ഐഐഎം ബെംഗളൂരിൽ പുതിയ രണ്ട് കോഴ്സുകൾ, ഡേറ്റാ സയൻസ്, ഇക്കണോമിക്സ് ബിഎസ്‌സി ഓണേഴ്‌സിന് അപേക്ഷിക്കാം

ഐഐഎം ബെംഗളൂരിൽ പുതിയ രണ്ട് കോഴ്സുകൾ, ഡേറ്റാ സയൻസ്, ഇക്കണോമിക്സ് ബിഎസ്‌സി ഓണേഴ്‌സിന് അപേക്ഷിക്കാം

ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ( IIM B) രണ്ട് നാല് വർഷ കോഴ്സുകൾ പുതുതായി തുടങ്ങുന്നു. 2026-27 അധ്യയന വർഷത്തിലാണ് പുതിയ കോഴ്സുകൾ ആരംഭിക്കുന്നത്. ഡേറ്റാ സയൻസ്, ഇക്കണോമിക്‌സ് എന്നിവയിലാണ് പുതിയ നാല് വർഷത്തെ മുഴുവൻ സമയ റെസിഡൻഷ്യൽ ബിഎസ്‌സി (ഓണേഴ്‌സ്) കോഴ്സ് ആരംഭിക്കുന്നത്.

ഈ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. നവംബർ 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

ഇക്കണോമിക്സിൽ മൈനറോടുകൂടി ഡേറ്റാ സയൻസിൽ ബി എസ് സി ഓണേഴ്സ് ബിരുദവും ഡേറ്റാ സയൻസിൽ മൈനറോടെ ഇക്കണോമിക്സിൽ ബി എസ് സി ഓണേഴ്സ് ബിരുദവുമാണ് ലഭിക്കുക. ഐഐഎം ബെംഗളൂരിന്റെ പുതുതായി ആരംഭിക്കുന്ന ജിഗാനി ക്യാമ്പസിലാണ് ഈ പ്രോഗ്രാമുകൾ നടത്തുക,

യോഗ്യതയും പ്രവേശന പ്രക്രിയയും
അപേക്ഷകർ 2026 ഓഗസ്റ്റ് ഒന്നിന് 20 വയസ്സ് തികഞ്ഞവരായിരിക്കണം, ഗണിതം ഒരു വിഷയമായി എടുത്ത് പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ്സിൽ ഗണിതത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം.

ഐഐഎം ബെംഗളുരൂ ബിരുദ പ്രവേശന പരീക്ഷ (അണ്ടർ ഗ്രാജ്വേറ്റ് അഡ്മിഷൻ ടെസ്റ്റ് – IIMB UGAT-ഐഐഎംബി യുജിഎടി) ഡിസംബർ 13 ന് നടക്കും,2026 ജനുവരിയിൽ നേരിട്ടുള്ള അഭിമുഖങ്ങൾ നടക്കും.

അന്തിമ പ്രവേശന പട്ടിക 2026 ഫെബ്രുവരി 28-നകം പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം (NEP) പ്രകാരമാണ് ഈ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്‌തിട്ടുള്ളത്, സ്വതന്ത്ര ചിന്തയും വിമർശന ബുദ്ധിയും വളർത്തുന്ന ആഴമുള്ള അക്കാദമിക രീതിയോടൊപ്പം പരിശീലനത്തോടെയുള്ള പഠനത്തെയും പ്രയോഗക്ഷമതെയും സംയോജിപ്പിച്ചാണ് ഈ കോഴ്സ് ഘടനയുടെ ഉള്ളടക്കം.

പ്രോഗ്രാം ഘടനയും പാഠ്യപദ്ധതിയും
ഡേറ്റാ സയൻസിലെ ബിഎസ്‌സി (ഓണേഴ്‌സ്) പ്രോഗ്രാം

പ്രായോഗിക ബിസിനസ് ആപ്ലിക്കേഷനുകളുമായി സംയോജിപ്പിച്ചിരിക്കുന്ന സ്റ്റോക്കാസ്റ്റിക് പ്രക്രിയകൾ, അൽഗോരിതങ്ങൾ, ഡേറ്റാ ഘടനകൾ, മനഃശാസ്ത്രം എന്നിവയിൽ അടിത്തറ നൽകുന്നു.

