by Midhun HP News | May 8, 2025 | Latest News, ദേശീയ വാർത്ത
ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലെത്തി. പഞ്ചാബ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയത്.
എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് ഉടൻ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങൾ അതിർത്തി കടക്കാതെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇന്ത്യയുമായി സമ്പർക്കം നടത്തുകയാണെന്ന് പാകിസ്ഥാൻ്റെ ഉപപ്രധാനമന്ത്രി ഇഷാഖ് ധർ ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി കൂടിയാണ് ഇദ്ദേഹം. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കൾ തമ്മിൽ സമ്പർക്കത്തിലെന്നാണ് പ്രതികരണം. എന്നാൽ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാത്രി വൈകിയാണ് പാക് ഉപപ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. അതേസമയം ജമ്മു കശ്‌മീരിലെ അതിർത്തി മേഖലയിൽ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ്‌വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.ഇന്നലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയില്‍ പാകിസ്ഥാനിൽ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന കേന്ദ്രം നൽകി. കശ്മീരില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഇന്നും അടച്ചിടും. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും ഇനി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യ പകരം വീട്ടിയെന്നും ഇനി ആക്രമിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
by Midhun HP News | May 8, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്ഥാൻ സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. 5 ഫീൽഡ് റെജിമെന്റിലെ ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യും വരിച്ചത്. വൈറ്റ് നൈറ്റ് കോർപ്സ് ആണ് വിവരം പുറത്തുവിട്ടത്. അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരോട് കോർപ്സ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
മെയ് 6 ന് രാത്രി മുതൽ പൂഞ്ച്, താങ്ധർ, മറ്റ് അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം ആരംഭിച്ചു. തീവ്രമായ ഷെല്ലാക്രമണത്തിൽ വീടുകൾക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. നിരവധിയാളുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനുശേഷവും ബുധനാഴ്ച പാകിസ്ഥാൻ വെടിനിർത്തൽ ലംഘനങ്ങൾ തുടർന്നു. കൂടുതൽ സാധാരണ പ്രദേശങ്ങൾ ആക്രമിച്ചു.
പഹൽഗാമിലെ ബൈസരനിൽ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമത്തിന് ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ 15–-ാം ദിവസം മറുപടി. പാക് അധീന കശ്‌മീരിലെയും പാകിസ്ഥാനിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ ബുധനാഴ്‌ച പുലർച്ചെ മിന്നൽ വ്യോമാക്രമണത്തിലൂടെ ഇന്ത്യ തകർത്തു.കൊടുംഭീകരൻ മസൂദ് അസറിന്റെ അടുത്ത ബന്ധുക്കളടക്കം എഴുപതിലേറെ ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തിരിച്ചടിക്ക് പിന്നാലെ കശ്‌മീരിലെ നിയന്ത്രണരേഖയിലും അതിർത്തിയിലുമായി പാക് സൈന്യം നടത്തിയ വെടിവയ്‌പ്പിലും ഷെല്ലാക്രമണത്തിലും ജവാൻ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
പഹല്‍ഗാം ആക്രമണവും ഇന്ത്യയുടെ തിരിച്ചടിയും ഇന്ത്യ -പാക് സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമ്പോള്‍ യുദ്ധ ഭീകരത ഓര്‍മ്മിപ്പിച്ച് സിപിഎം നേതാവ് എം സ്വരാജ്. എം മുകുന്ദന്റെ ഡല്‍ഹി ഗാഥകള്‍ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഇന്നത്തെ സാഹചര്യങ്ങളെ സ്വരാജ് വിശകലനം ചെയ്യുന്നത്.
