‘മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന പ്രവൃത്തി’; സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ വിജയ് ഷായ്‌ക്കെതിരെ കേസ് എടുത്ത് കോടതി

‘മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന പ്രവൃത്തി’; സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ വിജയ് ഷായ്‌ക്കെതിരെ കേസ് എടുത്ത് കോടതി

ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

വിജയ് ഷായുടെ പരാമര്‍ശങ്ങള്‍ അപകടകരമെന്നും പ്രഥമദൃഷ്ട്യാ മതത്തിന്റെ പേരില്‍ ഭിന്നതയുണ്ടാക്കുന്ന പ്രവൃത്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. മന്ത്രിക്കെതിരെ ഇന്നുതന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ഡിജിപിക്ക് നിര്‍ദേശം നല്‍കി

കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തില്‍ പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഈ പരാമര്‍ശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയും ചെയ്തിരുന്നു.

‘സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തില്‍ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല. എന്റെ വാക്കുകള്‍ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പത്തു തവണ ക്ഷമ ചോദിക്കാന്‍ തയാറാണ്’ മന്ത്രി പിന്നീട് പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം ഓപ്പറേഷന്‍ സിന്ദൂറിന്റെ വിവരങ്ങള്‍ മാധ്യമങ്ങളോടു വിശദീകരിച്ചത് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങുമായിരുന്നു.

സൈന്യത്തിന്റെ ധീരതയെയും സമര്‍പ്പണത്തെയും അഭിനന്ദിച്ച് രാഷ്ട്രപതി; ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വിശദീകരിച്ച് സേനാമേധാവിമാര്‍

സൈന്യത്തിന്റെ ധീരതയെയും സമര്‍പ്പണത്തെയും അഭിനന്ദിച്ച് രാഷ്ട്രപതി; ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വിശദീകരിച്ച് സേനാമേധാവിമാര്‍

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നടപടി സംബന്ധിച്ച് സേനാ മേധാവിമാര്‍ സര്‍വ സൈന്യാധിപ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് വിശദീകരിച്ചു. സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി എന്നിവരാണ് രാഷ്ട്രപതി ഭവനിലെത്തി സൈനിക നടപടിയെക്കുറിച്ച് വിശദീകരിച്ചത്.

ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നടപടിയെ അതിശയകരമായ വിജയമാക്കി മാറ്റിയ സായുധ സേനകളുടെ ധീരതയെയും സമര്‍പ്പണത്തെയും രാഷ്ട്രപതി അഭിനന്ദിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ സന്ദര്‍ശിച്ച് പാകിസ്ഥാനെതിരായ സൈനിക നടപടിയുടെ വിശദാംശങ്ങള്‍ ധരിപ്പിച്ചിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാന്റെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. നൂറിലേറെ ഭീകരരെവധിച്ചതായും സൈന്യം വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ, 1960 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച സിന്ധു നദീജല കരാര്‍ ഇന്ത്യ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

മറ്റൊരു ജീവൻ കൂടി പൊലിഞ്ഞു; പാക് ഷെല്ലാക്രമണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന് വീരമൃത്യു

മറ്റൊരു ജീവൻ കൂടി പൊലിഞ്ഞു; പാക് ഷെല്ലാക്രമണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന് വീരമൃത്യു

പാക് ഷെല്ലാക്രമണത്തിനിടയിൽ പരിക്കേ​റ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. ബീഹാർ സ്വദേശി രാംബാബു പ്രസാദാണ് വീരമൃത്യു വരിച്ചത്. മേയ് ഒമ്പതിന് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിനിടയിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേ​റ്റത്. രാംബാബുവിന്റെ കുടുംബം ജമ്മു കാശ്മീരിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ബാസിൽപൂർ സ്വദേശിയായ അഞ്ജലിയാണ് ഭാര്യ. ഇരുവരും ഒരു കുഞ്ഞിനായി ആഗ്രഹിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു.

