കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

ബോളിവുഡിന്റെ സ്വന്തം കിങ് ഖാന് ഇന്ന് 60 -ാം പിറന്നാൾ. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ഷാരുഖിന് പിറന്നാൾ ആശംസകൾ നേരുന്നത്. ഒന്നുമില്ലായ്മയിൽ നിന്ന് വലിയൊരു സാമ്രാജ്യം തന്നെ സൃഷ്ടിച്ചെടുത്ത വ്യക്തിയാണ് ഷാരുഖ്. ഇന്നിപ്പോൾ ആരെയും അത്ഭുതപ്പെടുത്തുന്ന താരത്തിന്റെ വളർച്ച അത്ര പെട്ടെന്നൊന്നുമായിരുന്നില്ല, അത്ര എളുപ്പവും.

സ്ഥിരോത്സാഹവും കഠിന പ്രയത്നവുമാണ് ഷാരുഖിനെ ബോളിവു‍ഡിന്റെ കിങ് ഖാൻ എന്ന പദവിയിലേക്ക് ഉയർത്തിയത്. ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ആളാണ് ഷാരുഖ്. പതിനഞ്ചാം വയസിൽ അച്ഛനും ഇരുപത്തിയഞ്ചാം വയസിൽ അമ്മയും ഈ ലോകത്തോട് വിട പറഞ്ഞു.

വൈകാരികമായ ആ ഒറ്റപ്പെടലിനുള്ളിൽ നിന്നുകൊണ്ടാണ് കലാരംഗത്തേക്ക് ഷാരുഖ് കടന്നുവരുന്നത്, അതും യാതൊരുവിധ സിനിമാ പാരമ്പര്യവുമില്ലാതെ. സിനിമയിൽ വരുന്നതിന് മുൻപ് പല ജോലികളും താൻ ചെയ്തിരുന്നുവെന്ന് ഷാരുഖ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ഗസൽ മാന്ത്രികനായ പങ്കജ് ഉദാസിന്റെ ലൈവ് പരിപാടിക്കെത്തുന്ന ആളുകളെ ഇരിപ്പിടം കണ്ടെത്താൻ സഹായിക്കുകയായിരുന്നു ആദ്യം ചെയ്തിരുന്ന ജോലി. ആ പരിപാടിയിൽ നിന്നാണ് തനിക്ക് ആദ്യമായി പ്രതിഫലം ലഭിക്കുന്നതെന്നും ഷാരുഖ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

“കുട്ടിക്കാലത്ത് തന്നെ ഞാൻ കുറച്ചു ദൂരം യാത്രയൊക്കെ ചെയ്യുമായിരുന്നു. അങ്ങനെ ഒരു ദിവസം പങ്കജ് ഉദാസിന്റെ പരിപാടിയിൽ ആളുകളെ സ്വീകരിച്ച് ഇരുത്തുന്ന ജോലിക്ക് പോയി. അതിന് പ്രതിഫലമായി ഞങ്ങൾക്ക് അന്ന് 50 രൂപ ലഭിച്ചു. ആ പൈസയ്ക്ക് ഞങ്ങൾ ട്രെയ്‌ൻ കയറി താജ്മഹൽ കാണാൻ പോയി”. – ഷാരുഖ് ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

50 രൂപ പ്രതിഫലത്തിൽ തുടങ്ങിയ ഷാരുഖ് ഇന്ന് കോടികൾ പ്രതിഫലം കൈപ്പറ്റുന്ന സൂപ്പർ സ്റ്റാറായി മാറിയിരിക്കുന്നു. സിനിമ സ്വപ്നം കാണുന്ന ഏതൊരാൾക്കും ഒരു തുറന്ന പാഠപുസ്തകവും പ്രചോദനവുമാണ് ഷാരുഖിന്റെ ജീവിതം. ലോകമെമ്പാടും ഷാരൂഖിന് നിരവധി റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളുണ്ട്.

