by Midhun HP News | Aug 3, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടക സര്‍ക്കാരിനോട് നദീജലം വിട്ടുനല്‍കാന്‍ കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിയും വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റിയും നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഇതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് വിജയ് സര്‍ക്കാര്‍ പരമോന്നത കോടതിയിലെത്തിയത്.
മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ നിര്‍ദേശ പ്രകാരം തിങ്കളാഴ്ചയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കാവേരിയുടെ വൃഷ്ടിപ്രദേശത്ത് ആവശ്യത്തിന് മഴ ലഭിക്കുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ജൂലൈ 28ന് ജലം വിട്ടുനല്‍കാന്‍ വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി നിര്‍ദേശിച്ചത്. സെക്കന്‍ഡില്‍ 3,500 ക്യുസെക്‌സ് എന്ന തോതില്‍ 15 ദിവസത്തേക്ക് കൃഷ്ണരാജ സാഗര്‍, കബനി അണക്കെട്ടുകളില്‍ നിന്ന് ജലം തുറന്നുവിടാനായിരുന്നു നിര്‍ദേശം.
എന്നാല്‍ 3500 ക്യുസെക്‌സിനു പകരം 158 മുതല്‍ 500 ക്യുസെക്‌സ് തോതിലുള്ള ജലം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതെന്ന് തമിഴ്‌നാട് പറയുന്നു. തമിഴ്‌നാടിന് ആവശ്യമായ ജലം വിട്ടുനല്‍കിയാലും കര്‍ണാടകയിലെ നാല് അണക്കെട്ടുകളില്‍ സംഭരിച്ചിരിക്കുന്ന ജലം പര്യാപ്തമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ലഭിക്കുന്ന കനത്ത മഴ കൂടി കണക്കാക്കി ആനുപാതികമായ തോതില്‍ ജലം വിട്ടുനല്‍കാന്‍ കര്‍ണാടക തയ്യാറാകണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു.


by Midhun HP News | Aug 3, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സണ്ണി ജോസഫിന്റെ പിന്‍ഗാമിയായി ഷാഫി പറമ്പില്‍ എംപിയെ കെപിസിസി അധ്യക്ഷ പദവിയില്‍ എത്തിക്കാന്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നീക്കം സജീവമാക്കി. കര്‍ണാടകയിലെ മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി പുനഃസംഘടനയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇനി മുന്‍ഗണന നല്‍കി പരിഗണിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കെസി പക്ഷത്തിന്റെ ചരടുവലി.
സണ്ണി ജോസഫ് വിഡി സതീശന്‍ സര്‍ക്കാരില്‍ മന്ത്രിയായതിനെത്തുടര്‍ന്ന്, രണ്ടു മാസമായി കെപിസിസി മുഴുവന്‍ സമയ അധ്യക്ഷനില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതു സംഘടനയ്ക്കുള്ളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. നേതാക്കള്‍ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും മറ്റു മുന്‍ഗണനകള്‍ പറഞ്ഞ് എഐസിസി ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ അധ്യക്ഷ പദവി ലാക്കാക്കി എംപിമാരായ കൊടിക്കുന്നില്‍ സുരേഷും ആന്റോ ആന്റണിയും ലോബിയിങ് ശക്തമാക്കുകകയും ചെയ്തു.
ദലിത് വിഭാഗത്തില്‍നിന്നുള്ള കൊടിക്കുന്നിലിനെ കെപിസിസി അധ്യക്ഷനാക്കണമെന്ന്, ദലിത് വിഭാഗത്തില്‍നിന്നു തന്നെയുള്ള എഐസിസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് താത്പര്യമുണ്ട്. ഇതു പാര്‍ട്ടിക്ക് പുതിയൊരു മുഖം നല്‍കുമെന്നും പിന്നാക്കാര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാക്കുമെന്നും ഖാര്‍ഗെ കരുതുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധിക്ക് ആന്റോ ആന്റണിയെ അധ്യക്ഷനാക്കുന്നതിനോടാണ് താത്പര്യമെന്നാണ് സൂചന. രാഹുല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഷാഫി പറമ്പിലിനായി കെസി വേണുഗോപാല്‍ രാഹുലിനെ സമീപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ഷാഫിയെ അധ്യക്ഷനാക്കുന്നതിലൂടെ ന്യൂനപക്ഷ വിഭാഗത്തെയും ഒപ്പം യുവാക്കളെയും ഒപ്പം കൂട്ടാന്‍ കഴിയുമെന്നാണ് കെസി പക്ഷം ഹൈക്കമാന്‍ഡിനു മുന്നില്‍ വാദിക്കുന്നത്.
