by Midhun HP News | Sep 18, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: ഫോബ്സിന്റെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മുന്നിലേത് വീണ്ടും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി. 548ാം സ്ഥാനത്താണ് അദ്ദേഹം. ഏഴ് ബില്യണ്‍ ഡോളറാണ് ആകെ സമ്പാദ്യം. 19 മില്യണ്‍ ഡോളറിന്റെ വര്‍ധനവ് അദ്ദേഹത്തെ വീണ്ടും ഒന്നാമതാക്കി.
763ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസ് (5.3 ബില്യണ്‍ ഡോളര്‍) രണ്ടാമതും, 1021ാം സ്ഥാനത്തുള്ള രവിപിള്ള (3.9 ബില്യണ്‍ ഡോളര്‍) മൂന്നാമതുമാണ്. ലോകതലത്തില്‍ ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് (480 ബില്യണ്‍ ഡോളര്‍) ഒന്നാമതെത്തി. ലാറി എലിസണ്‍ (362.5 ബില്യണ്‍ ഡോളര്‍) രണ്ടാമതും.
ഇന്ത്യയിലെ പട്ടികയില്‍ 105.8 ബില്യണ്‍ ഡോളറുമായി മുകേഷ് അംബാനിയാണ് ഒന്നാമത്. 676 മില്യണ്‍ ഡോളറിന്റെ വര്‍ധനവ് അദ്ദേഹത്തിന്റെ ആസ്തിയില്‍ രേഖപ്പെടുത്തി. ഗൗതം അദാനി 64.3 ബില്യണ്‍ ഡോളറുമായി 29ാം സ്ഥാനത്താണ്.
by Midhun HP News | Sep 18, 2025 | Latest News, ദേശീയ വാർത്ത
മാഹി: മാഹിയിലെ ജ്വല്ലറിയില്‍ മോതിരം വാങ്ങാനെത്തി സ്വര്‍ണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ പൊലീസ് പിടികൂടി. അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപത്തെ മനാസ് കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ധര്‍മ്മടം നടുവിലത്തറ എന്‍ ആയിഷയാണ് മാഹി പൊലീസിന്റെ പിടിയിലായത്.
മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ ഈ മാസം 12 നാണ് മോഷണം നടന്നത്. ദൃശ്യങ്ങള്‍ സിസിസിവി കാമറയില്‍ പതിഞ്ഞിരുന്നു. ജ്വല്ലറി ഉടമയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌നടത്തിയ അന്വേഷണത്തിനൊടുവില്‍ അഴിയൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇവര്‍ കുഞ്ഞിപ്പളളിയിലെ ജ്വല്ലറിയില്‍ വിറ്റ കളവ് മുതലും കണ്ടെടുത്തു.
മാഹി സിഐ പിഎ അനില്‍കുമാര്‍, എസ്‌ഐ. ജയശങ്കര്‍ , ക്രൈം സ്‌ക്വാഡിലെ വളവില്‍ സുരേഷ്, എഎസ് ഐ സിവി.ശ്രീജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാഹി കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
by Midhun HP News | Sep 18, 2025 | Latest News, ദേശീയ വാർത്ത
ഓരോ ദിവസം കഴിയുന്തോറും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ധിച്ച് വരികയാണ്. തട്ടിപ്പുകള്‍ തടയുന്നതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയും ജനങ്ങളെ ബോധവാന്മാരാക്കാന്‍ അധികൃതര്‍ ശ്രമിക്കുമ്പോള്‍ തന്നെ ഇതിനെ മറികടക്കുന്ന കുബുദ്ധിയുമായാണ് തട്ടിപ്പുകാര്‍ വിലസുന്നത്. തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ഒരുപരിധി വരെ സഹായിക്കുന്ന അഞ്ചു നിര്‍ദേശങ്ങള്‍ ചുവടെ:
പരസ്യങ്ങള്‍:
സൗജന്യ കാര്‍ഡ്, നിരക്കുകളൊന്നുമില്ല തുടങ്ങിയ വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്ന പരസ്യങ്ങളെ സംശയാസ്പദമായി കാണേണ്ടതാണ്. ഇത്തരം പരസ്യങ്ങളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക.
യുആര്‍എല്ലിന്റെ ആധികാരികത:
ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, അതിന്റെ യുആര്‍എല്‍ പരിശോധിക്കുക. വെബ് ലിങ്ക് അംഗീകൃത ബാങ്കുകളുടേതാണെന്ന് ഉറപ്പാക്കുക. ഏതെങ്കിലും അനധികൃത ഏജന്റിന്റെയോ ഏജന്‍സിയുടെയോ ആശ്രയിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
ആപ്പുകള്‍:
ഏതെങ്കിലും ഫോം ഫയല്‍ ചെയ്യുന്നതിനായി മൂന്നാം കക്ഷി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക. സാധാരണയായി എല്ലാ ബാങ്കുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കും അവരുടേതായ ആപ്പുകള്‍ ഉണ്ട്. ഏതെങ്കിലും ബാങ്കിന്റെയോ എന്‍ബിഎഫ്‌സിയുടെയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ കുഴപ്പമില്ല. പക്ഷേ ബാങ്കില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും പ്രതിനിധി നല്‍കുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുത്.
ഗാലറിയിലേക്കുള്ള ആക്സസ്:
ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍, ഫോണ്‍ ഗാലറിയിലേക്കോ ഫോണ്‍ റെക്കോര്‍ഡിലേക്കോ ആക്സസ് ചെയ്യാന്‍ അനുമതി നല്‍കുന്നില്ലെന്ന് ഉറപ്പാക്കുക.
വിവരങ്ങള്‍ ക്രോസ്-വെരിഫൈ ചെയ്യുക:
ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ ഉപയോഗിച്ച് എല്ലായ്‌പ്പോഴും ക്രോസ്-വെരിഫൈ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
by Midhun HP News | Sep 18, 2025 | Latest News, ദേശീയ വാർത്ത
സാധാരണഗതിയിൽ എല്ലാവരും അരിയോ ചപ്പാത്തിയോ പോലുള്ള സാധാരണ ഭക്ഷണം കഴിക്കുമ്പോൾ, എഞ്ചിൻ ഓയിൽ കുടിച്ച് ജീവിക്കുന്ന ഒരു കർണാടക സ്വദേശിയെ കുറിച്ചുള്ള വാർത്തകൾ ശ്രദ്ധനേടുകയാണ്. ഇദ്ദേഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ഈ ശീലം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെട്ടതോടെയാണ് വൈറലായത്. മുപ്പത് വർഷത്തിലേറെയായി ഇദ്ദേഹത്തിന്റെ ആഹാരക്രമത്തിൽ എഞ്ചിൻ ഓയിൽ മാത്രമാണ് ഉൾപ്പെടുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
‘ഓയിൽ കുമാർ’
കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ ഇദ്ദേഹം ‘ഓയിൽ കുമാർ’ എന്നാണ് അറിയപ്പെടുന്നത്. ദിവസവും ഏഴോ എട്ടോ ലിറ്റർ എഞ്ചിൻ ഓയിലാണ് ഇദ്ദേഹം കുടിക്കുന്നതെന്ന് ഇൻസ്റ്റാഗ്രാം
പോസ്റ്റിൽ പറയുന്നു. ഇതിനോടൊപ്പം ഇദ്ദേഹം സ്ഥിരമായി ചായയും കുടിക്കാറുണ്ട്. ചായ ഒരു സാധാരണ പാനീയമാണെങ്കിലും, മോട്ടോർ ഓയിൽ വളരെ വിഷമയവും അപകടകരവുമാണ്.
വൈറൽ വീഡിയോയിൽ ആളുകൾ അദ്ദേഹത്തിന് ഭക്ഷണം നൽകുന്നത് കാണാം, എന്നാൽ കുമാർ അത് നിരസിച്ചു. പകരം, അദ്ദേഹം കുപ്പിയിൽ നിന്ന് എഞ്ചിൻ ഓയിൽ കുടിക്കുന്നു..
ആരോഗ്യപരമായ ദോഷഫലങ്ങളൊന്നും ഉണ്ടായിട്ടില്ല
ദശാബ്ദങ്ങളായി എഞ്ചിൻ ഓയിൽ കുടിച്ചിട്ടും, ഇദ്ദേഹത്തെ ഒരു ആശുപത്രിയിലും പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. വൈദ്യസഹായം ആവശ്യമുള്ള വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു.
അതിജീവനത്തിലുള്ള വിശ്വാസം
ശ്രീ അയ്യപ്പന്റെ അനുഗ്രഹംകൊണ്ടാണ് തനിക്ക് ഇങ്ങനെ അതിജീവിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ദിവ്യമായ പിന്തുണയില്ലാതെ ഇത്രയധികം വർഷം ഇങ്ങനെയൊരു അസാധാരണ ആഹാരരീതിയിൽ ജീവിക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
എഞ്ചിൻ ഓയിൽ അപകടകരമാകുന്നത് എന്തുകൊണ്ട്?
എഞ്ചിൻ ഓയിൽ പെട്രോളിയം അധിഷ്ഠിത ഉൽപ്പന്നമാണ്, ഇത് മനുഷ്യർക്ക് അങ്ങേയറ്റം ദോഷകരമാണ്. ഇത് ഒരിക്കലും വിഴുങ്ങരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ശ്വാസകോശത്തിലേക്ക് ഇത് കടക്കുന്നത് ജീവന് ഭീഷണിയാകുന്ന അവസ്ഥകളിലേക്ക് നയിച്ചേക്കാം എന്നതാണ് ഏറ്റവും വലിയ അപകടസാധ്യതകളിലൊന്ന്.
ശ്വാസകോശത്തിലെ ദോഷഫലങ്ങൾ
കെമിക്കൽ ന്യൂമോണൈറ്റിസ്: ശ്വാസകോശത്തിലേക്ക് എണ്ണ കടക്കുമ്പോൾ ഉണ്ടാകുന്ന ശ്വാസകോശകലകളുടെ വീക്കവും നാശവും.
ന്യൂമോണിയ: ഗുരുതരമായ അണുബാധയ്ക്ക് കാരണമാകും.
ശ്വസന പരാജയം: തുടർച്ചയായ ചുമ, ശ്വാസംമുട്ടൽ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ ജീവന് ഭീഷണിയാകുന്ന അവസ്ഥകളിലേക്ക് മാറിയേക്കാം.
ഹൃദയം: എണ്ണയിലെ ഹൈഡ്രോകാർബണുകൾ അപകടകരമായ ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമായേക്കാം
by Midhun HP News | Sep 18, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വോട്ടുകൊള്ള ആരോപണം വീണ്ടും ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അനുകൂല വോട്ടര്‍മാരെ തെരഞ്ഞ് പിടിച്ച് ഒഴിവാക്കി എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ യാഥാര്‍ഥ്യമില്ലെന്നാണ് കമ്മീഷന്റെ നിലപാട്.
ഒരു വോട്ടും ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ലെന്നാണ് കമ്മീഷന്‍ വിശദീകരിക്കുന്നത്. വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിയുടെ ഭാഗം കേള്‍ക്കും. ഇതാണ് നടപടി എന്നും കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ 2023-ല്‍ അലന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത് വിജയിച്ചില്ല. ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ചു. വിഷയത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
കര്‍ണാടകത്തിലെ ഒരു മണ്ഡലം ഉദാഹരിച്ചായിരുന്നു രാഹുല്‍ ഗാന്ധി ഇത്തവണ വോട്ട് ഡിലീറ്റേഷന്‍ ആക്ഷേപം ഉന്നയിച്ചത്. 2023 കര്‍ണാടക തെരഞ്ഞെടുപ്പ് കാലത്ത് അലന്ദ് മണ്ഡലത്തിലെ 6018 വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. കോണ്‍ഗ്രസ് വോട്ടര്‍മാരെയാണ് ആസൂത്രിതമായി നീക്കം ചെയ്തത്. ഈ വോട്ടു കൊള്ളയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സംരക്ഷണം നല്‍കുന്നതായും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍.
by Midhun HP News | Sep 18, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: ദുബൈയിലെ വിവിധ പ്രദേശങ്ങളിലെ വീടിനുള്ളിൽ പാമ്പുകളെ കണ്ടെത്തിയതായി അധികൃതർ. റെംറാമിൽ, അൽ റാംത്ത് ക്ലസ്റ്റർ തുടങ്ങിയ പ്രദേശങ്ങളിലാണ് വീടിനുള്ളിൽ പാമ്പുകളെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കുട്ടികൾ പുറത്തുപോയി കളിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പന്തോ മറ്റു എന്തെങ്കിലും വസ്തുക്കളോ കുറ്റിക്കാടിനുള്ളിൽ പോയാൽ റബ്ബർ കൊണ്ട് നിർമ്മിച്ച കൈയുറകൾ ധരിച്ചു വേണം അവ എടുക്കാൻ എന്നും നിർദേശം നൽകിയിട്ടുണ്ട്.
കുട്ടികൾ പുറത്തുപോയി കളിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പന്തോ മറ്റു എന്തെങ്കിലും വസ്തുക്കളോ കുറ്റിക്കാടിനുള്ളിൽ പോയാൽ റബ്ബർ കൊണ്ട് നിർമ്മിച്ച കൈയുറകൾ ധരിച്ചു വേണം അവ എടുക്കാൻ എന്നും നിർദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപ് അൽ റാംത്ത് ക്ലസ്റ്ററിലെ താമസക്കാരും പാമ്പുകളെ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാമ്പുകൾ അപ്പാർട്ടുമെന്റുകളുടെ വാതിൽപ്പടിയിലും ബാൽക്കണിയിലുമായി ആണ് കണ്ടെത്തിയത്.
ഇതിന്റെ ദൃശ്യങ്ങൾ താമസക്കാർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. ഇതോടെയാണ് കൂടുതൽ ആളുകൾ സമാന അനുഭവം ഉണ്ടായ കാര്യം വെളുപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ കെട്ടിട നിർമ്മാണ ജോലികൾ പുരോഗമിക്കുന്നുണ്ട്. അവിടെ നിന്നാകാം പാമ്പുകൾ വന്നതെന്നാണ് പ്രാഥമിക നിഗമനം.
പരാതികൾ ശ്രദ്ധയിൽപ്പെട്ടതായും താമസക്കാർ കണ്ടെത്തിയ പാമ്പുകളെ പിടികൂടി സുരക്ഷിതമായ മറ്റൊരു പ്രദേശത്തേക്ക് മാറ്റിയെന്നും ദുബൈ മുൻസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Recent Comments