by Midhun HP News | Jul 28, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: സസ്‌പെന്‍ഷനെതിരെ എഡിജിപി എം ആര്‍ അജിത് കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി. സെന്‍ട്രല്‍ അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം ട്രൈബ്യൂണല്‍ വിസമ്മതിച്ചു. സസ്‌പെന്‍ഷന്‍ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു അജിത് കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ബുധനാഴ്ച മന്ത്രിസഭായോഗം നടക്കാനിരിക്കെയാണ് അടിയന്തര ഹര്‍ജിയുമായി അജിത് കുമാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. മന്ത്രിസഭായോഗം പുതിയ ഡിജിപിയെ നിശ്ചയിക്കും. തന്നേക്കാള്‍ ജൂനിയറായ ഉദ്യോഗസ്ഥര്‍ ഡിജിപിയായി പ്രമോട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകും. അതിനാല്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും, സീനിയോറിറ്റി മറികടന്നുള്ള പ്രമോഷന്‍ തടയണമെന്നും അജിത് കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജിയില്‍ മൂന്നുമണിക്കൂറിലേറെ ട്രൈബ്യൂണല്‍ വാദം കേട്ടു. തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് നിയമപരമല്ല. ഉത്തരവ് ഗവര്‍ണര്‍ക്ക് വേണ്ടി ചീഫ് സെക്രട്ടറി ഒപ്പിട്ടു പുറത്തിറക്കിയതാണ്. നിയമപരമായി തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് ജിഎഡി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇറക്കേണ്ടതെന്നും എഡിജിപി അജിത് കുമാര്‍ വാദിച്ചു. അതിനാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും അജിത് കുമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ എം ആര്‍ അജിത് കുമാര്‍ ഗുരുതരമായ കുറ്റം ചെയ്തയാളാണെന്ന് സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ അറിയിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചയാളാണ്. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചതിലൂടെ, ഇരകള്‍ക്ക് നീതി നിഷേധിക്കുകയാണ് അജിത് കുമാര്‍ ചെയ്തത്. പ്രഥമദൃഷ്ട്യാ കുറ്റം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ സസ്‌പെന്റ് ചെയ്യാന്‍ മതിയായ കാരണമാണ്. എംആര്‍ അജിത് കുമാര്‍ ഡിജിപിയാകാന്‍ യോഗ്യനല്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
by Midhun HP News | Jul 28, 2026 | Latest News, ദേശീയ വാർത്ത
ബെയ്ജിങ്: കൃത്രിമ സൂര്യനെ നിര്‍മ്മിക്കാനുള്ള സുപ്രധാന ചുവടുവയ്പ്പ് നടത്തി ചൈന. ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍കണ്ടക്റ്റിങ് ഫ്യൂഷന്‍ മാഗ്‌നറ്റ് നിര്‍മിച്ച് പരീക്ഷണം നടത്തിയിരിക്കുകയാണ് ചൈന. ന്യൂക്ലിയര്‍ ഫ്യൂഷനി (അണുസംയോജന പ്രക്രിയ) ലുടെ ശുദ്ധവും പരിധിയില്ലാത്തതുമായ ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
2030 ഓടെ ഫ്യൂഷന്‍ പവര്‍ പ്രയോജനപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചൈനയുടെ ലക്ഷ്യത്തിന്റെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ നേട്ടം. കാര്‍ബണ്‍ രഹിത ഊര്‍ജത്തിന്റെ ആത്യന്തിക ഉറവിടം സ്വന്തമാക്കുന്നതിനുള്ള മത്സരത്തില്‍ ഒന്നാമതെത്താനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണിത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്സാണ് സൂപ്പര്‍കണ്ടക്റ്റിങ് മാഗ്നെറ്റ് വികസിപ്പിച്ചത്. 21 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയും 582 ടണ്‍ ഭാരവുമുള്ള ഒരു വലിയ ഡി-ആകൃതിയിലുള്ള ഘടനയാണിത്.
ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ഫ്യൂഷന്‍ റിയാക്ടര്‍ സൂപ്പര്‍കണ്ടക്റ്റിങ് മാഗ്നെറ്റാണ് തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. ഇന്റര്‍നാഷണല്‍ തെര്‍മോന്യൂക്ലിയര്‍ എക്സ്പിരിമെന്റല്‍ റിയാക്ടറിനായി വികസിപ്പിച്ച സമാന മാഗ്നെറ്റുകളുടെ 1.3 മടങ്ങ് വ്യാപ്തിയുള്ളതാണ് ഇത്. റിയാക്ടറിലെ പ്ലാസ്മയെ (ഏകദേശം 10 കോടി ഡിഗ്രി സെല്‍ഷ്യസ് താപനിലയിലെത്തുന്ന സൂപ്പര്‍ഹീറ്റഡ് വാതകം) ഭിത്തികളില്‍ സ്പര്‍ശിക്കാതെ ട്രാപ്പ് ചെയ്യാന്‍ വളരെ ശക്തമായ കാന്തികക്ഷേത്രം സൃഷ്ടിക്കുക എന്നതാണ് മാഗ്നെറ്റിന്റെ ദൗത്യം.
എന്താണ് കൃത്രിമ സൂര്യന്‍?
സൂര്യന് ഊര്‍ജ്ജം നല്‍കുന്ന അതേ പ്രക്രിയ പുനരാവിഷ്‌കരിക്കുന്ന ഒരു ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറിനെയാണ് കൃത്രിമ സൂര്യന്‍ എന്ന് ചൈന വിശേഷിപ്പിക്കുന്നത്. ഇത് 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനിലയില്‍ ഹൈഡ്രജന്‍ ആറ്റങ്ങളെ സംയോജിപ്പിക്കും. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കാതെ വലിയ അളവില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയും ചെയ്യും. ഭാവിയില്‍ ഇത് പരിധിയില്ലാത്തതും ശുദ്ധവും സുരക്ഷിതവുമായ വൈദ്യുതിയുടെ ഉറവിടമായി മാറുമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

by Midhun HP News | Jul 28, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെല്‍ഫി വിഡിയോ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ മാപ്പ് പറഞ്ഞ് മെറ്റ. സാങ്കേതിക തകരാര്‍ കാരണമാണ് ഉള്ളടക്കം നീക്കം ചെയ്തതെന്നും പോസ്റ്റ് പുനസ്ഥാപിച്ചതായും മെറ്റ പ്രസ്താവനയില്‍ അറിയിച്ചു.
സിജെപി സമരത്തിന്ന് പിന്നാലെ യുവാക്കളെ അഭിസംബോധന ചെയ്ത് വിഡിയോ പങ്കിട്ട മോദിക്ക് ഇന്‍സ്റ്റഗ്രാമില്‍ പിന്തുണ ഏറുകയാണ്. നിലവില്‍ 105 ദശലക്ഷം ഫോളോവേഴ്സാണ് മോദിക്കുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ മോദിക്ക് 4 ദശലക്ഷം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. ഇതോടെ ഫോളോവേഴ് 101 ദശലക്ഷത്തില്‍ നിന്ന് 105 ദശലക്ഷമായി ഉയര്‍ന്നു. ഇതോടെ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോകനേതാവായി നരേന്ദ്ര മോദി മാറി.
വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ജൂലൈ 23ന് നരേന്ദ്രമോദി ഫെയ്‌സ്ബുക്കില്‍ വിഡിയോ പങ്കുവെച്ചത്. കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നയിച്ച 36 ദിവസത്തെ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ ജെന്‍സിയെ അഭിസംബോധന ചെയ്ത മോദിയുടെ ആദ്യ വിഡിയോയായിരുന്നു അത്. ലക്ഷക്കണക്കിന് ആളുകള്‍ കണ്ട വിഡിയോ ജൂലൈ 28ന് പുലര്‍ച്ചെ അല്‍പസമയത്തേക്ക് ഫെയ്‌സ്ബുക്കില്‍ ലഭ്യമായിരുന്നില്ല. സംഭവം വിവാദമായതോടെയാണ് മെറ്റയുടെ മാപ്പ് പറഞ്ഞുള്ള പ്രതികരണം.
വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്ന വിഡിയോ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കിയതെന്നും പിന്നീട് അത് പുനഃസ്ഥാപിച്ചതായും മെറ്റ വ്യക്തമാക്കി. സംഭവത്തില്‍ മെറ്റയുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണത്തിനായി വിളിച്ചുവരുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

by Midhun HP News | Jul 28, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ദുബായില്‍ ഇലക്ട്രിക് ബൈക്ക് (ഇ-ബൈക്ക്) ഡെലിവറി സേവനം ഏഴ് പുതിയ മേഖലകളിലേക്ക് വിപുലീകരിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഫെബ്രുവരിയില്‍ നാല് മേഖലകളില്‍ വിജയകരമായി ആരംഭിച്ച പരീക്ഷണ ഘട്ടത്തിന് പിന്നാലെയാണ് സേവനം വ്യാപിപ്പിച്ചത്.
