by Midhun HP News | Aug 3, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ആഗോള തലത്തിലെ എണ്ണ വിലയിടിവ് അനുകൂലമാക്കി ഓഹരി വിപണിയും രൂപയും. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 95.12ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 85 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ്. ഇതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയുമെന്ന പ്രതീക്ഷയാണ്് രൂപയില്‍ പ്രതിഫലിച്ചത്. ഡോളര്‍ ദുര്‍ബലമായതും രൂപയ്ക്ക് കരുത്തു പകര്‍ന്നു. ഇറാനെതിരായ സൈനിക നടപടി ശക്തമാക്കാനുള്ള തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീട്ടിവെച്ചതാണ് എണ്ണവിപണിയില്‍ പ്രതിഫലിച്ചത്. ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അമേരിക്ക തീരുമാനം പുനഃ പരിശോധിച്ചത്. ഉടന്‍ തന്നെ ഇറാനുമായുള്ള സമാധാന കരാറിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് കരുത്തായി. ഇതിന് പുറമേ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലുകളും ഫലം കണ്ടു. തുടര്‍ച്ചയായ ആറാം ദിവസമാണ് രൂപ കരുത്തുകാട്ടുന്നത്.
അതിനിടെ ഓഹരി വിപണിയും നേട്ടത്തിന്റെ പാതയിലാണ്. എണ്ണവില കുറഞ്ഞത് അടക്കമുള്ള അനുകൂല ഘടകങ്ങള്‍ തന്നെയാണ് ഓഹരി വിപണിക്ക് കരുത്തായത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് പ്രധാനമായി എണ്ണവില കുറയാന്‍ ഇടയാക്കിയത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് മുന്നേറിയത്. വിദേശ നിക്ഷപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയില്‍ പ്രതിഫലിച്ചു. ഐടിസി, ബജാജ് ഫിനാന്‍സ്, ജിയോ ഫിനാന്‍ഷ്യല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.
by Midhun HP News | Aug 3, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്ക-ഇറാന്‍ സമാധാന കരാര്‍ ഉടന്‍ നിലവില്‍ വരുമെന്ന പ്രതീക്ഷയില്‍ കുത്തനെ ഇടിഞ്ഞ് ആഗോളതലത്തില്‍ എണ്ണവില. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ഒരിടവേളയ്ക്ക് ശേഷം ബാരലിന് 85 ഡോളറില്‍ താഴെ എത്തി. ഇന്ന് മാത്രം നാലുശതമാനമാണ് എണ്ണവിലയില്‍ ഉണ്ടായ ഇടിവ്. ബാരലിന് 83 ഡോളറിലേക്കാണ് എണ്ണവില താഴ്ന്നത്.
നിക്ഷേപകര്‍ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പുരോഗതിയുടെ സൂചനയെ സ്വാഗതം ചെയ്യുകയാണ്. ഇത് മിഡില്‍ ഈസ്റ്റില്‍ എണ്ണ വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ കുറയ്ക്കാന്‍ ഇടയാക്കുന്നുണ്ട്. ലോകത്തിന്റെ എണ്ണനീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസില്‍ സമാധാനം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് വിപണിയില്‍ പ്രതിഫലിച്ചത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന് നേരെയുള്ള സൈനിക നടപടി നീട്ടിവെയ്ക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുകൂലമായ നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.
ദിവസങ്ങളോളം നീണ്ടുനിന്ന സംഘര്‍ഷത്തെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്ന എണ്ണവിലയിലാണ് ഇതോടെ ഇടിവുണ്ടായത്. സംഘര്‍ഷത്തിന് അയവ് വരുമെന്ന പ്രതീക്ഷകള്‍ക്ക് ട്രംപിന്റെ അടക്കമുള്ളവരുടെ പ്രസ്താവനകള്‍ ഊര്‍ജ്ജം പകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
by Midhun HP News | Aug 1, 2026 | Latest News, ദേശീയ വാർത്ത
റിയാദ്: സൗദി അറേബ്യയുടെ ആകാശത്ത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. 75 വര്‍ഷത്തിനിടെ രാജ്യം കാണുന്ന അപൂര്‍വ്വ കാഴ്ചയാണിത്. സൗദി ബഹിരാകാശ ഏജന്‍സി ഇതിനെ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര പ്രതിഭാസം എന്നാണ് വിശേഷിപ്പിക്കുന്നത്. 2027 ഓഗസ്റ്റ് 2 ഉച്ചയ്ക്ക് സൗദിയുടെ വിവിധ ഭാഗങ്ങളെ ഇരുട്ടിലാക്കിക്കൊണ്ട് സൂര്യനെ ചന്ദ്രന്‍ പൂര്‍ണമായും മറയ്ക്കും.
ഗ്രഹണ സമയത്ത് പകല്‍ വെളിച്ചം മാറി സന്ധ്യാസമയത്തിന് സമാനമായ അന്തരീക്ഷമാകും. അന്തരീക്ഷ താപനില പെട്ടെന്ന് കുറയുകയും ഉച്ചസമയത്ത് ആകാശത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാവുകയും ചെയ്യും. സൂര്യന്റെ ഉപരിതലത്തിലെ അന്തരീക്ഷ പാളിയായ ‘കൊറോണ’ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും. അബ പോലെയുള്ള തെക്കന്‍ പ്രദേശങ്ങളില്‍ ഏകദേശം 6 മിനിറ്റോളവും, ജിദ്ദ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ 5 മിനിറ്റ് 50 സെക്കന്‍ഡോളവും പൂര്‍ണ്ണ ഇരുട്ട് അനുഭവപ്പെടും.
സൂര്യനും ചന്ദ്രനും ഭൂമിയും ചന്ദ്രന്‍ മധ്യത്തില്‍ വരിവരിയായി വരുമ്പോഴാണ് പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. പ്രകൃതിയുടെ ഭാഗ്യകരമായ യാദൃശ്ചികതയാല്‍, ചന്ദ്രന്‍ സൂര്യനേക്കാള്‍ ഏകദേശം 400 മടങ്ങ് ചെറുതാണ്, പക്ഷേ നമ്മോട് ഏകദേശം 400 മടങ്ങ് അടുത്താണ്. അതിനാല്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍, രണ്ടും ഏതാണ്ട് ഒരേ വലുപ്പത്തില്‍ കാണപ്പെടുന്നു. അവ പൂര്‍ണ്ണമായി വരിവരിയായി വരുമ്പോള്‍, ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും തടയുകയും ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയും ചെയ്യുന്നു.
മക്ക, ജിദ്ദ, തായിഫ്, അല്‍ ബാഹ, ഖമീസ് മുഷൈത്ത്, ജിസാന്‍, നജ്‌റാന്‍ തുടങ്ങിയ വന്‍ നഗരങ്ങളില്‍ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. റിയാദ്, ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങളില്‍ ഭാഗിക സൂര്യഗ്രഹണമായിരിക്കും അനുഭവപ്പെടുകയെന്ന് ജിദ്ദ ആസ്‌ട്രോണമി സൊസൈറ്റിയുടെ ഭാരവാഹി എഞ്ചിനീയര്‍ മജീദ് അബു സഹ്‌റ പറഞ്ഞു.
ഓഗസ്റ്റ് 2ന് രാവിലെ 11.41ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. ഉച്ചയ്ക്ക് 1.21 നും 1.44 നും ഇടയിലാണ് രാജ്യത്ത് പൂര്‍ണമായി ഇരുട്ട് പരക്കുന്നത്. വൈകുന്നേരം 3 മണിയോടെ ഗ്രഹണം അവസാനിക്കും.
വിവിധ നഗരങ്ങളിലെ സമയം
ജിദ്ദ: ഉച്ചയ്ക്ക് 12ന് ഗ്രഹണം തുടങ്ങി 1.25ന് പൂര്‍ണ്ണ ഗ്രഹണത്തിലെത്തും.
മക്ക: ഉച്ചയ്ക്ക് 12.01ന് തുടങ്ങി 1.26ന് പൂര്‍ണ്ണ അവസ്ഥയിലാകും.
തായിഫ്: ഉച്ചയ്ക്ക് 12.03ന് തുടങ്ങി 1.28ന് പൂര്‍ണ്ണതയിലെത്തും.
ഖമീസ് മുഷൈത്ത്: ഉച്ചയ്ക്ക് 12:13 ന് തുടങ്ങി 1:37 ന് പൂര്‍ണ്ണതയിലെത്തും
പ്രത്യേക സുരക്ഷാ ഗ്ലാസുകള്‍ ഇല്ലാതെ ഒരു കാരണവശാലും സൂര്യനെ നേരിട്ട് നോക്കരുത്. സാധാരണ സണ്‍ഗ്ലാസുകളോ ടെലിസ്‌കോപ്പോ ഫില്‍ട്ടറുകളില്ലാതെ ഉപയോഗിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തിക്ക് സ്ഥിരമായ തകരാറുകള്‍ വരുത്താമെന്ന് സൗദി സ്‌പേസ് ഏജന്‍സി പൊതുജനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
by Midhun HP News | Aug 1, 2026 | Latest News, ദേശീയ വാർത്ത
ലണ്ടൻ: ഇംഗ്ലണ്ടിൽ അരങ്ങേറുന്ന വനിതാ ഹണ്ട്രഡ് ക്രിക്കറ്റ് പോരാട്ടത്തിനു പിന്നാലെ ഇന്ത്യൻ താരം ജെമിമ റോഡ്രിഗ്സും പാകിസ്ഥാൻ ക്യാപ്റ്റൻ സന ഫാത്തിമയും തമ്മിൽ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് ശ്രദ്ധേയമായി. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. സതേൺ ബ്രേവും ബർമിങ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരം അവസാനിച്ചതിനു പിന്നാലെയാണ് ഇരു താരങ്ങളും പരസ്പരം ആലിംഗനം ചെയ്തത്. അതിനു ശേഷം പരസ്പരം സംസാരിച്ചും സൗഹൃദം പങ്കിട്ടുമാണ് ഇരുവരും പിരിഞ്ഞത്. ജെമിമ സതേൺ ബ്രോവിനായും ഫാത്തിമ ബർമിങ്ഹാമിനുമായാണ് കളിക്കുന്നത്.
2025ലെ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാൻ കളിക്കാരുമായി ഗ്രൗണ്ടിൽ പരസ്പരം കൈ കൊടുക്കാൻ പോലും ഇന്ത്യൻ താരങ്ങൾ നിൽക്കാറില്ല. ഇന്ത്യ- പാകിസ്ഥാൻ ഐസിസി പോരാട്ടങ്ങൾക്കിടെ നിലവിൽ ഇതാണ് രീതി. ടോസ് ഇടുമ്പോഴും മത്സരം അവസാനിക്കുമ്പോഴുമൊക്കെ മറ്റ് ടീമുകളിലെ താരങ്ങളുമായി ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാറുണ്ട്. എന്നാൽ പുരുഷ, വനിതാ പോരാട്ടങ്ങളിൽ എതിർപക്ഷത്ത് പാകിസ്ഥാനാണെങ്കിൽ പരസ്പരം കളിക്കും. പക്ഷേ, ഹസ്തദാനം അടക്കമുള്ള ഒരു സൗഹൃദവും വേണ്ടെന്നാണ് നിലവിലും തുടരുന്ന നിലപാട്.
മത്സരത്തിലേക്ക് വന്നാൽ സതേൺ ബ്രേവ് 24 റൺസിനു പോരാട്ടം വിജയിച്ചു. ജെമിമ ജയത്തിൽ നിർണായക പങ്കും വഹിച്ചു. താരം 18 പന്തിൽ 28 റൺസെടുത്താണ് മികവ് പുലർത്തിയത്. എന്നാൽ ബർമിങ്ഹാമിനായി കളിച്ച ഫാത്തിമ സനയ്ക്ക് മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തിൽ 140 റൺസെടുത്തു. ലക്ഷ്യത്തിലേക്ക് പന്തെടുത്ത ബർമിങ്ഹാമിന്റെ പോരാട്ടം 5 വിക്കറ്റ് നഷ്ടത്തിൽ 116 റൺസിൽ അവസാനിച്ചു. സീസണിൽ ബ്രേവ് നേടുന്ന തുടരെ നാലാം ജയമാണിത്. ബർമിങ്ഹാം ആകട്ടെ തുടരെ നാല് മത്സരങ്ങളായി തോൽക്കുന്നു.