അതേസമയം മുഖ്യമന്ത്രിപദം കൈവിട്ട കെസി കേരളത്തിലെ പാര്‍ട്ടിയില്‍ പിടിമുറുക്കി അതുവഴി ഭരണത്തെ കൈപ്പിടിയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന്, പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു. കെപിസിസിക്ക് ശക്തമായ നേതൃത്വം ഇല്ലാത്ത സാഹചര്യത്തില്‍ ഭരണത്തില്‍ മുഖ്യമന്ത്രിയുടെ വണ്‍ മാന്‍ ഷായാണ് നടക്കുന്നതെന്ന പരാതി ഇവര്‍ക്കുണ്ട്. ഭരണ നേതൃത്വത്തിനു മേല്‍ പാര്‍ട്ടിക്കു കര്‍ശനമായ നിയന്ത്രണം വേണമെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ ഷാഫിയെ നേതൃത്വത്തില്‍ എത്തിക്കാനുള്ള കെസിയുടെ നീക്കത്തിന്, സതീശന്റെ രീതികളോട് എതിര്‍പ്പുള്ളവരുടെ നിശബ്ദ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസില്‍നിന്നു തന്നെയുള്ള സൂചന.
സണ്ണി ജോസഫിന്റെ പിന്‍ഗാമിയായി നേരത്തേ ബെന്നി ബഹനാന്റെ പേര് നേതൃത്വം സജീവമായി പരിഗണിച്ചിരുന്നു. മാത്യു കുഴല്‍നാടന്റെ പേരും പരിഗണനയില്‍ ഉണ്ടെങ്കിലും കെസിയുടെ താത്പര്യങ്ങള്‍ക്കാവും മുന്‍തൂക്കം ലഭിക്കുക. നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും കെസിയെ മുഖ്യമന്ത്രിപദത്തില്‍നിന്നു മാറ്റിനിര്‍ത്തേണ്ടി വന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്ന് ഒപ്പമുള്ളവര്‍ കരുതുന്നു.

by Midhun HP News | Aug 3, 2026 | Latest News, ദേശീയ വാർത്ത
2026-ലെ ഫാർമസി കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ 05.08.2026 വൈകുന്നേരം 4.00 മണിക്ക് മുമ്പായി അതത് കോളജുകളിൽ പ്രവേശനം നേടേണ്ടതാണ്. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഹോം പേജിൽ നിന്ന് ഈ ഘട്ടത്തിലെ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്. അലോട്ട്മെന്റ് മെമ്മോയുടെ പകർപ്പ് വിദ്യാർഥികൾ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിലെ ‘Data Sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ എന്നിവയും പ്രോസ്പെക്ടസ് ക്ലോസ് 11.7.1-ൽ പറഞ്ഞിരിക്കുന്ന ബാധകമായ രേഖകളും കോളജ് അധികൃതർക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.
വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ, അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് (ബാധകമെങ്കിൽ) 05.08.2026 ഉച്ചയ്ക്ക് 3 മണിക്ക് ഉള്ളിൽ ഓൺലൈൻ പേയ്‌മെന്റ് മുഖാന്തിരം ഒടുക്കിയ ശേഷം 05.08.2026 വൈകുന്നേരം 4 മണിക്കകം അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടേണ്ടതാണ്.
