by Midhun HP News | Nov 6, 2025 | Latest News, ദേശീയ വാർത്ത
കോയമ്പത്തൂർ – അമൃത സ്‌കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി കോയമ്പത്തൂർ ജില്ലയിലെ ചെട്ടിക്കപ്പാളയം പഞ്ചായത്തിൽ ഗ്രാമീണ പങ്കാളിത്ത വിലയിരുത്തൽ സംഘടിപ്പിച്ചു.
ഗ്രാമത്തിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ തിരിച്ചറിയുകയും അവയുടെ അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കുകയുമയിരുന്നു ലക്ഷ്യം. ഗ്രാമവാസികളുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി നടന്നു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ പ്രോബ്ലം ട്രീയും, മാട്രിസ് റാങ്കിങ്ങും തയ്യാറാക്കി. ഇതിലൂടെ ഗ്രാമത്തിലെ കൃഷി സംബന്ധമായ പ്രശ്‌നങ്ങളുടെ തീവ്രത രേഖപ്പെടുത്തി പഠനവിഷയമാക്കി.ഈ പ്രവർത്തനങ്ങൾ വിദ്യർത്ഥികൾക്ക് ഗ്രാമജീവിതത്തെ നേരിട്ട് അറിയാനും കൃഷി രീതികളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളെ മനസ്സിലക്കാനും അവസരം നൽകി.
പരിപാടി അമൃത കാർഷിക കോളേജിലെ ഡീൻ ഡോ. സുധീഷ് മണാലിലിൻ്റെയും മറ്റ് അദ്ധ്യാപകരുടേയും മാർഗനിർദേശത്തോടെ വിദ്യാർത്ഥികളായ സ്നേഹ. എസ്,നവമി. എൻ, അഞ്ജന എൻ. പ്രിയങ്ക. കെ,അബിത. ആർ, ഗായത്രി .എം,പ്രിയങ്ക. എസ്,നന്ദൻ.ബി,കെ.എസ് ഹരിശങ്കർ,പ്രീതിക. എം എന്നിവർ വിജയകരമായി സംഘടിപ്പിച്ചു.


by Midhun HP News | Nov 6, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: രാജ്യത്തെ ഗതാഗത മേഖലയിലെ വികസനങ്ങൾക്കായി 170 ബില്യൺ ദിർഹത്തിന്റെ (3.8 ലക്ഷം കോടി) പദ്ധതികൾ നടപ്പാക്കുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്രൂയി. ജനസംഖ്യാ വർധനവിന് അനുസൃതമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ഗതാഗതകുരുക്ക് കുറയ്‌ക്കാനുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
2030 ൽ പദ്ധതികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അബുദാബിയിൽ നടന്ന യുഎഇ ഗവൺമെന്റ് വാർഷിക യോഗത്തിൽ ആണ് മന്ത്രിയുടെ പ്രഖ്യാപനം. റോഡ് വികസനം, ഹൈസ്പീഡ്, ലൈറ്റ് റെയിൽ സംവിധാനങ്ങൾ, പൊതു ഗതാഗത സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ആകും പദ്ധതികൾ നടപ്പിലാക്കുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഫെഡറൽ ഹൈവേകളുടെ കാര്യക്ഷമത 73% വർധിപ്പിക്കാൻ ആണ് സർക്കാർ ശ്രമം. 120 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ഫെഡറൽ ഹൈവേ നിർമ്മിക്കാനുള്ള പഠനവും സർക്കാർ ആരംഭിച്ചിട്ടുണ്ട്.
12 പാതകളുള്ള ഈ ഹൈവേയിലൂടെ പ്രതിദിനം 3.6 ലക്ഷം യാത്രകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ. ഇതിന് പുറമെ മറ്റു പ്രധാന പാതകളും വികസിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയതും മന്ത്രി വ്യക്തമാക്കി.
എത്തിഹാദ് റോഡിന്റെ രണ്ടുഭാഗത്തും മൂന്നു വീതം പുതിയ പാതകൾ നിർമ്മിക്കും. ആകെ 12 പാതയാക്കി മാറ്റുന്നതോടെ ഗതാഗത ശേഷി 60% വർധിപ്പിക്കാൻ കഴിയും.
എമിറേറ്റ്സ് റോഡ് 10 പാതകളാക്കി വികസിപ്പിക്കുകയും ഗതാഗത ശേഷി 65% വർധിക്കുകയും യാത്രാസമയം 45% കുറയുകയും ചെയ്യും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്:10 പാതകളാക്കി വികസിപ്പിച്ച് ശേഷി 45% വർധിപ്പിക്കും. ഇതിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. യു എ ഇയിൽ വാഹനങ്ങളുടെ എണ്ണം വർഷം തോറും 8% വീതം വർധിക്കുകയാണ്. ഇത് ലോക ശരാശരിയുടെ നാലിരട്ടിയാണ്. സ്വകാര്യ വാഹനങ്ങളുടെ കൂടുതലായുള്ള ഉപയോഗം, ജനസംഖ്യാ വർധനവ് തുടങ്ങിയവയാണ് ഗതാഗത കുരുക്കുകൾക്ക് പ്രധാന കാരണങ്ങൾ.
മന്ത്രാലയം പ്രാദേശിക അധികാരികളുമായി ചേർന്ന് പുതിയ ഗതാഗത നയങ്ങൾ രൂപപ്പെടുത്തുകയും, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും, സ്മാർട്ട് മൊബിലിറ്റി പരിഹാരങ്ങൾ വികസിപ്പിക്കുകയും ചെയ്യുമെന്ന് അൽ മസ്രൂയി പറഞ്ഞു.


