രാജ്യവ്യാപക എസ്ഐആര്‍, തയ്യാറാകാന്‍ സിഇഒമാര്‍ക്ക് നിര്‍ദേശം; ഷെഡ്യൂള്‍ പിന്നീട്‌

രാജ്യവ്യാപക എസ്ഐആര്‍, തയ്യാറാകാന്‍ സിഇഒമാര്‍ക്ക് നിര്‍ദേശം; ഷെഡ്യൂള്‍ പിന്നീട്‌

ഡല്‍ഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം രാജ്യവ്യാപകമാക്കുന്ന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്. സംസ്ഥാനങ്ങളിലും/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് (സിഇഒ) തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. എസ്‌ഐആറിന്റെ ഷെഡ്യൂള്‍ പിന്നീട് പ്രഖ്യാപിക്കും.

രാജ്യത്തെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിഇഒ മാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം ഉണ്ടായത്. രണ്ട് ദിവസങ്ങളിലായി ഡല്‍ഹിയില്‍ ആയിരുന്നു യോഗം നടന്നത്. എസ്ഐആര്‍ പ്രക്രിയയെക്കുറിച്ച് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സിഇഒമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. സിഇഒമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. അസം, തമിഴ്നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങി അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള സിഇഒമാരുമായും നേരിട്ട് സംവദിച്ചതായി കമ്മീഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളും/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും അവസാനമായി പൂര്‍ത്തിയാക്കിയ എസ്ഐആര്‍ അനുസരിച്ച് വോട്ടര്‍മാരുടെ എണ്ണം നിലവിലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്യുന്നതിലെ പുരോഗതി, അതത് പ്രദേശത്തെ നിലവിലെ വോട്ടര്‍ പട്ടിക എന്നിവയുടെ വിശകലനവും യോഗത്തില്‍ നടന്നു.

യുനസ്കോയുടെ ഇ​ന്റേൺഷിപ്പ് പ്രോ​ഗ്രാമിന് അപേക്ഷ ക്ഷണിച്ചു,ഡിസംബ‍ർ 31 വരെ അപേക്ഷിക്കാം

യുനസ്കോയുടെ ഇ​ന്റേൺഷിപ്പ് പ്രോ​ഗ്രാമിന് അപേക്ഷ ക്ഷണിച്ചു,ഡിസംബ‍ർ 31 വരെ അപേക്ഷിക്കാം

ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക ഓ‍​ർ​ഗനൈസേഷൻ (യുനെസ്കോ-UNESCO) 2025 ലെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇത് ഇ​ന്റേണികൾക്ക് യുനെസ്കോയുടെ മാൻഡേറ്റിനെയും പ്രോഗ്രാമുകളെയും കുറിച്ച് പഠിക്കാൻ അവസരമൊരുക്കുന്നു. പ്രായോഗിക അസൈൻമെന്റുകളിലൂടെ ഇ​ന്റേണികൾക്ക് അവരുടെ അക്കാദമിക്, സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കാനും കഴിയുമെന്ന് യുനെസ്കോ പറഞ്ഞു.

ആഗോള നയത്തെയും വികസനത്തെയും കുറിച്ചുള്ള അക്കാദമികവും പ്രൊഫഷണലുമായ ധാരണ വർദ്ധിപ്പിക്കുന്നതിനൊപ്പം, വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം, ആശയവിനിമയം എന്നീ മേഖലകളിലെ യുനെസ്കോയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രായോഗികമായി അറിവ് നേടാനുള്ള അവസരം യുനെസ്കോ ഇ​ന്റേൺഷിപ്പിലൂടെ ലഭിക്കും.

ഇ​ന്റേൺഷിപ്പ് ലഭിക്കുന്നവ‍ർക്ക് വിവിധ മേഖലകളിൽ പ്രായോഗിക അസൈൻമെന്റുകൾ നൽകുകയും യുനസ്കോയുടെ ദൗത്യവുമായി പൊരുത്തപ്പെടുന്ന പുതിയ കഴിവുകൾ വികസിപ്പിക്കാൻ ഇ​ന്റേണികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണെന്ന് യുനസ്കോ പറയുന്നു.