ബാന്ദ്രയിൽ 200 കോടി വിലമതിക്കുന്ന മന്നത്ത് എന്ന ആഡംബര ബംഗ്ലാവിനു പുറമെ ലണ്ടനിൽ ആഡംബര അപ്പാർട്ട്മെന്റ്, ഇംഗ്ലണ്ടിൽ ഒരു അവധിക്കാല വിശ്രമ കേന്ദ്രം, ബെവർലി ഹിൽസിൽ ഒരു വില്ല, ഡൽഹിയിൽ പ്രോപ്പർട്ടികൾ, അലിബാഗിൽ ഒരു ഫാംഹൗസ്, ദുബായിൽ ബംഗ്ലാവ് എന്നിവയും ഷാരുഖിന് സ്വന്തമായുണ്ട്.

ഷാരുഖിന്റെ ജന്മദിനം ഗ്രാൻഡ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച് ആഘോഷമാക്കുകയാണ് യുഎഇ. പതിവ് പോലെ മുംബൈയിലെ മന്നത്ത് മൻസിലിലെ ബാൽക്കണിയിൽ ഷാരുഖ് ഇന്നും എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്ക് എതിരെ യുഎസ് താരിഫ് നിരക്ക് ഉള്‍പ്പെടെ ഉയര്‍ത്തി സമ്മര്‍ദത്തിലാക്കുമ്പോള്‍ ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ അപൂര്‍വ നേട്ടം. റഷ്യന്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ ഇറക്കുമതിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുക്രൈയ്ന്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി 12 ഇരട്ടി വര്‍ധിച്ചെന്നാണ് കണക്കുകള്‍.

ഇന്ത്യയിലേക്കുള്ള സൂര്യകാന്തി എണ്ണ കയറ്റുമതിയില്‍ നേരത്തെ യുക്രൈയ്ന്‍ ആയിരുന്നു മുന്നില്‍. ഇതാണ് റഷ്യ മറികടന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലും മാറ്റമില്ലാതെ തുടരുന്ന ഇന്ത്യ – റഷ്യ നാവിക വ്യാപാര സൗകര്യവുമാണ് റഷ്യന്‍ സൂര്യകാന്തി എണ്ണയുടെ കയറ്റുമതിയെ സഹായിച്ചത്.

നിലവില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന സൂര്യകാന്തി എണ്ണയുടെ 56 ശതമാനവും റഷ്യയില്‍ നിന്നാണ്. 2021ല്‍ ഇത് പത്ത് ശതമാനം മാത്രം ആയിരുന്നു. 175,000 ടണ്‍ സുര്യകാന്തി എണ്ണയായിരുന്നു 2021 ല്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം 2.09 ദശലക്ഷം ടണ്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു. 12 ഇരട്ടിയോളം അധികമാണ് ഈ വ്യത്യാസം.

റഷ്യയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമുദ്രവ്യാപാരത്തില്‍ വന്ന പ്രതിസന്ധിയാണ് ഇന്ത്യ – യുക്രൈയ്ന്‍ വ്യാപാരത്തെ ബാധിച്ചത്. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് റോഡ് മാര്‍ഗമുള്ള കയറ്റുമതിയാണ് യുക്രൈയ്ന്‍ ആശ്രയിക്കുന്നത്. റഷ്യന്‍ സൂര്യകാന്തി എണ്ണ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു എന്നതും വ്യാപാരം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള ഭക്ഷ്യ എണ്ണകളില്‍ മൂന്നാം സ്ഥാനമാണ് സൂര്യകാന്തി എണ്ണയ്ക്കുള്ളത്. ഉപഭോഗ ആവശ്യത്തിന്റെ 60 ശതമാനവും ഭക്ഷ്യ എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ഇതിന്റെ ആഭ്യന്തര ഉത്പാദനം. ഇറക്കുമതിയില്‍ പകുതിയും പാം ഓയിലാണ്. ബാക്കി സൊയാബീന്‍ ഓയിലും സൂര്യകാന്തി എണ്ണയുമാണ്.