സംഭവം നടക്കുന്ന ദിവസവും രാംബാബു ഭാര്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. ജോധ്പൂരിലേക്ക് അടുത്തിടെ പോസ്​റ്റിംഗ് ലഭിച്ചിട്ടും സംഘർഷം തുടരുന്നതിനാൽ ജമ്മു കാശ്മീരിൽ തന്നെ രാംബാബുവിനെ നിലനിർത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സൈനികന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കുമെന്നാണ് വിവരം. സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടെ ബീഹാറിൽ നിന്നുളള മ​റ്റൊരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. ബിഎസ്എഫ് സബ്ഇൻസ്‌പെക്ടറായ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെയാണ് കഴിഞ്ഞ ദിവസം സംസ്‌കരിച്ചത്. രണ്ടുപേരുടെയും കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു.രാംബാബുവിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി എക്സിലൂടെ പ്രതികരിച്ചു. ‘രാജ്യം അദ്ദേഹത്തിന്റെ ത്യാഗത്തെ എപ്പോഴും ഓർക്കും. ഈ സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. രക്തസാക്ഷിയുടെ കുടുംബത്തിന് ഈ സമയം സഹിക്കാൻ ശക്തി നൽകണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. രാംബാബുവിന്റെ ഏറ്റവും അടുത്ത ആശ്രിതന് സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ സംസ്ഥാന ബഹുമതികളോടെ നടപ്പിലാക്കുകയും ചെയ്യും’-അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

വെടിനിര്‍ത്തലിന് അമേരിക്ക മോദിയെ ബ്ലാക്ക് മെയില്‍ ചെയ്തു; ആരോപണവുമായി ജയ്‌റാം രമേശ്

വെടിനിര്‍ത്തലിന് അമേരിക്ക മോദിയെ ബ്ലാക്ക് മെയില്‍ ചെയ്തു; ആരോപണവുമായി ജയ്‌റാം രമേശ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെയും ഭീഷണിപ്പെടുത്തിയോ ബ്ലാക്ക്‌മെയില്‍ ചെയ്‌തോ ആകാം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിച്ചുവെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റില്‍ നിന്ന് നമ്മള്‍ അറിഞ്ഞു. ഇന്നലെ സൗദി അറേബ്യയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍, ഉപരോധങ്ങളുടെയും വ്യാപാര കരാറുകളുടെയും ശിക്ഷയും സമ്മാനവും കാണിച്ച് നിര്‍ബന്ധിച്ചോ ബ്ലാക്ക് മെയില്‍ ചെയ്‌തോ ആകാം ഇന്ത്യയെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചത്. ജയ്‌റാം രമേശ് എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

‘സാധാരണയായി വാചാലനായ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ട്രംപിന്റെ ഈ വെളിപ്പെടുത്തലിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? യുഎസ് സമ്മര്‍ദ്ദത്തിന് മുന്നില്‍ അവര്‍ ഇന്ത്യയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പണയപ്പെടുത്തിയോ?’ ജയ്‌റാം ശങ്കര്‍ ചോദിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാന്‍ ‘വ്യാപാരക്കരാര്‍’ ഉപയോഗിച്ചുവെന്ന് ട്രംപ് പറഞ്ഞത് സൂചിപ്പിച്ചാണ് ജയ്‌റാം രമേശിന്റെ പ്രതികരണം.

‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം തടയാന്‍ യുഎസ് ഭരണകൂടം ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാറില്‍ ഇടപെട്ടു. ഇതിനായി വ്യാപാരത്തെ ഉപയോഗിച്ചു. ‘നമുക്ക് ഒരു കരാറിലെത്താം’ എന്ന് ഞാന്‍ പറഞ്ഞു. ആണവ മിസൈലുകള്‍ വ്യാപാരം ചെയ്യരുത്. പകരം നിങ്ങള്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ നമുക്ക് വ്യാപാരം ചെയ്യാം. രണ്ട് രാജ്യങ്ങള്‍ക്കും ശക്തരും മിടുക്കരുമായ നേതാക്കളുണ്ട്. തന്റെ നിര്‍ദേശത്തോടെ സംഘര്‍ഷം അവസാനിച്ചു. അത് അങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു,’ സൗദി-യുഎസ് നിക്ഷേപ ഫോറം 2025-ല്‍ നടന്ന സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചകള്‍ക്കുള്ള മധ്യസ്ഥതയെക്കുറിച്ച് യുഎസ് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. സൈനിക നടപടി നിര്‍ത്താന്‍ ഇരു രാജ്യങ്ങളും ഒരു ധാരണയിലെത്തിയെന്ന പ്രഖ്യാപനം ആദ്യം നടത്തിയത് ട്രംപാണ്. ഇത് നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. ഇതിന് പ്രധാനമന്ത്രി വിശദീകരണം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

