by Midhun HP News | Sep 17, 2026 | Latest News, ദേശീയ വാർത്ത
ടോക്യോ: ചൈനയുടെ വനിതാ ക്രിക്കറ്റ് ടീം ഏഷ്യൻ ഗെയിംസ് പോരാട്ടത്തിന്റെ ക്വാർട്ടറിൽ കളിക്കാതെ പുറത്ത്. ഒരു പന്ത് പോലും കളിക്കാൻ ഇറങ്ങാതെ ബംഗ്ലാദേശ് സെമിയിലേക്ക് മുന്നേറുകയും ചെയ്തു. ഉയർന്ന അന്താരാഷ്ട്ര റാങ്കിങിന്റെ അടിസ്ഥാനത്തിലാണ് കളിക്കാതെ ബംഗ്ലാദേശ് സെമിയിലെത്തിയതും ചൈന പുറത്തായതും.

കനത്ത മഴയും പിന്നാലെ ഔട്ട്ഫീൽഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും മത്സരം പൂർണമായി ഒഴിവാക്കണ്ട അവസ്ഥ സംജാതമാക്കി. ടോസ് പോലും ചെയ്യാതെയാണ് പോരാട്ടം അവസാനിപ്പിച്ചത്. ജപ്പാനിലെ ഐച്ചി പ്രവിശ്യയിലെ നിഷിൻ നഗരത്തിലുള്ള കരോജി സ്പോർട്സ് പാർക്കിലാണ് മത്സരം തീരുമാനിച്ചിരുന്നത്.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളായാണ് നടത്തുന്നത്. ബംഗ്ലാദേശ് വനിതാ ടി20യിൽ പത്താം റാങ്കിലും ചൈന 36ാം റാങ്കിലുമാണ്. ഇതോടെയാണ് ഉയർന്ന റാങ്ക് ബംഗ്ലാദേശിനു സെമി ഉറപ്പാക്കിയത്.
ഈ മാസം 20നാണ് ഇന്ത്യ ആദ്യ പോരിനിറങ്ങുന്നത്. ക്വാർട്ടറിൽ ജപ്പാനാണ് എതിരാളികൾ. ഈ മത്സരം വിജയിക്കുന്നവരവാണ് സെമിയിൽ ബംഗ്ലാദേശിനെ നേരിടുക. 8 ടീമുകൾ മാത്രമാണ് ഗെയിംസിൽ ഇറങ്ങുന്നത്. നിലവിലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വർണം ഇന്ത്യക്കാണ്.


by Midhun HP News | Sep 17, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: വാഹനത്തിന്റെ ഗ്ലാസ് വൃത്തിയാക്കാൻ വൈകിയതിന് പമ്പ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് അൽ ഐൻ കോടതി. പ്രതികൾക്ക് പിഴയും രണ്ട് മാസത്തെ സാമൂഹിക സേവനവുമാണ് ശിക്ഷ. സംഭവം നടന്ന അതെ പെട്രോൾ പമ്പിൽ ആണ് ഇരുവരും സാമൂഹിക സേവനം ചെയ്യണ്ടതെന്നും കോടതി ഉത്തരവിൽ പറയുന്നു.

സംഭവ ദിവസം വാഹനത്തിന്റെ ഡ്രൈവർ പെട്രോൾ പമ്പ് ജീവനക്കാരനോട് വാഹനത്തിന്റെ വിൻഡ്‌ഷീൽഡ് വൃത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെട്രോൾ പമ്പിൽ തിരക്കായതിനാൽ അൽപ്പസമയം കാത്തിരിക്കണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ ജീവനക്കാരനെ പ്രതികൾ അതിക്രൂരമായി മർദിച്ചു.
സംഭവത്തിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു. കോടതിയിൽ കുറ്റം സമ്മതിച്ച പ്രതികൾക്ക് 50,000 ദിർഹം വീതം പിഴ ഈടാക്കി.

ഒപ്പം പെട്രോൾ പമ്പിൽ സാമൂഹിക സേവനം ചെയ്യാനും ഉത്തരവിടുക ആയിരുന്നു. ജോലി ചെയ്യുന്നതിനിടെ ജീവനക്കാരനെ ബലപ്രയോഗത്തിലൂടെയോ അക്രമത്തിലൂടെയോ ആക്രമിക്കുന്നതും തടയുന്നതും കുറ്റകരമാണെന്ന് കോടതി ഓർമ്മപ്പെടുത്തി.


by Midhun HP News | Sep 17, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതായി കമ്പനി സ്ഥിരീകരിച്ചു. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍, ഡേറ്റ സയന്റിസ്റ്റുകള്‍, ഡേറ്റ എന്‍ജിനീയര്‍മാര്‍ എന്നിവരെ ഉള്‍പ്പെടെയാണ് പിരിച്ചുവിടല്‍ ബാധിക്കുന്നത്. ഇന്ത്യയിലെ തങ്ങളുടെ ടെക്‌നോളജി വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതായി അഡിഡാസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കൃത്യമായി എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

മാറിവരുന്ന ബിസിനസ് സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ പ്രവര്‍ത്തന രീതി മാറ്റുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന കഠിനമായ തീരുമാനം എടുത്തതെന്ന് അഡിഡാസ് വ്യക്തമാക്കി. ഗുരുഗ്രാമിലെ അഡിഡാസ് ടെക് ഹബ്ബില്‍ ആകെ ഉണ്ടായിരുന്ന എഴുന്നൂറോളം ജീവനക്കാരില്‍ ഏകദേശം 350ലധികം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 15ന് നടന്ന ടൗണ്‍ ഹാള്‍ യോഗത്തിലാണ് ജീവനക്കാരെ ഈ വിവരങ്ങള്‍ അറിയിച്ചത്.
ജോലി നഷ്ടമാകുന്ന ജീവനക്കാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ചിലര്‍ക്ക് അന്ന് തന്നെ പിരിച്ചുവിടല്‍ കത്തുകള്‍ ലഭിച്ചു. മറ്റേ വിഭാഗത്തോട് ഡിസംബര്‍ വരെ കമ്പനിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ക്ക് ചുമതലകള്‍ കൈമാറുന്നതോടൊപ്പം കമ്പനിക്കുള്ളില്‍ മറ്റ് തൊഴിലവസരങ്ങള്‍ കണ്ടെത്താനും ഇവര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്. ഡിസംബറിനുള്ളില്‍ പുതിയ റോള്‍ കണ്ടെത്താത്ത ജീവനക്കാരുടെ അവസാന പ്രവൃത്തിദിനം ഡിസംബര്‍ 15 ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സെവറന്‍സ് പാക്കേജ് (നഷ്ടപരിഹാരം), നോട്ടീസ് പേ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അഡിഡാസിന്റെ ഗ്ലോബല്‍ എന്‍ജിനീയറിങ് ടെക് ഹബ്ബുകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് ഗുരുഗ്രാമിലേത്. സമീപകാലത്ത് കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചിരുന്നു. 2024ല്‍ ചെന്നൈയില്‍ പുതിയ ഗ്ലോബല്‍ ബിസിനസ് സര്‍വീസ് സെന്റര്‍ തുറക്കുകയും ചെയ്തു. ബിസിനസ് മെച്ചപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് കൂട്ടപ്പിരിച്ചുവിടല്‍.


by Midhun HP News | Sep 17, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം ആഘോഷമാക്കാൻ വിപുലമായ പരിപാടികളുമായി ബിജെപി. രാജ്യവ്യാപകമായി ഇന്ന് സേവാ ദിവസ് ആയി ആചരിക്കും. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് വീടുകളിൽ ദീപം തെളിയിക്കാനും സേവന പ്രവർത്തനങ്ങൾ ഏർപ്പെടാനുമാണ് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിൽ മോദി 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സേവാ സങ്കൽപ്പ് അഭിയാന് ബി.ജെ.പി.ഇന്ന് തുടക്കം കുറിക്കും.

ഒരുമാസം നീണ്ടുനിൽക്കുന്ന ക്ഷേമ, സേവന പ്രവർത്തനങ്ങളാണ് പാർട്ടി ലക്ഷ്യം വെക്കുന്നത്. ബി.ജെ.പിയുടെ ദേശീയ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി വീടുകളിൽ ദീപം തെളിയിച്ച് പ്രാർഥിക്കാൻ നേരത്തെ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആഹ്വാനം ചെയ്തിരുന്നു.മോദിയുടെ ജന്മദേശമായ ഗുജറാത്തിലെ വഡ്നഗറിൽ ഇന്ന് നടക്കുന്ന മഹാ ആരതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. അഹമ്മദാബാദിൽ വൈഷ്ണോദേവി സർക്കിളിന് സമീപം പ്രത്യേക പരിപാടി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയിൽ ഏകദേശം 5,000 പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്.


by Midhun HP News | Sep 16, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേനാ കപ്പലിൽ പാകിസ്ഥാന്റെ യുദ്ധക്കപ്പലിടിച്ച് അപകടം. പാക് നാവികസേനയുടെ പ്രകോപനപരമായ പ്രവൃത്തിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു.

കടലിൽ പാക് നാവികസേനാ യൂണിറ്റുകൾ കാട്ടിയ ഉത്തരവാദിത്തമില്ലാത്തതും അംഗീകരിക്കാനാവാത്തതുമായ നടപടിയാണ് കൂട്ടിയിടിയിൽ കലാശിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം നടന്നതെന്നും ഇരു കപ്പലുകൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. കൂട്ടിയിടി നടന്ന കൃത്യമായ തീയതിയോ സമയമോ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
സൈനിക അഭ്യാസങ്ങൾ, സേനാ നീക്കങ്ങൾ എന്നിവ നടത്തുമ്പോൾ മുൻകൂട്ടി പരസ്പരം വിവരം അറിയിക്കണമെന്ന വ്യവസ്ഥയുൾപ്പെടുന്ന 1991-ലെ ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി കരാറിലെ ആർട്ടിക്കിൾ 10-ന്റെ നഗ്നമായ ലംഘനമാണ് പാക് കപ്പലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഭാവിയിൽ ഇത്തരം അപകടകരമായ പ്രകോപനങ്ങൾ ആവർത്തിക്കാതിരിക്കാൻ പാകിസ്ഥാന്റെ എല്ലാ സൈനിക യൂണിറ്റുകളും ജാഗ്രത പാലിക്കണമെന്നും ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാറുകൾ പൂർണ്ണമായി മാനിക്കാൻ തയാറാകണമെന്നും പാക് ചാർജ് ഡി അഫയേഴ്സിനോട് ഇന്ത്യ ആവശ്യപ്പെട്ടു. വിഷയം പാകിസ്ഥാൻ സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽ അടിയന്തരമായി എത്തിക്കാനും നിർദ്ദേശിച്ചു.


by Midhun HP News | Sep 16, 2026 | Latest News, ദേശീയ വാർത്ത
ബെംഗളൂരു: ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കർണാടക സർക്കാരിന്റെ ഉത്തരവിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിൽ ബിജെപിയെ വെല്ലുവിളിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. വന്ദേമാതരത്തിന്റെ എല്ലാ ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്ന് വാശിപിടിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ബിവൈ വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ അശോക എന്നിവർ നോട്ടുപുസ്തകമോ ടെലിപ്രോംപ്റ്ററോ നോക്കാതെ ഗീതം പൂർണ്ണമായി പാടി കാണിക്കണമെന്ന് ഖാർഗെ വെല്ലുവിളിച്ചു. ബിജെപി നേതാക്കൾ തെറ്റുകൂടാതെ മുഴുവൻ വരികളും പാടി കാണിക്കുകയാണെങ്കിൽ മന്ത്രിസ്ഥാനം രാജിവെക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വന്ദേമാതരത്തെ തുറുപ്പുചീട്ടാക്കി സംസ്ഥാനത്ത് ധ്രുവീകരണത്തിന് ശ്രമിക്കുന്ന ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു.വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്നത് സ്വാതന്ത്ര്യസമര സേനാനികളായ നമ്മുടെ പൂർവ്വികർ കൈക്കൊണ്ട ചരിത്രപരമായ തീരുമാനമാണെന്ന് പ്രിയങ്ക് ഖാർഗെ ചൂണ്ടിക്കാട്ടി. ഇപ്പോൾ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എല്ലാ ചരണങ്ങളും പാടണമെന്ന് ശഠിക്കുകയാണ്. ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോർ എന്നിവരേക്കാൾ വലിയവരാണോ നരേന്ദ്ര മോദിയും ബിജെപിയുമെന്ന് അദ്ദേഹം ചോദിച്ചു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി, ദേശീയ ഗാനമായ ജനഗണമനയ്ക്ക് മുൻപ് വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനുവരിയിൽ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ 1937-ലെ കോൺഗ്രസ് പ്രമേയം അനുസരിച്ച് ആദ്യ രണ്ട് ചരണങ്ങൾ മാത്രം ഔദ്യോഗികമായി ആലപിച്ചാൽ മതിയെന്ന് ആഗസ്റ്റ് 19-ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് കർണാടക സർക്കാരും ഉത്തരവിറക്കിയത്. ഇതോടെ സിദ്ധരാമയ്യ സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് ആരോപിച്ച് ബിജെപി പ്രക്ഷോഭവുമായി രംഗത്തെത്തി.

അതിനിടെ, സംസ്ഥാന സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള കർണാടക സർക്കാരിന്റെ ഉത്തരവിനെതിരെ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. അഭിഭാഷകനായ ഗിരീഷ് ഭരദ്വാജാണ് സർക്കാരിന്റെ വിവാദ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവെന്നും ദേശീയ ഗാനത്തെ വെട്ടിചുരുക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.


Recent Comments