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തുള്ള പ്രമുഖ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 9 മരണം. കാസിബുഗ്ഗയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഏകാദശി ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

ഇന്ന് രാവിലെയാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ അനുഭവപ്പെട്ട തിരക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേമാക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ‘ഹൃദയഭേദകം’ എന്നാണ് വിശേഷിപ്പിച്ചത്.

‘ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ മരിച്ച സംഭവം അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ക്ക് വേഗത്തിലും ശരിയായ ചികിത്സയും നല്‍കാന്‍ ഞാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,’- നായിഡു പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് ദുരിതാശ്വാസ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അദ്ദേഹം പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

JEE Main 2026: രജിസ്ട്രേഷൻ ആരംഭിച്ചു, അവസാന തീയതി അറിയാം

JEE Main 2026: രജിസ്ട്രേഷൻ ആരംഭിച്ചു, അവസാന തീയതി അറിയാം

ഡൽഹി: എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ ബിരുദ കോഴ്സുകളിലേക്കുള്ള ദേശിയ പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE Main 2026) മെ​യി​ൻസ് 2026ന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷയുടെ രജിസ്ട്രേഷനാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ jeemain.nta.ac.in വഴി നവംബർ 27 വരെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

രണ്ട് സെഷൻ ആയിട്ടാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ‌ടി‌എ) പരീക്ഷ സംഘടിപ്പിക്കുന്നത്. സെഷൻ ഒന്ന് വിഭാഗത്തിലെ പരീക്ഷ 2026 ജനുവരി 21 മുതൽ 30 വരെ നടത്തും. സെഷൻ രണ്ട് വിഭാഗത്തിലെ പരീക്ഷ 2026 ഏപ്രിൽ ഒന്ന് മുതൽ 10 വരെ നടക്കും.

സെഷൻ ഒന്ന് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ കഴിഞ്ഞ ദിവസം (ഒക്ടോബർ 31) മുതൽ ആരഭിച്ചിട്ടുണ്ട്. രണ്ടാം സെഷനിലേക്കുള്ള രജിസ്ട്രേഷൻ 2026 ജനുവരി അവസാന വാരം മുതൽ നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എൻഐടികൾ, ഐഐഐടികൾ, മറ്റ് കേന്ദ്ര ധനസഹായമുള്ള സ്ഥാപനങ്ങൾ (സിഎഫ്ടിഐകൾ) എന്നിവയിലെ എൻജിനിയറിങ് ബിരുദ (ബിടെക്/ ബിഇ) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ നടത്തുന്നത്. ജെഇഇ (മെയിൻ) പേപ്പർ 1 യോഗ്യത നേടുന്ന പരീക്ഷാർത്ഥികൾക്ക് ഐഐടികളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെഇഇ (അഡ്വാൻസ്ഡ്) പരീക്ഷ എഴുതാൻ അർഹതയുണ്ടായിരിക്കും.

ജെഇഇ (JEE Main) മെയിൻ 2026 പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് jeemain.nta.nic.in.സന്ദർശിക്കുക

ഹോംപേജിൽ, “കാൻഡിഡേറ്റ് ആക്ടിവിറ്റി” എന്നതിന് കീഴിലുള്ള “പുതിയ രജിസ്ട്രേഷൻ” എന്നതിൽ ക്ലിക്ക് ചെയ്യുക

ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുക.

ജെഇഇ മെയിൻ എഴുതുന്നവരുടെ സൗകര്യാർത്ഥം, ഇന്ത്യയിലുടനീളം പരീക്ഷാ നഗരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള പദ്ധതി എൻ‌ടി‌എ പ്രഖ്യാപിച്ചു. പരീക്ഷാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള സൗകര്യം ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇത് വർദ്ധിപ്പിക്കുന്നത്.

