‘വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല’; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

‘വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല’; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

ഡല്‍ഹി: ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് സ്ഥാനത്തിനായി യുവതാരം വൈഭവ് സൂര്യവംശിയുമായി നടക്കുന്ന മത്സരത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മൗനം വെടിഞ്ഞ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെയും ടീമിലെ സ്ഥാനത്തിനായി നടക്കുന്ന മത്സരങ്ങളെയും കുറിച്ച് സഞ്ജു വളരെ വ്യക്തമായ നിലപാടാണ് പങ്കുവെച്ചിരിക്കുന്നത്. വൈഭവുമായി വ്യക്തിപരമായി തനിക്ക് യാതൊരുവിധ മത്സരവുമില്ലെന്നും രാജ്യത്തിനായി മത്സരങ്ങള്‍ ജയിക്കുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യമെന്നും കഴിഞ്ഞ ദിവസത്തെ മത്സരശേഷം സഞ്ജു പറഞ്ഞു.

പുറത്തുനിന്ന് നോക്കുമ്പോള്‍ വൈഭവും അഭിഷേക് ശര്‍മ്മയുമൊക്കെ എതിരാളികളായി തോന്നാം. പക്ഷേ ഞങ്ങള്‍ ഒരു ടീമാണ്. ഞങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ആദ്യം ഞങ്ങള്‍ രാജ്യത്തിനായി കളിച്ച് ജയിക്കാനാണ് നോക്കുന്നത്. അതുകഴിഞ്ഞേ വ്യക്തിപരമായ കാര്യങ്ങള്‍ ആലോചിക്കുന്നുള്ളൂ. എനിക്ക് അവസരം ലഭിക്കാതെ മറ്റൊരാള്‍ക്ക് കിട്ടുമ്പോള്‍ എന്തിനാണ് അയാള്‍ക്ക് അവസരം ലഭിച്ചതെന്ന് ചിന്തിച്ച് നിരാശപ്പെട്ട് ഇരിക്കാന്‍ കഴിയില്ല. അത്തരം നെഗറ്റീവ് ചിന്തകള്‍ കളിയില്‍ ഗുണം ചെയ്യില്ല’ -സഞ്ജു വ്യക്തമാക്കി.

ഓപ്പണിങ് സ്‌ളോട്ടുമായി ബന്ധപ്പെട്ട് മുന്‍താരങ്ങള്‍ പലതും പറയുമെന്നും എന്നാല്‍ മൈന്‍ഡ് സെറ്റാണ് പ്രധാനമെന്നും സഞ്ജു പറഞ്ഞു. മുന്‍പെല്ലാം ഇത്തരം വാര്‍ത്തകള്‍ തന്നെ ബാധിക്കുമായിരുന്നുവെന്നും എന്നാലിപ്പോള്‍, കൂടുതല്‍ പക്വത വന്നെന്നും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ കൃത്യമായ ധാരണയുണ്ടെന്നും താരം പറഞ്ഞു. ഐപിഎല്‍ അനുഭവങ്ങളും ക്യാപ്റ്റന്‍സിയും തന്നെ ഇത്തരം കടുത്ത സെലക്ഷന്‍ തീരുമാനങ്ങളെ മാനസികമായി ഉള്‍ക്കൊള്ളാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ വൈ-ഫൈ കണക്ഷന്‍ ഓഫ് ചെയ്യാന്‍ നോക്കാറുണ്ട്, എങ്കിലും ചിലപ്പോഴൊക്കെ അത് തനിയെ ഓണാകുകയും ആളുകളുടെ കമന്റുകള്‍ എന്റെ ശ്രദ്ധയില്‍ പെടുകയും ചെയ്യും. ക്രിക്കറ്റ് കളിക്കുന്ന രാജ്യത്ത് പുറത്തുള്ള ചര്‍ച്ചകള്‍ തീര്‍ച്ചയായും നമ്മെ ബാധിക്കും. ഞങ്ങള്‍ റോബോട്ടുകളോ മെഷീനുകളോ അല്ല, അതുകൊണ്ട് വിമര്‍ശനങ്ങള്‍ നമ്മെ ബാധിക്കില്ലെന്ന് പറയാനാകില്ല. എന്നാല്‍ അത് കുഴപ്പമില്ല, നമ്മുടെ ജോലി ഭംഗിയായി ചെയ്യുകയാണ് പ്രധാനമെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്’ -സഞ്ജു വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് സഞ്ജു വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. 22 പന്തില്‍ നിന്ന് 7 ഫോറും 4 സിക്‌സറുകളും അടക്കം 57 റണ്‍സടിച്ചുകൂട്ടി താരം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 159 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ 14.5 ഓവറില്‍ അനായാസം ലക്ഷ്യം മറികടന്നു. 3 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്താണ് ഇന്ത്യ ജയം തൊട്ടത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. വ്യാഴാഴ്ചയാണ് അവസാന മത്സരം.

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ കൊല്ലപ്പെട്ട മുൻ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ മാതാവ് ഹസിറാണി രഥിനെയാണ് പാർട്ടി നന്ദിഗ്രാമിൽ പോരിനിറക്കുന്നത്.

മുർഷിദാബാദ് മുൻ ജില്ലാ പ്രസിഡന്റും നിലവിലെ സംസ്ഥാന സമിതി അംഗവുമായ സഖാറാവ് സർക്കാരാണ് റെജിനഗറിലെ ബിജെപി സ്ഥാനാർത്ഥി. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലും ഭവാനിപൂരിലും ഒരുപോലെ വിജയിച്ച സുവേന്ദു അധികാരി ഭവാനിപൂർ നിലനിർത്തി നന്ദിഗ്രാം സീറ്റ് രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെയാണ് സുവേന്ദു അധികാരിയുടെ വിശ്വസ്തനായിരുന്ന ചന്ദ്രനാഥ് രഥ് വടക്കൻ 24 പർഗാനാസിലെ മധ്യംഗ്രാമിൽ വെച്ച് ദാരുണമായി വെടിയേറ്റ് കൊല്ലപ്പെടുന്നത്.

കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥിനെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. സംസ്ഥാന പൊലീസും പ്രത്യേക അന്വേഷണ സംഘവും ആദ്യഘട്ടത്തിൽ അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറി. ചന്ദ്രനാഥിന്റെ വിയോഗം സൃഷ്ടിച്ച വൈകാരികമായ ജനവികാരം കൂടി മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ മാതാവിനെ തന്നെ നന്ദിഗ്രാമിൽ അങ്കത്തിനിറക്കാൻ ബിജെപി തീരുമാനിച്ചത്.

രാഷ്ട്രീയരംഗത്ത് പുതിയ ആളല്ല ഹസിറാണി രഥ്. 1998 മുതൽ പൊതുപ്രവർത്തന രംഗത്തുള്ള ഇവർ രണ്ടുതവണ പഞ്ചായത്ത് അംഗമായും മൂന്നുതവണ പഞ്ചായത്ത് സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിദ്ധേശ്വർ ശിവക്ഷേത്രത്തിലും ജാനകീനാഥ് ക്ഷേത്രത്തിലും പ്രാർത്ഥന നടത്തിയ ഇവർ, ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലാണ് ഇവർ ഹാൽദിയയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്.

മുർഷിദാബാദ് ജില്ലയിലെ റെജിനഗറിൽ സംഘടനാ മികവ് മുൻനിർത്തിയാണ് സഖാറാവ് സർക്കാരിനെ പാർട്ടി കളത്തിലിറക്കിയത്. ആം ജനതാ ഉന്നയൻ പാർട്ടി സ്ഥാപകൻ ഹുമയൂൺ കബീർ റെജിനഗർ, നൗഡ എന്നീ രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച ശേഷം റെജിനഗർ ഒഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഹുമയൂൺ കബീർ തന്റെ മകൻ ഗുലാം നബി ആസാദിനെയാണ് ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറക്കിയിരിക്കുന്നത്.

രണ്ട് മണ്ഡലങ്ങളിലും ശക്തമായ ബഹുമുഖ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. നന്ദിഗ്രാമിൽ സഞ്ചിത പ്രധാൻ ദേയിയെയും റെജിനഗറിൽ മുൻ എംഎൽഎ റബീഉൽ ആലം ചൗധരിയെയുമാണ് മമത ബാനർജി പക്ഷ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കിയത്. റിതബ്രത ബാനർജി പക്ഷ വിമത തൃണമൂൽ വിഭാഗം യഥാക്രമം മുഹമ്മദ് ഇഹ്തിഷാമുൽ ഹഖിനെയും സഫിയുസ്സമാൻ ഷെയ്ഖിനെയും നിർത്തിയിട്ടുണ്ട്. കോൺഗ്രസിനായി മിലൻ പ്രധാന നന്ദിഗ്രാമിലും അബ്ദുള്ളാഹിൽ കാഫി റെജിനഗറിലും മത്സരിക്കുമ്പോൾ, ഇടതുമുന്നണി സ്ഥാനാർത്ഥികളായി സിപിഐയുടെ ശാന്തിഗോപാൽ ഗിരി നന്ദിഗ്രാമിലും സിപിഎമ്മിന്റെ സയ്യിദ് അസദ് അലി റെജിനഗറിലും ജനവിധി തേടുന്നു.

ഒക്ടോബർ ആറിന് വോട്ടെടുപ്പ് നടക്കും. സെപ്റ്റംബർ 16 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ ഒൻപതിനാണ് വോട്ടെണ്ണൽ. നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും പാർട്ടിയിലെ പിളർപ്പിനും ശേഷം മമതാ ബാനർജിക്ക് ശക്തി തെളിയിക്കാനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പിലൂടെ തെളിയുന്നത്.

ബൈക്ക് യാത്രികയെ ഇടിച്ചിട്ട കേസ്: പ്രതി കല്യാണ്‍ ബൈന്‍സ്‌‍ല പിടിയില്‍; വധശ്രമത്തിന് കേസെടുത്തു

ബൈക്ക് യാത്രികയെ ഇടിച്ചിട്ട കേസ്: പ്രതി കല്യാണ്‍ ബൈന്‍സ്‌‍ല പിടിയില്‍; വധശ്രമത്തിന് കേസെടുത്തു

ഡല്‍ഹി: ഗുരുഗ്രാമില്‍ ബൈക്ക് യാത്രികയെ കാറിടിച്ചിട്ട് ഒളിവില്‍ പോയ കേസില്‍ പ്രതി കല്യാണ്‍ ബൈന്‍സ്‌‍ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ രാജസ്ഥാനിലെ ദൗസയില്‍ നിന്നാണ് ഗുരുഗ്രാം പൊലീസ് പിടികൂടിയത്.

കഴിഞ്ഞ വാരാന്ത്യത്തിലാണ് ഗോള്‍ഫ് കോഴ്‌സ് റോഡില്‍ അപ്രില്ല സ്‌പോര്‍ട്‌സ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സിയ എന്ന യുവതിയെ പ്രതി കാര്‍ കൊണ്ട് ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. കേസില്‍ പൊലീസ് ഇയാള്‍ക്കെതിരെ വധശ്രമത്തിനുള്ള വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. തന്റെ ബൈക്കിങ് ഗ്രൂപ്പിനൊപ്പം റോഡിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് സിയയെ അതിവേഗം പിന്നില്‍ നിന്ന് എത്തി ഇയാള്‍ ഇടിച്ചത്.

അപകടത്തില്‍പ്പെട്ട യുവതി മാധ്യമങ്ങളോട് പ്രതികരിക്കവെ, ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്നും മറ്റുള്ളവര്‍ക്ക് അതൊരു മാതൃകയാക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെ, പ്രതിയുടെ അഭിഭാഷകന്‍ സംഭവത്തില്‍ യുവതിയുടെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.

കാറിലുണ്ടായിരുന്നവര്‍ തങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു എന്ന് യുവതി ആരോപിക്കുന്നു. തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ കാര്‍ യുവതിയുടെ മോട്ടോര്‍ സൈക്കിളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ ഡ്രൈവര്‍ സ്ഥലത്തുനിന്ന് വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.

തുടര്‍ന്ന് ട്രാഫിക് സിഗ്നലില്‍ വെച്ച് യുവതിയുടെ സുഹൃത്തുക്കള്‍ കാര്‍ തടയുകയും ഡ്രൈവറോട് കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നായിരുന്നു കാറിലുണ്ടായിരുന്നവരുടെ വാദം. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായും യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 30 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 95.84ലേക്കാണ് രൂപ താഴ്ന്നത്.

എണ്ണവില കുത്തനെ ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ ബാധിച്ചത്. ഇതിനെ തുടര്‍ന്ന് ഇറക്കുമതി ചെലവ് ഉയരുകയും ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചതുമാണ് രൂപയുടെ മൂല്യം താഴാന്‍ ഇടയാക്കിയത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളര്‍ കടന്നിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് എണ്ണവില കുത്തനെ ഉയരാന്‍ കാരണം. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് പുറമേ സൗദി അറേബ്യയില്‍ ഇറാനെ പിന്തുണയ്ക്കുന്ന യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണവും എണ്ണവിലയെ ബാധിക്കുന്നുണ്ട്.

അതിനിടെ ഓഹരി വിപണിയും നഷ്ടത്തിലാണ്. സെന്‍സെക്‌സ് നൂറിലധികം പോയിന്റ് ആണ് താഴ്ന്നത്. ഉയര്‍ന്ന എണ്ണവില തന്നെയാണ് ഓഹരിവിപണിയെ സ്വാധീനിക്കുന്നത്. കൂടാതെ അമേരിക്കയില്‍ പത്തുവര്‍ഷത്തെ ട്രഷറി യീല്‍ഡ് അഞ്ചുശതമാനമായി ഉയര്‍ന്നതും ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. കൂടുതല്‍ റിട്ടേണ്‍ പ്രതീക്ഷിച്ച് വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് ട്രഷറി യീല്‍ഡില്‍ നിക്ഷേപിക്കുന്നത് ഇടിവിന് മറ്റൊരു കാരണമാണ്. റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഭാരത് ഇലക്ട്രോണിക്‌സ്, ശ്രീറാം ഫിനാന്‍സ്, ഗ്രാസിം, അള്‍ട്രാ ടെക് സിമന്റ്, ലാര്‍സന്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ

ഡല്‍ഹി: സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ഹാനികരമായ ഉള്ളടക്കങ്ങള്‍ തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെ, കുട്ടികളുടെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടതും മറ്റ് സുരക്ഷാ സംബന്ധമായതുമായ കേസുകള്‍ ഇനി മുതല്‍ നിയമപാലകരെ അറിയിക്കാമെന്ന് മെറ്റ സമ്മതിച്ചു. ഐടി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനും കുട്ടികളുടെ സുരക്ഷ അടിസ്ഥാന തത്വമാണെന്നും, ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ദോഷകരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്താനും നീക്കം ചെയ്യാനും മുന്‍കൈയെടുക്കാത്ത പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് മെറ്റയുടെ ഈ തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

കുട്ടികള്‍ക്ക് പ്ലാറ്റ്ഫോമുകള്‍ സുരക്ഷിതമാക്കുന്നതിനുള്ള ആദ്യ പടിയാണിത്, എന്നാല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അത്തരം ഉള്ളടക്കങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി നീക്കം ചെയ്യുന്നതിനായി മറ്റ് പ്ലാറ്റ്ഫോമുകളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ കുട്ടികളെ ബാധിക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ വ്യാപനം തടയാന്‍ ഓണ്‍ലൈന്‍ ഇടനിലക്കാര്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ഇതിനിടയില്‍, കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സമന്‍സ് അയച്ചതിനെ തുടര്‍ന്ന് മെറ്റ പ്രതിനിധികള്‍ ഈ മാസം 9ന് കമ്മീഷന്‍ ഓഫിസില്‍ ഹാജരായികുന്നു. മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളില്‍ വന്നുവെന്ന് ആരോപിക്കപ്പെടുന്ന പരസ്യങ്ങളെക്കുറിച്ചുള്ള ബിബിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും മെറ്റ പ്ലാറ്റ്ഫോംസിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. നോട്ടീസ് നല്‍കി ഒരാഴ്ചയ്ക്കകം മെറ്റ കമ്മീഷന് മറുപടി സമര്‍പ്പിക്കുകയും ചെയ്തു.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ പണം നല്‍കി നല്‍കുന്ന പരസ്യങ്ങള്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ, പോക്‌സോ നിയമപ്രകാരമുള്ള നിര്‍ബന്ധിത റിപ്പോര്‍ട്ടിങ് ബാധ്യതകള്‍ സാങ്കേതിക കമ്പനിയും മറ്റ് ബന്ധപ്പെട്ടവരും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ചാർജ് ഈടാക്കരുത്; വിജ്ഞാപനമിറക്കി ധനമന്ത്രാലയം

2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ചാർജ് ഈടാക്കരുത്; വിജ്ഞാപനമിറക്കി ധനമന്ത്രാലയം

2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കരുതെന്ന് വിജ്ഞാപനമിറക്കി കേന്ദ്ര ധന മന്ത്രാലയം. പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007-ലെ സെക്ഷന്‍ 10 എ പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

റൂപേ, ഡെബിറ്റ് കാര്‍ഡുകള്‍, 2000 വരെയുള്ള യുപിഐ ഇടപാടുകള്‍ എന്നിവയെ ഇലക്ട്രോണിക് മോഡ്‌സ് ഓഫ് പേയ്‌മെന്റ് ആയി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതുവഴി പണം അയക്കുന്ന വ്യക്തികളില്‍ നിന്നോ സ്വീകരിക്കുന്നവരില്‍ നിന്നോ നേരിട്ടോ അല്ലാതെയോ യാതൊരു വിധ ചാര്‍ജും ബാങ്കുകള്‍ ഈടാക്കരുതെന്നാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപഭോക്താക്കള്‍ക്കുള്ള യുപിഐ സേവനം സൗജന്യമായി തുടരുമെന്ന് ഉറപ്പാക്കുന്നതാണ് പുതിയ വിജ്ഞാപനം.

കഴിഞ്ഞ മാസം പാര്‍ലമെന്റ് പാസാക്കിയ ടാക്‌സേഷന്‍ ആന്‍ഡ് അദര്‍ ലോസ് അമെന്‍ഡ്‌മെന്റ് ബില്‍ വഴി യുപിഐ ഇടപാടുകള്‍ക്ക് നിരക്കേര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതേസമയം 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ചാര്‍ജ് ഈടാക്കുമോയെന്നതില്‍ വ്യക്തതയില്ല.

ആഗസ്റ്റിലായിരുന്നു പണമിടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്നും ചാര്‍ജ് ഈടാക്കുന്ന മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് കൊണ്ടുവന്നത്. എംഡിആര്‍ നടപ്പായാല്‍ അതിന്റെ ഒരു പങ്ക് ഇടപാടില്‍ ഉള്‍പ്പെട്ട ബാങ്കുകള്‍ക്കും പേയ്‌മെന്റ് സേവനദാതാവിനും ലഭിക്കും. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നോ വ്യക്തികള്‍ തമ്മില്‍ നടത്തുന്ന പണമിടപാടിനോ ചാര്‍ജ് ഈടാക്കില്ലെന്നാണ് ഇപ്പോള്‍ കേന്ദ്രം അറിയിച്ചിരിക്കുന്നത്.