വിശകലന കഴിവുകൾ, പ്രോബ്ലം സോൾവിങ്, ഇന്റേൺഷിപ്പുകൾ, നേതൃത്വ വികസനം എന്നിവയിലൂടെ പ്രായോഗിക പഠനം എന്നിവയ്ക്ക് പാഠ്യപദ്ധതി ഊന്നൽ നൽകുന്നു. ഇക്കണോമിക്സ് മൈനാറായി പഠിച്ച് ഡേറ്റാ സയൻസിൽ ഓണേഴ്സ് ബിരുദം നേടാം.

ഡേറ്റാ സയൻസിൽ ഓണേഴ്സ് കോഴ്സ് സംബന്ധിച്ച വിശദവിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ബിഎസ്‌സി (ഓണേഴ്‌സ്) ഇൻ ഇക്കണോമിക്‌സ് പ്രോഗ്രാം

ഇക്കണോമിക് തിയറി, സ്റ്റാറ്റിസ്റ്റിക്കൽ രീതികൾ, ഇക്കണോമെട്രിക്സ്, ബിഹേവിയറൽ ഇൻസൈറ്റുകൾ എന്നിവയക്ക് പുറമെ ഡേറ്റാ സയൻസ് മൈനറും ഉൾപ്പെടുന്നു.

ഇന്റേൺഷിപ്പുകളുടെയും അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സാധ്യതകളും വിശകലന ശേഷി, വിമർശനാത്മക ചിന്ത, പ്രൊഫഷണൽ നൈപുണ്യ വികസനം എന്നിവയിൽ കോഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇക്കണോമിക്സിൽ ബി എസ് സി (ഓണേഴ്‌സ്) ബിരുദം നേടാം.

ബിഎസ്‌സി (ഓണേഴ്‌സ്) ഇൻ ഇക്കണോമിക്‌സ് സംബന്ധിച്ച വിശദവിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിന് :https://ug.iimb.ac.in/

വാട്‌സ്ആപ്പ് പുതിയ നയം: ബിസിനസ് അക്കൗണ്ടുകള്‍ക്ക് സന്ദേശപരിധി

വാട്‌സ്ആപ്പ് പുതിയ നയം: ബിസിനസ് അക്കൗണ്ടുകള്‍ക്ക് സന്ദേശപരിധി

ഉപയോക്താക്കളും ബിസിനസ് അക്കൗണ്ടുകളും തമ്മിലുള്ള ആശയവിനിമയത്തില്‍ മാറ്റം വരുത്തുന്ന സുപ്രധാന നയപരിഷ്‌കാരത്തിന് വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നു. ബിസിനസ് സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാത്ത ഉപയോക്താക്കള്‍ക്ക് എത്ര സന്ദേശങ്ങള്‍ വരെ അയയ്ക്കാമെന്നതിനു പരിധി നിശ്ചയിക്കാനുള്ള പദ്ധതികളാണ് മെറ്റ പ്രഖ്യാപിച്ചത്.

സ്പാം, ബള്‍ക്ക് മെസേജിങ് എന്നിവ കുറയ്ക്കുന്നതിനാണ് ഈ നീക്കം. ഉപയോക്താവ് മറുപടി നല്‍കാത്ത സാഹചര്യത്തില്‍ ബിസിനസ് അക്കൗണ്ടുകളില്‍ നിന്ന് പ്രതിമാസം അയയ്ക്കാവുന്ന സന്ദേശങ്ങള്‍ക്ക് ഒരു പരിമിതിയുണ്ടാകും. എന്നാല്‍ ആ പരിധിയുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ല.