യോ​ഗ്യത

നിലവിൽ ഒരു ബിരുദ പ്രോഗ്രാമിൽ (മാസ്റ്റേഴ്സ് ഡിഗ്രി, പിഎച്ച്ഡി, അല്ലെങ്കിൽ തത്തുല്യം, രണ്ടാമത്തെ യൂണിവേഴ്സിറ്റി ബിരുദം അല്ലെങ്കിൽ ഉയർന്നത്) ചേർന്നിരിക്കണം. കഴിഞ്ഞ 12 മാസത്തിനുള്ളിൽ അഥവാ ഒരു വ‍ർഷത്തിനുള്ളിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കും യോഗ്യതയുണ്ട്.

എന്നാൽ, “പൂർണ്ണ സമയ ബാച്ചിലേഴ്സ് ബിരുദം പൂർത്തിയാക്കിയെങ്കിലും ഉന്നത ബിരുദ പ്രോഗ്രാമിൽ ചേരാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല,” യുനെസ്കോ വ്യക്തമാക്കി.

ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷയിൽ എഴുതാനും സംസാരിക്കാനും ഉള്ള മികച്ച പ്രാവീണ്യം നിർബന്ധമാണ്, കൂടാതെ മറ്റ് ഭാഷയിൽ (ഇംഗ്ലീഷിൽ പ്രാവീണ്യം ഉള്ളവ‍‍ർക്ക് ഫ്രഞ്ച്) പ്രവർത്തന പരിജ്ഞാനം അഭികാമ്യം. യുനസ്കോ ആസ്ഥാനത്ത് സെക്രട്ടേറിയൽ, അസിസ്റ്റന്റ്ഷിപ്പ് അസൈൻമെന്റുകളിലെ ഇന്റേൺഷിപ്പുകൾക്ക് ഇത് ആവശ്യമായി വന്നേക്കാം.

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അറിവുകൾ ഉണ്ടായിരിക്കണം, നല്ല ആശയവിനിമയ ശേഷിയുള്ള ടീം പ്ലെയർ ആയിരിക്കണം.

അപേക്ഷകർക്ക് 20 വയസ് പൂർത്തിയായിരിക്കണം.

ഇന്റേൺഷിപ്പിന്റെ കാലാവധി കുറഞ്ഞത് ഒരു മാസം മുതൽ പരമാവധി ആറ് മാസം വരെ ആകും.

അപേക്ഷകരുടെ കോൺടാക്റ്റ് വിവരങ്ങൾ അടുത്ത ആറ് മാസത്തേക്ക് സാധുതയുള്ളതായിരിക്കണം, അപേക്ഷിക്കാൻ ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷകളിൽ ഒന്ന് ഉപയോഗിക്കണം.

ആവശ്യമായ വിസ നേടുന്നതിനും ഇന്റേൺഷിപ്പ് ഏറ്റെടുക്കുന്ന സ്ഥലത്തേക്കുള്ള യാത്രയ്ക്ക് പണം കണ്ടെത്തുന്നതും അടക്കമുള്ള ചെലവുകൾ അപേക്ഷകരുടേതായിരിക്കും.

യുനെസ്കോ ഇന്റേണുകൾക്ക് പ്രതിഫലം നൽകുന്നില്ല. ഇന്റേൺഷിപ്പ് അസൈൻമെന്റുകൾക്ക് സാമ്പത്തികമായോ അല്ലാതെയോ യാതൊരു നഷ്ടപരിഹാരവും നൽകുന്നില്ല.

ഇന്റേണുകൾക്ക് യോഗ്യതയുണ്ടെങ്കിൽപ്പോലും, പ്ലേസ്‌മെന്റിന് യാതൊരു ഉറപ്പുമില്ലെന്നും യുനെസ്കോ പറഞ്ഞു. ലോകമെമ്പാടുമുള്ള യുനെസ്കോ മാനേജർമാർക്ക് അപേക്ഷകൾ സ്വീകരിക്കാമെന്നും അവ ആറ് മാസത്തേക്ക് യുനസ്കോ ഇന്റേൺഷിപ്പ് പോർട്ടലിൽ ഉണ്ടാകും.

തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരെ, നിർദ്ദിഷ്ട മാനേജർ നേരിട്ട് ബന്ധപ്പെടും. ആറ് മാസത്തിനുള്ളിൽ അപേക്ഷക‍ർക്ക് ഒരു അപ്‌ഡേറ്റും ലഭിച്ചില്ലെങ്കിൽ, അപേക്ഷയിൽ അനുകൂല തീരുമാനമെടുത്തിട്ടില്ല എന്നാണ് അർത്ഥമാക്കുന്നതെന്ന് യുനസ്കോ വ്യക്തമാക്കി.

