by Midhun HP News | Aug 1, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്തെ ജനന-മരണ രജിസ്ട്രേഷന് നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും സുതാര്യമാക്കാനും ലക്ഷ്യമിട്ടുള്ള 2026-ലെ ജനന-മരണ രജിസ്ട്രേഷന് (ഭേദഗതി) ബില്‍ ലോക്സഭ പാസാക്കി. 1969-ലെ നിലവിലുള്ള നിയമത്തില്‍ നിര്‍ണായക ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പുതിയ ബില്‍ സഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്.
ജനന-മരണ വിവരങ്ങള്‍ കൃത്യസമയത്ത് രേഖപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും, വര്‍ഷങ്ങള്‍ വൈകി നല്കുന്ന വ്യാജ അപേക്ഷകളും ക്രമക്കേടുകളും തടയുന്നതിനുമാണ് നിയമത്തില്‍ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ ഉറപ്പുവരുത്തുന്നത് രാജ്യത്തിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ആസൂത്രണത്തിനും സുഗമമായ ഭരണനിര്‍വ്വഹണത്തിനും അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമനിര്‍മ്മാണവുമായി മുന്നോട്ടുപോയത്.
പുതിയ ഭേദഗതി അനുസരിച്ച്, സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷവും രണ്ട് വര്‍ഷത്തിനുള്ളിലും വിവരങ്ങള്‍ രേഖപ്പെടുത്തണമെങ്കില്‍ ജില്ലാ മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെയോ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ പ്രത്യേക ഉത്തരവും പരിശോധനയും ആവശ്യമാണ്. എന്നാല്‍ രണ്ട് വര്‍ഷത്തിലധികം വൈകുന്ന ജനന-മരണ രജിസ്ട്രേഷനുകള്‍ക്ക് ഇനി മുതല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ കൃത്യമായ ഉത്തരവും സത്യസന്ധതാ പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുമ്പ് ഒരു വര്‍ഷത്തില്‍ കൂടുതല്‍ വൈകുന്ന ഏത് രജിസ്ട്രേഷനും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ അനുമതിയോടെ മാത്രം നടന്നിരുന്ന ഏകീകൃത രീതിക്ക് പകരമായാണ് ഈ രണ്ട് ഘട്ട നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. അതേസമയം, സാധാരണ നിലയിലുള്ള 21 ദിവസത്തിനുള്ളിലെ രജിസ്ട്രേഷന് നടപടികളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
സിവില്‍ രജിസ്ട്രേഷന് സിസ്റ്റം വഴി രാജ്യത്തെ വിവരശേഖരണം കൂടുതല്‍ കുറ്റമറ്റതാക്കാനും ഡിജിറ്റല്‍ ഡാറ്റാബേസ് സുരക്ഷിതമാക്കാനും പുതിയ ഭേദഗതി ഉപകരിക്കുമെന്ന് കരുതപ്പെടുന്നു. പൗരന്മാരുടെ നിയമപരമായ ഐഡന്റിറ്റിയും അവകാശങ്ങളും സംരക്ഷിക്കുന്നതിനൊപ്പം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹരല്ലാത്തവര്‍ തട്ടിയെടുക്കുന്നത് തടയാന്‍ ഇത് സഹായിക്കും. കൂടാതെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വോട്ടര്‍ പട്ടികയിലോ മറ്റ് രേഖകളിലോ ക്രമക്കേട് നടത്തുന്നത് തടയാനും ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നേരിട്ടുള്ള പരിശോധന തടസ്സമാകുമെന്നാണ് വിലയിരുത്തല്‍. പൊതുജനങ്ങളെ സമയബന്ധിതമായി ജനന-മരണ രജിസ്ട്രേഷന് പ്രേരിപ്പിക്കുന്നതിന് ബോധവല്‍ക്കരണം ശക്തമാക്കാനും ഡിജിറ്റല്‍ സൗകര്യങ്ങള്‍ വിപുലീകരിക്കാനും ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നു.
