അയല്‍ രാജ്യത്തെ ബഹിരാകാശ പേടകം തൊട്ടടുത്ത്, ബോഡിഗാര്‍ഡ് സാറ്റലൈറ്റുകളെ നിയോഗിക്കാന്‍ ഇന്ത്യ

അയല്‍ രാജ്യത്തെ ബഹിരാകാശ പേടകം തൊട്ടടുത്ത്, ബോഡിഗാര്‍ഡ് സാറ്റലൈറ്റുകളെ നിയോഗിക്കാന്‍ ഇന്ത്യ

ഡല്‍ഹി: ഉപഗ്രഹങ്ങളെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പദ്ധതിയുമായി ഇന്ത്യ. ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനായി ബോഡിഗാര്‍ഡ് സാറ്റലൈറ്റുകളെ (അംഗരക്ഷക ഉപഗ്രഹങ്ങള്‍) നിയോഗിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളില്‍ ഉപഗ്രഹങ്ങളുടെ സഹായം ഇന്ത്യയ്ക്ക് നിര്‍ണായ വിവരങ്ങള്‍ നല്‍കിയിരുന്നു.

ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തിന് നേരെയുണ്ടാകുന്ന ആക്രമണത്തെ തിരിച്ചറിയുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നതിനാണ് അംഗരക്ഷക ഉപഗ്രഹങ്ങള്‍. 2024-ന്റെ മധ്യത്തില്‍ ഒരു ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അയല്‍രാജ്യങ്ങളിലൊന്നിന്റെ ബഹിരാകാശ പേടകം അപകടകരമായ വിധത്തില്‍ അടുത്തെത്തിയ സംഭവം നടന്നിരുന്നു. ഇത്തരം സംഭവം ആവര്‍ത്തിക്കപ്പെടാതിരിക്കാനും ഉപഗ്രഹങ്ങളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അംഗരക്ഷക ഉപഗ്രഹങ്ങളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭൂമിക്ക് 500-600 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണംചെയ്യുന്ന ഐഎസ്ആര്‍ഒയുടെ ഭൂമിയിലെ വസ്തുക്കളുടെ നിരീക്ഷണം, ഭൂപട നിര്‍മ്മാണം തുടങ്ങിയ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപഗ്രഹത്തിന് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ബഹിരാകാശ പേടകം എത്തിയതായാണ് റിപ്പോര്‍ട്ട്. ഉപഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചില്ലെങ്കിലും ഇത് മറ്റ് രാജ്യങ്ങളുടെ ശക്തിപ്രകടനമായി കണക്കാക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിനാലാണ് അംഗരക്ഷക ഉപഗ്രഹങ്ങളെ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് ഐഎസ്ആര്‍ഒയും ബഹിരാകാശ വകുപ്പും ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

ടിക്കറ്റ് പരിശോധനയ്ക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാം ഫോളോ റിക്വസ്റ്റ്, ട്രെയിന്‍ യാത്രയിലെ വിചിത്ര അനുഭവം പങ്കുവച്ച് യുവതി

ടിക്കറ്റ് പരിശോധനയ്ക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാം ഫോളോ റിക്വസ്റ്റ്, ട്രെയിന്‍ യാത്രയിലെ വിചിത്ര അനുഭവം പങ്കുവച്ച് യുവതി

മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റ് ചെക്കറില്‍ നിന്നുണ്ടായ അനുഭവം പങ്കുവച്ച് യുവതി. ടിക്കറ്റ് പരിശോധിച്ചതിനു പിന്നാലെ തനിക്ക് ഇന്‍സ്റ്റഗ്രാമില്‍ റെയില്‍വെ ടിക്കറ്റ് എക്‌സാമിനറുടെ റിക്വസ്റ്റ് എത്തിയെന്നാണ് യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. യാത്രയ്ക്കിടെ ഉണ്ടായ അനുഭവം തന്നെ ഞെട്ടിച്ചെന്ന് വ്യക്തമാക്കിയാണ് ഇന്ത്യന്‍ റെയില്‍വെയെ ഉള്‍പ്പെടെ ടാഗ് ചെയ്തുകൊണ്ടുള്ള യുവതിയുടെ കുറിപ്പ്.