ഗവേണിങ് ബോഡീസ് സെക്രട്ടേറിയറ്റ്, ഡയറക്ടർ ജനറൽ ഓഫീസ്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സെക്ടർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് എൻഗേജ്‌മെന്റ്, നാച്വറൽ സയൻസ് സെക്ടർ, ഡിവിഷൻ ഓഫ് ഇന്റേണൽ ഓവർസൈറ്റ് സർവീസസ്, പ്രയോറിറ്റി ആഫ്രിക്ക ആൻഡ് എക്സ്റ്റേണൽ റിലേഷൻസ്, ഡിജിറ്റൽ ബിസിനസ് സൊല്യൂഷൻസ്, എല്ലാ സെക്ടറുകളും/ബ്യൂറോകളും, വിദ്യാഭ്യാസ മേഖല, സാംസ്കാരിക മേഖല, ബ്യൂറോ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, ഇന്റർഗവൺമെന്റൽ ഓഷ്യാനോഗ്രാഫിക് കമ്മീഷൻ, ഓഫീസ് ഓഫ് ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌സ് ആൻഡ് ലീഗൽ അഫയേഴ്‌സ് എന്നിവയിലേക്കാണ് ഇന്റേൺഷിപ്പ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഓൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണ്.

അപേക്ഷ നൽകുന്നതിനും വിശദവിവരങ്ങൾക്കും : https://careers.unesco.org/content/Internship-Programme/?locale=en_GB

കരകയറ്റിയത് രോഹിതും ശ്രേയസും അക്ഷർ പട്ടേലും; ഓസീസിന് ലക്ഷ്യം 265 റണ്‍സ്

കരകയറ്റിയത് രോഹിതും ശ്രേയസും അക്ഷർ പട്ടേലും; ഓസീസിന് ലക്ഷ്യം 265 റണ്‍സ്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ 265 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് കണ്ടെത്തി.

രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളും അക്ഷര്‍ പട്ടേല്‍ നേടിയ 44 റണ്‍സിന്റേയും ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്. വാലറ്റത്ത് ഹര്‍ഷിത് റാണയും നിര്‍ണായക സംഭാവന നല്‍കി.

ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവരെ നഷ്ടമായി. 17 റണ്‍സെത്തുമ്പോഴേക്കും ഇരുവരും കൂടാരം കയറി. സ്‌കോര്‍ 17ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. സേവ്യര്‍ ബാര്‍ട്‌ലെറ്റാണ് ഗില്ലിനെ പുറത്താക്കിയത്. ഏഴാം ഓവറിന്റെ ആദ്യ പന്തിലാണ് ഗില്ലിനെ താരം മടക്കി. ഗില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്.

ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ കോഹ്‌ലിയേയും ബാര്‍ട്‌ലെറ്റ് മടക്കി. രണ്ടാം ഏകദിനത്തിലും കോഹ്‌ലിക്ക് കടുത്ത നിരാശ. തുടരെ രണ്ടാം വട്ടവും കോഹ്‌ലി പൂജ്യത്തിനു പുറത്തായി. 4 പന്തു മാത്രം നേരിട്ട കോഹ്‌ലിയെ സേവ്യര്‍ ബാര്‍ട്‌ലെറ്റ് വിക്കറ്റിനു മുന്നില്‍ കുടുക്കി.

പിന്നീട് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത് 74 പന്തുകള്‍ നേരിട്ട് 4 ഫോറും രണ്ട് സിക്‌സും സഹിതമാണ് 50 റണ്‍സിലെത്തിയത്. താരത്തിന്റെ കരിയറിലെ 59 അര്‍ധ ശതകമാണിത്. 97 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 73 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.

ശ്രേയസ് 77 പന്തില്‍ 7 ഫോറുകള്‍ സഹിതം 61 റണ്‍സും കണ്ടെത്തി. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 118 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. രോഹിതിനെ മിച്ചല്‍ സ്റ്റാര്‍ക്കും ശ്രേയസിനെ ആദം സാംപയുമാണ് മടക്കിയത്.

