ഇയിൽ സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ വാഹനങ്ങൾ ഓടിക്കുമ്പോൾ ലൈറ്റുകൾ ഓൺ ചെയ്തിരിക്കണം. അത്യവശ്യ ഘട്ടങ്ങളിലും വാഹനത്തിന്റെ ഹെഡ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാം. എന്നാൽ പലരും നിയമം പാലിക്കുന്നില്ല. ട്രാഫിക് നിയമങ്ങൾ പാലിക്കാത വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
ഈ നിയമലംഘനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുളത് ദുബൈയിലാണ്. 10,706 എണ്ണം. ഷാർജയിൽ 8635, അബൂദബിയിൽ 8231, അജ്മാനിൽ 1393, റാസൽഖൈമയിൽ 907, ഉമ്മുൽഖുവൈനിൽ 74, ഫുജൈറയിൽ 67 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ നിയമലംഘനത്തിന്റെ കണക്ക്. 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷയായി ലഭിക്കുക.
ടെയിൽലൈറ്റുകൾ,ടേൺ സിഗ്നലുകൾ എന്നിവ ട്രാഫിക് നിയമങ്ങൾ അനുസരിച്ച് ഉപയോഗിക്കാത്തത്തിനും 10,932 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബുദാബിയിൽ 4279, ദുബൈയിൽ 3901, ഷാർജയിൽ 1603, അജ്മാനിൽ 764, റാസൽഖൈമയിൽ 246, ഉമ്മു ഖുവൈനിൽ 27, ഫുജൈറയിൽ 112 എന്നിങ്ങനെയാണ് നിയമലംഘനങ്ങളുടെ കണക്ക്. 400 ദിർഹവും രണ്ട് ബ്ലാക്ക് പോയിന്റുകളുമാണ് നിയമലംഘനത്തിനുള്ള ശിക്ഷ.
ഇതോടൊപ്പം, തെറ്റായ രീതിയിൽ വാഹനങ്ങളുടെ ലൈറ്റുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട 34,811 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. അബുദാബിയിൽ 6,899, ദുബൈയിൽ 4,329, ഷാർജയിൽ 18,702, അജ്മാനിൽ 4,707, ഉമ്മുൽ ഖുവൈനിൽ 26, ഫുജൈറയിൽ 148 എന്നിങ്ങനെയാണ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
by Midhun HP News | Jul 11, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.
ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദമായ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്യ ബാഗ്ച്ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി സംബന്ധിച്ച വിവരം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16 ന് നടപ്പാക്കാന്‍ തീരുമാനിച്ച വിവരം പുറത്തുവന്ന സാഹചര്യത്തില്‍, അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി ജീവന്‍ രക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതിനിടെ, യെമനിലുള്ള നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വീഡിയോ കോളിലൂടെ സംസാരിച്ചു. നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസുമായി തന്നെ സന്ദര്‍ശിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഫോണിലാണ് നിമിഷപ്രിയയുടെ അമ്മയുമായി ഗവര്‍ണര്‍ സംസാരിച്ചത്. ഗവര്‍ണര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ പ്രേമകുമാരി, മകളുടെ ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ചു.
പ്രേമകുമാരിയെ ആശ്വസിപ്പിച്ച ഗവര്‍ണര്‍, എല്ലാ വഴിക്കും ശ്രമിക്കുന്നുണ്ടെന്നും പല തട്ടിലുള്ളവരുമായി ആശയവിനിമയം നടത്തിവരികയാണെന്നും അറിയിച്ചു. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. ഈ പരിശ്രമങ്ങള്‍ക്കെല്ലാം ദൈവത്തിന്റെ സഹായമുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിനായി ചാണ്ടി ഉമ്മന്‍ എംഎല്‍എയും അമ്മ മറിയാമ്മയും തന്നെ വന്നു കണ്ട കാര്യവും ഗവര്‍ണര്‍ പ്രേമകുമാരിയെ അറിയിച്ചു.
by Midhun HP News | Jul 10, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ പിടിയില്‍. 26വര്‍ഷത്തിനുശേഷം ബംഗളൂരുവില്‍ നിന്നാണ് 48കാരനായ പ്രതി പിടിയിലായത്. കോയമ്പത്തൂര്‍ സിറ്റി പൊലീസൂം തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയ പ്രതിയെ കോയമ്പത്തൂരില്‍ എത്തിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും അന്വേഷണ സംഘം അറിയിച്ചു.
