നാഷണൽ ഹൈവേ അതോറിട്ടിയിൽ ഡെപ്യൂട്ടി മാനേജർ, അക്കൗണ്ടന്റ്, സ്റ്റെനോഗ്രാഫർ തസ്തികകളിൽ ഒഴിവ്

നാഷണൽ ഹൈവേ അതോറിട്ടിയിൽ ഡെപ്യൂട്ടി മാനേജർ, അക്കൗണ്ടന്റ്, സ്റ്റെനോഗ്രാഫർ തസ്തികകളിൽ ഒഴിവ്

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)നിലിവുള്ള ഒഴിവുകളിലേക്കും ബാക്ക് ലോഗ് നികത്തുന്നതിനുമായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡെപ്യൂട്ടി മാനേജർ,അക്കൗണ്ടന്റ്, സ്റ്റെനോഗ്രാഫർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്,ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ,സ്റ്റെനോഗ്രാഫർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിവിധ തസ്തികകളിൽ വിവിധ യോഗ്യതകളാണ് മാനദണ്ഡം. ഏറ്റവും കൂടുതൽ ഒഴിവുകൾ അക്കൗണ്ടന്റ്,സ്റ്റെനോഗ്രാഫർ തസ്തികകളിലാണ്. കുറവ് ഒഴിവുകൾ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്,ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ തസ്തികകളിലും

ഉദ്യോഗാർത്ഥികൾക്ക് ദേശീയപാതാ അതോറിട്ടിയുടെ (NHAI) യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കേണ്ടത്. ഔദ്യോഗിക വിജ്ഞാപന പ്രകാരം ഈ തസ്തികകളിലെല്ലാമായി 84 ഒഴിവുകളാണ് ഉള്ളത്. ഇന്ന് മുതൽ (ഒക്ടോബർ 30) അപേക്ഷിക്കാം.

ഡെപ്യൂട്ടി മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്)

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉള്ള റെഗുലർ ബിരുദം. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ (ഫിനാൻസ്)

ഉയർന്ന പ്രായപരിധി- 30 വയസ്സ്

ഒഴിവുകളുടെ എണ്ണം – ഒമ്പത്

ശമ്പള സ്കെയിൽ – 56,100- 1,77500

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ലൈബ്രറി സയൻസിൽ ബിരുദം.

ഉയർന്ന പ്രായപരിധി -30 വയസ്സ്

ഒഴിവുകളുടെ എണ്ണം- ഒന്ന്

ശമ്പള സ്കെയിൽ -35,400- 1,12,400

ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ

യോഗ്യത

അംഗീകൃത സർവകാശാലയിൽ നിന്ന് ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ നിർബന്ധിത വിഷയമായോ ഐച്ഛിക വിഷയമായോ പരീക്ഷമാധ്യമായോ ഈ ഭാഷകൾ ഉൾപ്പെട്ടിരിക്കണം.

ഒഴിവുകളുടെ എണ്ണം- ഒന്ന്

ഉയർന്ന പ്രായപരിധി-30 വയസ്സ്

ശമ്പള സ്കെയിൽ -35,400- 1,12,400

അക്കൗണ്ടന്റ്

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദാനന്തര ബിരുദം; ചാർട്ടേഡ് അക്കൗണ്ടൻസിയിൽ (CA) ഇന്റർമീഡിയറ്റ്; കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റിൽ (CMA) ഇന്റർമീഡിയറ്റ്

ഒഴിവുകളുടെ എണ്ണം -42

ഉയർന്ന പ്രായപരിധി- 30 വയസ്സ്

ശമ്പള സ്കെയിൽ -29,200- 92,300

സ്റ്റെനോഗ്രാഫർ

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം. മിനിറ്റിൽ 80 വാക്കുകളിൽ (ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി) അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഡിക്റ്റേഷൻ, കമ്പ്യൂട്ടറിൽ ട്രാൻസ്ക്രിപ്ഷൻ സമയം ഇംഗ്ലീഷിന് 50 മിനിറ്റും ഹിന്ദിക്ക് 65 മിനിറ്റും ആയിരിക്കും.

ഒഴിവുകളുടെ എണ്ണം -31

ഉയർന്ന പ്രായപരിധി-28 വയസ്സ്

ശമ്പള സ്കെയിൽ -25,500- 81,100

എല്ലാ തസ്തികകളിലും നിയമപ്രകാരമുള്ള പ്രായപരിധിയിൽ ഇളവ് ബാധകമാണ്.

എല്ലാ തസ്തികകളിലേക്കും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഡിസംബർ 15 (15-12-2025) ആണ്

വിജ്ഞാപനം കാണുന്നതിനും വിശദവിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്: nhai.gov.in

നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന് അനുമതി, നിര്‍മാണം ഉടന്‍ തുടങ്ങും

നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന് അനുമതി, നിര്‍മാണം ഉടന്‍ തുടങ്ങും

ന്യൂഡല്‍ഹി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. എയര്‍പോര്‍ട്ടിനോടു ചേര്‍ന്നാണ് പുതിയ സ്റ്റേഷന്‍ നിര്‍മിക്കുക.

എയര്‍പോര്‍ട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയുടെ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം സന്ദര്‍ശിച്ചപ്പോള്‍ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നതായും ജോര്‍ജ് കുര്യന്‍ അറിയിച്ചു.

കഴിഞ്ഞ കൊല്ലം വിന്‍ഡോ-ട്രെയിലിങ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ റയില്‍വേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക്് സ്റ്റേഷന്റെ സ്ഥാനം കാണിച്ചുകൊടുത്തത്. ജോര്‍ജ് കുര്യന്‍ റെയില്‍വേ മന്ത്രിക്ക് ഒപ്പം ഇന്‍സ്‌പെക്ഷനില്‍ പങ്കെടുത്തിരുന്നു.

വിമാന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഈ റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും ജോര്‍ജ് കുര്യന്‍ നന്ദി അറിയിച്ചു.

ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് അമിത പലിശ; ബാങ്ക് തുക തിരിച്ചു നൽകണമെന്ന് ഉത്തരവിട്ട് കോടതി

ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് അമിത പലിശ; ബാങ്ക് തുക തിരിച്ചു നൽകണമെന്ന് ഉത്തരവിട്ട് കോടതി

അബുദാബി: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതിന് പലിശയിനത്തിൽ ബാങ്ക് അകാരണമായി വാങ്ങിയ തുക തിരിച്ചു നൽകണമെന്ന് ഉത്തരവിട്ട് അബുദാബി കോടതി. 18,9873 ദി​ര്‍ഹം പരാതിക്കാരന് തി​രി​കെ ന​ല്‍കാ​ന്‍ കൊ​മേ​ഴ്‌​സ്യ​ല്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഉ​പ​ഭോ​ക്താ​വിന് നേ​രി​ട്ട സാ​മ്പ​ത്തി​ക, ധാ​ര്‍മി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 25,000 ദി​ര്‍ഹം ബാങ്ക് നൽകണമെന്നും വിധിയിൽ പറയുന്നു.

2015ലാ​ണ് ബാ​ങ്കി​ന്‍റെ ക്രെ​ഡി​റ്റ് കാ​ര്‍ഡ് പരാതിക്കാരന് ലഭിച്ചത്. അന്ന് മുതൽ 10 വർഷം തുടർച്ചയായി കാർഡ് ഉപയോഗിച്ച് വരുകയും കൃത്യസമയത്ത് പണം അടയ്ക്കുകയും ചെയ്തു. എന്നാൽ വിവിധ തരത്തിലുള്ള പലിശകളിലായി ബാങ്ക് നിരത്തരം ഇയാളുടെ അക്കൗണ്ടിൽ നിന്ന് പണം പിടിച്ചു കൊണ്ടേയിരുന്നു.

ഏറ്റവും ഒടുവിൽ പരാതിയുമായി ബാങ്കിനെ സമീപിച്ചപ്പോൾ 1,15,185 ദി​ര്‍ഹം കൂടി ഇനി അടയ്ക്കണമെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതിനെതിരെ പരാതിക്കാരൻ കോടതിയെ സമീപിച്ചു. കോടതി വിഷയം പഠിച്ച് റിപ്പോർട് സമർപ്പിക്കാൻ ഒരു സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നെ ഏർപ്പെടുത്തി. ക്രെ​ഡി​റ്റ് കാ​ര്‍ഡി​ന്റെ പ​ലി​ശ ഒ​മ്പ​ത് ശ​ത​മാ​ന​മാ​യി കണക്കാക്കി പരാതിക്കാരൻ അടച്ച തുകയും ബാങ്ക് വായ്പ നൽകിയ തുകയും തമ്മിൽ കണക്കു കൂട്ടി.

10,64,879 ദി​ര്‍ഹ​മാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ന്‍ ബാങ്കിൽ നിന്ന് വായ്പയായി എടുത്തത്. ഇയാൾ 2,65,484 ദി​ര്‍ഹം തിരിച്ചടച്ചതായും കണ്ടെത്തി. സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ന്റെ റിപ്പോർട്ട് പരിഗണിച്ച് ബാങ്ക് അധികമായി ഈടാക്കിയ 1,15,185 ദിർഹം തിരിച്ചു നൽകാൻ കോടതി ഉത്തരവിടുക ആയിരുന്നു.