നിശ്ചിത സമയത്തിനുള്ളിൽ ഫീസ് ഒടുക്കി കോളേജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റ് റദ്ദാകുന്നതാണ്. നിലവിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള എല്ലാ വിദ്യാർഥികളും അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള കോളേജുകളിൽ 05.08.2026 വൈകുന്നേരം 4 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിദ്യാർഥികൾ അലോട്ട്മെന്റ് ലഭിച്ച കോളജുമായി ബന്ധപ്പെടേണ്ടതാണ്.
ഹെൽപ് ലൈൻ നമ്പർ: 0471-2332120, 2338487
by Midhun HP News | Aug 3, 2026 | Latest News, ദേശീയ വാർത്ത
പട്‌ന: ശുചിമുറിയില്‍ പോകാന്‍ അനുവദിക്കാതിരുന്ന മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ അടിച്ചു കൊലപ്പെടുത്തി. ബിഹാര്‍ സസാറാം മുനിസിപ്പല്‍ കൊണ്‍സില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിമല്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡ്രൈവര്‍ മിതിലേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വാഹനമോടിക്കുന്നതിനിടെ ടോയ്ലറ്റ് ബ്രേക്ക് നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഡ്രൈവര്‍ പൊലീസിനോട് സമ്മതിച്ചു. ഞായറാഴ്ച രാത്രി പട്‌നയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. തര്‍ക്കത്തിനിടെ ഇരുമ്പു വടികൊണ്ട് മേലുദ്യോഗസ്ഥനെ അടിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി മിതിലേഷ് ശ്രമം നടത്തിയിരുന്നതായി പൊലീസ് സൂചിപ്പിച്ചു. മോട്ടോര്‍ ബൈക്കുകളിലെത്തിയ അജ്ഞാതരായ ആക്രമികള്‍ വാഹനം തടഞ്ഞുനിര്‍ത്തി വിമല്‍ കുമാറിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രതി ആദ്യം പറഞ്ഞത്. എന്നാല്‍ പ്രതിയുടെ ശരീരത്തില്‍ അക്രമം നേരിട്ടതിന്റെ ഒരു പാടുകള്‍ പോലും ഇല്ലാത്തത് പൊലീസിന് സംശയം ജനിപ്പിച്ചു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മിതിലേഷ് കുമാര്‍ കുറ്റം സമ്മതിച്ചത്. യാത്രയ്ക്കിടെ ഡ്രൈവര്‍ മിതിലേഷിന് ടോയ് ലറ്റില്‍ പോകണമെന്ന് തോന്നി. ഇക്കാര്യം മേലുദ്യോഗസ്ഥനായ വിമല്‍കുമാറിനോട് സൂചിപ്പിച്ചെങ്കിലും, വാഹനം നിര്‍ത്താന്‍ സമ്മതിച്ചില്ല. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ച്ചയായ ജോലി ഭാരവും മിതിലേഷിനെ പ്രകോപിതനാക്കിയിരുന്നതായി പൊലീസ് സൂചിപ്പിച്ചു.
by Midhun HP News | Aug 3, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. റോഡുകളിൽ കാൽനടയാത്രക്കാർക്കായി നീക്കിവെച്ചിരിക്കുന്ന സ്ഥലങ്ങൾ കയ്യേറുന്നില്ലെന്നും അവ വാഹന പാതകളിൽ നിന്ന് കൃത്യമായി വേർതിരിച്ചിട്ടുണ്ടെന്നും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
വലിയ സാമ്പത്തിക നിക്ഷേപമോ നിർമ്മാണങ്ങളോ ഇല്ലാതെ തന്നെ കാൽനടയാത്രക്കാരുടെ പാതകൾ കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡുള്ളിടത്തെല്ലാം നടന്നുപോകുന്നവർക്ക് പ്രത്യേക സൗകര്യം വേണം. കയറുകൊണ്ട് അതിർത്തിയ തിരിച്ചാണെങ്കിലും കാൽനടപ്പാതകൾ കയ്യേറപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. വാഹനങ്ങളുടെ ഭീഷണിയില്ലാതെ തങ്ങൾക്ക് സഞ്ചരിക്കാൻ നീക്കിവെച്ച വഴിയാണിതെന്ന ആത്മവിശ്വാസം കാൽനടയാത്രക്കാരിൽ ഉണ്ടാക്കിയെടുക്കാൻ അധികാരികൾക്ക് സാധിക്കണം.