പ്രതിപ്പട്ടികയിലെ ടെയ്ലര്‍ രാജ, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ക്കായി അന്വേഷണസംഘം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മുജീബുര്‍ റഹ്മാന്‍ ഇപ്പോഴും ഒളിവിലാണ്. ടെയ്‌ലര്‍ രാജ കര്‍ണാടകയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒളിത്താവളം വളഞ്ഞ് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിരോധിത സംഘടനയായ അല്‍- ഉമ്മയുടെ സജീവ കേഡറായിരുന്നു ടെയ്‌ലര്‍ രാജ. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രരിലൊരാള്‍ ടെയ്‌ലര്‍ രാജയെന്നാണ് പൊലീസ് പറയുന്നത്. തയ്യല്‍ക്കട നടത്തിയിരുന്ന ഇയാള്‍ സ്‌ഫോടനം നടത്തുന്നതിനായി വിവിധ ഇടങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചതും ഇതിനായി വീട് വാടകക്കെടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
167 പ്രതികളുണ്ടായിരുന്ന കേസില്‍ 153 പേരാണു ശിക്ഷിക്കപ്പെട്ടത്. ഈ കേസിലാണ് പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിക്ക് 9 വര്‍ഷവും 3 മാസവും ജയിലില്‍ കഴിയേണ്ടിവന്നത്. അദ്ദേഹത്തെ പിന്നീടു വിട്ടയച്ചു. 1998 ഫെബ്രുവരി 14 മുതല്‍ 17 വരെയുണ്ടായ 19 സ്‌ഫോടനങ്ങളില്‍ 58 പേര്‍ മരിക്കുകയും ഇരുനൂറിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
അന്നത്തെ ബിജെപി അധ്യക്ഷന്‍ എല്‍കെ അഡ്വാനി ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു സ്‌ഫോടനം. അഡ്വാനിയെ വധിക്കുക ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
by Midhun HP News | Jul 10, 2025 | Latest News, ദേശീയ വാർത്ത
ദോഹ: ദന്ത ഡോക്ടർമാരായി (ജനറൽ) ഖത്തറിൽ ജോലി ചെയ്യണമെങ്കിൽ ഇനി മുതൽ ദേശീയ യോഗ്യതാ പരീക്ഷ കൂടി പാസാകണം. ഇതുമായി ബന്ധപ്പെട്ട പുതിയ യോഗ്യതാ പരീക്ഷാ മാനദണ്ഡം പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ദന്ത ഡോക്ടർമാരുടെ അറിവ് വർധിപ്പിക്കുന്നതിനും, ജനങ്ങൾക്ക് മികച്ച ചികിത്സ നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ഖത്തറിന്റെ ആരോഗ്യ സംവിധാനത്തിൽ രോഗികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നതാണ് പരീക്ഷയിലൂടെ ലക്ഷ്യം വെക്കുന്നത്.
പുതിയ നിയമപ്രകാരം ഖത്തറിൽ ദന്ത ഡോക്ടർമാരായി ജോലി ചെയ്യാനുള്ള ലൈസൻസ് ലഭിക്കണമെങ്കിൽ നിലവിലെ മറ്റ് യോഗ്യതാ പരീക്ഷകൾക്ക് പുറമെ ദേശീയ യോഗ്യതാ പരീക്ഷ കൂടി വിജയിക്കണം. പ്രൊമെട്രിക് പ്ലാറ്റ്ഫോം മുഖേന ഓൺലൈൻ ആയാണ് പരീക്ഷ നടത്തുകയെന്ന് ഹെൽത്ത് കെയർ പ്രൊഫഷൻസ് വകുപ്പ് മേധാവി വ്യക്തമാക്കി.
ആദ്യ തവണ പരീക്ഷ എഴുതി പാസ്സായില്ലെന്ന് കരുതി വിഷമിക്കേണ്ട. അഞ്ച് തവണ സമയപരിധിയില്ലാതെ പരീക്ഷ എഴുതാൻ അവസരം ലഭിക്കും. മൂന്നര മണിക്കൂർ നീളുന്ന പരീക്ഷയിൽ 150 ചോദ്യങ്ങളാണ് ഉണ്ടാകുക. വിജയിക്കാൻ കുറഞ്ഞത് 60 ശതമാനം മാർക്ക് ആവശ്യമാണ്.
ദന്തചികിത്സയുമായി ബന്ധപ്പെട്ട അത്യാധുനിക ചികിത്സാരീതികളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാകും പ്രധാനമായും ഉണ്ടാകുക. ദന്ത ഡോക്ടർമാരുടെ ഇത്രയും നാളത്തെ പരിചയസമ്പത്ത് അളക്കാനുള്ള മാർഗം കൂടിയാണ് ഈ പരീക്ഷയെന്നും ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
by Midhun HP News | Jul 10, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിനോട് അടിയന്തരമായി ഇടപെടണമെന്ന് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിദേശകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ മാസം 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുനന്ത്. ദിയാധനം കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ അംഗീകരിച്ചാല്‍ മാപ്പു നല്‍കാമെന്ന് ശരീ അത്ത് നിയമത്തില്‍ പറയുന്നുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്താനായി നയതന്ത്ര മാര്‍ഗത്തിലുള്ള ഇടപെടലുകള്‍ കേന്ദ്രം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത് ആണ് ഹര്‍ജി, ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, ജോയ്മാല്‍ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെ മെന്‍ഷന്‍ ചെയ്തത്. എന്തിനാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് ജസ്റ്റിസ് ധൂലിയ ചോദിച്ചു. നിമിഷപ്രിയ മലയാളി നഴ്‌സാണ്. ജോലി തേടി യെമനില്‍ പോയതാണ്. അവിടുത്തെ ഒരാള്‍ നിമിഷപ്രിയയെ നിരന്തരം ഉപദ്രവിച്ചിരുന്നു. തുടര്‍ന്ന് അയാള്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.
യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം പിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. കെ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, എ എ റഹിം എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനും കത്തയച്ചിരുന്നു. യെമനിലെ സാമൂഹ്യപ്രവർത്തകരടക്കം വിഷയത്തിൽ ഇടപെടുന്നുണ്ട്. കേന്ദ്രത്തിന്റെ സഹായവും കൂടി ലഭിച്ചാൽ നിമിഷപ്രിയയെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കുന്നതിൽ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങൾ ചെയ്യാനാകുമെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു.
Recent Comments