അറസ്റ്റിനുള്ള കാരണം മനസ്സിലാവുന്ന ഭാഷയില്‍ എഴുതി നല്‍കണം; ഏതു കേസിലും ബാധകമെന്ന് സുപ്രീം കോടതി

അറസ്റ്റിനുള്ള കാരണം മനസ്സിലാവുന്ന ഭാഷയില്‍ എഴുതി നല്‍കണം; ഏതു കേസിലും ബാധകമെന്ന് സുപ്രീം കോടതി

ഡല്‍ഹി: ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് താന്‍ നേരിടുന്ന നടപടിക്കുള്ള കാരണം അയാളുടെ മാതൃഭാഷയില്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി. അറസ്റ്റ് ചെയ്യപ്പെട്ട കുറ്റകൃത്യമോ നിയമമോ പരിഗണിക്കാതെ അറസ്റ്റിനുള്ള രേഖാമൂലമുള്ള കാരണങ്ങള്‍ കുറ്റാരോപിതന് മനസിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പൊലീസിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും നിര്‍ദേശം ബാധകമാണെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരങ്ങിയ ബെഞ്ച് വ്യക്തമാക്കി. പിഎംഎല്‍എ , യുഎപിഎ പോലുള്ള പ്രത്യേക നിയമങ്ങള്‍ പ്രകാരം ഉണ്ടാകുന്ന കേസുകള്‍ക്ക് മാത്രമല്ല, ഐപിസി/ബിഎന്‍എസ് പ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും അറസ്റ്റിന്റെ കാരണം രേഖാമൂലം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

എന്തിന് അറസ്റ്റ് ചെയ്യപ്പെടുന്നു എന്നത് തിരിച്ചറിയേണ്ടത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22(1) പ്രകാരം പൗരാവകാശമാണ്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി. രേഖാമൂലമുള്ള കാരണങ്ങള്‍ ഉടനടി നല്‍കാന്‍ കഴിയാത്ത ചില അസാധാരണ സാഹചര്യങ്ങളില്‍, എന്തിനാണ് നടപടിയെന്ന് കുറ്റാരോപിതന് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞ് മനസിലാക്കണം. അത്തരം കേസുകളില്‍ പോലും രേഖാമൂലമുള്ള വിശദീകരണം വൈകരുത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും കാരണം പ്രതിക്ക് രേഖാമൂലം വിശദീകരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഒരാളെ അറസ്റ്റുചെയ്യാനുള്ള കാരണങ്ങള്‍ എത്രയും വേഗം അറിയിച്ചില്ലെങ്കില്‍, അത് അയാളുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് തുല്യമാകും, അതുവഴി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള പൗരന്റെ ജീവിക്കാനുള്ള അവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മേലുള്ള ഇടപെടലായി മാറും. ഇത്തരം സാഹചര്യങ്ങളില്‍ അറസ്റ്റ് നിയമവിരുദ്ധമാക്കപ്പെടും. ഒരു വ്യക്തിയെ അറസ്റ്റിനുള്ള കാരണങ്ങള്‍ എത്രയും വേഗം അറിയിക്കേണ്ടത് ആര്‍ട്ടിക്കിള്‍ 22(1) പ്രകാരം സംസ്ഥാനത്തിന്റെ നിര്‍ബന്ധിതമായ കടമയാണെന്നും ബെഞ്ച് വിലയിരുത്തി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ് അറസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള അവകാശമെന്നും കോടതി വ്യക്തമാക്കി.

2024ല്‍ മുംബൈയില്‍ നടന്ന വോര്‍ളി ബിഎംഡബ്ല്യു അപകടവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നീരീക്ഷണം. അറസ്റ്റിന് രേഖാമൂലമുള്ള കാരണങ്ങള്‍ നല്‍കാത്തത് ആര്‍ട്ടിക്കിള്‍ 22(1)ന്റെ ലംഘനമാണെന്നും, ഇത്തരത്തിലുള്ള നടപടി അറസ്റ്റിനെ നിയമ വിരുദ്ധമാക്കുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിക്ക് മുന്നില്‍ അപ്പീലുകള്‍ എത്തിയത്.

