ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു, എല്ലാം ആഭരണങ്ങള്‍

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു, എല്ലാം ആഭരണങ്ങള്‍

ബെംഗളൂരു: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു. ശ്രീറാംപുരയിലെ വീട്ടില്‍ നിന്ന് 176 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഭൂമി ഇടപാട് രേഖകളും പിടിച്ചെത്തു. സ്വര്‍ണാഭരണങ്ങളാണ് പിടിച്ചെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പരിശോധന തുടരുകയാണ്.

ബെംഗളൂരു ശ്രീറാംപുരയിലുള്ള കോത്താരി മാന്‍ഷനിലെ നാലാം നിലയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കുടുംബവുമൊത്ത് താമസിക്കുന്നത്. എസ്‌ഐടി സംഘം രാവിലെ തന്നെ ഇവിടെ എത്തി പരിശോധന ആരംഭിച്ചിരുന്നു. 176 ഗ്രാം സ്വര്‍ണമാണ് വീട്ടില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഇതെല്ലാം ആഭരണങ്ങളാണ്.

ബെംഗളൂരു പൊലീസിലെ ഉദ്യോഗസ്ഥരും എസ്‌ഐടിയോടൊപ്പം പോറ്റിയുടെ വീട്ടിലെ പരിശോധനയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കേരളത്തിലും നിരവധി ഭൂമി ഇടപാടുകള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയിരുന്നു. അതിന് സമാനമായി ബെംഗളൂരുവിലും പോറ്റി ഭൂമി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. അത് സംബന്ധിച്ച രേഖകളും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുള്ളതായാണ് വിവരങ്ങള്‍.

വയോജന പരിരക്ഷ; കേരളത്തിന് 28 കോടി ഡോളര്‍ ലോക ബാങ്ക് വായ്പ

വയോജന പരിരക്ഷ; കേരളത്തിന് 28 കോടി ഡോളര്‍ ലോക ബാങ്ക് വായ്പ

ഡല്‍ഹി: ആയുര്‍ദൈര്‍ഘ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് കേരളത്തിന് 28 കോടി യുഎസ് ഡോളര്‍ വായ്പ അനുവദിച്ചതായി ലോക ബാങ്ക്. 1.10 കോടി വയോധികര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിനാണ് ആരോഗ്യ പദ്ധതിക്കായി തുക അനുവദിച്ചിരിക്കുന്നത്. വായ്പ തിരിച്ചടവിന് 25 വര്‍ഷമാണ് കാലാവധി. അഞ്ച് വര്‍ഷത്തെ ഗ്രേസ് പിരീഡും ലഭിക്കും.

സംസ്ഥാനത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമുളള 90 ശതമാനത്തിലധികം രോഗികളെ ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ചികിത്സിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കിടപ്പിലായവര്‍ക്കും ദുര്‍ബലരായവര്‍ക്കും വീടുകളില്‍ പരിചരണം നല്‍കുന്ന മാതൃകയും നടപ്പാക്കുകയാണ് ലക്ഷ്യം. ‘കേരളത്തിലെ 1.10 കോടി വരുന്ന വയോധികരും ദുര്‍ബലരുമായ ആളുകളുടെ ആയുര്‍ദൈര്‍ഘ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്ന പദ്ധതിക്ക് ലോക ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.’ ലോക ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

ഇ-ഹെല്‍ത്ത് സേവനങ്ങള്‍, സംയോജിത ഡാറ്റ പ്ലാറ്റ്ഫോമുകള്‍, മെച്ചപ്പെടുത്തിയ സൈബര്‍ സുരക്ഷ എന്നിവയിലൂടെ ഇത് കേരളത്തിന്റെ ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍, സ്തനാര്‍ബുദ പരിശോധന എന്നിവ ഉറപ്പാക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് ലോകബാങ്കിന്റെ ഇന്ത്യയിലെ ആക്ടിങ് കണ്‍ട്രി ഡയറക്ടര്‍ പോള്‍ പ്രോസി പറഞ്ഞു. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ആന്റിബയോട്ടിക് ഉപയോഗത്തിനുള്ള സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോളുകളും നടപടിക്രമങ്ങളും സ്വീകരിക്കുകയും രോഗികള്‍ക്ക് ലബോറട്ടറി വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കി ജന്തുജന്യ രോഗങ്ങള്‍ വേഗത്തില്‍ കണ്ടെത്തുകയും ചെയ്യും.

വിദ്യാഭ്യാസ രംഗത്തെ നാഴികക്കല്ല്, സ്‌കൂളുകള്‍ നവീകരിക്കപ്പെടും; പിഎം ശ്രീയില്‍ കേരളത്തെ പ്രശംസിച്ച് കേന്ദ്രം

വിദ്യാഭ്യാസ രംഗത്തെ നാഴികക്കല്ല്, സ്‌കൂളുകള്‍ നവീകരിക്കപ്പെടും; പിഎം ശ്രീയില്‍ കേരളത്തെ പ്രശംസിച്ച് കേന്ദ്രം

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിഷയം കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നതിനിടെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉള്‍പ്പടെ ടാഗ് ചെയ്ത് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് മന്ത്രാലയത്തിന്റെ അഭിനന്ദന കുറിപ്പ്.

