പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ വരെ ഉപയോഗിച്ചു, അണുവിട തെറ്റാതെ തടഞ്ഞെന്ന് സൈന്യം; ഏതു നീക്കത്തിനും അതേ നാണയത്തില്‍ തിരിച്ചടി

പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ വരെ ഉപയോഗിച്ചു, അണുവിട തെറ്റാതെ തടഞ്ഞെന്ന് സൈന്യം; ഏതു നീക്കത്തിനും അതേ നാണയത്തില്‍ തിരിച്ചടി

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ നടപടികളാണ് പ്രകോപനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്ഥാന്‍ നടത്തിയ ഈ ആക്രമണങ്ങളെ ഇന്ത്യ ഉത്തരവാദിത്തത്തോടെയും അളവറ്റ രീതിയിലും പ്രതിരോധിക്കുകയും പ്രതികരിക്കുകയുമാണ് ചെയ്തത്. ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയംപ്രതിരോധവും തിരിച്ചടിയുമാണ്. പാകിസ്ഥാന്റെ ഏതുനീക്കത്തെയും ആ വിധത്തില്‍ തന്നെ പ്രതിരോധിക്കുമെന്നും പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിക്രം മിസ്രി പറഞ്ഞു.

‘ഇന്ത്യയിലെ ജനങ്ങള്‍ വിവിധ വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പാകിസ്ഥാന്‍ സൈനിക വക്താവ് വളരെയധികം സന്തോഷിക്കുന്നതായുള്ള ചില പ്രതികരണങ്ങള്‍ ഞങ്ങള്‍ കണ്ടു. പൗരന്മാര്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കാണുന്നത് പാകിസ്ഥാനികള്‍ക്ക് ഒരു അത്ഭുതമായിരിക്കാം. കാരണം അത് തുറന്നതും പ്രവര്‍ത്തനപരവുമായ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. പാകിസ്ഥാന് അതിനോടുള്ള പരിചയമില്ലായ്മ അതിശയകരമല്ല.’- വിക്രം മിസ്രി പറഞ്ഞു.

ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തിയതെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഇതിനായി യുദ്ധവിമാനങ്ങള്‍ വരെ അവര്‍ ഉപയോഗിച്ചു. ഇന്ത്യ ഇവയെല്ലാം നിര്‍വീര്യമാക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘പാകിസ്ഥാന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തിവരികയാണ്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അവര്‍ ഡ്രോണുകള്‍, ദീര്‍ഘദൂര ആയുധങ്ങള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയ ഉപയോഗിച്ചു. ഇന്ത്യ നിരവധി ആക്രമണങ്ങളെ നിര്‍വീര്യമാക്കി. പക്ഷേ പാകിസ്ഥാന്‍ 26 ലധികം സ്ഥലങ്ങളില്‍ വ്യോമമാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിച്ചു. ഉധംപൂര്‍, ഭുജ്, പത്താന്‍കോട്ട്, ബട്ടിന്‍ഡ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലെ ഉപകരണങ്ങള്‍ക്ക് കേടുപാട് വരുത്തി. ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1:40 ന് പഞ്ചാബിലെ വ്യോമതാവളം ലക്ഷ്യമാക്കി അവര്‍ അതിവേഗ മിസൈലുകള്‍ പ്രയോഗിച്ചു. അവര്‍ ആരോഗ്യ കേന്ദ്രങ്ങളും സ്‌കൂളുകളും പോലും ആക്രമിച്ചു’- സോഫിയ ഖുറേഷി പറഞ്ഞു.

‘ശ്രീനഗര്‍, അവന്തിപൂര്‍, ഉധംപൂര്‍ എന്നിവിടങ്ങളിലെ വ്യോമത്താവളങ്ങളിലെ ആശുപത്രികളെയും സ്‌കൂള്‍ പരിസരങ്ങളെയും പാകിസ്ഥാന്‍ ലക്ഷ്യമാക്കി. ഇത് അപലപനീയവും അണ്‍പ്രൊഫഷണലുമായ പ്രവൃത്തിയാണ്. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ആക്രമിക്കാനുള്ള അവരുടെ നിരുത്തരവാദപരമായ പ്രവണത ഇത് വീണ്ടും വെളിപ്പെടുത്തി.’- സോഫിയ ഖുറേഷി കുറ്റപ്പെടുത്തി.

‘ഭീകരതയ്ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ്’, ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു; പാകിസ്ഥാന് 100 കോടി ഡോളര്‍ ഐഎംഎഫ് വായ്പ

‘ഭീകരതയ്ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ്’, ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു; പാകിസ്ഥാന് 100 കോടി ഡോളര്‍ ഐഎംഎഫ് വായ്പ

ന്യൂഡല്‍ഹി: പാകിസ്ഥാന് വായ്പാ സൗകര്യം നല്‍കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നതിനിടെ, പാകിസ്ഥാന് സാമ്പത്തിക സഹായമായി 100 കോടി ഡോളര്‍ നല്‍കുന്നതിന് അംഗീകാരം നല്‍കി അന്താരാഷ്ട്ര നാണ്യനിധി. ഇക്കാര്യം കേന്ദ്ര ധനകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

അന്താരാഷ്ട്ര നാണ്യനിധിയിൽ‌ പാകിസ്ഥാന് വായ്പാ സൗകര്യം നല്‍കുന്നതിനുള്ള വോട്ടിങ്ങില്‍ നിന്ന് ഇന്ത്യ കഴിഞ്ഞദിവസം വിട്ടുനിന്നിരുന്നു. പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോര്‍ഡിന്റെ വെളിച്ചത്തില്‍ വായ്പയുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയായിരുന്നു ഇന്ത്യന്‍ നടപടി. കൂടാതെ പാക് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ഈ വായ്പ പാകിസ്ഥാന്‍ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും ഇന്ത്യ പ്രകടിപ്പിച്ചു.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാന് 100 കോടി ഡോളര്‍ വായ്പയായി അനുവദിക്കുന്നത് അന്താരാഷ്ട്ര നാണ്യനിധി അവലോകനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചത്. ഇതിന് പുറമേ പാകിസ്ഥാന് 130 കോടി ഡോളര്‍ കൂടി അനുവദിക്കുന്നത് അന്താരാഷ്ട്ര നാണ്യനിധിയുടെ പരിഗണനയിലാണ്. പാകിസ്ഥാന് വീണ്ടുമൊരു ധനസഹായം നല്‍കാനുള്ള നീക്കത്തെ എതിര്‍ത്ത ഇന്ത്യ, പാകിസ്ഥാന്‍ ഐഎംഎഫില്‍ നിന്ന് ദീര്‍ഘകാലമായി കടം വാങ്ങുന്ന രാജ്യമാണെന്നും വായ്പ വ്യവസ്ഥകള്‍ പാലിക്കുന്നതിലും നടപ്പിലാക്കുന്നതിലും വളരെ മോശം ട്രാക്ക് റെക്കോര്‍ഡ് ആണ് ഉള്ളതെന്നും ഇന്ത്യ വാദിച്ചു. പാകിസ്ഥാന്റെ കാര്യത്തില്‍ ഐഎംഎഫ് വായ്പയുടെ ഫലപ്രാപ്തിയെ ഈ മോശം ട്രാക്ക് റെക്കോര്‍ഡ് ചോദ്യം ചെയ്യുന്നുവെന്നും ഇന്ത്യ വാദിച്ചു.

സാമ്പത്തിക കാര്യങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം നടത്തുന്ന ഇടപെടലുകള്‍ ഇന്ത്യ ഉയര്‍ത്തിക്കാട്ടി. ഒരു സിവിലിയന്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴും ആഭ്യന്തര രാഷ്ട്രീയത്തില്‍ സൈന്യം സ്വാധീനം ചെലുത്തുന്നത് തുടരുകയാണ്. സമ്പദ്വ്യവസ്ഥയിലേക്കും പാക് സൈന്യത്തിന്റെ കരങ്ങള്‍ വ്യാപിക്കുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ തുടര്‍ച്ചയായ സ്‌പോണ്‍സര്‍ഷിപ്പിന് വായ്പ നല്‍കുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നല്‍കുന്നു. ഫണ്ടിങ് ഏജന്‍സികളുടെയും വായ്പ ദാതാക്കളുടെയും പ്രശസ്തിക്ക് ഇത് ഭീഷണിയാവുകയാണ്. ഭീകരതയെ പിന്തുണയ്ക്കുന്നതിനായി പാകിസ്ഥാന്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കയ്ക്ക് ഐഎംഎഫിന്റെ പ്രതികരണത്തിലും ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചു.

മൂന്ന് സൈനിക താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചെന്ന് പാകിസ്ഥാന്‍

മൂന്ന് സൈനിക താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചെന്ന് പാകിസ്ഥാന്‍

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചെന്ന് പാക് സൈന്യം. നൂര്‍ ഖാന്‍, മുരിദ്, റഫീഖി വ്യോമത്താവളങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു എന്നാണ് പാക് സൈന്യത്തിന്റെ ആരോപണം. ഇതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ ആക്രമണം ശക്തമാക്കിയെന്നും പാക് അധികൃതരെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളുടെ മൂന്ന് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി യുദ്ധവിമാനങ്ങളില്‍ നിന്ന് മിസൈലുകള്‍ തൊടുത്തുവിട്ടെന്നാണ് പാകിസ്താന്റെ ആരോപണം. ഇതിന് പിന്നാലെയാണ് ഇന്ത്യക്ക് എതിരെ ആക്രമണം ശക്തമാക്കിയത് എന്ന് പാകിസ്ഥാന്‍ സൈനിക വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി ശനിയാഴ്ച പുലര്‍ച്ചെ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത തത്സമയ സംപ്രേക്ഷണത്തില്‍ പറഞ്ഞു. ‘ ഇന്ത്യന്‍ സേന നേരിട്ടുള്ള ആക്രമണമാണ് നടത്തിയത്. മിസൈലുകള്‍ ഉപയോഗിച്ചു. നൂര്‍ ഖാന്‍ ബേസ്, മുരിദ് ബേസ്, ഷോര്‍കോട്ട് ബേസ് എന്നിവ ലക്ഷ്യമിട്ടു,’ എന്നും പാക് സൈനിക വക്താവ് ആരോപിച്ചു.

ബനിയന്‍ ഉല്‍ മര്‍സൂസ് എന്നാണ് ഇന്ത്യക്ക് എതിരായ ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന്‍ നല്‍കിയിരിക്കുന്ന പേര്. പഞ്ചാബിലെ പത്താന്‍കോട്ട് സൈനിക വ്യോമതാവള, കശ്മീരിലെ ഉദംപൂര്‍ വ്യോമതാവളം, ബിയാസ് മേഖലകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇന്ത്യയില്‍ 26 ഇടങ്ങള്‍ പാക് ആക്രമണത്തിന് ശ്രമം നടന്നതായി അധികൃതര്‍ അറിയിച്ചു. പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കശ്മീരിലെ പൂഞ്ച് മേഖലയില്‍ കഴിഞ്ഞ രാത്രിയില്‍ ഉടനീളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുജിസി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

യുജിസി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: യുജിസി നെറ്റ് ജൂണ്‍ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ല്‍ കയറി അപേക്ഷ നല്‍കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതല്‍ 15-ന് രാത്രി 11.59 വരെ ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്താം. സഹായങ്ങള്‍ക്ക്: 011-40759000/ 01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂണ്‍ 21 മുതല്‍ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ. പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പ് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

അപേക്ഷാ ഫോം എങ്ങനെ പൂരിപ്പിക്കാം?

ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in, nta.ac.in, ugcnetjun2025.ntaonline.in സന്ദര്‍ശിക്കുക.

‘UGC NET 2025 June application form’ എന്നതിലേക്കുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അടിസ്ഥാന വിവരങ്ങള്‍ നല്‍കി സ്വയം രജിസ്റ്റര്‍ ചെയ്യുക.

രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, അപേക്ഷാ ഫോമുമായി മുന്നോട്ട് പോകുക.

രേഖകള്‍ അപ്ലോഡ് ചെയ്യുക, അപേക്ഷാ ഫീസ് അടയ്ക്കുക, സമര്‍പ്പിക്കുക.

ഭാവി റഫറന്‍സിനായി UGC NET 2025 ജൂണ്‍ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

അപേക്ഷാ ഫീസ്

ജനറല്‍/അണ്‍റിസര്‍വ്ഡ് – 1,150/

ജനറല്‍-EWS/OBC-NCL – 600/

SC/ST/PwD – 325 രൂപ

യുജിസി അംഗീകരിച്ച സര്‍വകലാശാലകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ബിരുദാനന്തര ബിരുദത്തിലോ തത്തുല്യ പരീക്ഷയിലോ കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് നേടിയ ജനറല്‍/അണ്‍റിസര്‍വ്ഡ്/ജനറല്‍-ഇഡബ്ല്യുഎസ് വിദ്യാര്‍ഥികള്‍ക്ക് ഈ പരീക്ഷ എഴുതാന്‍ അര്‍ഹതയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുജിസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പാക് ഡ്രോണ്‍ ലോഞ്ച് പാഡുകള്‍ തകര്‍ത്ത് ഇന്ത്യ; കശ്മീര്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

പാക് ഡ്രോണ്‍ ലോഞ്ച് പാഡുകള്‍ തകര്‍ത്ത് ഇന്ത്യ; കശ്മീര്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യ – പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാരോപിച്ച് ഇന്ത്യക്ക് എതിരെ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്. വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ആക്രമണം രൂക്ഷമായിക്കിയത്. അതിര്‍ത്തി മേഖലളിലെ 26 ഇടങ്ങളിലെങ്കിലും ആക്രമണ ശ്രമങ്ങള്‍ നടന്നു എന്ന് ഇന്ത്യയും സ്ഥിരീകരിക്കുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും കരയില്‍നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈല്‍ സംവിധാനം സൈന്യം പ്രവര്‍ത്തനസജ്ജമാക്കി. ഇതിനിടെ ഡ്രോണ്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകള്‍ ഇന്ത്യ തകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

പഞ്ചാബ്, ജമ്മു കശ്മീര്‍ മേഖലകളിലാണ് ഇന്നലെ രാത്രി വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറിയത്. പഞ്ചാബിലെ ഫിറോസ്പൂരില്‍ ഇന്നലെ രാത്രിയുണ്ടായ പാക് ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ പൊള്ളലേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഫിറോസ്പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഭൂപീന്ദര്‍ സിങ് സിധു പറഞ്ഞു.

കശ്മീരിലെ രജൗറിയില്‍ ഉണ്ടായ പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഡീഷണല്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണര്‍ രാജ് കുമാര്‍ ഥാപ്പയാണ് മരിച്ചത്. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയാണ് മരണം സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ഞെട്ടിയെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, മരണത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഥാപ്പ തനിക്കൊപ്പം ഒരു ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും പറഞ്ഞു. പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഥാപ്പയുടെ വീടു തകര്‍ന്നിരുന്നുവെന്നും മുഖ്യമന്ത്രി എക്‌സിലെ കുറിപ്പില്‍ ചുണ്ടിക്കാട്ടി.

‘നയാപ്പൈസയില്ല കൈയില്…’, പാകിസ്ഥാന്‍ പരിഭ്രാന്തിയില്‍, വായ്പയ്ക്കായി നെട്ടോട്ടം

‘നയാപ്പൈസയില്ല കൈയില്…’, പാകിസ്ഥാന്‍ പരിഭ്രാന്തിയില്‍, വായ്പയ്ക്കായി നെട്ടോട്ടം

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം, അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും കൂടുതല്‍ വായ്പകള്‍ തേടി പാകിസ്ഥാന്‍. പാക് സര്‍ക്കാരിന്റെ സാമ്പത്തിക വിഭാഗം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അന്താരാഷ്ട്ര പങ്കാളികളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

‘ശത്രു വരുത്തിവെച്ച കനത്ത നാശനഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര പങ്കാളികളോട് കൂടുതല്‍ വായ്പകള്‍ക്കായി അഭ്യര്‍ത്ഥിക്കുന്നു. സംഘര്‍ഷം രൂക്ഷമാകുകയും ഓഹരി വിപണിയിലെ തകര്‍ച്ച വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാന്‍ അന്താരാഷ്ട്ര പങ്കാളികളോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. സംഘർഷം കുറയ്ക്കാൻ ഇടപെടണം..’ സര്‍ക്കാര്‍ എക്‌സില്‍ അഭ്യര്‍ത്ഥിച്ചു.

പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ നിലവില്‍ പ്രതിസന്ധിയിലാണ്. ഐഎംഎഫിന് പാകിസ്ഥാന്റെ കടം ഏകദേശം 8.8 ബില്യണ്‍ യുഎസ് ഡോളറാണ്. ഐഎംഎഫില്‍ നിന്നും കൂടുതല്‍ കടം വാങ്ങുന്ന നാലാമത്തെ രാജ്യമാണ് പാകിസ്ഥാന്‍. ഓഹരി വിപണിയും തകര്‍ച്ചയിലാണ്. ഏപ്രില്‍ 23 മുതല്‍ പാകിസ്ഥാന്റെ ബെഞ്ച്മാര്‍ക്ക് കെഎസ്ഇ -100 സൂചിക 7,500 പോയിന്റിലധികം നഷ്ടം നേരിട്ടു. ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്നത് പാകിസ്ഥാന്റെ വളര്‍ച്ചയെയും സാമ്പത്തിക സ്ഥിരതയെയും ബാധിക്കുമെന്ന് മൂഡീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സര്‍ക്കാരിന്റെ സാമ്പത്തിക കാര്യ വിഭാഗത്തിന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്താണ്, സാമ്പത്തികമായി തകര്‍ന്ന പാകിസ്ഥാന്‍ കൂടുതല്‍ വായ്പകള്‍ തേടുന്നത് എന്ന പോസ്റ്റുകള്‍ ഇട്ടതെന്ന് പിന്നീട് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം ഉന്നയിച്ചിരുന്നു. എക്‌സിലെ പോസ്റ്റ് വ്യാജമാണെന്നും പാക് വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പതോളം ഭീകര ക്യാംപുകളില്‍ മിസൈലാക്രമണം നടത്തിയത്. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിരവധി ഭീകര ക്യാംപുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതിനു തിരിച്ചടിയായി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വലിയ തോതിലുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമങ്ങളെ ഇന്ത്യന്‍ സായുധ സേന വിജയകരമായി നിര്‍വീര്യമാക്കി, ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനവും നിര്‍വീര്യമാക്കി.