by Midhun HP News | Oct 27, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രണ്ടാം ഘട്ടമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ആദ്യ ഘട്ടമായി ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം വിജയകരമായി നടപ്പാക്കി. രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി നവംബര്‍ നാലിനു നടപടിക്രമം ആരംഭിക്കുമെന്നും ഗ്യാനേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടര്‍ പട്ടിക പുറത്തുവിടുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
തെറ്റുകളോ ഇരട്ടിപ്പുകളോ തിരിച്ചറിഞ്ഞ് വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ലക്ഷ്യമിടുന്നത്. 1951 മുതല്‍ എട്ട് തവണ ഇത്തരത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തിയിട്ടുണ്ട്. അവസാനമായി നടന്നത് 2002 നും 2004 നും ഇടയിലാണ്. 21 വര്‍ഷത്തിന് ശേഷമാണ് വീണ്ടും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നത്. വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് പരിഷ്‌കരണം നടപ്പാക്കുന്നതെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
‘ഇന്ന് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. ബിഹാറിലെ വോട്ടര്‍മാര്‍ക്ക് എന്റെ ആശംസകള്‍ നേരുന്നു, വിജയകരമായ എസ്ഐആറില്‍ പങ്കെടുത്ത 7.5 കോടി വോട്ടര്‍മാരെ വണങ്ങുന്നു. കമ്മീഷന്‍ 36 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കാണുകയും പ്രക്രിയയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ ബീഹാറിലെ 90,000-ത്തിലധികം പോളിംഗ് ബൂത്തുകളില്‍ അപ്പീലുകള്‍ ഒന്നുമില്ലാതെ വിജയകരമായി വോട്ടര്‍ പട്ടിക പരിശോധന നടന്നു. ബിഹാറിലെ വോട്ടര്‍മാരുടെ പങ്കാളിത്തം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് ശക്തമായ ഒരു മാതൃകയാണ്,’- ഗ്യാനേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ശരാശരി, 1,000 വോട്ടര്‍മാര്‍ക്ക് ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ (BLO) എന്ന നിലയില്‍ നിയമിച്ചാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാക്കുക. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ERO) ഉണ്ടായിരിക്കും. ഇവരെ സഹായിക്കാന്‍ നിരവധി അസിസ്റ്റന്റ് ഇലക്ടറല്‍ ഓഫീസര്‍മാരും ഉണ്ടാവും. പങ്കെടുക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉടനീളമുള്ള വോട്ടര്‍ പട്ടികയില്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.


by Midhun HP News | Oct 27, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഐസിയുവില്‍. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ ബാക്ക്വേര്‍ഡ് പോയിന്റില്‍ നിന്ന് പിന്നിലേക്ക് ഓടി ക്യാച്ച് എടുക്കുന്നതിനിടെ വീണ അയ്യറുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പരിക്കേറ്റതിനെ തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്രേയസ് ഐസിയുവില്‍ ആയിരുന്നു. ആന്തരിക രക്തസ്രാവം കണ്ടെത്തി, അദ്ദേഹത്തെ ഉടന്‍ തന്നെ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. രക്തസ്രാവം മൂലം അണുബാധ ഉണ്ടാവാതിരിക്കാന്‍ സുഖംപ്രാപിക്കുന്നത് അനുസരിച്ച് രണ്ട് മുതല്‍ ഏഴ് ദിവസം വരെ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും.’- ബന്ധപ്പെട്ടവര്‍ പിടിഐയോട് പറഞ്ഞു.
‘ടീം ഡോക്ടറും ഫിസിയോയും ഒന്നിനും കാത്തുനില്‍ക്കാതെ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. പക്ഷേ ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കിയിരുന്നില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ വഷളാവുമായിരുന്നു. അവന്‍ ഒരു കരുത്തനായ വ്യക്തിയാണ്, ഉടന്‍ തന്നെ സുഖം പ്രാപിക്കും,’- ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
തുടക്കത്തില്‍, അയ്യര്‍ ഏകദേശം മൂന്ന് ആഴ്ച കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ സുഖംപ്രാപിക്കാനുള്ള കാലയളവ് ദീര്‍ഘിക്കാനാണ് സാധ്യത. ‘ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍, അദ്ദേഹത്തിന് തീര്‍ച്ചയായും സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും, ഈ ഘട്ടത്തില്‍, മത്സര ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് എപ്പോള്‍ എന്ന് കൃത്യമായി പറയാന്‍ പ്രയാസമാണ്,’- വൃത്തങ്ങള്‍ പറഞ്ഞു.