മറുപടി ലഭിക്കാത്തവര്‍ക്കു ആവര്‍ത്തിച്ചുള്ള സന്ദേശങ്ങള്‍ അയയ്ക്കുന്ന ബിസിനസുകളും ഉപയോക്താക്കളും പുതിയ നയത്തിന്റെ പ്രഭാവം നേരിടും. ഉദാഹരണത്തിന്, ഒരിക്കലും റിപ്ലൈ നല്‍കാത്ത ഒരാള്‍ക്ക് നിരന്തരം ഫോളോ-അപ്പ് മെസേജുകള്‍ അയച്ചാല്‍, അവ പരിധിയില്‍ ഉള്‍പ്പെടും.

സ്പാം സന്ദേശങ്ങളും രാഷ്ട്രീയ പ്രചാരണങ്ങളും സൈബര്‍ തട്ടിപ്പുകളും വര്‍ധിച്ച പശ്ചാത്തലത്തിലാണ് വാട്‌സ്ആപ്പിന്റെ ഈ തീരുമാനം. മുമ്പും വാട്‌സ്ആപ്പ് ഫോര്‍വേഡിങ് പരിധിയും സംശയാസ്പദ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഉള്‍പ്പെടുത്തി ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

ഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം, തീപടര്‍ന്നത് ബ്രഹ്മപുത്ര ബ്ലോക്കിലെ രണ്ട് ഫ്‌ളാറ്റുകളില്‍

ഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം, തീപടര്‍ന്നത് ബ്രഹ്മപുത്ര ബ്ലോക്കിലെ രണ്ട് ഫ്‌ളാറ്റുകളില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം. ബ്രഹ്മപുത്ര ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തീ പടര്‍ന്നത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. തീ പുര്‍ണമായും അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

അപ്പാര്‍ട്ട്‌മെന്റിന് താഴെ ഉപയോഗ ശൂന്യമായി കൂട്ടിയിട്ടിരുന്ന ഫര്‍ണീച്ചറുകളിലാണ് ആദ്യം തീ പടര്‍ന്നത്. പുക ഉയര്‍ന്നതോടെയാണ് തീപിടിച്ച വിവരം പുറത്തറിഞ്ഞത്. എംപിമാരുടെ ഫ്‌ളാറ്റുകളിലേക്ക് തീ പടര്‍ന്നിട്ടില്ലെങ്കിലും അപ്പാര്‍ട്ട് മെന്റിന്റെ രണ്ട് ഫ്‌ളോറുകളില്‍ തീ പടര്‍ന്നിട്ടുണ്ട്.

ജെബി മേത്തര്‍ എംപിയുടെ സ്റ്റാഫ് അംഗങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നാശമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാമത്തെ ഫ്‌ളാറ്റ് പൂര്‍ണമായി നശിച്ചെന്നാണ് വിലയിരുത്തല്‍. ദീപാവലിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ പടക്കങ്ങള്‍ ഉള്‍പ്പെടെ പൊട്ടിക്കുന്ന സമയമാണെന്നതിനാല്‍ ഇതുമൂലമാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