by Midhun HP News | Nov 6, 2025 | Latest News, ദേശീയ വാർത്ത
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ 6 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മൂമ്മ റോസിലിയെ ഇന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്യും. കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊല നടത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. മാനസിക വിഭ്രാന്തി നേരിടുന്ന സ്ത്രീയാണ് റോസിലി എന്നാണ് വിവരം. കുഞ്ഞിന്റെ കൊലപാതകത്തിനു പിന്നാലെ മനസിനു താളംതെറ്റിയ നിലയില്‍ കണ്ടെത്തിയ റേസിലിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കറുകുറ്റി സ്വദേശികളായ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് മരിച്ച ഡല്‍ന മരിയ സാറ. മാതാപിതാക്കള്‍ അസുഖബാധിതരായതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നത്. ഇതിനിടെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ക്കു ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണസംഭവം ഉണ്ടായത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെത്തി.
ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം അമ്മ റോസിലിയുടെ അടുത്തു കിടത്തി ഭക്ഷണമെടുക്കാനായി റൂത്ത് അകത്തേക്ക് പോയി തിരിച്ചു വരുമ്പോള്‍ അനക്കമറ്റ നിലയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. വീട്ടിലെ ബഹളം കേട്ട് അയല്‍വാസികളടക്കം ഓടിയെത്തുമ്പോള്‍ ചോരയില്‍ കുളിച്ച കുഞ്ഞിനെ വാരിയെടുത്തു നില്‍ക്കുന്ന ആന്റണിയെയാണ് കണ്ടത്.
തുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും കൂടി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകകയായിരുന്നു. എന്തോ കടിച്ചതാണ് എന്നായിരുന്നു വീട്ടുകാര്‍ ആശുപത്രിയില്‍ അറിയിച്ചത്. എന്നാല്‍ മുറിവില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. മാനസിക വിഭ്രാന്തിയാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊലപാതകത്തിനു പിന്നിലുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കൊല്ലപ്പെട്ട ഡെല്‍ന മരിയ സാറയുടെ സഹോദരന്‍ ഡാനിയുടെ ജന്മദിനമായിരുന്നു ബുധനാഴ്ച. ജന്മദിനാഘോഷത്തിനുള്ള തയ്യാറെടുപ്പുളെല്ലാം വീട്ടില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് ഡെല്‍ന കൊല്ലപ്പെട്ടത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ കുഞ്ഞനുജത്തി മരിച്ചതറിയാതെ അശുപത്രി വിഭാഗത്തില്‍ ഓടിനടന്നു. അമ്മ കരയുന്നതെന്തിനാണെന്നുപോലം നാലുവയസ്സുകാരന് മനസില്ലായില്ല.


