by Midhun HP News | Sep 1, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കര്‍ണാടകയില്‍ ചെരിപ്പിലെ പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്വെയർ എന്‍ജിനീയര്‍ മരിച്ചു. ബംഗളൂരു ബന്നേര്‍ഘട്ട രംഗനാഥ ലേഔട്ടില്‍ മഞ്ജുപ്രകാശ് (41) ആണ് മരിച്ചത്.
ശനിയാഴ്ച കടയില്‍ പോയി തിരിച്ചെത്തിയ മഞ്ജുപ്രകാശ് വീടിനു പുറത്തു ചെരിപ്പ് ഊരിയിട്ടു വിശ്രമിക്കാന്‍ പോയി. ഒരു മണിക്കൂറിനു ശേഷം ചെരിപ്പിനു സമീപം പാമ്പു ചത്തു കിടക്കുന്നതു കണ്ട് യുവാവിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും കാലില്‍ കടിയേറ്റ പാടു കണ്ടു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
‘2016ല്‍ ഒരു ബസ് അപകടത്തില്‍ പെട്ട പ്രകാശിന്റെ കാലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം അദ്ദേഹത്തിന് കാലില്‍ വേദന അനുഭവപ്പെട്ടിരുന്നില്ല. അതുകൊണ്ടാകാം പാമ്പ് കടിച്ചത് മഞ്ജുപ്രകാശ് അറിയാതെ പോയതിന് കാരണം’- ബന്ധുക്കള്‍ പറഞ്ഞു.
ചെരുപ്പിന് സമീപം ചത്ത പാമ്പിനെ കണ്ടതിനെ തുടര്‍ന്ന്, പ്രകാശിന്റെ പാദരക്ഷയ്ക്കുള്ളിലായിരുന്നോ എന്ന് സംശയിച്ച് കുടുംബാംഗങ്ങള്‍ പ്രകാശിന്റെ മുറിയിലേക്ക് ഓടിച്ചെന്നു. അവര്‍ മുറിയിലെത്തിയപ്പോള്‍ പ്രകാശ് വായില്‍ നിന്ന് നുരയും പതയും വന്ന് കാലില്‍ രക്തസ്രാവത്തോടുകൂടി കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
by Midhun HP News | Aug 30, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: ഗുജറാത്തിന്റെ സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗുജറാത്തിലെ ഏക കോണ്‍ഗ്രസ് എംപി ഗെനി ബെന്‍ നാഗാജി ഠാക്കോറാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്ത് നല്‍കിയത്. കഴിഞ്ഞവര്‍ഷം മഹാരാഷ്ട്ര സര്‍ക്കാര്‍ പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിച്ചിരുന്നു.
മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായല്ല താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ജനങ്ങള്‍ പശുവിനെ ഗോമാതാവായി പൂജിക്കുന്നതുകൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നതെന്നും ഗെനി ബെന്‍ പറഞ്ഞു. ഗുജറാത്തിന്റെ സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക മത നേതാവ് മഹന്ത് ദേവനാഥ് ബാപ്പു കഴിഞ്ഞയാഴ്ച മുതല്‍ നിരാഹാര സമരം നടത്തുകയാണ്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് എംപിയായ ഗെനി ബെന്‍ നാഗാജി ഠാക്കോര്‍ ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഈ ആവശ്യം ഉന്നയിച്ച് മഹന്ത് ദേവനാഥ് ബാപ്പു ഗുജറാത്തിലെ 159 എംപിമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതുന്നതെന്ന് കോണ്‍ഗ്രസ് എംപി വ്യക്തമാക്കി.

എംപിയെന്ന നിലയിലും കോണ്‍ഗ്രസ് നേതാവെന്ന നിലയിലുമാണ് താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ഗെനി ബെന്‍ ഠാക്കോര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തതുപോലെ ഗുജറാത്ത് സര്‍ക്കാരും പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിക്കണമെന്നാണ് ഗെനി ബെന്‍ ആവശ്യപ്പെടുന്നത്.


by Midhun HP News | Aug 29, 2025 | Latest News, ദേശീയ വാർത്ത
ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. 15-ാമത് ഇന്ത്യ- ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മോദി ടോക്യോയിലെത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് മോദിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനം.
പ്രധാനമന്ത്രി ഇഷിബയുമായി മോദി നടത്തുന്ന ചര്‍ച്ചകളിൽ വ്യാപാര രംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നത് വിഷയമാകും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്നതും ചര്‍ച്ചയാവും. ഏഴു വര്‍ഷത്തിന് ശേഷമാണ് മോദി ജപ്പാനിലെത്തുന്നത്. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ – ജപ്പാന്‍ ഉച്ചകോടിയിലാണ് മുമ്പ് മോദി പങ്കെടുത്തത്.