ഭൂമിയില്‍ വിള്ളല്‍ വീഴുന്നു, ആശങ്കയില്‍ ഒരു ഗ്രാമം; ആളുകളെ ഒഴിപ്പിച്ചു

ഭൂമിയില്‍ വിള്ളല്‍ വീഴുന്നു, ആശങ്കയില്‍ ഒരു ഗ്രാമം; ആളുകളെ ഒഴിപ്പിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കപില്‍ധര്‍വാഡി ഗ്രാമത്തില്‍ ജനവാസത്തിന് ഭീഷണിയാകും വിധം ഭൂമി വിണ്ടുകീറുന്നു. ഛത്രപതി സംഭാജിനഗര്‍ എന്ന ഔറംഗാബാദില്‍ നിന്നും ഏകദേശം 150 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് സംഭവം. പ്രശസ്തമായ കപില്‍ധര്‍ വെള്ളച്ചാട്ടത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ നിന്നും 400 ഓളം പേരെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭൂമിയില്‍ വിള്ളല്‍ വീഴുന്ന പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താന്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രദേശത്ത് പരിശോധന നടത്തി. ഒക്ടോബര്‍ 1 നാണ് കപില്‍ധര്‍വാഡിയില്‍ വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇവ വലുതാവുകയായിരുന്നു. അപകടം ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ വിവേക് ജോണ്‍സണ്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അവരെ പ്രദേശത്തെ മന്മഥ് സ്വാമി ക്ഷേത്രത്തിലെ അഗതി മന്ദിരത്തിലേക്കാണ് നിലവില്‍ ജനങ്ങളെ മാറ്റിയിരിക്കുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി 2025 പരീക്ഷകൾ ഡിസംബറിലേക്ക് മാറ്റി

നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി 2025 പരീക്ഷകൾ ഡിസംബറിലേക്ക് മാറ്റി

നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ് എസ്എസ്- NEET SS 2025) 2025 പരീക്ഷാ തീയതികൾ മാറ്റിവച്ചു. ഈ വർഷം അവസാനത്തേക്കാണ് പരീക്ഷകൾ മാറ്റിവച്ചത്.

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) 2025 ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ഫോർ സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ് എസ്എസ്) ഷെഡ്യൂളിൽ മാറ്റം വരുത്തിയതായി അറിയിച്ചു.

നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ് എസ്എസ്- NEET SS 2025) 2025 പരീക്ഷാ തീയതികൾ മാറ്റിവച്ചു. ഈ വർഷം അവസാനത്തേക്കാണ് പരീക്ഷകൾ മാറ്റിവച്ചത്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) 2025 ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ഫോർ സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ് എസ്എസ്) ഷെഡ്യൂളിൽ മാറ്റം വരുത്തിയതായി അറിയിച്ചു.

സഞ്ജു ഡല്‍ഹിയിലേക്കോ? സീനിയര്‍ താരത്തെ വിട്ടുനല്‍കും, റിപ്പോര്‍ട്ട്

സഞ്ജു ഡല്‍ഹിയിലേക്കോ? സീനിയര്‍ താരത്തെ വിട്ടുനല്‍കും, റിപ്പോര്‍ട്ട്

ഡല്‍ഹി: അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഒരു സീനിയര്‍ താരത്തെ വിട്ടുകൊടുത്ത് സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ഡല്‍ഹിയുടെ നീക്കമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണെ വിട്ടുനല്‍കണമെങ്കില്‍ അതേ നിലവാരത്തിലുള്ള മറ്റൊരു താരത്തെ തന്നെ ഡല്‍ഹിക്കു വിട്ടുനല്‍കേണ്ടി വരും. എന്നാല്‍ ആരെ വിട്ടുനല്‍കുമെന്ന കാര്യത്തില്‍ വ്യക്തമല്ല. നിലവില്‍ കെഎല്‍ രാഹുല്‍, അഭിഷേക് പോറല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരാണ് ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍മാര്‍. അക്ഷര്‍ പട്ടേലാണ് ക്യാപ്റ്റന്‍. ഇവരിലൊരാള്‍ക്കു പകരമായി സഞ്ജുവിനെ ടീമിലെത്തിക്കുമോയെന്നാണ് അറിയേണ്ടത്.

കെഎല്‍ രാഹുലിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ശ്രമം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ഓപ്പണറുമായിട്ടാണ് രാഹുലിനെ കൊല്‍ക്കത്ത പരിഗണിക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ നയിച്ച അജിന്‍ക്യ രഹാനെ, ഈ സീസണില്‍ തുടരാന്‍ സാധ്യതയില്ല. ഇതിനാലാണ് പുതിയ ക്യാപ്റ്റനെ കൊല്‍ക്കത്ത തേടുന്നത്. സഞ്ജു സാംസണെയും കൊല്‍ക്കത്തെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ശ്രമിച്ചെങ്കിലും നീക്കം ഫലവത്തായിരുന്നില്ല.