by Midhun HP News | Oct 27, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിന്റെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിന് നിലവിലെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് കൈമാറി. ബിആര്‍ ഗവായിക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ജസ്റ്റിസാണ് സൂര്യകാന്ത്.
നവംബര്‍ 23നാണ് നിലവിലെ ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയുക. 24ന് ഇന്ത്യയുടെ അന്‍പത്തിമൂന്നാമത് ചീഫ് ജസ്റ്റിസായി സൂര്യകാന്ത് ചുമതലയേല്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത് 2027 ഫെബ്രുവരി ഒന്‍പത് വരെ പദവിയില്‍ തുടരും. 38ാം വയസില്‍ ഹരിയാനയുടെ പ്രായംകുറഞ്ഞ അഡ്വക്കറ്റ് ജനറലായാണ് സൂര്യകാന്ത് കരിയര്‍ തുടങ്ങിയത്. 2004ല്‍ 42ാം വയസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി. ജഡ്ജിയായി ചേര്‍ന്നതിന് ശേഷവും അദ്ദേഹം പഠനം തുടര്‍ന്നു. 2011ല്‍ എല്‍എല്‍ബി മാസ്റ്റേഴ്‌സ് ബിരുദദാരിയായി. 14 വര്‍ഷം ഹൈകോടതി ജഡ്ജിയുടെ പദവിവഹിച്ച അദ്ദേഹം 2018 ഹിമാചല്‍പ്രദേശ് ചീഫ് ജസ്റ്റിസായി. 2019 മെയ് 24നാണ് സുപ്രീംകോടതിയിലേക്ക് എത്തുന്നത്.
2019 മെയ് പതിനാലിനാണ് ബിആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 വയസ്സാണ്.
by Midhun HP News | Oct 27, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് നടത്തുന്ന കൂടിക്കാഴ്ച ഇന്ന്. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുക്കുന്നത്. പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.
വിപുലമായ സൗകര്യങ്ങലാണ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി റിസോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കായി റിസോര്‍ട്ടിലെ 50 മുറികള്‍ ബുക്ക്‌ചെയ്തിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവരെ വീടുകളില്‍ നിന്ന് കാറുകളില്‍ കരൂരിലെത്തിച്ച ശേഷം എട്ട് ബസുകളിലായാണ് മഹാബലി പുരത്തേക്ക് എത്തിച്ചത്. 38 കുടുംബങ്ങളെ ചെന്നൈയിലേക്ക് കൊണ്ടുവന്നതായി ടിവികെ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, ആചാരപരമായ ചടങ്ങുകളുള്ളതിനാല്‍ ചില കുടുംബങ്ങള്‍ മഹാബലിപുരത്ത് എത്തിയിട്ടില്ല. വിജയ് കരൂരില്‍ വരാതെ റിസോര്‍ട്ടിലേക്ക് വിളിപ്പിച്ചതില്‍ ചില കുടുംബങ്ങള്‍ അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരൂര്‍ സന്ദര്‍ശിച്ച് മരിച്ചവരുടെ കുടുംബങ്ങളെ കാണാനായിരുന്നു വിജയ് ആദ്യം പദ്ധതിയിട്ടിരുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നീക്കം ഉപേക്ഷിക്കുകയായിരുന്നു.
കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വോയ്സ് ഓഫ് കോമണ്‍സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിയോടെ വിജയ് ആരംഭിക്കുന്ന പരിപാടിയില്‍ മരിച്ച 41 പേരുടെ ഫോട്ടോയ്ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി അര്‍പ്പിക്കും. പിന്നീട് കുടുംബത്തിന് അനുവദിച്ച മുറിയില്‍ എത്തി കുടുംബങ്ങളുമായി വ്യക്തിപരമായി വിജയ് കൂടിക്കാഴ്ച നടത്തും. ഉച്ചഭക്ഷണത്തിന് ശേഷം ഉച്ചകഴിഞ്ഞ് 3 മണിയോടെ യോഗം അവസാനിക്കുന്ന നിലയിലാണ് ക്രമീകരണങ്ങള്‍. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വിജയ് പ്രഖ്യാപിച്ച 20 ലക്ഷം രൂപ മരിച്ചവരുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നു.
അതിനിടെ, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തു. സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന് പകരം പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവ സ്ഥലം സന്ദര്‍ശിച്ച് ഇരകളുടെയും കുടുംബത്തിന്റെയും മൊഴിയെടുപ്പ് തുടങ്ങിയെന്നും സിബിഐ അറിയിച്ചു.


by Midhun HP News | Oct 26, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം നാളെ നടക്കും. രാജ്യവ്യാപകമായി വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ ( എസ്‌ഐആര്‍) ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. നാളെ വൈകീട്ട് 4.15 ന് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിപ്പ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു തന്നെ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാകും ആദ്യഘട്ടത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം തുടങ്ങി 10 സംസ്ഥാനങ്ങള്‍ ആദ്യഘട്ട എസ്‌ഐറില്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ മുഴുവന്‍ എസ്ഐആര്‍ നടപ്പാക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തയ്യാറെടുപ്പ്, വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ സമാപിച്ച രണ്ട് ദിവസത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ (സിഇഒ) സമ്മേളനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയിരുന്നു.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ബിഹാർ മാതൃകയിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ആധാർ തിരിച്ചറിയൽ രേഖ മാത്രമായാണ് പരിഗണിക്കുക. പൗരത്വം തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന മറ്റു 11 രേഖകൾ ഹാജരാക്കേണ്ടിവരും.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി കേരളത്തിൽ എസ്‌ഐആർ നീട്ടിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നവംബർ– ഡിസംബർ കാലയളവിലാണ് തദ്ദേശതെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറുമായി പ്രത്യേകം കൂടിക്കാഴ്ചയും നടത്തിയിരുന്നു.


by Midhun HP News | Oct 26, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ മൂന്ന് മലയാളികള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ നബീല്‍, ഹാരിസ്, മുഹമ്മദ് റമീസ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
ഏപ്രില്‍ 18 നാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും വിരമിച്ച ചീഫ് എന്‍ജിനീയര്‍ക്ക് ഫോണ്‍ കോള്‍ ലഭിക്കുന്നു. ഇദ്ദേഹത്തിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്വേഷണ സംഘത്തിലുള്ളവരാണ് തങ്ങളെല്ലാം സംഘം പറഞ്ഞു.
ചില രേഖകളൊക്കെ കാണിച്ച് അറസ്റ്റ് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് 30 ലക്ഷം രൂപയോളം എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം കോയമ്പത്തൂര്‍ സിറ്റി ക്രൈം സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആറു ലക്ഷം രൂപ അറസ്റ്റിലായ മലയാളികളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. തുടര്‍ന്നാണ് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലടക്കം സമാന കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.


Recent Comments