വിഷയത്തിൽ അധികാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറലിന് രണ്ട് ആഴ്ചത്തെ സമയം അനുവദിച്ച സുപ്രീം കോടതി, ഹർജി കൂടുതൽ വാദം കേൾക്കുന്നതിനായി രണ്ട് ആഴ്ചയ്ക്ക് ശേഷം മാറ്റിവെച്ചു.കൃത്യമായി വേർതിരിച്ച ഫൂട്ട്പാത്തുകളിലൂടെ നടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് ജൂൺ 19-ന് പുറപ്പെടുവിച്ച ഒരു പ്രധാന വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
റോഡുകളിൽ മോട്ടോർ വാഹനങ്ങളേക്കാൾ കാൽനടയാത്രക്കാർക്കാണ് മുൻഗണന നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 19 (1) (ഡി) ഉറപ്പുനൽകുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെയും ഭാഗമാണ് സുരക്ഷിതമായ കാൽനടയാത്രയെന്നും സുപ്രീം കോടതി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Aug 3, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ലൈംഗികാരോപണക്കേസില്‍ കോടതി കുറ്റവിമുക്തനാക്കി. ബ്രിജ് ഭൂഷനൊപ്പം കേസ് ചുമത്തപ്പെട്ട് വിനോദ് തോമറിനെയും ഡല്‍ഹി റൗസ് അവന്യു കോടതി വെറുതെ വിട്ടു. ആറ് വനിത ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസാണ് കോടതി തള്ളിയത്.
ഒളിംപിക് മെഡല്‍ ജേതാക്കളായ വിനേശ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് ഡല്‍ഹി പൊലീസ് ബ്രിജ് ഭൂഷണെതിരെ കേസെടുത്തത്. 1500 പേജുള്ള കുറ്റപത്രം 2023 ജൂണ്‍ 15ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള ഗുസ്തി താരങ്ങള്‍, ഫെഡറേഷന്‍ തലവനായിരുന്ന ബ്രിജ് ഭൂഷനില്‍ നിന്ന് അതിക്രമം നേരിട്ടതായി ആരോപിച്ചിരുന്നു.
2023ല്‍ ഉയര്‍ന്ന ലൈംഗികാരോപം രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗുസ്തി താരങ്ങളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ മാസങ്ങളോളം ധര്‍ണയും പ്രതിഷേധവും നടത്തിയിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഗുസ്തി താരങ്ങള്‍ നടത്തിയ മാര്‍ച്ചിനിടെ നിരവധി കായികതാരങ്ങളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ലോകമെമ്പാടുമുള്ള പ്രമുഖ കായിക സംഘടനകളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.
കേസില്‍ പരാതി നല്‍കിയ ആറ് പേരില്‍ ഒരാള്‍ താനാണെന്ന് വിനേഷ് ഫോഗട്ട് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് മുന്‍പ് തന്റെ പേര് വെളിപ്പെടുത്താതിരുന്നതെന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ വിനേശ് വ്യക്തമാക്കിയിരുന്നു. റെസ്ലിംഗ് ഫെഡറേഷന്‍ ഒഇപ്പോഴും ബ്രിജ് ഭൂഷണിന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഗോണ്ടയിലെ ബ്രിജ് ഭൂഷണിന്റെ ഉടമസ്ഥതയിലുള്ള കോളജില്‍ റാങ്കിങ് ടൂര്‍ണമെന്റുകള്‍ നടത്തുന്നത്, വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി താരങ്ങള്‍ക്ക് നിഷ്പക്ഷമായി മത്സരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിനേഷ് ചൂണ്ടിക്കാണിച്ചിരുന്നു.
Recent Comments