പിന്നീട് ക്രീസിലെത്തിയ അക്ഷര്‍ പട്ടേല്‍ 41 പന്തുകള്‍ നേരിട്ട് 5 ഫോറുകള്‍ സഹിതം 44 റണ്‍സെടുത്തു. താരത്തിനു അര്‍ഹിച്ച അര്‍ധ സെഞ്ച്വറി 6 റണ്‍സ് അകലെ നഷ്ടമായി. കെഎല്‍ രാഹുല്‍ (11), വാഷിങ്ടന്‍ സുന്ദര്‍ (12), നിതീഷ് കുമാര്‍ റെഡ്ഡി (8) എന്നിവര്‍ അധികം ക്രീസസില്‍ നിന്നില്ല.

ഹര്‍ഷിത് റാണ 18 പന്തിലല്‍ 3 ഫോറുകള്‍ സഹിതം 22 റണ്‍സുമായി പുറത്താകാതെ നിന്നു. അര്‍ഷ്ദീപ് സിങ് 2 ഫോറുകള്‍ സഹിതം 13 റണ്‍സുമായി പുറത്തായി. ഹര്‍ഷിത്- അര്‍ഷ്ദീപ് സഖ്യമാണ് സ്‌കോര്‍ 250 കടത്തിയത്. ഓസീസിനായി ആദം സാംപ 4 വിക്കറ്റുകള്‍ വീഴ്ത്തി. സേവ്യര്‍ ബാര്‍ട്‌ലെറ്റ് 3 വിക്കറ്റുകള്‍ സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്ക് 2 വിക്കറ്റെടുത്തു.

സോഷ്യല്‍മീഡിയ തൂക്കിയ ഉറക്ക ടെക്‌നിക് , രണ്ട് മിനിറ്റില്‍ ഗാഢനിദ്ര, മിലിറ്ററി സ്ലീപ്പിങ് ആര്‍ക്കൊക്കെ വര്‍ക്ക് ആകും

സോഷ്യല്‍മീഡിയ തൂക്കിയ ഉറക്ക ടെക്‌നിക് , രണ്ട് മിനിറ്റില്‍ ഗാഢനിദ്ര, മിലിറ്ററി സ്ലീപ്പിങ് ആര്‍ക്കൊക്കെ വര്‍ക്ക് ആകും

സോഷ്യല്‍മീഡിയയില്‍ കയ്യടി നേടിക്കൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ് ആണ് മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക്. ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവര്‍ക്ക് രണ്ട് മിനിറ്റ് കൊണ്ട് ഉറക്കം കിട്ടുന്ന രീതിയെന്ന് അവകാശപ്പെട്ടാണ് ഈ ടെക്‌നിക് സോഷ്യല്‍മീഡിയയുടെ മനം കവരുന്നത്.

മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക് എന്നാല്‍, പേരു സൂചിപ്പിക്കുന്നതു പോലെ അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ക്ക് ഏത് സാഹചര്യത്തിലും മികച്ച ഉറക്കം ലഭിക്കാന്‍ വികസിപ്പിച്ച ഒരു ഉറക്ക രീതിയാണ്. ‘റിലാക്‌സ് ആന്റ് വിന്‍’ എന്ന ബുക്കിലാണ് ഈ ഉറക്കരീതിയെ കുറിച്ച് ആദ്യമായി പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സാധാരണക്കാര്‍ക്ക് എത്രത്തോളം വര്‍ക്ക് ആകും എന്നതാണ് ചോദ്യം!

ഈ ടെക്‌നിക്കില്‍ പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഉള്ളത്.
പേശികളെ വിശ്രമിക്കാന്‍ അനുവദിക്കുക: ആദ്യം നിവർന്ന് കിടന്നതിന് ശേഷം കണ്ണുകൾ അടയ്ക്കുക. രണ്ട് കൈകളും ശരീരത്തോട് ചേർത്ത് വയ്ക്കണം. ശേഷം നെറ്റി, കണ്ണുകൾ, കവിളുകൾ, താടിയെല്ലുകൾ, തോൾ, കൈകൾ, കാൽ വിരലുകൾ വരെയുള്ള ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളും അയച്ചിടുക.

നിയന്ത്രിതമായ ശ്വസനരീതി: ശേഷം പതിയെ ശ്വാസമെടുക്കുക. ഇങ്ങനെ ചെയ്യമ്പോൾ നെഞ്ച് മുതൽ പാദങ്ങൾ വരെയുള്ള പേശികൾ പതിയെ വിശ്രമിക്കാൻ തുടങ്ങും. ശ്വസിക്കുമ്പോൾ തോളും കൈകളും അയച്ചിടാൻ ശ്രദ്ധിക്കണം. ശരീരത്തിലെ സമ്മർദം ക്രമേണ കുറയാൻ ഇത് സഹായിക്കും.

സങ്കല്‍പ്പിക്കുക: മൂന്നാം ഘട്ടം മനസിനെ ശാന്തമാക്കുകയാണ്. അതിനായി ശാന്തമായ അന്തരീക്ഷത്തിലാണ് താന്‍ ഉള്ളതെന്ന് സങ്കല്‍പ്പിക്കുക. ഇത് മനസിനെ ശാന്തമാക്കാനുള്ള ഒരു ടെക്‌നിക്കാണ്. മനസിൽ നിന്ന് നെഗറ്റീവ് ചിന്തകൾ ഇല്ലാതാക്കാനും നല്ല ഉറക്കത്തിലേക്ക് നയിക്കാനും ഇത് സഹായിക്കുമെന്നാണ്.

എന്നാല്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ ലോകത്തിലെ സൈന്യങ്ങള്‍ അവരുടെ സ്ലീപ്പിങ് ടെക്‌നിക്കുകള്‍ ഒരു ഓപ്പണ്‍ ആക്‌സസ് ജേണലില്‍ പ്രസിദ്ധീകരിക്കണമെന്നില്ല. അതിനാല്‍ തന്നെ, മുഖ്യധാരാ ശാസ്ത്രത്തില്‍ മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക്കിന് പ്രത്യേക സ്ഥിരീകരണങ്ങളൊന്നുമില്ല. ഇനി, ഇന്‍സോമിയ പോലുള്ള ഉറക്കപ്രശ്‌നങ്ങള്‍ക്ക് നിര്‍ദേശിക്കുന്ന കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയുമായി മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക് താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ചില സാമ്യങ്ങള്‍ കാണാം.

ഇവ രണ്ടും ഉറക്കത്തെ തടസപ്പെടുത്തുന്ന ചിന്തകളെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മിലിറ്ററി സ്ലീപ്പിങ് ടെക്നിക്കില്‍ ഉറക്ക ശുചിത്വത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.

ഡല്‍ഹിയില്‍ വായുമലിനീകരണം അതീവഗുരുതരാവസ്ഥയില്‍

ഡല്‍ഹിയില്‍ വായുമലിനീകരണം അതീവഗുരുതരാവസ്ഥയില്‍

ഡല്‍ഹി: ദീപാവലിക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങിയത്. വായു ഗുണനിലവാര സൂചിക ‘വളരെ മോശം’ വിഭാഗത്തിലാണ് തുടരുന്നത്. ദീപാവലിക്കിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് പടക്കങ്ങള്‍ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കാന്‍ പ്രധാന കാരണം.

മലിനീകരണം കുറയ്ക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഈ മാസം 24, 26 തീയതികളിലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ പദ്ധതി. അതേസമയം, ആരോഗ്യ വകുപ്പ് എല്ലാവരും മാസ്‌ക് ധരിക്കണമെന്നും, രോഗികള്‍ വീട്ടില്‍ കഴിയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി മുമ്പ് ‘ഹരിത പടക്കങ്ങള്‍’ മാത്രമേ ഉപയോഗിക്കാവൂ എന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് പല സ്ഥലങ്ങളിലും പാലിക്കപ്പെട്ടില്ല. കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും പടക്ക വിപണികള്‍ സജീവമായിരുന്നു, കുട്ടികള്‍ക്കായുള്ള പടക്കങ്ങളില്‍ നിന്ന് വിദേശ നിര്‍മ്മിത വെറൈറ്റികളുവരെ എളുപ്പത്തില്‍ ലഭ്യമായിരുന്നു. ഇതിന് അധികാരികളുടെ നിരാലസതയാണെന്ന് വിമര്‍ശനം ഉയരുന്നു.

വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത് പോലെ, മോശം വായുവില്‍ ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് ശ്വാസകോശശേഷി കുറയ്ക്കുകയും, ദീര്‍ഘകാല ശ്വസന സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഇത് ശ്വാസതടസ്സം, ശ്വാസംമുട്ടല്‍, ചുമ, തലവേദന, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്: പുറത്തേക്ക് പോകുമ്പോള്‍ എന്‍95 അല്ലെങ്കില്‍ എന്‍99 മാസ്‌ക് ധരിക്കണം, അനാവശ്യമായി പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് ഉപദേശിച്ചു.

ഇടപാടില്‍ എന്തെങ്കിലും സംശയം ഉണ്ടോ?, ഉടന്‍ എഐ സഹായം; എന്താണ് യുപിഐ ഹെല്‍പ്പ്?

ഇടപാടില്‍ എന്തെങ്കിലും സംശയം ഉണ്ടോ?, ഉടന്‍ എഐ സഹായം; എന്താണ് യുപിഐ ഹെല്‍പ്പ്?

ഡല്‍ഹി: ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) അടുത്തിടെയാണ് യുപിഐ ഹെല്‍പ്പ് എന്ന എഐ അധിഷ്ഠിത അസിസ്റ്റന്റ് പുറത്തിറക്കിയത്. സംഭാഷണത്തിലൂടെ ഉപയോക്താക്കളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എഐ അധിഷ്ഠിത അസിസ്റ്റന്റിന്റെ സഹായത്തോടെ, ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്റുകളുമായി ബന്ധപ്പെട്ട അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും.

ഉപയോക്താക്കള്‍ക്ക് ലഭ്യമായ സേവനങ്ങള്‍
1. ഡിജിറ്റല്‍ പേയ്മെന്റുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉടന്‍ തന്നെ ഉത്തരം നല്‍കും. ഡിജിറ്റല്‍ പേയ്മെന്റുകളുമായി ബന്ധപ്പെട്ട ഉപയോക്തൃ ചോദ്യങ്ങള്‍ക്ക് അസിസ്റ്റന്റ് ഉത്തരം നല്‍കും. ഇത് വിവിധ പേയ്മെന്റ് ഫീച്ചറുകളെ കുറിച്ചും മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ചും മനസിലാക്കാന്‍ സഹായിക്കുന്നു.

2. യുപിഐ ഉപയോക്താക്കള്‍ക്ക് അവരുടെ ഇടപാടിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും സേവന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ട്രാക്ക് ചെയ്യാനും കഴിയും.

തര്‍ക്ക പരിഹാര സംവിധാനത്തിന്റെ ഭാഗമായി, തീരുമാനമെടുക്കല്‍ സുഗമമാക്കുന്നതിന് എഐ അധിഷ്ഠിത അസിസ്റ്റന്റ് ബാങ്കുകള്‍ക്ക് പ്രസക്തമായ വിവരങ്ങള്‍ കൈമാറും. അപൂര്‍ണ്ണമായ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനും മെര്‍ച്ചന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ അത് ഉന്നയിക്കുന്നതിനും ഈ രീതി ഉപയോഗപ്രദമാകും.

ഉപയോക്താക്കള്‍ക്ക് ലഭ്യമായ സേവനങ്ങള്‍
1. ഡിജിറ്റല്‍ പേയ്മെന്റുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉടന്‍ തന്നെ ഉത്തരം നല്‍കും. ഡിജിറ്റല്‍ പേയ്മെന്റുകളുമായി ബന്ധപ്പെട്ട ഉപയോക്തൃ ചോദ്യങ്ങള്‍ക്ക് അസിസ്റ്റന്റ് ഉത്തരം നല്‍കും. ഇത് വിവിധ പേയ്മെന്റ് ഫീച്ചറുകളെ കുറിച്ചും മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ചും മനസിലാക്കാന്‍ സഹായിക്കുന്നു.

2. യുപിഐ ഉപയോക്താക്കള്‍ക്ക് അവരുടെ ഇടപാടിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും സേവന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ട്രാക്ക് ചെയ്യാനും കഴിയും.

തര്‍ക്ക പരിഹാര സംവിധാനത്തിന്റെ ഭാഗമായി, തീരുമാനമെടുക്കല്‍ സുഗമമാക്കുന്നതിന് എഐ അധിഷ്ഠിത അസിസ്റ്റന്റ് ബാങ്കുകള്‍ക്ക് പ്രസക്തമായ വിവരങ്ങള്‍ കൈമാറും. അപൂര്‍ണ്ണമായ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനും മെര്‍ച്ചന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ അത് ഉന്നയിക്കുന്നതിനും ഈ രീതി ഉപയോഗപ്രദമാകും.