by Midhun HP News | Aug 1, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 2026-27 അസസ്‌മെന്റ്് വര്‍ഷത്തേക്ക് ജൂലൈ 31 വരെ 5.9 കോടിയിലധികം ആദായനികുതി റിട്ടേണുകള്‍ (ഐടിആര്‍) സമര്‍പ്പിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. കണക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത നികുതിദായകര്‍ക്ക് പിഴയോ പലിശയോ ഇല്ലാതെ 2026-27 അസസ്മെന്റ് വര്‍ഷത്തെ ഐടിആര്‍ 1, 2 എന്നിവ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു.
കഴിഞ്ഞ വര്‍ഷം, റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ദീര്‍ഘിപ്പിച്ചു നല്‍കിയ അവസാന തീയതിയായ സെപ്റ്റംബര്‍ 16 വരെ 7.3 കോടിയിലധികം ഐടിആറുകള്‍ ഫയല്‍ ചെയ്തിരുന്നു. ‘2026-27 അസസ്മെന്റ് വര്‍ഷത്തേക്ക് ജൂലൈ 31 വരെ 5.9 കോടിയിലേറെ ഐടിആറുകള്‍ സമര്‍പ്പിച്ചതായി ആദായനികുതി വകുപ്പ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.ഐടിആര്‍ ഫോം 1 (സഹജ്): ചെറുകിട, ഇടത്തരം നികുതിദായകര്‍ക്ക് ഉപയോഗപ്രദമായ ലളിതമായ ഫോമാണിത്. പ്രതിവര്‍ഷ വരുമാനം 50 ലക്ഷം രൂപ വരെ ഉള്ളവരും, ശമ്പള വരുമാനം, ഒരു വീട്, പ്രതിവര്‍ഷം 5,000 രൂപ വരെ കാര്‍ഷിക വരുമാനം എന്നിവയുള്ളവരുമായ റസിഡന്റ് വ്യക്തികള്‍ക്ക് ‘സഹജ്’ ഫയല്‍ ചെയ്യാം.
ഐടിആര്‍ 2: ബിസിനസ്സില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമില്ലാത്തതും, എന്നാല്‍ ക്യാപിറ്റല്‍ ഗെയിന്‍സില്‍ (മൂലധന ലാഭം) നിന്ന് വരുമാനമുള്ളതുമായ വ്യക്തികള്‍ക്കുമാണ് ഐടിആര്‍ 2 ബാധകമാകുന്നത്.

by Midhun HP News | Aug 1, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കാഞ്ചീപുരം ജില്ലയിലെ ഉത്തിരമേരൂരിനടുത്തുള്ള പഴയശീവരത്താണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്. 28കാരിയായ സോണിയയെയാണ് ഭര്‍ത്താവ് സോമസുന്ദരം( 28) കൊലപ്പെടുത്തിയത്. ആറ് മാസം മുമ്പാണ് ഹോം ഗാര്‍ഡ് ആയി ജോലി ചെയ്യുന്ന സോമസുന്ദരവുമായി സോണിയയുടെ വിവാഹം നടന്നത്.
വിവാഹ ശേഷം ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തര്‍ക്കത്തിനിടയിലാണ് സോമസുന്ദരം കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് സംശയം ഉന്നയിച്ചത്. ഈ തര്‍ക്കം കൊലപാതകത്തിലെത്തിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് കുഞ്ഞുങ്ങളുണ്ടാവില്ലെന്നും ഈ വിവരം ഭാര്യയില്‍ നിന്ന് മറച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും സോമസുന്ദരം പറയുന്നത്. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയമുണ്ടായത് ഇതുകൊണ്ടാണെന്നും ഇയാള്‍ പറയുന്നു. വഴക്കിനിടയില്‍ ഇയാള്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വീട് പുറത്തു നിന്ന് പൂട്ടി ഇയാള്‍ രക്ഷപ്പെട്ടു.
മകളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സോണിയയുടെ മാതാപിതാക്കളാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് മകളുടെ മൃതദേഹം കണ്ടെത്തിയതോടെ ശാലവാക്കം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ നടത്തിയ അന്വേഷത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Recent Comments