അതേസമയം, വിഷയത്തില്‍ പരസ്യപ്രതികരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തയ്യാറായില്ല. ഈ വിഷയം വളരെ കോണ്‍ഫിഡന്‍ഷ്യലാണ്. ഇക്കാര്യങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. മാധ്യമങ്ങളോട് ഇതേക്കുറിച്ച് സംസാരിക്കുന്നത് ശരിയല്ലെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്തനാശം; വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും തകര്‍ത്തു

ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്തനാശം; വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും തകര്‍ത്തു

ന്യൂഡല്‍ഹി: മെയ് 10ന് 11 പാക് വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു. ആക്രമണത്തില്‍ പാകിസ്ഥാന്റെ എഫ്-16, ജെ-17 ഉള്‍പ്പെടെ ഒട്ടേറെ യുദ്ധവിമാനങ്ങള്‍ തകരുകയും ചെയ്തു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു സ്‌ക്വാഡ്രണ്‍ ലീഡറും നാല് വ്യോമസേനാംഗങ്ങളും ഉള്‍പ്പെടെ 50 ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നും സര്‍ക്കാര്‍ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിനും ഡ്രോണ്‍ ആക്രമണത്തിനും മറുപടിയായാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.

എഫ് -16, ജെഎഫ് -17 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിരുന്ന പാകിസ്ഥാനിലെ സര്‍ഗോധ, ഭോലാരി തുടങ്ങിയ പ്രധാന ആയുധപ്പുരകളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ ആക്രമണം എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഭോലാരി വ്യോമതാവളത്തിന് നേരെ നടന്ന ആക്രമണത്തിലാണ് സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉള്‍പ്പെടെ 50 ലധികം പേര്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിരവധി പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളും ഇന്ത്യ നശിപ്പിച്ചു. ‘മെയ് 9-10 തീയതികളില്‍, പാകിസ്ഥാന്റെ 11 വ്യോമതാവളങ്ങള്‍ ഒറ്റ ഓപ്പറേഷനിലൂടെയാണ് ആക്രമിച്ചത്. വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു. ഭോലാരി വ്യോമതാവളത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി, അതില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫിന്റെ മരണവും പ്രധാന യുദ്ധവിമാനങ്ങളുടെ നാശവും ഉള്‍പ്പെടുന്നു,’- സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

മെയ് 7 ന് പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 100ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മെയ് 10 ന് വെറും മൂന്ന് മണിക്കൂറിനുള്ളില്‍, നൂര്‍ ഖാന്‍, റഫീഖി, മുരിദ്, സുക്കൂര്‍, സിയാല്‍കോട്ട്, പാസ്രൂര്‍, ചുനിയന്‍, സര്‍ഗോധ, സ്‌കാര്‍ദു, ഭോലാരി, ജേക്കബാബാദ് എന്നിവയുള്‍പ്പെടെ 11 പാക് സൈനിക താവളങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ജേക്കബാബാദിലെ ഷഹബാസ് വ്യോമതാവളത്തിലും ഭോലാരി വ്യോമതാവളത്തിലും നടന്ന ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ നാശത്തിന്റെ വ്യാപ്തി വ്യക്തമായി കാണിക്കുന്നതാണ്. മെയ് 9-10 രാത്രിയില്‍, ഒരു രാജ്യം ആദ്യമായി ആണവായുധങ്ങളുള്ള ഒരു രാജ്യത്തിന്റെ വ്യോമതാവളങ്ങള്‍ വിജയകരമായി ആക്രമിച്ചപ്പോള്‍ ഇന്ത്യയുടെ പ്രത്യാക്രമണം ഒരു ചരിത്ര നാഴികക്കല്ലായി മാറിയെന്നും കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ചു.

