by Midhun HP News | Nov 8, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: സഹപാഠികളെ ആക്രമിച്ച സംഭവത്തിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ശിക്ഷിച്ച് അൽ ഐൻ സിവിൽ, കൊമേഴ്സ്യൽ കോടതി. രണ്ട് കേസുകളിലായി 65,000 ദിർഹം പിഴ ശിക്ഷയാണ് മാതാപിതാക്കൾക്ക് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് രക്ഷിതാക്കൾ നിയമപരമായി ഉത്തരവാദികളാണെന്ന സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 313 അടിസ്ഥാനമാക്കിയാണ് കോടതി വിധി.
ആദ്യത്തെ കേസിൽ, രണ്ട് കുട്ടികൾ അവരുടെ സഹപാഠിയെ നിരന്തരം ആക്രമിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി മാനസികമായും കുട്ടിയെ തളർത്തി. ഇതോടെ ഇരയായ കുട്ടിക്ക് അകാരണമായ ഭയം, മാനസിക സമ്മർദ്ദം, പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ ഉണ്ടായതായും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ക്രിമിനൽ വിചാരണയിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി കുട്ടികളുടെ പിതാവിനോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുക ആയിരുന്നു.
നിരവധി കുട്ടികൾ ചേർന്ന് സഹപാഠിയായ വിദ്യാർത്ഥിയെ മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ചതാണ് രണ്ടാമത്തെ കേസ്. സംഭവത്തെത്തുടർന്ന് ഇരയായ കുട്ടിക്ക് കടുത്ത മാനസിക ആഘാതവുമുണ്ടാക്കി.
ആക്രമണത്തിന് പിന്നാലെ ഇരയ്ക്ക് ദിവസങ്ങളോളം സാധാരണ പ്രവർത്തനങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. കുട്ടികൾ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നുംരക്ഷിതാക്കളുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും കോടതി വിലയിരുത്തി.
ശിക്ഷയായി കുട്ടികളുടെ മാതാപിതാക്കൾ 35,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. കുട്ടികളുടെ പെരുമാറ്റം സ്കൂളിലും സമൂഹത്തിലും നിരീക്ഷിക്കുക എന്നത് രക്ഷിതാക്കളുടെ നിയമപരമായ ബാധ്യത ആണെന്നും കോടതി ഓർമ്മപെടുത്തി.


by Midhun HP News | Nov 8, 2025 | Latest News, ദേശീയ വാർത്ത
ഇന്ത്യൻ എയർഫോഴ്‌സ് (IAF) 2026-ലെ ആദ്യ ഘട്ട നിയമനത്തിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT 01/2026) സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. കമ്മീഷൻഡ് ഓഫീസർ ആയി സേനയിൽ ജോലിയിൽ പ്രവേശിക്കാനുള്ള മികച്ച അവസരമാണിത്. ഫ്ലൈയിംഗ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം.
കൂടാതെ NCC സ്പെഷ്യൽ എൻട്രി വഴിയും ഫ്ലൈയിംഗ് ബ്രാഞ്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കും. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും മാത്രമേ റിക്രൂട്ട്മെന്റിൽ അപേക്ഷിക്കാൻ സാധിക്കൂ. എ എഫ് സി എ ടി 01/2026 & എൻ സി സി സ്പെഷ്യൽ എൻട്രി എന്നി സ്കീമുകൾ വഴിയാണ് ഉദ്യോഗാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്. നിയമനവുമായി ബന്ധപ്പെട്ട പൂർണ്ണ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. പ്രാഥമികമായി ലഭ്യമാകുന്ന വിവരങ്ങൾ ഇങ്ങനെയാണ്.
വിദ്യാഭ്യാസ യോഗ്യത
ഗ്രൗണ്ട് ഡ്യൂട്ടി (നോൺ-ടെക്നിക്കൽ) വിഭാഗം: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) വിഭാഗം: നിർദ്ദിഷ്ട എൻജിനിയറിങ് വിഷയങ്ങളിൽ B.E. / B.Tech ബിരുദം ആവശ്യമുണ്ട്.
ഫ്ലൈയിംഗ് ബ്രാഞ്ച്: അപേക്ഷകർ പ്ലസ് ടു തലം (10+2) ഫിസിക്സും മാത്തമാറ്റിക്ക്സും വിഷയങ്ങളായി പാസായിരിക്കണം. അതിനൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം.
പ്രായപരിധി
പ്രായം 2027 ജനുവരി 1 അനുനുസരിച്ച് ആണ് കണക്കാക്കുന്നത്.
ഫ്ലൈയിംഗ് ബ്രാഞ്ച്:
അപേക്ഷകർക്ക് 20 മുതൽ 24 വയസ്സ് വരെ പ്രായമുണ്ടായിരിക്കണം.
2003 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം
സി പി എൽ (Commercial Pilot License) ഉള്ളവർക്ക് ഇളവ്: DGCA (ഇന്ത്യ) പുറത്തിറക്കിയ നിലവിലുള്ള സാധുവായ കോമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് (CPL) ഉള്ള ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായപരിധി 26 വയസ്സ് വരെ.
അതായത്, 2001 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.


by Midhun HP News | Nov 8, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് യുഎസ് വിസ നിയന്ത്രിക്കുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് വിസ നിഷേധിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നത്. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് വിസ നിഷേധിക്കാമെന്നാണ് പുതിയ നിര്‍ദേശം.
ലോകമെമ്പാടുമുള്ള അമേരിക്കന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നല്‍കിയ നിര്‍ദേശത്തിലാണ് ട്രംപ് ഭരണകൂടം ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസില്‍ പ്രവേശിച്ച് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ചില മെഡിക്കല്‍ അവസ്ഥകള്‍ ഉണ്ടെങ്കില്‍ അനുമതി നല്‍കേണ്ടെന്നാണ് നിര്‍ദേശം. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ രാജ്യത്തെ പൊതു ആനുകൂല്യങ്ങളെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നാണ് യുഎസിന്റെ നിലപാട്.സാംക്രമിക രോഗങ്ങള്‍, വാക്‌സിനേഷന്‍ ചരിത്രം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണത്തിന് അപ്പുറത്തേക്കാണ് പട്ടിക ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഹൃദ്രോഗങ്ങള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍, കാന്‍സര്‍, പ്രമേഹം, നാഡീസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയ്ക്കുള്ള സ്‌ക്രീനിങ് നടത്തിയിരിക്കണം എന്നാണ് പുതിയ നിര്‍ദേശം.
ലക്ഷക്കണക്കിന് ഡോളര്‍ ചികിത്സാചെലവ് വരുന്ന ഇത്തരം രോഗാവസ്ഥകള്‍ വിസ അപേക്ഷിക്കുന്നയാള്‍ക്കില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ സര്‍ക്കാര്‍ സഹായം തേടാതെ ജീവിതകാലമുടനീളം ചെലവ് വഹിക്കാനുള്ള സാമ്പത്തികാവസ്ഥ അപേക്ഷകനുണ്ടോ എന്നതും വിലയിരുത്തണമെന്നും പുതിയ നിര്‍ദേശം വ്യക്തമാക്കുന്നു. അപേക്ഷകന് പുറമെ മക്കള്‍, മാതാപിതാക്കള്‍ തുടങ്ങി അപേക്ഷകനെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും വൈകല്യങ്ങളും ഉണ്ടോയെന്നതും പരിശോധിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.


by Midhun HP News | Nov 8, 2025 | Latest News, ദേശീയ വാർത്ത
വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ട്രെയിന്‍ യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് വിദ്യാര്‍ഥികള്‍. ഗണഗീതം ആലപിക്കുന്ന വീഡിയോ ദക്ഷിണ റെയില്‍വേ എക്‌സില്‍ പങ്കുവച്ചു.
ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ വന്ദേഭാരത് എക്‌സ്പ്രസിലാണ് കുട്ടികള്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടിയത്. ഇതിന്റെ വീഡിയോയാണ് റെയില്‍വേ തങ്ങളുടെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. യാതൊരു മടിയുമില്ലാതെ എങ്ങനെയാണ് ഇത്തരത്തിലൊരു രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ആ സതേണ്‍ റെയില്‍വേയ്ക്ക് കഴിയുന്നതെന്ന വിമര്‍ശനമാണ് ഇപ്പോള്‍ തന്നെ എക്‌സ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളില്‍ ഏറ്റവും പ്രധാനം. കുട്ടികള്‍ ദേശഭക്തിഗാനം പാടുന്നു എന്നാണ് കുറിച്ചിരിക്കുന്നത്.
ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം വീഡിയോകള്‍ ഔദ്യോഗിക പേജിലടക്കം ഷെയര്‍ ചെയ്യുന്നതെന്ന വിമര്‍ശനമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ഉയരുന്നത്. ആര്‍എസ്എസ് നയം ചില റെയില്‍വേ ഉദ്യോഗസ്ഥര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു നീക്കം.
തങ്ങളല്ല ഇട്ടതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച രണ്ട് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി. ആരാണ് ഈ വീഡിയോ ഈ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തത് എന്നതില്‍ കൃത്യമായ ഒരു വിശദീകരണം റെയില്‍വേയ്ക്ക് ഈ ഘട്ടത്തില്‍ ഇല്ല
കേരളത്തിനുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്സ്പ്രസുകളാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തത്. വാരണാസിയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. എറണാകുളം സൗത്ത് സ്റ്റേഷനിലായിരുന്നു് എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നടന്നത്. 8.41-ഓടെ ട്രെയിന്‍ പുറപ്പെട്ടു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി.രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.


