by Midhun HP News | Nov 4, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേര്‍ പിടിയിലായി. തവസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് വെടിവെച്ചു വീഴ്ത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞപ്രദേശത്ത് പ്രതികള്‍ ഒളിവില്‍ കഴിയുന്നതായി മനസ്സിലാക്കിയ പൊലീസ് സംഘം പ്രദേശം വളഞ്ഞു. ഇതോടെ പ്രതികള്‍ വടിവാളും മറ്റും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അക്രമികളുടെ വെട്ടേറ്റ് ഹെഡ് കോണ്‍സ്റ്റബിളിന്റെ കൈക്ക് മുറിവേറ്റു.
തുടര്‍ന്ന് പൊലീസ് പ്രതികളുടെ കാലില്‍ വെടിവെച്ചു വീഴ്ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവഗംഗ സ്വദേശികളായ പ്രതികള്‍, കെട്ടിട നിര്‍മ്മാണ തൊഴിലിനായിട്ടാണ് കോയമ്പത്തൂരില്‍ എത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവരെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോയമ്പത്തൂരില്‍ പഠിക്കുന്ന മധുര സ്വദേശിനിയായ യുവതിയെ അക്രമികൾ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തത്. രാത്രി 11 മണിക്ക് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപത്തെ ബൃന്ദാവന്‍ നഗറിൽ പുരുഷ സുഹൃത്തിനൊപ്പം വിദ്യാര്‍ത്ഥിനി കാറില്‍ ഇരിക്കുകയായിരുന്നു. ഈ സമയത്ത് മൂന്നംഗ സംഘം കാറിനടുത്തെത്തി, പുരുഷ സുഹൃത്തിനെ വടിവാള്‍ കൊണ്ട് ആക്രമിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.


by Midhun HP News | Nov 3, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഐസിസി ഏകദിന ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികങ്ങള്‍. ചാംപ്യന്‍മാരായ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 51 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് അവാര്‍ഡ് തുക പ്രഖ്യാപിച്ചത്.
ലോക കിരീടത്തോടൊപ്പം ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിന് 39.78 കോടിയുടെ (4.48 മില്യണ്‍ യുഎസ് ഡോളര്‍) പ്രൈസ് മണിയും ഐസിസി സമ്മാനിച്ചിരുന്നു. കായിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രൈസ് മണിയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. കഴിഞ്ഞ പുരുഷ ലോകകപ്പിലെ വിജയിച്ച ടീമിന് 35.51 കോടി രൂപയാണ് നല്‍കിയത്.
വിജയികളായ ഇന്ത്യന്‍ ടീമിന് ആകെ 123 കോടി രൂപയാണ് പാരിതോഷികമായി ലഭിക്കുക. 2022-ലെ ടൂര്‍ണമെന്റിന് നല്‍കിയ സമ്മാനത്തുകയേക്കാള്‍ 297 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പുരുഷ-വനിതാ ടീമുകളുടെ സമ്മാനത്തുക തുല്യമായി നല്‍കാന്‍ ഐസിസി തീരുമാനിച്ചതോടെയാണ് വന്‍ വര്‍ധനയുണ്ടായത്.
ഫൈനലിൽ പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 19.88 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. സെമി ഫൈനലില്‍ തോറ്റ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും 9.94 കോടി രൂപവീതവും ലഭിക്കും. 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് വിജയത്തിന് അടുത്തെത്തി 9 റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.


by Midhun HP News | Nov 2, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള നാലു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 95,447 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം മറ്റു ആറു മുന്‍നിര കമ്പനികള്‍ക്ക് വിപണി മൂല്യത്തില്‍ 91,685 കോടിയുടെ നഷ്ടം നേരിട്ടു.
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ വിപണി മൂല്യത്തില്‍ റിലയന്‍സിന് 47,431 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 20,11,602 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എസ്ബിഐ 30,091 കോടി, ഭാരതി എയര്‍ടെല്‍ 14,540 കോടി, എല്‍ഐസി 3,383 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.
ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് നഷ്ടം നേരിട്ടത്. ബജാജ് ഫിനാന്‍സിന് മാത്രം കഴിഞ്ഞാഴ്ച വിപണി മൂല്യത്തില്‍ 29,090 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ഐസിഐസിഐ ബാങ്ക് 21,618 കോടി, ഇന്‍ഫോസിസ് 17,822 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 11,924 കോടി എന്നിങ്ങനെയാണ് നഷ്ടത്തില്‍ മുന്‍പിലുള്ള മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. ഇത്തവണയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് തൊട്ടുപിന്നിലുള്ള കമ്പനികള്‍.


by Midhun HP News | Nov 2, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സാമ്പത്തിക ഇടപാടുകളില്‍ പാന്‍ (പെര്‍മനന്റ് അകൗണ്ട് നമ്പര്‍) കാര്‍ഡ് വളരെ പ്രധാനപ്പെട്ട രേഖയാണ്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത്, വലിയ ഇടപാടുകള്‍ നടത്തുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും.
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഡിസംബര്‍ 31 ആണ്. അതിനുള്ളില്‍ ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ 2026 ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് അസാധുവാകും. നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി എത്രയും വേഗം ബന്ധിപ്പിക്കേണ്ടതാണ്.
പാന്‍ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം:
ആദായനികുതി ഇ-ഫയലിങ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക: https://www.incometax.gov.in/iec/foportal/
‘ലിങ്ക് ആധാര്‍’ (ഹോംപേജില്‍ താഴെ ഇടതുവശത്ത്) ക്ലിക്ക് ചെയ്യുക
കാണിച്ചിരിക്കുന്ന ഫീല്‍ഡുകളില്‍ നിങ്ങളുടെ 10 അക്ക പാന്‍, 12 അക്ക ആധാര്‍ നമ്പറുകള്‍ നല്‍കുക
സ്‌ക്രീനിലെ നിര്‍ദേശങ്ങള്‍ പാലിച്ച് 1,000 രൂപ പേയ്മെന്റ് പൂര്‍ത്തിയാക്കുക
അഭ്യര്‍ത്ഥന സമര്‍പ്പിക്കുക- പോര്‍ട്ടല്‍ അത് സ്വീകരിക്കുകയും ലിങ്കിങ് പ്രോസസ്സ് ചെയ്യുകയും ചെയ്യും
ഓണ്‍ലൈനിലൂടെ പരിശോധിക്കുന്ന വിധം:
uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ആധാര്‍ സര്‍വീസസില്‍ ക്ലിക്ക് ചെയ്യുക
ആധാര്‍ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുക്കുക
12 അക്ക ആധാര്‍ നമ്പര്‍ നല്‍കി ഗെറ്റ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക
പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുക
സെക്യൂരിറ്റി വെരിഫിക്കേഷന് കാപ്ച കോഡ് നല്‍കുക
ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂര്‍ത്തിയായി
തുടര്‍ന്ന് ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും
www.nsdl.com ല്‍ കയറിയും സമാനമായ നിലയില്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കും.


by Midhun HP News | Nov 2, 2025 | Latest News, ദേശീയ വാർത്ത
ബോളിവുഡിന്റെ സ്വന്തം കിങ് ഖാന് ഇന്ന് 60 -ാം പിറന്നാൾ. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ഷാരുഖിന് പിറന്നാൾ ആശംസകൾ നേരുന്നത്. ഒന്നുമില്ലായ്മയിൽ നിന്ന് വലിയൊരു സാമ്രാജ്യം തന്നെ സൃഷ്ടിച്ചെടുത്ത വ്യക്തിയാണ് ഷാരുഖ്. ഇന്നിപ്പോൾ ആരെയും അത്ഭുതപ്പെടുത്തുന്ന താരത്തിന്റെ വളർച്ച അത്ര പെട്ടെന്നൊന്നുമായിരുന്നില്ല, അത്ര എളുപ്പവും.
സ്ഥിരോത്സാഹവും കഠിന പ്രയത്നവുമാണ് ഷാരുഖിനെ ബോളിവുഡിന്റെ കിങ് ഖാൻ എന്ന പദവിയിലേക്ക് ഉയർത്തിയത്. ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ആളാണ് ഷാരുഖ്. പതിനഞ്ചാം വയസിൽ അച്ഛനും ഇരുപത്തിയഞ്ചാം വയസിൽ അമ്മയും ഈ ലോകത്തോട് വിട പറഞ്ഞു.
വൈകാരികമായ ആ ഒറ്റപ്പെടലിനുള്ളിൽ നിന്നുകൊണ്ടാണ് കലാരംഗത്തേക്ക് ഷാരുഖ് കടന്നുവരുന്നത്, അതും യാതൊരുവിധ സിനിമാ പാരമ്പര്യവുമില്ലാതെ. സിനിമയിൽ വരുന്നതിന് മുൻപ് പല ജോലികളും താൻ ചെയ്തിരുന്നുവെന്ന് ഷാരുഖ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
ഗസൽ മാന്ത്രികനായ പങ്കജ് ഉദാസിന്റെ ലൈവ് പരിപാടിക്കെത്തുന്ന ആളുകളെ ഇരിപ്പിടം കണ്ടെത്താൻ സഹായിക്കുകയായിരുന്നു ആദ്യം ചെയ്തിരുന്ന ജോലി. ആ പരിപാടിയിൽ നിന്നാണ് തനിക്ക് ആദ്യമായി പ്രതിഫലം ലഭിക്കുന്നതെന്നും ഷാരുഖ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
“കുട്ടിക്കാലത്ത് തന്നെ ഞാൻ കുറച്ചു ദൂരം യാത്രയൊക്കെ ചെയ്യുമായിരുന്നു. അങ്ങനെ ഒരു ദിവസം പങ്കജ് ഉദാസിന്റെ പരിപാടിയിൽ ആളുകളെ സ്വീകരിച്ച് ഇരുത്തുന്ന ജോലിക്ക് പോയി. അതിന് പ്രതിഫലമായി ഞങ്ങൾക്ക് അന്ന് 50 രൂപ ലഭിച്ചു. ആ പൈസയ്ക്ക് ഞങ്ങൾ ട്രെയ്‌ൻ കയറി താജ്മഹൽ കാണാൻ പോയി”. – ഷാരുഖ് ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
50 രൂപ പ്രതിഫലത്തിൽ തുടങ്ങിയ ഷാരുഖ് ഇന്ന് കോടികൾ പ്രതിഫലം കൈപ്പറ്റുന്ന സൂപ്പർ സ്റ്റാറായി മാറിയിരിക്കുന്നു. സിനിമ സ്വപ്നം കാണുന്ന ഏതൊരാൾക്കും ഒരു തുറന്ന പാഠപുസ്തകവും പ്രചോദനവുമാണ് ഷാരുഖിന്റെ ജീവിതം. ലോകമെമ്പാടും ഷാരൂഖിന് നിരവധി റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളുണ്ട്.
ബാന്ദ്രയിൽ 200 കോടി വിലമതിക്കുന്ന മന്നത്ത് എന്ന ആഡംബര ബംഗ്ലാവിനു പുറമെ ലണ്ടനിൽ ആഡംബര അപ്പാർട്ട്മെന്റ്, ഇംഗ്ലണ്ടിൽ ഒരു അവധിക്കാല വിശ്രമ കേന്ദ്രം, ബെവർലി ഹിൽസിൽ ഒരു വില്ല, ഡൽഹിയിൽ പ്രോപ്പർട്ടികൾ, അലിബാഗിൽ ഒരു ഫാംഹൗസ്, ദുബായിൽ ബംഗ്ലാവ് എന്നിവയും ഷാരുഖിന് സ്വന്തമായുണ്ട്.


ഷാരുഖിന്റെ ജന്മദിനം ഗ്രാൻഡ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച് ആഘോഷമാക്കുകയാണ് യുഎഇ. പതിവ് പോലെ മുംബൈയിലെ മന്നത്ത് മൻസിലിലെ ബാൽക്കണിയിൽ ഷാരുഖ് ഇന്നും എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
by Midhun HP News | Nov 1, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്ക് എതിരെ യുഎസ് താരിഫ് നിരക്ക് ഉള്‍പ്പെടെ ഉയര്‍ത്തി സമ്മര്‍ദത്തിലാക്കുമ്പോള്‍ ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ അപൂര്‍വ നേട്ടം. റഷ്യന്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ ഇറക്കുമതിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുക്രൈയ്ന്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി 12 ഇരട്ടി വര്‍ധിച്ചെന്നാണ് കണക്കുകള്‍.
ഇന്ത്യയിലേക്കുള്ള സൂര്യകാന്തി എണ്ണ കയറ്റുമതിയില്‍ നേരത്തെ യുക്രൈയ്ന്‍ ആയിരുന്നു മുന്നില്‍. ഇതാണ് റഷ്യ മറികടന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലും മാറ്റമില്ലാതെ തുടരുന്ന ഇന്ത്യ – റഷ്യ നാവിക വ്യാപാര സൗകര്യവുമാണ് റഷ്യന്‍ സൂര്യകാന്തി എണ്ണയുടെ കയറ്റുമതിയെ സഹായിച്ചത്.
നിലവില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന സൂര്യകാന്തി എണ്ണയുടെ 56 ശതമാനവും റഷ്യയില്‍ നിന്നാണ്. 2021ല്‍ ഇത് പത്ത് ശതമാനം മാത്രം ആയിരുന്നു. 175,000 ടണ്‍ സുര്യകാന്തി എണ്ണയായിരുന്നു 2021 ല്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം 2.09 ദശലക്ഷം ടണ്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു. 12 ഇരട്ടിയോളം അധികമാണ് ഈ വ്യത്യാസം.
റഷ്യയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമുദ്രവ്യാപാരത്തില്‍ വന്ന പ്രതിസന്ധിയാണ് ഇന്ത്യ – യുക്രൈയ്ന്‍ വ്യാപാരത്തെ ബാധിച്ചത്. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് റോഡ് മാര്‍ഗമുള്ള കയറ്റുമതിയാണ് യുക്രൈയ്ന്‍ ആശ്രയിക്കുന്നത്. റഷ്യന്‍ സൂര്യകാന്തി എണ്ണ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു എന്നതും വ്യാപാരം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള ഭക്ഷ്യ എണ്ണകളില്‍ മൂന്നാം സ്ഥാനമാണ് സൂര്യകാന്തി എണ്ണയ്ക്കുള്ളത്. ഉപഭോഗ ആവശ്യത്തിന്റെ 60 ശതമാനവും ഭക്ഷ്യ എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ഇതിന്റെ ആഭ്യന്തര ഉത്പാദനം. ഇറക്കുമതിയില്‍ പകുതിയും പാം ഓയിലാണ്. ബാക്കി സൊയാബീന്‍ ഓയിലും സൂര്യകാന്തി എണ്ണയുമാണ്.


Recent Comments