”അടുത്തിടെ നടത്തിയ ട്രെയിന്‍ യാത്രയ്ക്കിടെ തന്റെ ടിക്കറ്റ് പരിശോധിച്ച റെയില്‍വെ ഉദ്യോഗസ്ഥന്‍ ഇന്‍സ്റ്റഗ്രാമില്‍ തന്നെ തിരഞ്ഞ് കണ്ടെത്തിയിരിക്കുന്നു. ടി സിയുടെ ഫോളോ റിക്വസ്റ്റ് കണ്ട് ഞെട്ടിപ്പോയി. റിസര്‍വേഷന്‍ ചാര്‍ട്ടില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരമായിരിക്കണം ടി സി തന്നെ കണ്ടെത്തിയത്. റിക്വസ്റ്റ് കണ്ടപ്പോള്‍ ശരിക്കും പേടിയാണ് തോന്നിയത്” എന്നും യുവതി കുറിയ്ക്കുന്നു. റെയില്‍വെയ്ക്ക് ഉള്‍പ്പെടെ നല്‍കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ ഉദാഹരണം എന്നാണ് യുവതി നടപടിയെ ചൂണ്ടിക്കാട്ടുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമാണോ അതോ, സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് ചിന്തിക്കുന്നത് എന്നും യുവതി കുറിപ്പില്‍ പറയുന്നു.

യാത്രികരുടെ സുരക്ഷ ആശങ്കയിലാക്കുന്ന സംഭവം എന്ന നിലയിലാണ് പലരും പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്നാണ് ഭൂരിഭാഗം പേരുടെയും നിലപാട്. വിഷയത്തില്‍ പരാതി നല്‍കണം എന്നും പലരും അഭിപ്രായം പങ്കുവയ്ക്കുന്നു.

‘ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, ഞാന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനല്ലേ?’

‘ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, ഞാന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനല്ലേ?’

വാഷിങ്ടണ്‍: ലോകത്തെ വിവിധ ഭാഗങ്ങളിലായി രാജ്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ നടത്തിയ തന്റെ ഇടപെടല്‍ നൊബേല്‍ പുരസ്‌കാരത്തിന്‍ അര്‍ഹമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ – പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന് ആവര്‍ത്തിക്കുന്ന ട്രംപ് ഏഴ് സംഘര്‍ഷങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചെന്നും ഇതിനില്ലാം നൊബേല്‍ പുരസ്‌കാരത്തന് അര്‍ഹനാണെന്നും വ്യക്തമാക്കുന്നു. ഏഴ് നൊബേല്‍ സമ്മാനങ്ങളെങ്കിലും തനിക്ക് ലഭിക്കേണ്ടതുണ്ടെന്നായിരുന്നു അമേരിക്കന്‍ കോര്‍ണര്‍‌സ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനന്റെ അത്താഴവിരുന്നില്‍ സംസാരിക്കവെ ട്രംപ് വ്യക്തമാക്കിയത്.

സംഘര്‍ഷങ്ങളില്‍ 60 ശതമാനവും അവസാനിപ്പിച്ചത് വ്യാപാര കരാറുകളുടെ പേരില്‍ ആണ്. വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ വ്യാപാര കരാറില്‍ നിന്ന് പിന്‍മാറുമെന്ന് അറിയിച്ചതോടെയാണ് ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിച്ചത് എന്നും ട്രംപ് അവകാശപ്പെട്ടു. യുക്രൈയ്ന്‍ – റഷ്യ യുദ്ധം അവസാനിപ്പിച്ചാല്‍ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് ചിലര്‍ തന്നോട് പറഞ്ഞു. അങ്ങനെയെങ്കില്‍ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെട്ട തനിക്ക് ഏത്ര നൊബേല്‍ പുരസ്‌കാരണങ്ങള്‍ നല്‍കേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. എന്നാല്‍, യുക്രൈന്‍ – റഷ്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പരാമര്‍ശം ആരുടേതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള ബന്ധത്തിലായിരുന്നു പ്രതീക്ഷ. എന്നാല്‍ അദ്ദേഹം നിരാശപ്പെടുത്തി. പക്ഷേ ഏതെങ്കിലും ഒരു മാര്‍ഗം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയും. എന്നും ട്രംപ് അറിയിച്ചു.