അല്‍ ത്വവാര്‍ 1, അല്‍ ത്വവാര്‍ 2, അല്‍ ഖിസൈസ് 1, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളീവാര്‍ഡ്, ദുബായ് മീഡിയ സിറ്റി, ജുമൈറ ലേക്ക് ടവേഴ്സ് (ഖഘഠ), ദുബായ് മരീന എന്നിവയാണ് പുതിയ മേഖലകള്‍. ഇതോടെ പൈലറ്റ് ഘട്ടത്തിലുണ്ടായിരുന്ന അല്‍ കറാമ, അല്‍ ഹംരിയ, ഉമ്മു ഹുറൈര്‍, അല്‍ മന്‍ഖൂല്‍ എന്നിവയുള്‍പ്പെടെ സേവനം ലഭ്യമാകുന്ന മൊത്തം മേഖലകളുടെ എണ്ണം 11 ആയി ഉയര്‍ന്നു.
സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനുമായി ആവിഷ്‌കരിച്ച ദുബൈയുടെ കമേഴ്ഷ്യല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സ്ട്രാറ്റജി 2030-ന്റെ ഭാഗമായാണ് ഈ നടപടി. സൈക്ലിങ് ട്രാക്കുകളുടെ ലഭ്യത, വ്യാപാര സ്ഥാപനങ്ങളുടെ സാന്നിധ്യം, ഡെലിവറി ആവശ്യക്കാരുടെ എണ്ണം എന്നിവ കണക്കിലെടുത്താണ് പുതിയ മേഖലകള്‍ തെരഞ്ഞെടുത്തത്. പരീക്ഷണ ഘട്ടത്തില്‍ ഉപഭോക്തൃ സംതൃപ്തി 99 ശതമാനവും ഡെലിവറി റൈഡര്‍മാരുടെ സംതൃപ്തി 90 ശതമാനത്തിലധികവും രേഖപ്പെടുത്തിയതായി ആര്‍ടിഎ വ്യക്തമാക്കി.

by Midhun HP News | Jul 28, 2026 | Latest News, ദേശീയ വാർത്ത
ടോക്കിയോ: ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 3.28 അടി ഉയരത്തിൽ വരെ തിരമാലകൾ ആഞ്ഞടിക്കാമെന്നാണ് പ്രവചനം. പ്രദേശവാസികളോട് ഉയരമുള്ള ഇടങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
കടലിനടിത്തട്ടിൽ പത്തു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസി (JMA) അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ തെക്കൻ പ്രദേശത്തുള്ള ക്യുഷു ദ്വീപിലാണ് കുമാമോട്ടോ സ്ഥിതി ചെയ്യുന്നത്.
കുമാമോട്ടോയ്ക്ക് പുറമേ നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയ്റ്റ, മിയാസാക്കി എന്നീ ജപ്പാന്റെ തെക്കൻ ക്യൂഷു ദ്വീപിലെ പ്രവിശ്യകളിൽ അടിയന്തര ഭൂചലന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 25ന് ജപ്പാന്റെ വടക്കൻ പ്രദേശത്ത് 7.2 തീവ്രതയിൽ ഭൂചലനം അനുഭപ്പെട്ടിരുന്നു. എന്നാൽ മരണമോ വൻനാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിരുന്നില്ല. 125മില്യൺ ജനങ്ങൾ അതിവസിക്കുന്ന ജപ്പാനിൽ ഓരോ വർഷവും വലുതും ചെറുതുമായ നൂറിലധികം ഭൂചലനങ്ങളാണ് രേഖപ്പെടുത്തുന്നത്. ഇത് ലോകത്താകമാനം ഉണ്ടാകുന്ന ഭൂചലനത്തിന്റെ 18 ശതമാനമാണ്.