നമ്മുടെ രാജ്യം ഇന്നൊരു യുദ്ധത്തിന്റെ വക്കിലാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തതായി ഇപ്പോള്‍ വാര്‍ത്തയില്‍ കാണുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനേറ്റ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ പാകിസ്ഥാന് കഴിയണം. കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുകയാണ് വേണ്ടത്. എന്നാല്‍ അതിര്‍ത്തിയില്‍ പാക് സേന ഷെല്ലാക്രമണം തുടങ്ങിയതായാണ് വാര്‍ത്ത. ഇത് ലോകത്തെ യുദ്ധഭീതിയിലാഴ്തുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ചൂണ്ടിക്കാട്ടുന്നു.
യുദ്ധത്തിനു വേണ്ടി ദാഹിക്കുന്ന ചിലര്‍ നവമാധ്യമങ്ങളില്‍ മുറവിളികൂട്ടുകയും ചാനലുകളില്‍ യുദ്ധപ്രചോദിതര്‍ ഉറഞ്ഞു തുള്ളുകയും ചെയ്യുകയാണ്. സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണ്. സ്വന്തം കുഞ്ഞ് കൊല്ലപ്പെടുന്നതുവരെ യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെ.
ഏതു യുദ്ധത്തിലും ആദ്യം തോല്‍ക്കുന്നത് സാധാരണക്കാരായ മനുഷ്യരാണ്, സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്. അനാഥരും അഭയാര്‍ത്ഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിന്റെ ശേഷിപ്പുകള്‍. ഭീകരതയില്ലാത്ത സമാധാനത്തിന്റെ പുലരികള്‍ പിറക്കട്ടെ എന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സ്വരാജിന്റെ പോസ്റ്റ് പൂര്‍ണരൂപം-
യുദ്ധവും സമാധാനവും .
* * * * * *
‘അന്നു രാവിലെ സുമാര്‍ ഒമ്പതുമണിക്ക് സേവാനഗറിലെ തന്റെ ഒറ്റമുറി സര്‍ക്കാര്‍ ക്വാര്‍ട്ടറില്‍ വച്ച് ശ്രീധരനുണ്ണി ഇല്ലാതെയായി. ‘
പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്റെ ‘ദല്‍ഹി ഗാഥകള്‍ ‘ എന്ന നോവലില്‍ ശ്രീധരനുണ്ണി എന്ന കഥാപാത്രത്തിന്റെ മരണം ഇങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് . കാര്യമായ രോഗങ്ങളൊന്നുമില്ലാതെ ആരോഗ്യവാനായി ജോലിചെയ്ത് ജീവിക്കുന്നതിനിടയിലാണ്
തന്റെ 39ാം വയസ്സില്‍ ശ്രീധരനുണ്ണി ഹൃദയം തകര്‍ന്നു മരിക്കുന്നത്. മരണകാരണം ‘ദല്‍ഹി ഗാഥ’കളില്‍ എം മുകുന്ദന്‍ ഇങ്ങനെ വിശദീകരിക്കുന്നു:
‘……ശ്രീധരനുണ്ണി ഉദ്യോഗം കിട്ടി തലസ്ഥാനനഗരിയില്‍ വന്നനാള്‍ തുടങ്ങി പതിവായി വായിക്കുന്ന തന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് പത്രം തുറന്ന് മുന്‍പേജില്‍ കണ്ണോടിച്ചപ്പോഴാണ് അത് സംഭവിച്ചത്. പൊടുന്നനെ അയാളുടെ ഹൃദയമിടിപ്പു നിലച്ചു ……’
മുപ്പത്തിയൊന്‍പതാമത്തെ വയസ്സില്‍ ഹൃദയം തകര്‍ത്തു കളയാന്‍ മാത്രം എന്തു വാര്‍ത്തയാണ് ആ ഇംഗ്ലീഷ് പത്രം കരുതി വെച്ചിരുന്നത് എന്നല്ലേ ?
അത് മറ്റൊന്നുമായിരുന്നില്ല യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു . യുദ്ധം തുടങ്ങിയെന്ന വാര്‍ത്ത വായിച്ചാണ് ശ്രീധരനുണ്ണി ഹൃദയം തകര്‍ന്ന് മരിച്ചുപോകുന്നത്. യുദ്ധത്തെക്കുറിച്ച് നോവലില്‍ ഒരിടത്ത് ആത്മഗതമെന്നോണം ശ്രീധരനുണ്ണി ഇങ്ങനെ പറയുന്നുമുണ്ട്.
‘എല്ലാം സഹിക്കാം. സഹിക്കാന്‍ കഴിയാത്തത് യുദ്ധത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്. എത്രയെത്ര മനുഷ്യര്‍ ചത്തൊടുങ്ങും’
മരിച്ചു വീഴുന്ന മനുഷ്യരെയോര്‍ത്ത് മനസ്സു വിങ്ങുന്ന ഏതു മനുഷ്യസ്‌നേഹിയുടെയും ഹൃദയം തകര്‍ക്കാന്‍ കെല്‍പ്പുള്ള വാര്‍ത്തയാണ് യുദ്ധം. ശ്രീധരനുണ്ണിയുടെ മരണത്തിലൂടെ യുദ്ധത്തിന്റെ ഭീകരതയും വിനാശവും അത്രമേല്‍ തീവ്രമായി എം മുകുന്ദന്‍ ആവിഷ്‌കരിച്ചിരിക്കുന്നു. പശ്ചാത്തലം ഇന്ത്യാ – ചൈന യുദ്ധകാലമാണെങ്കിലും എല്ലാ യുദ്ധത്തിനുമെതിരായ സന്ദേശമാണ് ദല്‍ഹി ഗാഥകളിലൂടെ എം മുകുന്ദന്‍ പങ്കുവെക്കുന്നത്.
തുടങ്ങുന്നതു പോലെ പെട്ടെന്ന് അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല യുദ്ധമെന്നും അവസാനിച്ചാല്‍ തന്നെ അതിന്റെ ദുരന്തങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും ‘ദല്‍ഹി ഗാഥകള്‍’ വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെയാണ് :
‘കുറെ മനുഷ്യരെ കൊന്നൊടുക്കിയിട്ടും ഭൂമിയെ മുറിവേല്പിച്ചിട്ടും മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂ. എല്ലാ യുദ്ധങ്ങളും അങ്ങനെയാണ്. യുദ്ധം പോയാലും അതു വന്ന വഴിയില്‍ മുറിപ്പാടുകളും വ്രണങ്ങളും അവശേഷി ക്കണം. അല്ലെങ്കില്‍ എന്തു യുദ്ധം?’
നമ്മുടെ രാജ്യം ഇന്നൊരു യുദ്ധത്തിന്റെ വക്കിലാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തതായി ഇപ്പോള്‍ വാര്‍ത്തയില്‍ കാണുന്നു. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്ഥാന്‍ .
നിരപരാധികളും നിസഹായരുമായ മനുഷ്യരെ കൊന്നുതള്ളുന്ന ഭീരുക്കളാണ് ഭീകരര്‍. ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കപ്പെടേണ്ടതാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനേറ്റ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ പാകിസ്ഥാന് കഴിയണം.
കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുകയാണ് വേണ്ടത്. എന്നാല്‍ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് മറിച്ചാണ്. അതിര്‍ത്തിയില്‍ പാക് സേന ഷെല്ലാക്രമണം തുടങ്ങിയതായാണ് വാര്‍ത്ത. ഇത് ലോകത്തെ യുദ്ധഭീതിയിലാഴ്തുന്നു. യുദ്ധത്തിനു വേണ്ടി ദാഹിക്കുന്ന ചിലര്‍ നവമാധ്യമങ്ങളില്‍ മുറവിളികൂട്ടുന്നുണ്ട് ചാനലുകളില്‍ യുദ്ധപ്രചോദിതര്‍ ഉറഞ്ഞു തുള്ളുന്നുമുണ്ട്.
സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണ്. സ്വന്തം കുഞ്ഞ് കൊല്ലപ്പെടുന്നതുവരെ യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെ. യുദ്ധത്തില്‍ വിജയികളില്ലെന്നതാണു സത്യം.
ഏതു യുദ്ധത്തിലും ആദ്യം തോല്‍ക്കുന്നത് സാധാരണക്കാരായ മനുഷ്യരാണ് , സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. മനുഷ്യരും കന്നുകാലികളുമെന്നല്ല പരിസ്ഥിതി തന്നെയും മുറിവേറ്റ് പിടഞ്ഞൊടുങ്ങുന്ന യുദ്ധാനുഭവങ്ങള്‍ ചരിത്രത്തിലെമ്പാടുമുണ്ട് .
യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്. കണ്ണീരും ചോരയും നിലയ്ക്കാത്ത വിലാപങ്ങളുമാണ് .
അനാഥരും അഭയാര്‍ത്ഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിന്റെ ശേഷിപ്പുകള്‍ . ഭീകരതയ്ക്കും ഭീകരത സൃഷ്ടിക്കുന്ന യുദ്ധത്തിനുമെതിരെ മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ മുന്നേറ്റങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ഭീകരതയില്ലാത്ത സമാധാനത്തിന്റെ പുലരികള്‍ പിറക്കട്ടെ .
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മെയ് 13 മുതല്‍ 17 വരെ മോദി ക്രൊയേഷ്യ, നോര്‍വേ, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലേയ്ക്കായിരുന്നു സന്ദര്‍ശനം.
നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് നോര്‍വേയിലേയ്ക്ക് സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം അതത് രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞമാസം നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങള്‍ ആണ് ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ ആക്രമിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ് ഇന്ത്യ ദൗത്യത്തിന് പേര് നല്‍കിയത്.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് ഇന്ന് തുടങ്ങുമ്പോള്‍ വെള്ളപ്പുക ഉയരാന്‍ കാത്തിരിക്കുകയാണ് ലോകം. 800 വര്‍ഷങ്ങള്‍ക്കധികം പഴക്കമുള്ള രീതിയാണ് പോപ്പിനെ തിരഞ്ഞെടുക്കാന്‍ ഇന്നും തുടരുന്നത്. അതീവ രഹസ്യമായി നടക്കുന്ന പോപ്പ് തിരഞ്ഞെടുപ്പ് രീതിയിലെ തീരുമാനങ്ങള്‍ പുറം ലോകത്തെ അറിയിക്കുന്നതിനും അതിന്റേതായ മാര്‍ഗമുണ്ട്.
പോപ്പ് തെരഞ്ഞെടുപ്പ് നടപടികളുടെ വേദിയായ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ നിന്നുയരുന്ന പുകയുടെ നിറമാണ് തീരുമാനങ്ങളുടെ പുരോഗതി അറിയിക്കുന്നത്. ചാപ്പലില്‍ നിന്നും കറുത്ത പുക ഉയര്‍ന്നാല്‍ പോപ്പ് ആരെന്ന് തീരുമാനം ആയില്ലെന്ന് സാരം. അതിനാലാണ് സിസ്റ്റൈന്‍ ചാപ്പലില്‍ നിന്നുള്ള വെള്ള പുകയ്ക്കായി ലോകം കാത്തിരിക്കുന്നത്.
പോപ്പ് തെരഞ്ഞെടുപ്പ് വീണ്ടും ആരംഭിക്കുമ്പോള്‍ പുകയുടെ ചരിത്രം വീണ്ടും ചര്‍ച്ചയാവുകയാണ്. എങ്ങനെയാണ് പുകയുടെ നിറം നിശ്ചയിക്കുന്നത്? എങ്ങനെയാണ് പുകയിലൂടെ സന്ദേശം കൈമാറുന്ന രീതി ആരംഭിച്ചത്?
പുകയുടെ നിറങ്ങളിലുടെ സന്ദേശം കൈമാറുന്ന രീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അപകട മുന്നറിയിപ്പ്, യോഗം വിളിച്ചു ചേര്‍ക്കല്‍, ശത്രു സാന്നിധ്യം അറിയിക്കല്‍ തുടങ്ങിയ വിവിധ സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ പുക ഉപയോഗിച്ചുള്ള സന്ദേശ കൈമാറ്റം സാധ്യമാക്കാറുണ്ട്. വടക്കേ അമേരിക്ക, തെക്കന്‍ അമേരിക്ക, ചൈന, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശത്തെ ഗോത്ര ജനതകള്‍ ഇത്തരത്തില്‍ പുക ഉപയോഗിച്ചുള്ള ആശയ വിനിമയ രീതികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. മലമുകളിലെ തീയുടെ സ്ഥാനം, പുകയുടെ നിറം, ഇടവേളകള്‍ തുടങ്ങിയവും സന്ദേശങ്ങളില്‍ പ്രധാനമാണ്.
കുന്തിരിക്കം ഉള്‍പ്പെടെയുള്ള സുഗന്ധ ദ്രവ്യങ്ങള്‍ കത്തോലിക്ക വിഭാഗങ്ങളുടെ ചടങ്ങുകളുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. ബൈബിളില്‍ ഉള്‍പ്പെടെ ഇവയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. യഹൂദ ആചാരങ്ങളില്‍ നിന്നും ഗ്രീക്ക് രീതികളില്‍ നിന്നുമാണ് കത്തോലിക്കരിലേക്ക് പാരമ്പര്യം കൈമാറ്റം ചെയ്യപ്പെട്ടത് എന്നാണ് വിലയിരുത്തല്‍. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ എല്ലാ മതപരമായ ചടങ്ങുകളിലും സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള പുകയുടെ ഉപയോഗം പതിവാണ്.
പോപ്പിനെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നീട് പങ്കെടുക്കുന്ന കര്‍ദിനാള്‍മാരും പുറം ലോകവും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഏക മാര്‍ഗ്ഗം സിസ്‌റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയിലൂടെ പുറത്തുവരുന്ന പുകയിലൂടെ ആയിരിക്കും. രഹസ്യ ബാലറ്റുകള്‍ കത്തിച്ചു പുറ ഉയര്‍ത്തുന്ന രീതി 1417 മുതല്‍ ഉള്ളതാണെന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ 18-ാം നൂറ്റാണ്ടില്‍ മാത്രമാണ് ഇപ്പോഴുള്ള ചിമ്മിനി സ്ഥാപിക്കപ്പെട്ടത്.
കോണ്‍ക്ലേവില്‍ നിശ്ചിത സമയങ്ങളില്‍ പുക പ്രത്യക്ഷപ്പെടുന്നത് പുതിയ പോപ്പ് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. പുകയുടെ അഭാവം പുതിയ പോപ്പ് ചര്‍ച്ചകളുടെ പുരോഗതിയെ സൂചിപ്പിക്കുന്നു. 1914 മുതല്‍, വെളുത്ത പുക പുതിയ പോപ്പിന്റെ തെരഞ്ഞെടുപ്പിനെ സൂചിപ്പിക്കുന്നു.
1904-ല്‍, പയസ് പത്താമനെ പോപ്പായി തെരഞ്ഞെടുത്ത കോണ്‍ക്ലേവ് മുതലാണ് കര്‍ദ്ദിനാള്‍മാരുടെ കുറിപ്പുകള്‍ ബാലറ്റുകള്‍ക്കൊപ്പം കത്തിച്ചുകളയുന്ന രീതി നിലവില്‍ വന്നത്. കുറിപ്പുകള്‍ കത്തിക്കുന്നത് പുകയുടെ അളവ് വര്‍ദ്ധിപ്പിച്ചു. 1914-ല്‍ ബെനഡിക്ട് പതിനഞ്ചാമന്‍ പോപ്പായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പുക പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയും വിധം വ്യക്തമായിരുന്നു. എന്നാല്‍ വെളുത്ത പുക ഉയരുന്നതിന് മുന്‍പ് കറുത്ത പുക ഉയരുന്ന സാഹചര്യം പലഘട്ടത്തിലും ആശയ കുഴപ്പങ്ങള്‍ സൃഷ്ടിച്ചു.
ഈ സാഹചര്യം ഒഴിവാക്കാന്‍ ചില രാസ വസ്തുക്കള്‍ പിന്നീട് ഉപയോഗിപ്പെട്ടു. 2013-ല്‍, കറുപ്പും വെളുപ്പും പുക സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന രാസ മിശ്രിതങ്ങളുടെ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. കറുത്ത പുക ഉത്പാദിപ്പിക്കാന്‍, സള്‍ഫര്‍ ഇന്ധനമാക്കിയ പൊട്ടാസ്യം പെര്‍ക്ലോറേറ്റും ആന്ത്രാസീനുമാണ് ഉപയോഗിക്കുന്നത്. വെളുത്ത പുക ഉത്പാദിപ്പിക്കാന്‍, പൊട്ടാസ്യം ക്ലോറേറ്റ്, പാല്‍ പഞ്ചസാര, പൈന്‍ റോസിന്‍ എന്നിവ കത്തിക്കുന്നു.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന് തിരിച്ചടി. മൂത്ത സഹോദരി അടക്കം 10 കുടുംബാംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മസൂദ് അസര്‍ സ്ഥിരീകരിച്ചു. അസറിന്റെ അടുത്ത അനുയായികളായ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ സംസ്‌കാരം വൈകീട്ട് നാലിന് ബഹവല്‍പൂരില്‍ നടക്കുമെന്ന് മസൂദ് അസര്‍ വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളും ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ തലവനുമായ മൗലാന മസൂദ് അസറിന്റെ ബഹവല്‍പൂരിലെ വീടാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. ജെയ്‌ഷെ ഹെഡ് ക്വാര്‍ട്ടേഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന ബഹവല്‍പൂരിലെ സബ്ഹാന്‍ അള്ള മസ്ജിദും ആക്രമണത്തില്‍ തകര്‍ത്തിട്ടുണ്ട്. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ആക്രമണത്തില്‍ 55 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 35 മരണമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ ഭീകരാക്രമണത്തിലെ പ്രതികളായ അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവര്‍ പരിശീലന നേടിയ മുറിഡ്‌കെയിലെ ഭീകര ക്യാംപുകള്‍ അടക്കം തകര്‍ത്തവയില്‍പ്പെടുന്നു. ഒസാമ ബിന്‍ ലാദന്‍ പണം നല്‍കി നിര്‍മ്മിച്ച കേന്ദ്രവും തകര്‍ത്തിട്ടുണ്ട്.
ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷം പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാംപുകളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. മുസാഫറാബാദ്, കോട്ലി, ബഹാവല്‍പൂര്‍, റാവലകോട്ട്, ചക്സ്വാരി, ഭീംബര്‍, നീലം വാലി, ഝലം, ചക്വാള്‍ ഭീകര കേന്ദ്രങ്ങളെയാണ് മിസൈല്‍ ആക്രമണം ലക്ഷ്യമിട്ടത്.
പാക് അതിര്‍ത്തിക്ക് 18 കിലോമീറ്റര്‍ ഉള്ളിലെ ഭീകര ക്യാംപും തകര്‍ത്തു. കൊളാറ്ററൽ ഡാമേജ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങൾ പോലും തിരഞ്ഞെടുത്തത്. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയൊന്നും ലക്ഷ്യമിട്ടിട്ടില്ല. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാൽ ഇന്ത്യ തിരിച്ചടിക്കും. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യൻ സേന നടത്തിയിട്ടുണ്ടെന്ന് സൈനിക ഓഫീസർമാരായ കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Recent Comments