പിഡബ്ല്യുഡി/പിഡബ്ല്യുബിഡി പരീക്ഷാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക വ്യവസ്ഥകൾ നടപ്പിലാക്കുമെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. നവംബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 4.5 രൂപ മുതല്‍ 6.5 രൂപ വരെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. എന്നാല്‍ 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

നാലുതവണ കുറച്ച ശേഷം ഒക്ടോബറില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വര്‍ധന വരുത്തിയിരുന്നു. 15 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്റ്റംബറില്‍ വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ 19 കിലോഗ്രാം ഏപ്രില്‍ മുതല്‍ ജൂലൈ വരെ, 19 കിലോഗ്രാം എല്‍പിജി വിലയില്‍ ഡല്‍ഹിയില്‍ 138 രൂപയും കൊല്‍ക്കത്തയില്‍ 144 രൂപയും മുംബൈയില്‍ 139 രൂപയും ചെന്നൈയില്‍ 141.5 രൂപയുമാണ് മൊത്തത്തില്‍ കുറച്ചത്.നവംബര്‍ ഒന്നുമുതല്‍ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1590.5 രൂപയാണ്. കൊല്‍ക്കത്ത 1694, മുംബൈ 1542, ചെന്നൈ 1750 എന്നിങ്ങനെയാണ് മറ്റു പ്രധാന നഗരങ്ങളിലെ വില. ഏപ്രിലില്‍ 50 രൂപ വര്‍ധിപ്പിച്ച ശേഷം 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.

മുഴുവന്‍ ജമ്മു കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ശ്രമിച്ചു, തടഞ്ഞത് നെഹ്‌റു: നരേന്ദ്രമോദി

മുഴുവന്‍ ജമ്മു കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ശ്രമിച്ചു, തടഞ്ഞത് നെഹ്‌റു: നരേന്ദ്രമോദി

അഹമ്മദാബാദ്: ജമ്മു കശ്മീരിനെ മുഴുവനായി ഇന്ത്യയുടെ ഭാഗമാക്കാനുള്ള നീക്കം തടഞ്ഞത് പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ ലാല്‍ നെഹ്‌റുവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാനാണ് രാജ്യത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നുവെന്ന് മോദി ആരോപിച്ചു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മദിനത്തില്‍ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മറ്റ് നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചതുപോലെ, മുഴുവന്‍ കശ്മീരിനെയും ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചു. എന്നാല്‍ നെഹ്റു അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നത് തടഞ്ഞു. കശ്മീരിനെ വിഭജിച്ചു, പ്രത്യേക ഭരണഘടനയും പ്രത്യേക പതാകയും നല്‍കി. കോണ്‍ഗ്രസിന്റെ ഈ തെറ്റ് കാരണം രാജ്യം പതിറ്റാണ്ടുകളായി അതിന്റെ പ്രത്യാഘാതം അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം 550-ലധികം നാട്ടുരാജ്യങ്ങള്‍ ഏകീകരിക്കുന്നതില്‍ സര്‍ദാര്‍ പട്ടേല്‍ വഹിച്ച പങ്ക് വളരെ പ്രശംസനീയമാണെന്ന് മോദി പറഞ്ഞു. അസാധ്യമെന്ന് കരുതിയ ദൗത്യമാണ് അദ്ദേഹം സാധ്യമാക്കിയത്. ‘ഏക ഇന്ത്യ, ഉത്കൃഷ്ട ഇന്ത്യ’ എന്ന ആശയം സര്‍ദാര്‍ പട്ടേലിനെ സംബന്ധിച്ചിടത്തോളം, പരമപ്രധാനമായിരുന്നു. ചരിത്രം എഴുതാന്‍ സമയം പാഴാക്കുകയല്ല വേണ്ടത്, പകരം ചരിത്രം സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്യുക എന്നതായിരുന്നു പട്ടേലിന്റെ വിശ്വാസമെന്ന് മോദി പറഞ്ഞു.

പ്രസംഗത്തിന് മുമ്പായി, ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ ഏകതാ നഗറിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമയില്‍ നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്തി. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം, 2014 മുതല്‍ രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആയി ആചരിച്ചു വരുന്നു. രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.