കേരളത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയുടെ നാഴികക്കല്ല് എന്നാണ് നടപടിയെ വിദ്യാഭ്യാസ മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ കേരളത്തിലെ സ്‌കൂളുകള്‍ക്ക് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകും. സ്മാട്ട് ക്ലാസ് റൂമുകള്‍, അനുഭവ പഠനം, നൈപുണ്യ വികസനം എന്നിവ കേന്ദ്രീകരിച്ചുള്ള ദേശീയ വിദ്യാഭ്യാസ നയം പ്രകാരം സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകും. നൂതനാശയങ്ങളെ പരിപോഷിപ്പിക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ ശോഭനമായ ഭാവിക്കായി ഗുണനിലവാരമുള്ളതും, സമഗ്രവുമായ വിദ്യാഭ്യാസം നല്‍കുന്നതിന് കേരളത്തിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേരളത്തില്‍ രാഷ്ട്രീയ തര്‍ക്കം തുടരുകയാണ്. മുന്നണിയിലും മന്ത്രിസഭയിലും എതിര്‍പ്പ് ഉന്നയിച്ചിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സിപിഐക്ക് കടുത്ത എതിര്‍പ്പാണുള്ളത്. സംസ്ഥാനത്തെ വിദ്യാര്‍ഥി സംഘടനകളും ഇതിനോടകം എതിര്‍പ്പ് ഉന്നയിച്ച് രംഗത്തെത്തി. സര്‍ക്കാര്‍ നിലപാട് വഞ്ചനയാണെന്നാണ് എഐഎസ്എഫിന്റെ വിമര്‍ശനം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് സര്‍ക്കാരിന്റെ നടപടിയെന്ന് കെഎസ് യു കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഒരു വലിയ ‘ഡീലിന്റെ’ ഭാഗമാണ്. ഇത് ഇത് വരും തലമുറയോട് ചെയ്ത പാതകമാണെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. പിഎം ശ്രീയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയെ ഒറ്റുകയാണെന്ന എംഎസ് എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് പ്രതികരിച്ചു.

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിയില്‍ ആശങ്കയുണ്ടെന്നാണ് എസ്എഫ്ഐയുടെയും പ്രതികരണം. പാഠപുസ്തകങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതും കരിക്കുലത്തില്‍ ഇടപെടുന്നതും അനുവദിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിലുള്ള ആശങ്ക സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണമാണ് പ്രശ്‌നം. എസ്എഫ്‌ഐ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണെന്നും എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചു.

ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്‍റ്സ്… ആ ഹിറ്റ് പരസ്യങ്ങളുടെ ശില്‍പ്പി; പിയുഷ് പാണ്ഡെ വിട വാങ്ങി

ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്‍റ്സ്… ആ ഹിറ്റ് പരസ്യങ്ങളുടെ ശില്‍പ്പി; പിയുഷ് പാണ്ഡെ വിട വാങ്ങി

ഡല്‍ഹി: ഇന്ത്യന്‍ പരസ്യ ലോകത്തെ ഇതിഹാസം പിയുഷ് പാണ്ഡെ(70) അന്തരിച്ചു. ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ശ്രദ്ധനേടിയ പരസ്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പാണ്ഡെയാണ്. അണുബാധയെത്തുടര്‍ന്നായിരുന്നു മരണം. സംസ്‌കാരം ശനിയാഴ്ച നടക്കും.

ഇന്ത്യന്‍ പരസ്യരംഗത്തെ ശബ്ദമായിരുന്ന പിയുഷ് പാണ്ഡെ ഏകദേശം നാല് പതിറ്റാണ്ടായി പരസ്യ മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പരസ്യ നിര്‍മാണ കമ്പനിയായ ഒഗില്‍വിയുടെ വേള്‍ഡ്വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായിരുന്നു.

1982 ലാണ് പിയൂഷ് പാണ്ഡെ ഒഗില്‍വിയില്‍ എത്തുന്നത്. സണ്‍ലൈറ്റ് ഡിറ്റര്‍ജന്റിന് വേണ്ടിയായിരുന്നു ആദ്യ പരസ്യം തയാറാക്കിയത്. ആറ് വര്‍ഷത്തിന് ശേഷം, കമ്പനിയുടെ ക്രിയേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിലെത്തിയ അദ്ദേഹം ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്റ്‌സ്, ലൂണ മോപെഡ്, ഫോര്‍ച്യൂണ്‍ ഓയില്‍, തുടങ്ങി നിരവധി ബ്രാന്‍ഡുകള്‍ക്കായി ശ്രദ്ധേയമായ പരസ്യങ്ങള്‍ നിര്‍മിച്ചു. പാണ്ഡെയുടെ നേതൃത്വത്തില്‍ ഓഗില്‍വി ഇന്ത്യയിലെ ഒന്നാം നമ്പര്‍ പരസ്യ ഏജന്‍സിയായി വളര്‍ന്നു. 2016 ല്‍ പത്മശ്രീ ലഭിച്ചതുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്നതിനായി ദൂരദര്‍ശന്‍ തയ്യാറാക്കിയ മിലേ സുര്‍ മേരേ തുമാര എന്ന വിഡിയോ ആല്‍ബത്തിനു വേണ്ടി വരികള്‍ രചിച്ചത് പിയൂഷ് പാണ്ഡെയാണ്. ജോണ്‍ അബ്രഹാം നായകനായ മദ്രാസ് കഫേ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭോപാല്‍ എക്സ്പ്രസില്‍ തിരക്കഥാ രചയിതാവായി.