വായു മലിനീകരണം: ലോകത്തെ മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയില്‍

വായു മലിനീകരണം: ലോകത്തെ മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയില്‍

ഡല്‍ഹി: ആഗോള തലത്തില്‍ വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 17 ലക്ഷത്തില്‍ അധികം മരണങ്ങളാണ് ഇന്ത്യയില്‍ വായു മലിനീകരണത്തിന്റെ ഫലമായി ഉണ്ടാകുന്നത് എന്നാണ് ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ ഓണ്‍ ഹെല്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ചിന്റെ 2025 ലെ ഗ്ലോബല്‍ റിപ്പോര്‍ട്ട് പറയുന്നത്. 2010 ന് ശേഷം ഇത്തരം മരണങ്ങളുടെ തോത് 38 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം 1.72 ദശലക്ഷം മരണങ്ങള്‍ പ്രതിവർഷം വിവിധ തരത്തിലുള്ള വായു മലിനീകരണങ്ങളെ തുടര്‍ന്നു ഉണ്ടാകുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തില്‍ പ്രതിവര്‍ഷം 2.5 ദശലക്ഷം മരണങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത് എന്നിരിക്കെയാണ് കണക്കിലെ ഇന്ത്യയുടെ അവസ്ഥ വെളിവാകുന്നത്.

ഇന്ത്യയിലെ വായുമലിനീകരണം മൂലമുള്ള മരണങ്ങളില്‍ 44 ശതമാനവും (752,000) ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലമാണ്. ഇതില്‍ കല്‍ക്കരി, ദ്രാവക വാതകം എന്നിവയുടെ ഉപയോഗം പ്രത്യേകം എടുത്ത് പറയുകയും ചെയ്യുന്നുണ്ട്. കല്‍ക്കരി മാത്രം 394,000 മരണങ്ങള്‍ക്ക് കാരണമാകുന്നു. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ഉപയോഗമാണ് ഇതിലെ 298,000 മരണങ്ങള്‍ക്ക് കാരണം. റോഡ് ഗതാഗതത്തിന് പ്രട്രോള്‍ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന മലിനീകരണം 269,000 മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ രാജ്യത്ത് കാട്ടു തീ ഉണ്ടാക്കിയ മലിനീകരണം പ്രതിവര്‍ഷം ശരാശരി 10,200 മരണങ്ങള്‍ക്ക് കാരണമായെന്നാണ് എന്നാണ് മറ്റൊരു കണ്ടെത്തല്‍. കാട്ടുതീ ഉണ്ടാക്കിയ പുക ഇത് 2003 മുതല്‍ 2012 കാലയളവില്‍ 28 ശതമാനം വര്‍ധനവാണ് ഈ കണക്കില്‍ ഉണ്ടായിട്ടുള്ളത്. ഇന്ത്യന്‍ വീടുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ ഉണ്ടാക്കുന്ന ആഘാതങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗാര്‍ഹിക വായു മലിനീകരണം മൂലം 100,000 ആളുകളില്‍ ശരാശരി 113 മരണങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍. 2022 ലെ കണക്കുകളാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ആണ് ഇത്തരം മരണനിരക്ക് കൂടുതല്‍. 2022 ല്‍ ഇന്ത്യയില്‍ പുറത്തെ വായു മലിനീകരണം മൂലമുള്ള അകാല മരണത്തിന്റെ സാമ്പത്തിക ചെലവ് ജിഡിപിയുടെ 9.5 ശതമാനത്തിന് തുല്യമായ 339.4 ബില്യണ്‍ ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

ഓസ്ട്രേലിയൻ ആട്ടിറച്ചിയെന്ന വ്യാജേന വിറ്റത് ഇന്ത്യൻ പോത്തിറച്ചി; തട്ടിപ്പ് സംഘത്തെ പിടികൂടി കുവൈത്ത്

ഓസ്ട്രേലിയൻ ആട്ടിറച്ചിയെന്ന വ്യാജേന വിറ്റത് ഇന്ത്യൻ പോത്തിറച്ചി; തട്ടിപ്പ് സംഘത്തെ പിടികൂടി കുവൈത്ത്

കുവൈത്ത് സിറ്റി: ഓസ്ട്രേലിയൻ ആട്ടിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്ത്യൻ പോത്തിറച്ചി വിൽപന നടത്തിയ സംഘത്തെ പിടികൂടി. അറവു ശാല കേന്ദ്രികരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിച്ചു വന്നിരുന്നത്. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

വ്യാജ ബില്ലുകളും ഇൻവോയ്സുകളും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നു അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ ആട്ടിറച്ചി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട നിരവധി വ്യാജ ബില്ലുകളും ഇവരുടെ കയ്യിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ബീഫ് ശീതീകരിച്ച ശേഷം പ്രത്യേക ആകൃതിയിൽ മുറിച്ചെടുത്താണ് ഓസ്‌ട്രേലിയൻ ആട്ടിറച്ചിയെന്ന പേരിൽ വിൽപ്പന നടത്തിയത്. ഷോപ്പുകളിൽ നിന്ന് ഈ ഇറച്ചി വാങ്ങി ഉപയോഗിച്ചവർക്ക് തോന്നിയ സംശയമാണ് പ്രതികളെ പിടികൂടാൻ കാരണമായത്.കടയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ മാംസവും കണ്ടെത്തി അധികൃതർ നശിപ്പിച്ചു. കൂടാതെ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. ഉപഭോക്താക്കളെ വഞ്ചിച്ചതിനും ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

വിജയ് നല്‍കിയ 20 ലക്ഷം തിരികെ നല്‍കി മരിച്ചയാളുടെ ഭാര്യ

വിജയ് നല്‍കിയ 20 ലക്ഷം തിരികെ നല്‍കി മരിച്ചയാളുടെ ഭാര്യ

ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിച്ചു നല്‍കി വീട്ടമ്മ. കരൂരില്‍ റാലിക്കിടെ മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് പണം തിരികെ നല്‍കിയത്. റാലിയ്ക്കിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കരൂരിലെത്തി കാണും എന്ന വാഗാദാനം വിജയ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മയുടെ നടപടി. തനിക്ക് ലഭിച്ച പണം ടിവികെയുടെ അക്കൗണ്ടിലേക്ക് സംഗവി ട്രാന്‍സ്ഫര്‍ ചെയ്‌തെന്നാണ് വിവരം.

കരൂര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി വിജയ് മഹാബലിപുരത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സംഗവിയുടെ നടപടി. രണ്ടാഴ്ച മുമ്പ് വിജയ് വീഡിയോ കോളിലൂടെ ഞങ്ങളോട് സംസാരിച്ചു, ഞങ്ങളെ കാണാനും അനുശോചനം അറിയിക്കാനും ഇവിടെ വരുമെന്ന് അറിയിച്ചിരുന്നു. ഇതുണ്ടാകാത്ത സാഹചര്യത്തിലാണ് പണം തിരികെ നല്‍കുന്നത്. പണത്തെക്കാള്‍ വലുതാണ് അദ്ദേഹം നേരിട്ട് സന്ദര്‍ശിച്ചുള്ള സാന്ത്വനമെന്നും സംഗവി പറഞ്ഞു. തിങ്കളാഴ്ച മഹാബലിപുരത്തുനടന്ന വിജയ്യുടെ കൂടിക്കാഴ്ചയ്ക്കുതന്നെ വിളിച്ചില്ലെന്നും സംഗവി അറിയിച്ചു.

അതേസമയം, സംഗവിയുടെ ഭര്‍തൃസഹോദരി ഭൂപതിയും ബന്ധുക്കളും മഹാബലിപുരത്തേക്ക് വന്നിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുമായി ബന്ധമില്ലാത്ത സഹോദരിയെയാണ് ടിവികെ നേതാക്കള്‍ മഹാബലിപുരത്തേക്ക് കൊണ്ടുപോയതെന്നും സംഗവി പറയുന്നു. തിങ്കളാഴ്ച കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ നേരില്‍ക്കണ്ട വിജയ് സംഭവങ്ങളില്‍ മാപ്പ് പറഞ്ഞതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് കരൂര്‍ സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നതെന്നും ഇവിടെ എത്താന്‍ കഴിയാതിരുന്നതില്‍ താരം ക്ഷമ ചോദിച്ചതായും ചടങ്ങില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. 41 പേര്‍ മരിച്ച അപകടം നടന്ന് ഒരുമാസത്തിന് ശേഷമാണ് മരിച്ചവരുടെ 33 കുടുംബങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. കരൂര്‍ സന്ദര്‍ശിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെയാണ് മഹാബലിപുരത്തെ ഹോട്ടലിലാണു കൂടിക്കാഴ്ചയൊരുക്കിയത്. 160ലേറെപ്പേര്‍ ചടങ്ങിനെത്തിയിരുന്നു.