വന്ദേമാതരം, ഇന്ത്യയുടെ ദേശീയ ഗീതത്തിന് 150 വയസ്, പ്രധാനപ്പെട്ട 10 വസ്തുതകൾ

വന്ദേമാതരം, ഇന്ത്യയുടെ ദേശീയ ഗീതത്തിന് 150 വയസ്, പ്രധാനപ്പെട്ട 10 വസ്തുതകൾ

ഡല്‍ഹി: ഇന്ത്യയുടെ ദേശീയ ഗീതം ‘വന്ദേമാതര’ത്തിന് 150 വയസ്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തുടക്കമിടുന്നത്. രാജ്യത്തെ 150 കേന്ദ്രങ്ങളില്‍ വന്ദേമാതരം ആലപിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമിടുന്നത്. കാര്‍ഗില്‍ യുദ്ധ സ്മാരകം മുതല്‍ ആന്‍ഡമാന്‍-നിക്കോബാര്‍ സെല്ലുലാര്‍ ജയില്‍ ഉള്‍പ്പെടെ ഇന്ന് വന്ദേ മാതര ആലാപന വേദിയായി മാറും. പ്രധാമന്ത്രി നരേന്ദ്ര മോദി പരിപാടികള്‍ ഔദ്യോഗകമായി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയുടെ ദേശീയ ഗീതത്തെ കുറിച്ചുള്ള 10 പ്രധാന വിവരങ്ങള്‍

ബംഗാളി കവിയും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ് വന്ദേമാതരം എഴുതിയത്. 1875 നവംബര്‍ 7 ന് ബംഗദര്‍ശന്‍ എന്ന സാഹിത്യ ജേണലിലാണ് ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്.

1905 ഒക്ടോബറില്‍ ആണ് വന്ദേമാതരം എന്ന ഗീതത്തിന് രാഷ്ട്രീയ മാനം കൈവരുന്നത്. മാതൃരാജ്യത്തോടുള്ള സ്‌നേഹം അഭിനിവേശമായും പ്രോത്സാഹിപ്പിക്കുന്നതിനായി വടക്കന്‍ കല്‍ക്കട്ടയില്‍ ആണ് ഗാനം ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്.

സ്വാതന്ത്ര്യ സമര കാലത്ത് വന്ദേമാതരം എന്ന ഗീതം വലിയ പ്രചാരം നേടുകയും, ഗാനം എന്നതിന് അപ്പുറത്തേക്ക് മുദ്രാവാക്യമായി വളരുകയും ചെയ്തു. ഇതോടെ ബ്രിട്ടീഷ് ഭരണകൂടം ഗാനത്തിന്റെ വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തുടങ്ങി.

1905 നവംബറില്‍, വന്ദേമാതരം ചൊല്ലിയതിന് ബംഗാളിലെ രംഗ്പൂരിലുള്ള ഒരു സ്‌കൂളിലെ 200 വിദ്യാര്‍ത്ഥികള്‍ക്ക് 5 രൂപ പിഴ ചുമത്തുന്ന സംഭവവും ഉണ്ടായി. വന്ദേമാതരം ചൊല്ലുന്നത് തടയാന്‍ പ്രത്യേക സംഘങ്ങളെയും ബ്രിട്ടീഷ് ഭരണകൂടം നിയോഗിച്ചു.

സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലിയയില്‍ 1906 നവംബറില്‍ നടന്ന വന്‍ പൊതുയോഗത്തില്‍ വന്ദേ മാതരം ആലപിക്കപ്പെട്ടു.

1907-ല്‍, ബെര്‍ലിനിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ ഭികാജി കാമ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ പതാകയില്‍ വന്ദേമാതരം എന്നായിരുന്നു രേഖപ്പെടുത്തിയത്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ സംഭവമായിരുന്നു ഇത്.