കശ്മീരില്‍ കൊല്ലപ്പെട്ടത് ടിആര്‍എഫിന്റെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡര്‍: ആരാണ് ഷഹീദ് കൂട്ടെ?

കശ്മീരില്‍ കൊല്ലപ്പെട്ടത് ടിആര്‍എഫിന്റെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡര്‍: ആരാണ് ഷഹീദ് കൂട്ടെ?

ശ്രീനഗര്‍: ഷോപ്പിയാനില്‍ സൈന്യം വധിച്ച ഭീകരരില്‍ ടിആര്‍എഫ് ഓപ്പറേഷണല്‍ കമാന്‍ഡറും. ഭീകര സംഘടനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കി ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഇതില്‍ ഒരാള്‍ ടിആര്‍എഫ് ( ദി റെസിസ്റ്റന്‍സ് ഫ്രണ്ട് )ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡര്‍ ഷഹീദ് കൂട്ടെയാണെന്ന് സുരക്ഷാ സേന വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ടിആര്‍എഫ് ആണ്. ലഷ്‌കര്‍ ഇ തയ്ബയുടെ നിഴലായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ടിആര്‍എഫ്.

തെക്കന്‍ കശ്മീരിലെ ഷോപ്പിയാനിലെ വാന്ധമയില്‍ നിന്നുള്ള ഷഹീദ് കൂട്ടെ ലഷ്‌കര്‍ ഇ തയ്ബയുടെയും ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡര്‍ ആണ്. വാന്ധമയില്‍ നിന്ന് തന്നെയുള്ള അദ്നാന്‍ ഷാഫിയും പുല്‍വാമയില്‍ നിന്നുള്ള ഹാരിസ് നസീറുമാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേര്‍. ഇതില്‍ അദ്‌നാന്‍ ഷാഫി ടിആര്‍എഫിന്റെയും ലഷ്‌കറിന്റെയും ടോപ്പ് കമാന്‍ഡര്‍ ആണ്.

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം, ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പ്രാദേശിക ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ്, ഷോപ്പിയാന്‍, പുല്‍വാമ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 14 ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരുടെ പട്ടികയില്‍ കൂട്ടെയും നസീറും ഉള്‍പ്പെടുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ചോട്ടിപോറയിലെ കൂട്ടെയുടെ വീട് തകര്‍ത്തിരുന്നു.

‘കൂട്ടെയെ നിര്‍വീര്യമാക്കിയത് ഇന്ത്യന്‍ സുരക്ഷാ സേനയുടെ തന്ത്രപരമായ വിജയമായി അടയാളപ്പെടുത്തുന്നു. കശ്മീരിലെ ടിആര്‍എഫിന്റെയും ലഷ്‌കറിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഇതുവഴി സാധിക്കും. സാജിദ് ജാട്ട് ഉള്‍പ്പെടെ അതിര്‍ത്തിക്കപ്പുറത്തുള്ള ലഷ്‌കറിന്റെ ഉന്നത നേതൃത്വവുമായി കൂട്ടെയ്ക്ക് അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തിന്റെ മരണം ടിആര്‍എഫ്/ലഷ്‌കര്‍ പ്രവര്‍ത്തനത്തിന് വലിയ തിരിച്ചടിയാകും’ – സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

2024 ഏപ്രില്‍ 8ന് ഡാനിഷ് റിസോര്‍ട്ടില്‍ നടന്ന വെടിവയ്പ്പ് സംഭവത്തില്‍ കൂട്ടെയ്ക്കും പങ്കുണ്ട്. അന്ന് നടന്ന ഭീകരാക്രമണത്തില്‍ രണ്ട് ജര്‍മ്മന്‍ വിനോദസഞ്ചാരികള്‍ക്കും ഒരു ഡ്രൈവര്‍ക്കും പരിക്കേറ്റു. 2024 മെയ് 18 ന് ഷോപ്പിയാനിലെ ഹീര്‍പോറയില്‍ ഒരു ബിജെപി സര്‍പഞ്ചിനെ കൊലപ്പെടുത്തിയതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു.