by Midhun HP News | Oct 1, 2025 | Latest News, ദേശീയ വാർത്ത
ഗുവാഹത്തി: വനിതാ ഏകദിന ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ശ്രീലങ്കയെ ഇന്ത്യന്‍ വനിതകള്‍ 59 റണ്‍സിന് പരാജയപ്പെടുത്തി. ഇന്ത്യ മുന്നോട്ടു വെച്ച 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 45.4 ഓവറില്‍ 211 റണ്‍സിന് പുറത്തായി.
മഴയെത്തുടര്‍ന്ന് മത്സരം 47 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 269 റണ്‍സെടുത്തത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലങ്കയുടെ വിജയലക്ഷ്യം 47 ഓവറില്‍ 271 റണ്‍സായിരുന്നു.
ലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ചമരി അത്തപത്തു (43), നീലാക്ഷിക ശിവ (35), ഹര്‍ഷിത സമരവിക്രമ (29) എന്നിവരാണ് അല്‍പ്പമെങ്കിലും പൊരുതിയത്. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്തി ശര്‍മ്മയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ദീപ്തി 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. സ്നേഹ് റാണയും ശ്രീ ചരണിയും രണ്ടുവിക്കറ്റ് വീതമെടുത്തു.

ബാറ്റിങ്ങില്‍ 53 പന്തില്‍ മൂന്നു ഫോര്‍ സഹിതം ദീപ്തി 53 റണ്‍സെടുത്തിരുന്നു. ഒരുഘട്ടത്തില്‍ ഇന്ത്യ 27 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റില്‍ ദീപ്തിയും അമന്‍ജോത് കൗറും നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. 56 പന്തില്‍ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 57 റണ്‍സെടുത്ത അമന്‍ജോതാണ് ടോപ് സ്‌കോറര്‍. ഏഴാം വിക്കറ്റില്‍ ഈ സഖ്യം 103 റണ്‍സാണ് അടിച്ചത്.


by Midhun HP News | Oct 1, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. എന്നിരുന്നാലും 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
നാലുതവണ കുറച്ച ശേഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വര്‍ധന ഉണ്ടായത്. കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ, 19 കിലോഗ്രാം എല്‍പിജി വിലയില്‍ ഡല്‍ഹിയില്‍ 138 രൂപയും കൊല്‍ക്കത്തയില്‍ 144 രൂപയും മുംബൈയില്‍ 139 രൂപയും ചെന്നൈയില്‍ 141.5 രൂപയുമാണ് മൊത്തത്തില്‍ കുറച്ചത്.
നിലവില്‍ കൊല്‍ക്കത്തയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1700 രൂപയാണ്. ഡല്‍ഹി 1595, മുംബൈ 1547, ചെന്നൈ 1754 എന്നിങ്ങനെയാണ് പുതുക്കിയ വില. ഏപ്രിലില്‍ 50 രൂപ വര്‍ധിപ്പിച്ച ശേഷം 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.



by Midhun HP News | Oct 1, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: അന്താരാഷ്ട്ര വിപണിയില്‍ 35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി ബോളിവുഡ് നടന്‍ പിടിയില്‍. 3.5 കിലോ കൊക്കെയ്‌നുമായാണ് നടന്‍ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കസ്റ്റംസും ഡിആര്‍ഐയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്.
കംബോഡിയയില്‍ നിന്നും സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തിലെത്തിയപ്പോഴാണ് നടന്‍ പിടിയിലാകുന്നത്. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ അടക്കമുള്ള സിനിമകളില്‍ ഇയാള്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ നടന്റെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

നടന്റെ ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. എന്നാല്‍ സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ചെന്നൈയിലുള്ള ആള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതനായ വ്യക്തി ബാഗ് ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് നടന്റെ വാദം.


by Midhun HP News | Sep 30, 2025 | Latest News, ദേശീയ വാർത്ത
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. തീവ്ര പരിഷ്‌കരണത്തിനു(എസ് ഐ ആര്‍) ശേഷമുള്ള പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
ഓരോരുത്തര്‍ക്കും വോട്ടവകാശമുണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കണമെന്ന് വോട്ടര്‍മാരോട് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതുതായി എത്ര പേരെ ഉള്‍പ്പെടുത്തി, എത്ര പേരെ നീക്കം ചെയ്തു എന്നിവയടക്കമുള്ള കണക്കുകള്‍ പുറത്തുവരാനുണ്ട്.

2025 ജൂണിലാണ് ബിഹാറില്‍ എസ് ഐ ആര്‍ നടപടികള്‍ ആരംഭിച്ചത്. 7.89 കോടിയിലധികം വോട്ടര്‍മാരോട് ഫോമുകള്‍ വീണ്ടും പൂരിപ്പിച്ച് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കരട് വോട്ടര്‍ പട്ടിക ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കുകയും സെപ്റ്റംബര്‍ ഒന്നുവരെ വ്യക്തികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അവകാശവാദങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു. കരട് പട്ടികയില്‍ 7.24 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. ഏകദേശം 65 ലക്ഷത്തോളം പേരുകള്‍ ഒഴിവാക്കപ്പെട്ടു. മരണപ്പെട്ടവരോ വിലാസം മാറിയവരോ ആയ വോട്ടര്‍മാരുടെ പേരുകളാണ് നീക്കം ചെയ്തവയില്‍ കൂടുതലും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടത്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഒക്ടോബര്‍ 4, 5 തീയതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ന സന്ദര്‍ശിക്കും. അടുത്ത ആഴ്ചയോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.


by Midhun HP News | Sep 30, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വിദേശ ശക്തികളില്‍ നിന്നോ ആഭ്യന്തര ശക്തികളില്‍ നിന്നോ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കുമെതിരെ ഉണ്ടാകുന്ന ഭീഷണികളെ എങ്ങനെ പ്രതിരോധിക്കണമെന്നും പ്രതികരിക്കണമെന്നും വിശദീകരിക്കുന്ന ദേശീയ സുരക്ഷാ തന്ത്രം തയ്യാറാകുന്നു. ഇന്ത്യയുടെ ആദ്യത്തെ ദേശീയ സമഗ്ര സുരക്ഷാ നയമായ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി (എന്‍എസ്എസ്) ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പല കാലഘട്ടങ്ങളിലായി ഇത്തരത്തിലൊരു നയം കൊണ്ടുവരാന്‍ മാറിമാറി വന്ന സര്‍ക്കാരുകളുടെ കാലത്ത് ശുപാര്‍ശകള്‍ വന്നിരുന്നതാണെങ്കിലും വിഷയങ്ങളെ രാഷ്ട്രീയമായി സൗകര്യപ്രദമായി കൈകാര്യം ചെയ്യാനുള്ള വിവേചനാധികാരം നിലനിര്‍ത്താനാണ് മുന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചത്.
സമഗ്രമായൊരു ദേശീയ സുരക്ഷാ-പ്രതിരോധ തന്ത്രം കൊണ്ടുവരുന്നതിനായി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ പ്രധാനമന്ത്രി അധ്യക്ഷനായി ദേശീയ സുരക്ഷാ കൗണ്‍സില്‍ (എന്‍എസ്സി) രൂപീകരിച്ചു. സമഗ്ര ദേശീയ സുരക്ഷാ തന്ത്രത്തിന്റെ കരട് തയ്യാറാക്കാനായി 2018-ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേല്‍നോട്ടത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റിന് ( എന്‍എസ്സിഎസ്) രൂപം നല്‍കി. വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് എന്‍എസ്സിഎസ്.
ഭീഷണികളെ സമഗ്രമായി മുന്‍കൂട്ടിക്കാണുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനും വേണ്ടി പ്രതിരോധ നവീകരണം, സാങ്കേതിക മുന്നേറ്റം, സൈബര്‍ പ്രതിരോധശേഷി, ആഭ്യന്തര സുരക്ഷ, ഹൈബ്രിഡ് ഭീഷണി നിയന്ത്രണം, സാമ്പത്തിക സ്ഥിരത, തന്ത്രപരമായ നയതന്ത്രം എന്നിവയിലൂന്നിയുള്ള പ്രതിരോധ തന്ത്രത്തിനാണ് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയേറ്റ് രൂപംകൊടുത്തത്.


ബാഹ്യവും ആഭ്യന്തരവുമായ സുരക്ഷാ വെല്ലുവിളികളെയും ഭീഷണികളെയും വിശദമായി മനസിലാക്കി പ്രതികരിക്കാനുള്ള തയ്യാറെടുപ്പ് നടത്താന്‍ വേണ്ടിയാണ് സുരക്ഷ തന്ത്രത്തിന് രൂപം നല്‍കിയത്. നിലവില്‍ ഇതിന്റെ അവസാനഘട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ടവരില്‍ നിന്ന് ആവശ്യമായ എല്ലാ വിവരങ്ങളും സെക്രട്ടേറിയറ്റിന് ലഭിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, കരട് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ദേശീയ സുരക്ഷാ കൗണ്‍സിലിന് (എന്‍എസ്സി) മുന്നില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

by Midhun HP News | Sep 30, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: ബസ് സർവീസുകൾ കൃത്യസമയം പാലിക്കുന്നതിൽ വൻ മുന്നേറ്റമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. ബിഗ് ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ), നൂതന അനലിറ്റിക്സ് എന്നിവയുടെ ഉപയോഗം കാരണമാണ് ഈ നേട്ടം. മുൻകാലങ്ങളെ അപേക്ഷിച്ച് ബസുകളുടെ സമയനിഷ്ഠ 50 ശതമാനത്തിലധികം വർധിച്ചതായും അധികൃതർ പറഞ്ഞു.
വിവിധ തരം ഡേറ്റകൾ ഉപയോഗിച്ച് ബസുകളുടെ സമയം പുനഃക്രമികരിച്ചതാണ് പ്രധാന നേട്ടമായത്. ഇതിലൂടെ ബസുകൾ വൈകുന്നത് ഒഴിവാക്കാൻ കഴിഞ്ഞു. ഒപ്പം ഇന്ധന ക്ഷമത വർധിപ്പിക്കാനും കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാനും സാധിച്ചതായി ആർ ടി എ ഡയറക്ടർ മർവാൻ അൽ സറൂണി പറഞ്ഞു. യാത്ര റദ്ദാക്കുന്നത് 4 ശതമാനം കുറവ് വന്നതായും ആർ ടി എ അറിയിച്ചു.

നിർമ്മിതബുദ്ധി ഉപയോഗപ്പെടുത്തി നടത്തുന്ന പരീക്ഷണം ദുബൈ ബസ് ശൃംഖലയുടെ പ്രകടനം മികച്ചതാക്കും. യാത്രക്കാരുടെ ആവശ്യം മുൻകൂട്ടി കാണാനും അതിനനുസരിച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ ഐ സംവിധാനം ഉപയോഗിച്ച് ഡ്രൈവർമാർക്ക് പരിശീലനം നൽകുക, ഉപഭോക്തൃ സേവനം മികച്ചതാക്കുക തുടങ്ങിയവയ്ക്കായി ഒരു പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


Recent Comments