by Midhun HP News | Jul 28, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ജോണ്‍സണ്‍ & ജോണ്‍സണ്‍ പുറത്തിറക്കുന്ന ബേബി പൗഡറും മറ്റു ടാല്‍കം പൗഡറുകളും കാന്‍സറിനു കാരണമാകുന്നുവെന്ന ഹര്‍ജികളില്‍ ഒടുവില്‍ ഒത്തുതീര്‍പ്പിന് കമ്പനി. 5.5 ബില്യണ്‍ ഡോളര്‍ വരെ (ഏകദേശം 52,677 കോടി) നഷ്ടപരിഹാരമായി നല്‍കാമെന്ന് കമ്പനി അറിയച്ചു. ജോണ്‍സണ്‍ & ജോണ്‍സണിന്റെ പൗഡറുകള്‍ അണ്ഡാശയ കാന്‍സറിനു കാരണമാകുന്നുവെന്നു കാണിച്ച് ആയിരക്കണക്കിനാളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
ദീര്‍ഘകാലമായുള്ള നിയമപരമായ പ്രശ്ങ്ങളില്‍ നിന്ന് മുക്തിനേടുന്നതിനായാണ് കമ്പനി ഒത്തുതീര്‍പ്പിന് തയ്യാറായിരിക്കുന്നത്. ഏകദേശം 76,000 കേസുകള്‍ ഉള്‍പ്പെടുന്ന പരാതികളിന്മേലാണ് ഒടുവില്‍ പരിഹാരമായിരിക്കുന്നത്. അതേസമയം 95 ശതമാനം പരാതിക്കാരും സ്റ്റേറ്റ് അല്ലെങ്കില്‍ ഫെഡറല്‍ കോടതികളില്‍ അംഗീകരിച്ചാല്‍ മാത്രമേ ഒത്തുതീര്‍പ്പ് അന്തിമമാകൂ.
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിന് കാരണമാകുമെന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ജോണ്‍സണ്‍ & ജോണ്‍സണിന്റെ വൈസ് പ്രസിഡന്റ് എറിക് ഹാസ് പറഞ്ഞു. എന്നാല്‍ ഈ വിഷയം അവസാനിപ്പിക്കാനും ജീവന്‍രക്ഷാ മരുന്നുകളും ഉപകരണങ്ങളും വികസിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒത്തുതീര്‍പ്പ് സഹായിക്കുമെന്നും എറിക് പറഞ്ഞു.2027-ഓടെ 300 കോടി ഡോളര്‍ നല്‍കുമെന്നും 2028-ല്‍ ബാക്കി നല്‍കുമെന്നുമാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ എത്രപേര്‍ ഈ ഒത്തുതീര്‍പ്പില്‍ പങ്കെടുക്കുന്നു എന്നതിനെ ആശ്രയിച്ച് തുക വര്‍ധിക്കാനും സാധ്യതയുണ്ട്. ജോണ്‍സണ്‍ & ജോണ്‍സണ്‍ 7 ബില്യണ്‍ ഡോളര്‍ വരെ നല്‍കേണ്ടി വരുമെന്ന് ഏകദേശം 2,500 കേസുകളിലെ ഉപഭോക്താക്കളെ പ്രതിനിധീകരിക്കുന്ന അറ്റോര്‍ണിയായ ക്രിസ് സീഗര്‍ പറഞ്ഞു. നിയമപരമായ പോരാട്ടത്തില്‍ ജോണ്‍സണ്‍ & ജോണ്‍സണിന് തുടര്‍ച്ചയായി വിജയങ്ങള്‍ ലഭിച്ചതിനു ശേഷമാണ് ഈ ഒത്തുതീര്‍പ്പ്.
തങ്ങളുടെ ഉത്പന്നങ്ങള്‍ കാന്‍സറിനു കാരണമായിട്ടില്ലെന്നാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ ആവര്‍ത്തിച്ചുപറയുന്നത്. ടാല്‍കം പൗഡറുകള്‍ സുരക്ഷിതമാണെന്നും അതില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്‌ബെസ്റ്റോസ് ഇല്ലെന്നും കമ്പനി പറഞ്ഞിരുന്നു. 2020-ല്‍ അമേരിക്കയിലും 2023-ഓടെ ആഗോളതലത്തിലും ടാല്‍ക്ക് അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിന്റെ വില്‍പ്പന കമ്പനി നിര്‍ത്തിവെക്കുകയും പൗഡറിന്റെ ചേരുവയില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. 2020ല്‍ യുഎസും കാനഡയും കമ്പനിയുടെ ടാല്‍കം പൗഡറിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കമ്പനിയുടെ ടാല്‍ക്ക് പൗഡറുകള്‍ ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടി 38000 ത്തോളം ആളുകളാണ് വിവിധ കോടതികളെ സമീപിച്ചത്. ഇതേ തുടര്‍ന്നുണ്ടായ പ്രചാരണങ്ങളെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞതോടെ 2020-ലാണ് യുഎസിലും കാനഡയിലും പൗഡര്‍ വില്‍പന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചത്.

Recent Comments