കഴിഞ്ഞദിവസം, യുഎസ് കോണ്‍ഗ്രസ് അംഗം ബൈറണ്‍ ഡൊണാള്‍ഡ്സിന്റെ ഒരു എക്സ് പോസ്റ്റ് പങ്കുവച്ചും ട്രംപ് ‘അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലെ മധ്യസ്ഥതാ’ വാദം ഉയര്‍ത്തിയിരുന്നു. വിവിധ രാജ്യങ്ങള്‍ തമ്മിലുണ്ടായ 11 സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ട്രംപ് ഇടപെട്ടെന്നായിരുന്നു ബൈറണ്‍ ഡൊണാള്‍ഡ്സിന്റെ അവകാശവാദം. സംഘര്‍ഷങ്ങളുടെ പട്ടികയും അദ്ദേഹം എക്‌സില്‍ പങ്കുവച്ചിരുന്നു. അവകാശപ്പെടുന്നത്. അര്‍മേനിയ-അസര്‍ബൈജാന്‍, കംബോഡിയ-തായ്‌ലന്‍ഡ്, കോംഗോ-റവാണ്ട, ഈജിപ്ത്-എത്യോപ്യ, സെര്‍ബിയ-കൊസോവോ, ഇന്ത്യ-പാകിസ്ഥാന്‍ തുടങ്ങി ട്രംപ് നിരന്തരം ആവര്‍ത്തിക്കുന്ന സംഘര്‍ഷങ്ങള്‍ക്കൊപ്പം പുതിയ ചില പേരുകളും ഡൊണാള്‍ഡ്സിന്റെ പട്ടികയിലുണ്ട്. ഇസ്രായേലും മറ്റ് ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കമാണ് ഡൊണാള്‍ഡ്സ് പരമാര്‍ശിച്ചിരിക്കുന്നത്. ഇറാന്‍, മൊറോക്കോ, സുഡാന്‍, യുഎഇ, ബഹ്‌റൈന്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.

വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ച് 13 കാരന്‍, അപകട യാത്ര കാബൂള്‍ മുതല്‍ ഡല്‍ഹി വരെ

വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ച് 13 കാരന്‍, അപകട യാത്ര കാബൂള്‍ മുതല്‍ ഡല്‍ഹി വരെ

ഡല്‍ഹി: വിമാനത്തിന്റെ പിന്‍ചക്രത്തിന്റെ ഭാഗത്ത് ഒളിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് 13 കാരന്റെ സാഹസിക യാത്ര. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന കെഎഎം എയറിയിന്റെ ആര്‍ക്യു 4401 വിമാനത്തില്‍ ഞായറാഴ്ചയായിരുന്നു 13 കാരന്റെ അപകടയാത്ര. ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8:46 ന് പുറപ്പെട്ട് 10:20 ന് ഡല്‍ഹിയില്‍ ലാന്റ് ചെയ്ത വിമാനത്തില്‍ ഇന്ത്യയില്‍ എത്തിയ കുട്ടിയുടെ സുരക്ഷിതനാണെന്ന് അധികൃതരെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സാധാരണ അഫ്ഗാൻ വേഷമായ കുര്‍ത്തയും പൈജാമയും ധരിച്ചായിരുന്നു കുട്ടി വിമാനത്തിന്റെ ചക്രഭാഗത്തിനിടയില്‍ ഒളിച്ചിരുന്നത്. ഇറാഖിലേക്ക് കടക്കാനായിരുന്നു കുട്ടിയുടെ ശ്രമം എന്നാണ് പ്രാഥമിക വിവരം. എന്നാല്‍, വിമാനം മാറി കയറി ഇന്ത്യയിലെത്തുകയായിരുന്നു. കുട്ടി സുരക്ഷിതനെങ്കിലും ഗുരുതര സുക്ഷാ വീഴ്ചയാണ് സംഭവിച്ചത് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന പ്രതികരണം. കാബുള്‍ വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ആശങ്ക ഉണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സംഭവം എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