പിയുഷ് പാണ്ഡെയുടെ വിയോഗത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘ഇന്ത്യന്‍ പരസ്യ രംഗത്തെ അതികായകനും ഇതിഹാസവുമായ പണ്ഡെ ദൈനംദിന ശൈലികള്‍, സാധാണക്കാരിലേക്ക് എത്തുന്ന നര്‍മ്മം, എന്നിവയിലൂടെ ആശയവിനിമയം നടത്തി. പല അവസരങ്ങളില്‍ അദ്ദേഹവുമായി സംസാരിക്കാനിടയായിട്ടുണ്ട്. അദ്ദേഹത്തിന്റെ പാരമ്പര്യം തലമുറകളെ പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ എക്‌സില്‍ കുറിച്ചു.

യുഎസ് ഉപരോധം: ക്രൂഡ് ഓയില്‍ വിലയില്‍ കുതിപ്പ്

യുഎസ് ഉപരോധം: ക്രൂഡ് ഓയില്‍ വിലയില്‍ കുതിപ്പ്

വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ റഷ്യക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് കമ്പനികളും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ചൈനയുടെ പൊതുമേഖലാ എണ്ണക്കമ്പനികളായ സിനോപെക്, പെട്രോചൈന, സിനൂക്, ഷെന്‍ഹുവ ഓയില്‍ എന്നിവ റഷ്യയുമായുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങിയാതായാണ് റിപ്പോര്‍ട്ട്.

റഷ്യയില്‍ നിന്ന് പ്രതിദിനം ശരാശരി 16 ലക്ഷം ബാരല്‍ വീതം എണ്ണയാണ് ഇന്ത്യ വാങ്ങിയിരുന്നത്. 2025ന്റെ ആദ്യ 9 മാസം കണക്കിലെടുത്താല്‍ പ്രതിദിന ശരാശരി 19 ലക്ഷം ബാരല്‍. ചൈനീസ് കമ്പനികള്‍ കടല്‍വഴി മാത്രം പ്രതിദിനം 14 ലക്ഷം ബാരല്‍വീതം എണ്ണ റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നു. നിലവില്‍ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയും ഇന്ത്യയും കൈവിടുന്നത് പുടിന് റഷ്യക്ക് വന്‍ ആഘാതമാണുണ്ടാക്കുക. റഷ്യയിലെ വമ്പന്‍ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയ്ക്കും ഇവയുടെ ഉപസ്ഥാപനങ്ങള്‍ക്കുമാണ് അമേരിക്കയുടെ ഉപരോധം.പുതിയ സാഹചര്യത്തില്‍ രാജ്യാന്തര ക്രൂഡ് ഓയില്‍ വില കുതിച്ചുകയറി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 6.05% മുന്നേറി 62.04 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 5.53% ഉയര്‍ന്ന് 66.05 ഡോളറിലുമെത്തി.

റഷ്യയില്‍ നിന്നുള്ള എണ്ണ വിതരണം നിലയ്ക്കുമെന്നതും ഇന്ത്യയും ചൈനയും ബദല്‍ സ്രോതസ്സുകളിലേക്ക് തിരിയുമെന്നതുമാണ് വിലക്കുതിപ്പിന് കാരണമായത്. ഉപരോധ പ്രഖ്യാപനം ഗൗരവമേറിയതാണെന്നും ആഘാതം കടുത്തതായിരിക്കുമെന്നും സമ്മതിച്ച റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പക്ഷേ, സമ്പദ്‌വ്യവസ്ഥയെ ബാധിക്കത്തക്ക വിഷയമല്ലെന്നും വ്യക്തമാക്കി.

ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയില്‍ ബസിന് തീപിടിച്ച് വന്‍ ദുരന്തം; 25ലേറെ മരണം

ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയില്‍ ബസിന് തീപിടിച്ച് വന്‍ ദുരന്തം; 25ലേറെ മരണം

ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയില്‍ ബസിന് തീപിടിച്ച് വന്‍ ദുരന്തം. കുര്‍ണൂരിനടുത്ത് ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ 25ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
കാവേരി ട്രാവല്‍സ് ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് ബസില്‍ 40ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ബസില്‍ നിന്ന് 12ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി. തീ പടര്‍ന്നതോടെ യാത്രക്കാര്‍ ജനാലകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണമായി കത്തിയമര്‍ന്നു.

പുലര്‍ച്ചെ 3.30നായിരുന്നു അപകടം. ബസ് ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്. അപകടത്തില്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി.