‘ഇന്ത്യക്ക് ട്രോഫി കൈമാറാം’, നിബന്ധനകള്‍ വെച്ച് നഖ്‌വി, ഐസിസിയെ സമീപിക്കാന്‍ ബിസിസിഐ

‘ഇന്ത്യക്ക് ട്രോഫി കൈമാറാം’, നിബന്ധനകള്‍ വെച്ച് നഖ്‌വി, ഐസിസിയെ സമീപിക്കാന്‍ ബിസിസിഐ

ഡല്‍ഹി: ഏഷ്യാ കപ്പില്‍ വിജയികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ട്രോഫി കൈമാറുന്നതില്‍ ബിസിസിഐ ആവശ്യം നിരാകരിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) തലവന്‍ മുഹ്‌സിന്‍ നഖ്‌വി. അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയോടെ ട്രോഫി ഉടന്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ നഖ്‌വിക്ക് കത്തെഴുതിയെങ്കിലും തന്റെ കൈയില്‍നിന്ന് തന്നെ ട്രോഫി ഇന്ത്യന്‍ ടീം വാങ്ങണമെന്ന നിലപാടില്‍ നഖ്‌വി ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ബിസിസിഐ വിഷയം ഐസിസിക്ക് മുന്നിലെത്തിക്കാനും തീരുമാനിച്ചു.

ട്രോഫി ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറിയും എസിസിയിലെ പ്രതിനിധിയുമായ രാജീവ് ശുക്ല കഴിഞ്ഞയാഴ്ചയാണ് എസിസി പ്രസിഡന്റ് നഖ്‌വിക്ക് കത്തെഴുതിയത്. ഇതേ ആവശ്യം ഉന്നയിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിലെ അംഗ രാജ്യങ്ങളായ ശ്രീലങ്ക, അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുകളും കത്ത് നല്‍കിയിരുന്നു. എന്നാല്‍ തന്റെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ അടുത്ത മാസം പത്തിന് ദുബായില്‍ ഒരു പരിപാടി സംഘടിപ്പിക്കാമെന്നാണ് നഖ്വി പറഞ്ഞത്.

‘ബിസിസിഐയുമായി നിരവധി കത്തുകള്‍ കൈമാറി, നവംബര്‍ 10 ന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുംം മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കും ബിസിസിഐ ഒഫീഷ്യല്‍ രാജീവ് ശുക്ലയ്ക്കും ട്രോഫി കൈമാറുന്നതിന് തയ്യാറാണെന്ന് എസിസി അറിയിച്ചിട്ടുണ്ട്’ നഖ്വി കറാച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ ട്രോഫി തന്നില്‍നിന്ന് തന്നെ വാങ്ങണമെന്ന നിലപാടില്‍ നഖ്‌വി ഉറച്ച് നില്‍ക്കുന്നുണ്ടെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുതുവര്‍ഷം മിന്നിച്ച് ഓഹരി വിപണി; നേട്ടത്തോടെ സംവത് 2082ന് തുടക്കം, കുതിച്ച് ഇന്‍ഫോസിസ്

പുതുവര്‍ഷം മിന്നിച്ച് ഓഹരി വിപണി; നേട്ടത്തോടെ സംവത് 2082ന് തുടക്കം, കുതിച്ച് ഇന്‍ഫോസിസ്

മുംബൈ: പുതുവര്‍ഷത്തില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ഒരു മണിക്കൂര്‍ മാത്രം നീണ്ടുനിന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 63 പോയിന്റും നിഫ്റ്റി 25 പോയിന്റുമാണ് കുതിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മുന്നേറ്റം സംവത് 2082ന്റെ ആദ്യ വ്യാപാരദിനത്തിലും പ്രതിഫലിക്കുകയായിരുന്നു. 25,850 എന്ന സൈക്കോളജിക്കൽ ലെവലിനും മുകളിലാണ് നിഫ്റ്റി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിക്കുന്നത്.

മുഹൂര്‍ത്ത വ്യാപാരത്തിലും വിപണിയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഒടുവില്‍ നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിക്കുകയായിരുന്നു. 52 ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വിപണിയില്‍ ഇന്ന് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ലാഭമെടുപ്പ് വിപണിയുടെ കുതിപ്പിന്റെ തിളക്കം കുറയ്ക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 250 പോയിന്റോളം താഴ്ന്ന ശേഷമാണ് നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിച്ചത്.