by Midhun HP News | Nov 6, 2025 | Latest News, ദേശീയ വാർത്ത
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് വിരാമം. സൂപ്പർ സ്റ്റാറുകളായ രജനികാന്തും കമൽ ഹാസനും ഒന്നിച്ചുള്ള ഒരു ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി ഏറെ നാളുകളായി പ്രേക്ഷകർ കാത്തിക്കാൻ തുടങ്ങിയിട്ട്. രജനികാന്ത് നായകനായെത്തുന്ന പുതിയ സിനിമയുടെ നിർമാതാവാണ് കമൽ ഹാസൻ. “തലൈവർ 173” എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സി ആണ്.
രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ നിർമ്മിക്കുന്ന ഈ ചിത്രം 2027 പൊങ്കൽ റിലീസ് ആയാണ് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ 44 ആം വർഷം ആഘോഷിക്കുന്ന വേളയിലാണ് ഈ രജനികാന്ത്- കമൽ ഹാസൻ- സുന്ദർ സി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.
അഞ്ചു പതിറ്റാണ്ടുകളായി തുടരുന്ന രജനികാന്ത്- കമൽ ഹാസൻ സുഹൃത് ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നേർകാഴ്ച്ചയാണ് ഈ പ്രൊജക്റ്റ്. തമിഴിലെ നാഴികക്കല്ലായി മാറിയേക്കാവുന്ന ഈ ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. ഇപ്പോൾ നെൽസൺ ഒരുക്കുന്ന ജയിലർ 2 ൽ അഭിനയിക്കുന്ന രജനികാന്ത്, അതിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും “തലൈവർ 173″ൽ ജോയിൻ ചെയ്യുക. ഇത് ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുന്നത്. അരമനൈ സിനിമാറ്റിക് യൂണിവേഴ്‌സ് വഴി ഏറെ ജനപ്രീതി നേടിയ സുന്ദർ സി, നാല്പതോളം ചിത്രങ്ങളാണ് തമിഴിൽ ഒരുക്കിയിട്ടുള്ളത്.
കമൽ ഹാസൻ നായകനായ ‘അൻപേ ശിവം’ എന്ന ചിത്രവും സുന്ദർ സി ക്ക് വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. നടനും ഗായകനും കൂടിയായ സുന്ദർ സിയുടെ അടുത്ത റിലീസ് നയൻതാര നായികയായ ‘മൂക്കുത്തി അമ്മൻ 2’ ആണ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.


by Midhun HP News | Nov 6, 2025 | Latest News, ദേശീയ വാർത്ത
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിംഗ് സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളിൽ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉൾപ്പെടെ പ്രമുഖർ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണൽ. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിൽ ഒരുക്കിയിട്ടുള്ളത്.
അവസാന നിമിഷം രാഹുൽ ഗാന്ധി ഉയർത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചർച്ചയായിട്ടുണ്ട്. മഹാസഖ്യം തോൽവിയുറപ്പിച്ചതുകൊണ്ടാണ് ആരോപണം എന്ന വാദമുയർത്തിയാണ് ബിജെപിയും ജെഡിയുവും പ്രതിരോധിക്കുന്നത്.


by Midhun HP News | Nov 6, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വര്‍മയാണ് ക്യാപ്റ്റന്‍. ഋതുരാജ് ഗെയ്ക്വാദ് വൈസ് ക്യാപ്റ്റനാകും. മലയാളി താരം സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇഷാന്‍ കിഷന്‍ ആണ് പ്രധാന വിക്കറ്റ് കീപ്പര്‍. റിസര്‍വ് കീപ്പറായി പ്രഭ്‌സിമ്രന്‍ സിങ്ങിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ മികച്ച പ്രകടനമാണ് പ്രഭ്‌സിമ്രന് തുണയായത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ടീമില്‍ നിന്നും ഒഴിവാക്കിയ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയക്കെതിരായ ടി 20 പരമ്പരയില്‍ കളിക്കുന്ന പേസ് ബൗളര്‍മാരായ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും എ ടീമിലുണ്ട്. അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ് എന്നിവരെയും എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്‌കോട്ടില്‍ നവംബര്‍ 13,16, 19 തീയതികളിലാണ് ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരങ്ങള്‍ നടക്കുക.പതിനഞ്ചംഗ ഇന്ത്യ എ ടീം: തിലക് വര്‍മ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, നിഷാന്ത് സിന്ധു, വിപ്രാജ് നിഗം, മാനവ് സുതാര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഖലീല് അഹ്മദ്. പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍)


Recent Comments