നിലവിലെ ജനന-മരണ രജിസ്ട്രേഷന് നിയമത്തില്‍ 13 (3)(എ) വകുപ്പ് പുതുതായി കൂട്ടിച്ചേര്‍ത്താണ് ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. വ്യാജരേഖകള്‍ നിര്‍മിച്ച് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടാനും പൗരത്വ അവകാശവാദത്തിനുമടക്കം ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ തടയുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു.

by Midhun HP News | Aug 1, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു. 19 കിലോഗ്രാം എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടറിന് വില കുറയ്ക്കുന്നത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
വാണിജ്യ സിലിണ്ടറിന് കൊല്‍ക്കത്തയില്‍ 209 രൂപയും ഡല്‍ഹിയില്‍ 202 രൂപയും കുറഞ്ഞു. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊല്‍ക്കത്തയില്‍ 2872 രൂപയാണ് പുതിയ വില.
വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കുറച്ചത് ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലകള്‍ക്ക് വലിയ ആശ്വാസമാകും. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളടക്കം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോ?ഗത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടറിന് വില കുറച്ചിരിക്കുന്നത്.

by Midhun HP News | Jul 31, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്തെ മധുര സംഗീതം നിലച്ചു. പതിറ്റാണ്ടുകളായി കോടി കണക്കിന് ആസ്വാദകരുടെ ഹൃദയത്തില്‍ നാദവിസ്മയം തീര്‍ത്ത ഗായിക കെ ജമുനാ റാണി അന്തരിച്ചു. ബംഗളുരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. മലയാളത്തിലടക്കം ആറായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. കുടുംബാംഗങ്ങളാണ് ഗായികയുടെ മരണവിവരം പങ്കുവച്ചത്. ഗായികയുടെ മരണത്തില്‍ ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.
1938ല്‍ മേയ് പതിനേഴിന് ആന്ധ്രാപ്രദേശില്‍ ജനിച്ച ജമുനാറാണി തെലുങ്ക്, കന്നട, തമിഴ്, മലയാളം, സിംഹള ഉള്‍പ്പടെ അഞ്ച് ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകള്‍ പാടിയിട്ടുണ്ട്. മലയാളത്തില്‍ എംസ് വിശ്വനാഥ്, ബ്രദര്‍ ലക്ഷ്മണ്, എംബി ശ്രീനിവാസ്, എംഎസ് ബാബു രാജ് അടക്കമുള്ളവരുടെ സംഗീതത്തില്‍ പാടി. ആന വളര്‍ത്തിയ വാനമ്പാടി, ഭാഗ്യ ജാതകം, പുതിയ ആകാശം, പുതിയ ഭൂമി, സ്നേഹഗീതം തുടങ്ങി നീളുന്നു ജമുന റാണി പാടിയ മലയാളം ചിത്രങ്ങള്‍,
ഏഴാമത്തെ വയസ്സില്‍ ത്യാഗയ്യ എന്ന തെലുങ്ക് ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി പാടിയത്. പതിമൂന്നാം വയസ്സില്‍ റാണി വലയപതി, കല്യാണി തുടങ്ങിയ ചിത്രങ്ങളില്‍ പാടി. 1955 ലാണ് തമിഴില്‍ ആദ്യ പാട്ട് പാടുന്നത്. 1953-ല്‍ ആനന്ദ സമരകൂണിന്റെ സംവിധാനത്തില്‍ സുജാതയ്ക്കുവേണ്ടിയാണ് ജമുന റാണി ആദ്യമായി ശ്രീലങ്കന്‍ സിനിമയില്‍ പാടിയത് . തുടര്‍ന്ന് സിംഹള ഭാഷയില്‍ നിരവധി ഗാനങ്ങള്‍ പാടി. പി. സുശീല, പി. ലീല, എല്‍.ആര്. ഈശ്വരി തുടങ്ങി നിരവധി ഗായികമാര്‍ക്കൊപ്പം അവര്‍ യുഗ്മഗാനങ്ങളും ആലപിച്ചു. നിരവധി പുരസ്കാരങ്ങളും ഇവരെ തേടിയെത്തി.
by Midhun HP News | Jul 31, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടന്‍: ഗാസയില്‍ ഹമാസ് ഉള്‍പ്പെടെ എല്ലാ സായുധ സംഘങ്ങളെയും പൂര്‍ണമായി നിരായുധീകരിക്കുന്നതിനുള്ള ചരിത്രപരമായ കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ പുതിയ പലസ്തീന് ഭരണകൂടം നിലവില്‍ വരുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ബോര്‍ഡ് ഓഫ് പീസ് വഴി കൈവരിച്ച കരാര്‍, മേഖലയില്‍ ശാശ്വതമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്ന് അദ്ദേഹം കുറിച്ചു.
ഘട്ടം ഘട്ടമായാണ് നിരായുധീകരണ നടപടികള്‍ പൂര്‍ത്തിയാക്കുക. പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങും. പുതിയ പലസ്തീന് പൊലീസ് സേനയുമായി സഹകരിച്ച് ഗാസയിലെ ക്രമസമാധാനം ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സുരക്ഷാ സേനയെ നിയോഗിക്കും. കരാര്‍ പ്രകാരം ആയുധങ്ങള്‍, തുരങ്കങ്ങള്‍, ആയുധപ്പുരകള്‍, നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവ പൂര്‍ണമായും നിര്‍വീര്യമാക്കും. സാങ്കേതിക വിദഗ്ധരടങ്ങിയ ‘നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്ട്രേഷന് ഓഫ് ഗാസ’ എന്ന ഇടക്കാല സമിതിക്കായിരിക്കും ഗാസയുടെ ഭരണം. മധ്യസ്ഥത വഹിച്ച ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി അറിയിച്ചു.
ബോര്‍ഡ് ഓഫ് പീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പുതിയ പലസ്തീന് സര്‍ക്കാരായിരിക്കും ഇനി ഗാസ ഭരിക്കുക. ഗാസ ഇനി ഇസ്രായേലിനെതിരായ ഭീകരാക്രമണങ്ങളുടെ താവളമായി ഉപയോഗിക്കപ്പെടില്ലെന്ന് ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ മുന്നോട്ടുവച്ച ഇരുപതിന പദ്ധതികളുടെ ഭാഗമാണ് ഈ നീക്കമെന്ന് ട്രംപ് വ്യക്തമാക്കി. ഗാസയിലെ യുദ്ധാനന്തര സുരക്ഷ, പുനര്‍നിര്‍മ്മാണം, ഭരണസംവിധാനം എന്നിവ ഏകോപിപ്പിക്കുന്നതിനായി ഈവര്‍ഷമാദ്യം രൂപീകരിച്ച അന്താരാഷ്ട്ര കൂട്ടായ്മയാണ് ബോര്‍ഡ് ഓഫ് പീസ്. ട്രംപാണ് ഇതിന്റെ സ്ഥാപക ചെയര്മാന്.
ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കരാറുമായി ബന്ധപ്പെട്ട ഭേദഗതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇസ്രായേലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതാകണം കരാറെന്ന നിലപാടിലാണ് ഇസ്രായേല്‍. കരാറുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണത്തിന് ഇസ്രായേല്‍ ഇതുവരെ തയ്യാറായിട്ടില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗാസയില്‍ ഇപ്പോഴും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തുടരുന്നുണ്ട്.

by Midhun HP News | Jul 30, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ അടുത്ത തലമുറ പള്‍സര്‍ ഉടന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 12ന് നടക്കുന്ന ലോഞ്ച് ഇവന്റില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് കൊണ്ടുള്ള കത്തില്‍ വരാനിരിക്കുന്ന പുതിയ മോഡല്‍ അടുത്ത തലമുറ പള്‍സര്‍ ആയിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പള്‍സര്‍ ശ്രേണിയില്‍ പുതിയ 150 സിസി ബൈക്ക് ആയിരിക്കും പുതുതായി ഉള്‍പ്പെടുത്താന്‍ പോകുന്നതെന്ന് കരുതുന്നു.
ബജാജ് ഈ വര്‍ഷം പള്‍സറിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ്. പള്‍സര്‍ ശ്രേണിയിലെ ഏറ്റവും പ്രധാനപ്പെട്ട മോഡല്‍ 150 സിസി ആയതിനാല്‍ പുതിയ മോഡലും 150 സിസി ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. പള്‍സര്‍ പരമ്പരയിലെ ആദ്യത്തെ മോഡലായ 150 സിസിക്ക് ഇപ്പോഴും ആവശ്യക്കാര്‍ ഉണ്ട്.
വരാനിരിക്കുന്ന പള്‍സര്‍ 150 തികച്ചും പുതിയൊരു ഉല്‍പ്പന്നമായിരിക്കുമെന്നാണ് സൂചന. ഇതില്‍ പരിഷ്കരിച്ച എന്ജിന്, പുതിയ സസ്പെന്ഷന് സെറ്റപ്പ്, അത്യാധുനിക ഫീച്ചറുകള്‍ എന്നിവ ഉണ്ടായിരിക്കാം. ഈ മാറ്റങ്ങളിലൂടെ പള്‍സര്‍ ബ്രാന്‍ഡിന്റെ അടുത്ത ഘട്ടത്തിനായുള്ള തറക്കല്ലിടാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് അറിയുന്നത്.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി എന്‍ സീരീസ്, എന്‍എസ് മോഡലുകളിലൂടെ പള്‍സര്‍ ശ്രേണിയുടെ ഭൂരിഭാഗവും ബജാജ് ആധുനികവല്‍ക്കരിച്ചിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ 150 മോഡല്‍ മാത്രമാണ് കാര്യമായി പരിഷ്കരിക്കാതിരുന്നത്.


by Midhun HP News | Jul 30, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 2005നും 2016നും ഇടയില്‍ നിര്‍മ്മിച്ച ബിഎസ്-3 വാഹനങ്ങളില്‍ ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബ്ബര്‍ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍, എഥനോള്‍ മിശ്രിത ഇന്ധനം വാഹനങ്ങളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമതയെ കാര്യമായി ബാധിക്കില്ലെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
ഇ20 പെട്രോള്‍ ഉപയോഗിക്കുന്നതിനായി കാറുകളുടെയോ ഇരുചക്രവാഹനങ്ങളുടെയോ എന്‍ജിനുകളില്‍ മാറ്റം വരുത്തേണ്ടതില്ല. വാഹനം ഓടിക്കുന്നതിലും, സ്റ്റാര്‍ട്ട് ചെയ്യുന്നതിലും, ലോഹം/ പ്ലാസ്റ്റിക് ഭാഗങ്ങളുടെ ഉപയോഗത്തിലും തടസ്സങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ്, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ എന്നിവ നടത്തിയ പഠനങ്ങളില്‍ ബിഎസ്-6 വാഹനങ്ങള്‍ ഇ20 ഇന്ധനത്തിലും മലിനീകരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
2016ന് മുമ്പ് ഇറങ്ങിയ ബിഎസ്-3 വാഹനങ്ങളില്‍ ഇന്ധനവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ചില റബ്ബര്‍ പാര്‍ട്സും ഗാസ്കറ്റുകള്‍ക്കും കാലക്രമേണ തേയ്മാനം വരാന്‍ സാധ്യതയുള്ളതിനാല്‍ അവ മാറ്റേണ്ടി വന്നേക്കാം. വാഹനങ്ങളുടെ മൈലേജ് കുറയുന്നത് ഡ്രൈവിങ് രീതി, കൃത്യമായ സര്‍വീസിങ് (ഓയില്‍, എയര്‍ ഫില്‍ട്ടര്‍ മാറ്റല്‍), ടയര്‍ പ്രഷര്‍, എയര്‍ കണ്ടീഷണറിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങളെക്കൂടി ആശ്രയിച്ചായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Recent Comments