1908-ല്‍, കര്‍ണാടകയിലെ ബെല്‍ഗാമില്‍ വന്ദേമാതരം ചൊല്ലുന്നത് നിരോധിച്ചുകൊണ്ടുള്ള വാക്കാലുള്ള ഉത്തരവ് ലംഘിച്ചതിന് പൊലീസ് നിരവധി പേരെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. ലോകമാന്യ തിലകനെ ബര്‍മ്മയിലെ മണ്ഡലയിലേക്ക് നാടുകടത്തിയ ദിവസമായിരുന്നു ഇത്.

സ്വതന്ത്ര ഇന്ത്യയിലും വന്ദേ ഭാരതം ഗാനം ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ദേശീയ ചിഹ്നമായി ഉയര്‍ത്തേണ്ടത് ജനഗണ മന, വന്ദേ മാതരം എന്നിവയിലേത് എന്നതിനെ കുറിച്ച് ഭരണ ഘടന നിര്‍മാണ സഭയിലും ഭിന്നതയുണ്ടായിരുന്നു.

1950 ജനുവരി 24 ന് ഭരണഘടനാ അസംബ്ലിയെ അഭിസംബോധന ചെയ്ത ഡോ. രാജേന്ദ്ര പ്രസാദ് ജനഗണ മനയുടെ അതേ പദവി വന്ദേമാതരത്തിനും നല്‍കണം എന്ന് വാദിച്ചു.

ഡോ. രാജേന്ദ്ര പ്രസാദിന്റെ നിര്‍ദേശം അംഗീകരിച്ചാണ് രബീന്ദ്രനാഥ ടാഗോറിന്റെ ജന-ഗണ-മന സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗാനമായും തുല്യമായ പദവിയോടെ ദേശീയ ഗീതമായി വന്ദേമാതരവും തെരഞ്ഞെടുക്കപ്പെട്ടത്.

പൊതുവിടങ്ങളിലെ തെരുവു നായ്ക്കളെ പിടികൂടി ഷെല്‍ട്ടര്‍ ഹോമുകളിലേക്കു മാറ്റണം: സുപ്രീംകോടതി

പൊതുവിടങ്ങളിലെ തെരുവു നായ്ക്കളെ പിടികൂടി ഷെല്‍ട്ടര്‍ ഹോമുകളിലേക്കു മാറ്റണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: പൊതുവിടങ്ങളില്‍ നിന്നും തെരുവു നായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി. സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡ്, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെ തെരുവുനായ ശല്യം ഒഴിവാക്കണം. ഇതിനുള്ള നടപടി എല്ലാ സംസ്ഥാന സര്‍ക്കാരുകളും സ്വീകരിക്കണമെന്ന് സുപ്രീംകോടതി സുപ്രധാന ഉത്തരവില്‍ വ്യക്തമാക്കി. തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസ് വിക്രം നാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. കൃത്യമായ പരിശോധനകള്‍ ദിനം പ്രതി ഉദ്യോഗസ്ഥര്‍ നടത്തണം. പിടികൂടിയ തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം. ഇതിനായി ദേശീയപാതകളിലും റോഡുകളിലും പട്രോളിങ് നടത്തണം. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ തെരുവുനായകള്‍ കയറുന്നില്ലെന്ന് ഉറപ്പാക്കണം. എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് ചീഫ് സെക്രട്ടറിമാര്‍ കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ തെരുവുനായകളില്‍ നിന്ന് സുരക്ഷിതമായിരിക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കണം. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥരായിരിക്കും ഉത്തരവാദികളെന്ന് കോടതി വ്യക്തമാക്കി. തെരുവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടി സംരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി 8 ആഴ്ചയ്ക്കുള്ളില്‍ എല്ലാ സംസ്ഥാനങ്ങളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.

മുംബൈ സിറ്റി എഫ്സിയോട് തോല്‍വി; ബ്ലാസ്റ്റേഴ്സ് സൂപ്പര്‍കപ്പില്‍ നിന്ന് പുറത്ത്

മുംബൈ സിറ്റി എഫ്സിയോട് തോല്‍വി; ബ്ലാസ്റ്റേഴ്സ് സൂപ്പര്‍കപ്പില്‍ നിന്ന് പുറത്ത്

മഡ്ഗാവ്: സൂപ്പര്‍കപ്പില്‍ മുംബൈ സിറ്റി എഫ്സിയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട് 0-1 ന് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.

ജയത്തോടെ മുംബൈ ഗ്രൂപ്പ് ചാംപ്യന്മാരായി സെമിയിലേക്ക് മുന്നേറി. കളിയുടെ പകുതി സമയവും പത്തുപേരായി കളിച്ച ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടം നടത്തിയെങ്കിലും നിര്‍ഭാഗ്യവശാല്‍ അവസാന നിമിഷം വഴങ്ങിയ സെല്‍ഫ് ഗോളാണ് തിരിച്ചടിയായത്. ഇരുടീമുകള്‍ക്കും ആറുപോയന്റാണെങ്കിലും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ലഭിച്ച പോയന്റ് കണക്കിലെടുത്താണ് മുംബൈയുടെ സെമിപ്രവേശം.

മഡ്ഗാവ്: സൂപ്പര്‍കപ്പില്‍ മുംബൈ സിറ്റി എഫ്സിയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട് 0-1 ന് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.

ജയത്തോടെ മുംബൈ ഗ്രൂപ്പ് ചാംപ്യന്മാരായി സെമിയിലേക്ക് മുന്നേറി. കളിയുടെ പകുതി സമയവും പത്തുപേരായി കളിച്ച ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടം നടത്തിയെങ്കിലും നിര്‍ഭാഗ്യവശാല്‍ അവസാന നിമിഷം വഴങ്ങിയ സെല്‍ഫ് ഗോളാണ് തിരിച്ചടിയായത്. ഇരുടീമുകള്‍ക്കും ആറുപോയന്റാണെങ്കിലും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ലഭിച്ച പോയന്റ് കണക്കിലെടുത്താണ് മുംബൈയുടെ സെമിപ്രവേശം.

എഐ സഹായത്തോടെ 19 വർഷത്തിന് ശേഷം മാതാപിതാക്കളായി യുഎസ് ദമ്പതികൾ

എഐ സഹായത്തോടെ 19 വർഷത്തിന് ശേഷം മാതാപിതാക്കളായി യുഎസ് ദമ്പതികൾ

എഐ ആൽ​ഗൊരിതത്തിന്റെ സഹായത്തോടെ, 19 വർഷമായി കുഞ്ഞുങ്ങളുണ്ടാകാതിരുന്ന ദമ്പതികൾ മാതാപിതാക്കളായി. പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണം കുറയുന്ന അസൂസ്പേർമിയ എന്ന രോ​ഗാവസ്ഥ ബാധിച്ചവർക്കും സ്വന്തമായി കുഞ്ഞുങ്ങൾ ഉണ്ടാകാൻ സഹായിക്കുന്നതാണ് ഹൈസ്പീഡ് ട്രാക്കിങ് ആൻഡ് റിക്കവറി (സ്റ്റാർ) എന്നു പേരിട്ടിരിക്കുന്ന പുതിയ രീതി.

കൊളംബിയ യൂണിവേഴ്‌സിറ്റി ഫെർട്ടിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം വന്ധ്യതാ ചികിത്സയിൽ നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷ. 40 ശതമാനം വന്ധ്യതയ്ക്കും പിന്നിൽ പുരുഷന്മാരിലെ ഇൻഫെർട്ടിലിറ്റിയാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചില പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണം ഒട്ടും ഇല്ലാതാവുന്ന അസൂസ്പേർമിയ എന്ന അവസ്ഥയും മറ്റു ചിലരിൽ ബീജം അപൂർവമായി മാത്രം കാണുന്ന ക്രിപ്റ്റോസൂസ്പേർമിയ എന്ന അവസ്ഥയും ഉണ്ടാകാം.

ഇത്തരം സാ​ഹചര്യങ്ങളിൽ മൈക്രോസ്കോപ്പിലൂടെ മണിക്കൂറുകളോളം പരിശോധിച്ചാലും ബീജം കാണാൻ കഴിയാത്ത അവസ്ഥയാകും. ഇവരിൽ ചെലവേറിയ ടെസ്റ്റിക്കുലർ സർജറികൾക്കും നിർദേശിച്ചേക്കാം. ഇക്കൂട്ടരിൽ പുതിയ രീതി കൂടുതൽ സഹായകരമായിരിക്കുമെന്നും ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

‘കെജിഎഫ്’ താരം ഹരീഷ് റായ് അന്തരിച്ചു

‘കെജിഎഫ്’ താരം ഹരീഷ് റായ് അന്തരിച്ചു

ബം​ഗളൂരു: കന്നഡ നടൻ ഹരീഷ് റായ് (55) അന്തരിച്ചു. ഏറെ നാളുകളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ‘ഓം’, ‘കെജിഎഫ്’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ നടൻ ബംഗളൂരുവിലെ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ചികിത്സയിലായിരുന്നു. തൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ചികിത്സയുടെ ഭാ​ഗമായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെ ഹരീഷ് റായ് തുറന്നു പറഞ്ഞിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്മാരായ യഷ്, ധ്രുവ് സർജ എന്നിവരുൾപ്പെടെ കന്നഡ സിനിമയിൽ നിന്നുള്ള നിരവധിപ്പേർ ഹരീഷിന് ചികിത്സ സഹായമെത്തിച്ചിരുന്നു. ഓം, സമര, ബാം​ഗ്ലൂർ അണ്ടർവേൾഡ്, ജോഡിഹക്കി, രാജ് ബഹദൂർ, സഞ്ജു വെഡ്സ് ​ഗീത, സ്വയംവര, നല്ല, കെജിഎഫ് പാർട്ട് 1, 2 തുടങ്ങി നിരവധി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിൽ ഹരീഷ് റായ് അഭിനയിച്ചിട്ടുണ്ട്.

ഹരീഷിന്റെ മരണം കന്നഡ സിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. ഒറ്റ കുത്തിവെപ്പിന് 3.55 ലക്ഷം രൂപ വില വരുമെന്നും, 63 ദിവസം നീണ്ടുനിൽക്കുന്ന ഒരു സൈക്കിളിൽ മൂന്ന് കുത്തിവെപ്പുകൾ ആവശ്യമാണെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ഇതനുസരിച്ച് ഒരു സൈക്കിളിന് 10.5 ലക്ഷം രൂപ ചിലവാകും. സമാനമായ അവസ്ഥയിലുള്ള രോഗികൾക്ക് 20 കുത്തിവെപ്പുകൾ വരെ വേണ്ടിവരുമെന്നും, അങ്ങനെയെങ്കിൽ ചികിത്സാച്ചെലവ് ഏകദേശം 70 ലക്ഷം രൂപയോളം ആകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നടൻ യഷുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നടനായിരുന്നു ഹരീഷ് റായ്. “യഷ് എന്നെ മുൻപ് സഹായിച്ചിട്ടുണ്ട്.

എല്ലായിപ്പോഴും എനിക്ക് അദ്ദേഹത്തോട് ചോദിക്കാൻ കഴിയില്ല. ഒരാൾക്ക് എത്ര മാത്രം ചെയ്യാൻ കഴിയും? വിവരമറിഞ്ഞാൽ അദ്ദേഹം തീർച്ചയായും എൻ്റെ കൂടെ നിൽക്കുമെന്ന് എനിക്കറിയാം. തൻ്റെ പുതിയ ചിത്രമായ ‘ടോക്സിക്കി’ന്റെ തിരക്കിലാണെങ്കിലും അദ്ദേഹം ഒരു ഫോൺ കോൾ അകലെയാണ്,” യഷിനെക്കുറിച്ച് ഹരീഷ് മുൻപ് പറഞ്ഞതിങ്ങനെ. ഉപേന്ദ്ര സംവിധാനം ചെയ്ത് ശിവരാജ്കുമാർ നായകനായ ഓം എന്ന ചിത്രം റിലീസായതിന് പിന്നാലെയാണ് ഹരീഷ് പ്രശസ്തിയിലേക്കുയർന്നത്. സിംഹരൂപിണി എന്ന ചിത്രത്തിലാണ് അദ്ദേഹം ഒടുവിൽ അഭിനയിച്ചത്.