സാധാരണ അഫ്ഗാൻ വേഷമായ കുര്‍ത്തയും പൈജാമയും ധരിച്ചായിരുന്നു കുട്ടി വിമാനത്തിന്റെ ചക്രഭാഗത്തിനിടയില്‍ ഒളിച്ചിരുന്നത്. ഇറാഖിലേക്ക് കടക്കാനായിരുന്നു കുട്ടിയുടെ ശ്രമം എന്നാണ് പ്രാഥമിക വിവരം. എന്നാല്‍, വിമാനം മാറി കയറി ഇന്ത്യയിലെത്തുകയായിരുന്നു. കുട്ടി സുരക്ഷിതനെങ്കിലും ഗുരുതര സുക്ഷാ വീഴ്ചയാണ് സംഭവിച്ചത് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന പ്രതികരണം. കാബുള്‍ വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ആശങ്ക ഉണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സംഭവം എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ കയറി യാത്ര ചെയ്യുന്ന സംഭവങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങളിലെ അതിജീവനം അഞ്ചില്‍ ഒന്ന് മാത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. യാത്രയ്ക്കിടയിലെ ഓക്‌സിന്റെ അഭാവം, ഹൈപ്പോഥെര്‍മിയ, കൊടും തണുപ്പ്, ഗിയര്‍ മാറ്റത്തിനിടയില്‍ കുടുങ്ങിയുള്ള മരണം, ലാന്‍ഡിങ് സമയത്തെ വീഴ്ച തുടങ്ങി പലവിധ വെല്ലുവിളികള്‍ ഇത്തരം യാത്രയില്‍ ഉണ്ടാകാന്‍ ഇടയുണ്ട്. താപനില മൈനസ് നിലയിലേക്ക് കുറയുന്ന 30,000 അടി ഉയരത്തില്‍ അതിജീവിക്കുക അസാധ്യമാണെന്ന് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. റിതിന്‍ മൊഹീന്ദ്രയും ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ ഇത് രണ്ടാമത്തെ സംഭവമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 1996 ഒക്ടോബര്‍ 14 നായിരുന്നു ആദ്യ സംഭവം. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസിന്റെ ബോയിംഗ് 747 വിമാനത്തില്‍ ഇത്തരത്തില്‍ രണ്ട് പേര്‍ യാത്ര ചെയ്തിരുന്നു. സഹോദരന്മാരായ പ്രദീപ് സൈനി (22), വിജയ് സൈനി (19) എന്നിവരാണ് അന്ന് സാഹസികതയ്ക്ക് മുതിര്‍ന്നത്. വിമാനം ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇവരില്‍ വിജയ് മരിച്ചിരുന്നു. എന്നാല്‍ രണ്‍ദീപ് രക്ഷപ്പെടുകയും ചെയ്തു.

റിതിക സുരക്ഷിതയായി തിരിച്ചെത്തി; നന്ദി പറഞ്ഞ് കുടുംബം

റിതിക സുരക്ഷിതയായി തിരിച്ചെത്തി; നന്ദി പറഞ്ഞ് കുടുംബം

ഷാർജ: ശനിയാഴ്ച രാവിലെ ഷാർജയിൽ നിന്ന് കാണാതായ റിതിക സുധീറിനെ കണ്ടെത്തിയതായി കുടുബം അറിയിച്ചു. ദുബൈയിൽ ഔദ് മേത്ത എന്ന സ്ഥലത്ത് നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഷാർജ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയതായി മാതാപിതാക്കൾ അറിയിച്ചു.

ഔദ് മേത്ത എന്ന സ്ഥലത്ത് യുവതിയെ കണ്ട ചിലർക്ക് സംശയം തോന്നിയിരുന്നു. മാധ്യമങ്ങളിൽ യുവതിയുടെ ചിത്രം നൽകിയിരുന്നത് കൊണ്ട് വളരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചു. ഉടൻ തന്നെ പ്രദേശവാസികൾ റിതികയെ തടഞ്ഞു വെയ്ക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ സ്ഥലത്ത് എത്തി കൂട്ടി കൊണ്ട് പോകുകയും പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.

മൂന്ന് മാസം മുൻപാണ് റിതികയും കുടുംബവും ദുബൈയിൽ നിന്ന് ഷാർജയിലേക്ക് താമസം മാറിയത്. അന്ന് മുതൽ ഔദ് മേത്തയിൽ താൻ പഠിച്ചിരുന്ന സ്കൂളിൽ പോകണമെന്ന് യുവതി ആവശ്യപ്പെടുമായിരുന്നു. എന്നാൽ കുടുംബം ഈ ആവശ്യം ഗൗരവമായി എടുത്തിരുന്നില്ല.

കഴിഞ്ഞ ദിവസം അബു ഷഗാരയിലെ ഒരു ക്ലിനിക്കിൽ സഹോദരനോടൊപ്പം പോയപ്പോഴാണ് 22 കാരിയായ റിതിക സുധീർ പഴയ സ്കൂളിലേക്ക് പോകാൻ തീരുമാനിച്ചത്. അനിയനെ ക്ലിനിക്കിൽ ആക്കിയ ശേഷം പിൻവാതിലിലൂടെ റിതിക പുറത്ത് കടന്നു. ബസ്സിലും തുടർന്ന് ദുബൈ മെട്രോയിലും കയറി കുട്ടി സ്കൂളിലെത്തി. അവിടെ വെച്ചാണ് നാട്ടുകാർ റിതികയെ കാണുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്‍തത്. റിതികയെ കണ്ടെത്താൻ സഹായിച്ച എല്ലാവരോടും രീതികളുടെ കുടുംബം നന്ദി പറഞ്ഞു.

പാഴ്സൽ വിതരണത്തിന് ഡ്രോണ്‍; വിജയകരമായി പൂർത്തിയാക്കി അബുദാബി

പാഴ്സൽ വിതരണത്തിന് ഡ്രോണ്‍; വിജയകരമായി പൂർത്തിയാക്കി അബുദാബി

അബുദാബി: ഡ്രോൺ ഉപയോഗിച്ച് പാഴ്സലുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന സംവിധാനം വിജയകരമായി പരീക്ഷിച്ച് അബുദാബി. അൽ സംഹയിൽ നിന്ന് കിസാദിലേക്ക് ഡ്രോൺ വഴി പാഴ്സൽ അയച്ചാണ് പരീക്ഷണം പൂർത്തിയാക്കിയത്.

റോബട്ടിക് കൈകളോടുകൂടിയ ഡ്രോൺ ആണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററും (ഐ ടി സി)യും ‘ലോഡ് ഓട്ടോണമസു’മായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

നാവിഗേഷൻ സംവിധാനമുപയോഗിച്ച് നടത്തിയ പരീക്ഷണം പൂർണ വിജയമായിരുന്നു എന്നും സ്മാർട്ട് മൊബിലിറ്റിയുടെ ആഗോള കേന്ദ്രമാക്കി അബുദാബിയെ മാറ്റുന്നതിൽ നിർണ്ണായകമായ നീക്കമാണ് ഇതെന്നും അധികൃതർ അറിയിച്ചു.

സാധാരണ ഡെലിവറി സംവിധാനങ്ങൾക്ക് ദിവസങ്ങൾ കൊണ്ട് ചെയ്യുന്ന ജോലി ആണ് മണിക്കൂറുകൾ കൊണ്ട് ഡ്രോണുകൾ ചെയ്യുന്നത്. മരുന്നുകളും മാറ്റ് അത്യാവശ്യ സാധനങ്ങളും നിമിഷ നേരം കൊണ്ട് ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കാൻ ആകുമെന്ന് ‘ലോഡ് ഓട്ടോണമസ്’ സിഇഒ റാഷിദ് മത്തർ അൽ മനായി വ്യക്തമാക്കി.

അബുദാബിയിൽ വരും വർഷങ്ങളിൽ ചരക്ക് നീക്കത്തിന് നിർണ്ണായകമായ പങ്ക് വഹിക്കുക ഈ ഡ്രോൺ സംവിധാനം വഴി ആകും. ഡ്രോണുകൾക്ക് പുറമെ ചെറിയ ഹൈബ്രിഡ് ഓട്ടോണമസ് വിമാനങ്ങളും കമ്പനി തയ്യാറാക്കുണ്ട്. ‘ഹിലി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചെറു വിമാനങ്ങൾക്ക് 250 കിലോ ഭാരം വരെ വഹിക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.