ഇന്‍ഫോസിസ് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. എച്ച് വണ്‍ബി വിസ ഫീസ് കൂട്ടിയത് പുതിയ അപേക്ഷകര്‍ക്ക് മാത്രമാണ് എന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ വിശദീകരണമാണ് ഇന്‍ഫോസിസിന് ഗുണമായത്. സിപ്ല, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് ഓഹരികളും നേട്ടം ഉണ്ടാക്കി. അതേസമയം കൊട്ടക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നഷ്ടം നേരിട്ടു.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ വൈകീട്ട് വരെ മുറിയില്‍ പൂട്ടിയിട്ടു; പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ വൈകീട്ട് വരെ മുറിയില്‍ പൂട്ടിയിട്ടു; പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

ബംഗളുരു: കര്‍ണാടകയിലെ ഹോയ്‌സാല നഗറിലെ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. ഒക്ടോബര്‍ പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രിന്‍സിപ്പല്‍ രാകേഷും അധ്യാപിക ചന്ദ്രികയും ചേര്‍ന്നാണ് മകനെ പിവിസി പൈപ്പുകള്‍ തല്ലിയതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. രക്തം വരുന്നതുവരെ മര്‍ദിച്ചെന്നും അതിനുഷേഷം വൈകീട്ടുവരെ മുറിയില്‍ പൂട്ടിയിട്ടതായും കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സ്‌കൂള്‍ ഉടമ, അധ്യാപിക എന്നിവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ഹാജരില്ലാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ തല്ലിയതെന്ന് പ്രിന്‍സിപ്പല്‍ പൊലീസിനോട് പറഞ്ഞു.

നവി മുംബൈയിലെ ഫ്‌ലാറ്റില്‍ തീപിടിത്തം; ആറുവയസുകാരി ഉള്‍പ്പടെ മൂന്ന് മലയാളികള്‍ വെന്തുമരിച്ചു

നവി മുംബൈയിലെ ഫ്‌ലാറ്റില്‍ തീപിടിത്തം; ആറുവയസുകാരി ഉള്‍പ്പടെ മൂന്ന് മലയാളികള്‍ വെന്തുമരിച്ചു

മുംബൈ: നവിമുംബൈയിലെ വാഷിയില്‍ അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 4 പേര്‍ മരിച്ചു. ഇതില്‍ 6 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. തിരുവനന്തപുരം സ്വദേശികളായ പൂജ ഭര്‍ത്താവ് സുന്ദര്‍, മകള്‍ വേദിക എന്നിവരാണ് മരിച്ചത്.

വാഷിയിലെ സെക്ടര്‍ 14ലെ റഹേജ റസിഡന്‍സിയിലെ പത്താം നിലയിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. തീ അതിവേഗം 11, 12 നിലകളിലേക്ക്് പടര്‍ന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റ പത്തിലേറെപ്പേരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളിലെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടവിലാണ് അഗ്നിശമനസേനയ്ക്ക് തീയണയ്ക്കാനായത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഐഎന്‍എസ് വിക്രാന്തില്‍ സൈനിക വേഷത്തില്‍ മോദി; നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ഐഎന്‍എസ് വിക്രാന്തില്‍ സൈനിക വേഷത്തില്‍ മോദി; നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

പനജി: സേനയോടൊപ്പം ദീപാവലി ആഘോഷിക്കുന്ന പതിവ് ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി തെറ്റിച്ചില്ല. എന്നാല്‍ ഇത്തവണ ഒരു പ്രത്യേകതയുണ്ട്. ആദ്യമായി നാവിക സേനാംഗങ്ങള്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. സൈനിക വേഷത്തിലെത്തിയ മോദി നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു.

ഗോവ കാര്‍വാര്‍ തീരത്ത് ഐഎന്‍എസ് വിക്രാന്തിലാണ് നാവിക സേനാംഗങ്ങള്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചത്. ഇന്നലെ രാത്രി വിക്രാന്തിലാണ് മോദി ചെലവഴിച്ചത്. നാവിക സേനാംഗങ്ങള്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന മോദി, അവരോടൊപ്പം വിശുദ്ധ ഉത്സവം ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പറഞ്ഞു.

‘ഇന്ന് ഒരു അത്ഭുതകരമായ ദിവസമാണ്. ഈ രംഗം അവിസ്മരണീയമാണ്. ഇന്ന്, ഒരു വശത്ത്, എനിക്ക് സമുദ്രമുണ്ട്, മറുവശത്ത്, ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ ശക്തി എനിക്കുണ്ട്,’- അദ്ദേഹം പറഞ്ഞു.’ഇന്ന്, ഒരു വശത്ത് എനിക്ക് അനന്തമായ ചക്രവാളമുണ്ട്. അനന്തമായ ആകാശമുണ്ട്, മറുവശത്ത് അനന്തമായ ശക്തികളെ ഉള്‍ക്കൊള്ളുന്ന ഭീമന്‍ ഐഎന്‍എസ് വിക്രാന്ത് എനിക്കുണ്ട്. സമുദ്രജലത്തിലെ സൂര്യരശ്മികളുടെ തിളക്കം ധീരരായ സൈനികര്‍ കത്തിച്ച ദീപാവലി വിളക്കുകള്‍ പോലെയാണ്,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭിണിയെ മുന്‍ ലിവ്-ഇന്‍ പങ്കാളി കുത്തിക്കൊന്നു; അക്രമിയെ യുവതിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തി

ഗര്‍ഭിണിയെ മുന്‍ ലിവ്-ഇന്‍ പങ്കാളി കുത്തിക്കൊന്നു; അക്രമിയെ യുവതിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തി

ഡല്‍ഹി: മുന്‍ ലിവ്-ഇന്‍ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ 22 കാരിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഡല്‍ഹിയിലെ നബി കരീം പ്രദേശത്താണ് സംഭവം. 22 കാരിയായ ശാലിനി, 34 കാരന്‍ അശു എന്ന ശൈലേന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ ശാലിനിയുടെ ഭര്‍ത്താവ് ആകാശ് (23) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. നബി കരീം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ക്രുപ്രസിദ്ധ കുറ്റവാളിയാണ് ശൈലേന്ദ്ര എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ശനിയാഴ്ച രാത്രി 10:15 ഓടെയായിരുന്നു സംഭവം. ഡല്‍ഹി ഖുതുബ് റോഡ് മേഖലയില്‍ താമസിക്കുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ ആയിരുന്നു ആകാശും ശാലിനിയും ആക്രമിക്കപ്പെട്ടത്. ഓട്ടോറിക്ഷയില്‍ ഇരുന്നിരുന്ന ശാലിനിയെയും ആകാശിനെയും ശൈലേന്ദ്ര ആക്രമിക്കുകയായിരുന്നു. ആകാശിനെ ആക്രമിച്ച ശേഷം ശൈലേന്ദ്ര ശാലിനിക്ക് നേരെ തിരിയുകയായിരുന്നു. ശാലിനിയെ രക്ഷിക്കാന്‍ ആകാശ് ശ്രമിച്ചെങ്കിലും അവര്‍ക്ക് പലതവണ കുത്തേറ്റു. ഇതിനിടെ ആകാശ് ശൈലേന്ദ്രയെ കീഴ്‌പ്പെടുത്തി കത്തി പിടിച്ചുവാങ്ങി കുത്തുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ശാലിനിയുടെ സഹോദരന്‍ രോഹിതും നാട്ടുകാരും ചേര്‍ന്ന് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശാലിനിയും ശൈലേന്ദ്രയും മരിച്ചിരുന്നു. വിശദ പരിശോധനയിലാണ് ശാലിനി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. കുത്തബ് റോഡിന് സമീപമുള്ള തിരക്കേറിയ സ്ഥലത്തായിരുന്നു സംഭവം നടന്നത്.

ആകാശ് – ശാലിനി ദമ്പതികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും, ഈ സമയം യുവതി ശൈലേന്ദ്രയുമായി ലിവ് ഇന്‍ ബന്ധത്തിലായിരുന്നു എന്നും ഇവരുടെ മാതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട്, പ്രശ്‌നങ്ങള്‍ തീര്‍ത്ത് ശാലിനി ആകാശിനൊപ്പം മടങ്ങുകയായിരുന്നു. ശാലിനിയുടെ ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ യുവതിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.