by Midhun HP News | Nov 7, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനം താറുമാറായി. നൂറിലധികം വിമാനങ്ങള്‍ വൈകിയതായും സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.
‘എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക പ്രശ്നം കാരണം, ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്നു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കുന്നതിന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ടീം ഉള്‍പ്പെടെയുള്ള എല്ലാ പങ്കാളികളുമായും സജീവമായി പ്രവര്‍ത്തിക്കുന്നു,’ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി യാത്രക്കാര്‍ എയര്‍ലൈന്‍ നിര്‍ദേശങ്ങള്‍ പിന്തുടരുക ഡല്‍ഹി വിമാനത്താവള അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം പറയുന്നു.
വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് നൂറോളം വിമാനങ്ങളാണ് വൈകിയത്.ഇന്നലെ വൈകിട്ട് ആരംഭിച്ച സാങ്കേതിക പ്രശ്‌നം ഇന്ന് രാവിലെയും തുടരുകയായിരുന്നു. ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ 24 പ്രകാരം, ശരാശരി 50 മിനിറ്റ് വരെയാണ് വിമാനങ്ങള്‍ വൈകുന്നത്.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ഡല്‍ഹി: ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് താന്‍ നേരിടുന്ന നടപടിക്കുള്ള കാരണം അയാളുടെ മാതൃഭാഷയില്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി. അറസ്റ്റ് ചെയ്യപ്പെട്ട കുറ്റകൃത്യമോ നിയമമോ പരിഗണിക്കാതെ അറസ്റ്റിനുള്ള രേഖാമൂലമുള്ള കാരണങ്ങള്‍ കുറ്റാരോപിതന് മനസിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പൊലീസിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും നിര്‍ദേശം ബാധകമാണെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരങ്ങിയ ബെഞ്ച് വ്യക്തമാക്കി. പിഎംഎല്‍എ , യുഎപിഎ പോലുള്ള പ്രത്യേക നിയമങ്ങള്‍ പ്രകാരം ഉണ്ടാകുന്ന കേസുകള്‍ക്ക് മാത്രമല്ല, ഐപിസി/ബിഎന്‍എസ് പ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും അറസ്റ്റിന്റെ കാരണം രേഖാമൂലം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
എന്തിന് അറസ്റ്റ് ചെയ്യപ്പെടുന്നു എന്നത് തിരിച്ചറിയേണ്ടത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22(1) പ്രകാരം പൗരാവകാശമാണ്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി. രേഖാമൂലമുള്ള കാരണങ്ങള്‍ ഉടനടി നല്‍കാന്‍ കഴിയാത്ത ചില അസാധാരണ സാഹചര്യങ്ങളില്‍, എന്തിനാണ് നടപടിയെന്ന് കുറ്റാരോപിതന് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞ് മനസിലാക്കണം. അത്തരം കേസുകളില്‍ പോലും രേഖാമൂലമുള്ള വിശദീകരണം വൈകരുത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും കാരണം പ്രതിക്ക് രേഖാമൂലം വിശദീകരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ഒരാളെ അറസ്റ്റുചെയ്യാനുള്ള കാരണങ്ങള്‍ എത്രയും വേഗം അറിയിച്ചില്ലെങ്കില്‍, അത് അയാളുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് തുല്യമാകും, അതുവഴി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള പൗരന്റെ ജീവിക്കാനുള്ള അവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മേലുള്ള ഇടപെടലായി മാറും. ഇത്തരം സാഹചര്യങ്ങളില്‍ അറസ്റ്റ് നിയമവിരുദ്ധമാക്കപ്പെടും. ഒരു വ്യക്തിയെ അറസ്റ്റിനുള്ള കാരണങ്ങള്‍ എത്രയും വേഗം അറിയിക്കേണ്ടത് ആര്‍ട്ടിക്കിള്‍ 22(1) പ്രകാരം സംസ്ഥാനത്തിന്റെ നിര്‍ബന്ധിതമായ കടമയാണെന്നും ബെഞ്ച് വിലയിരുത്തി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ് അറസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള അവകാശമെന്നും കോടതി വ്യക്തമാക്കി.
2024ല്‍ മുംബൈയില്‍ നടന്ന വോര്‍ളി ബിഎംഡബ്ല്യു അപകടവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നീരീക്ഷണം. അറസ്റ്റിന് രേഖാമൂലമുള്ള കാരണങ്ങള്‍ നല്‍കാത്തത് ആര്‍ട്ടിക്കിള്‍ 22(1)ന്റെ ലംഘനമാണെന്നും, ഇത്തരത്തിലുള്ള നടപടി അറസ്റ്റിനെ നിയമ വിരുദ്ധമാക്കുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിക്ക് മുന്നില്‍ അപ്പീലുകള്‍ എത്തിയത്.


Recent Comments