അതേസമയം പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം നരേന്ദ്രമോദിയുടെ എട്ടാമത് ഔദ്യോഗിക ജപ്പാന്‍ സന്ദര്‍ശനം കൂടിയാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അധിക തീരുവ ചുമത്തിയ സാഹചര്യത്തില്‍ ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിക്ക് പ്രാധാന്യം വര്‍ധിക്കുന്നു. ജാപ്പനീസ് സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോദി പറഞ്ഞു.

ഇന്ത്യ- ജപ്പാന്‍ സഹകരണത്തിന് പുതിയ മാനം നല്‍കാനും, സാമ്പത്തിക, നിക്ഷേപ ബന്ധങ്ങളുടെ വ്യാപ്തിയും സാധ്യതകളും വികസിപ്പിക്കാനും, AI, സെമികണ്ടക്ടറുകള്‍ ഉള്‍പ്പെടെയുള്ള പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാനും ശ്രമിക്കുമെന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും.
ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണികളെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഇന്ത്യ-റഷ്യ-ചൈന സഖ്യം വളരുമോയെന്ന് ലോകം ഉറ്റുനോക്കുന്നതിനിടയിലാണ് ഷാങ്ഹായി ഉച്ചകോടി നടക്കുന്നത്. അമേരിക്കന്‍ തീരുവ ഭീഷണി വലിയ നിലയില്‍ നേരിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും റഷ്യയും. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എന്നിവര്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്.

by Midhun HP News | Aug 29, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: വിദേശ വിദ്യാര്‍ഥികള്‍, എക്‌സ്‌ചേഞ്ച് വിസിറ്റര്‍മാര്‍, വിദേശ മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വിസകാലയളവ് പരിമിതപ്പെടുത്താനൊരുങ്ങി യുഎസ്. നിര്‍ദിഷ്ട നിയമം പ്രാബല്യത്തില്‍വന്നാല്‍ വിദേശവിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും യുഎസില്‍ താമസിക്കാന്‍ കഴിയുന്ന സമയം നിയന്ത്രിതമാകുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് അറിയിച്ചു.
പുതിയ നിയമപ്രകാരം യുഎസില്‍ പഠിക്കുന്ന കോഴ്‌സിന്റെ കാലാവധി തീരുന്നതുവരെമാത്രമേ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് നാലുവര്‍ഷത്തില്‍ കൂടരുതെന്നും വ്യവസ്ഥയുണ്ട്. നിശ്ചിത കാലയളവുകളില്‍ വിസ പുതുക്കേണ്ടിയും വരും. എഫ്, ജെ വിസ ഉടമകള്‍ക്ക് അവരുടെ പ്രോഗ്രാമിന്റെ ദൈര്‍ഘ്യം അനുസരിച്ച് പരമാവധി നാല് വര്‍ഷംവരെ താമസിക്കാന്‍ അനുവദിക്കും. ബിരുദതല എഫ് 1 വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സിനിടയില്‍ പ്രോഗ്രാം മാറ്റുന്നതിന് നിയന്ത്രണങ്ങളുണ്ടാകും. പഠനം പൂര്‍ത്തിയാക്കിയ ശേഷം എഫ് 1 വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് പിരീഡ് 60 ദിവസത്തില്‍നിന്ന് 30 ദിവസമായി കുറയ്ക്കും.

വിദേശത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസില്‍ പ്രവേശനം അനുവദിക്കുന്ന ‘ഐ’ വിസകളുടെ കാലാവധിയും പുതിയ നിയമപ്രകാരം പരിമിതപ്പെടും. ഇവര്‍ക്ക് യുഎസില്‍നിന്നുകൊണ്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനുള്ള കാലയളവ് 240 ദിവസത്തേക്ക് പരിമിതപ്പെടുത്താനാണ് പുതിയ നിയമം ശുപാര്‍ശചെയ്യുന്നത്.എച്ച്1ബി വിസ പ്രോഗ്രാം, ഗ്രീന്‍ കാര്‍ഡുകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നുവെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്ക് പറഞ്ഞതിന് പിന്നാലെയാണ്, വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള എഫ് 1, എക്‌സ്‌ചേഞ്ച് വിസിറ്റര്‍മാര്‍ക്കുള്ള ജെ 1 വിസകളിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.


by Midhun HP News | Aug 28, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക 50 ശതമാനം അധിക തീരുവ ചുമത്തിയ തീരുമാനം പ്രാബല്യത്തിലായതോടെ, നഷ്ടം മറികടക്കാന്‍ മറുതന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. മറ്റു രാജ്യങ്ങളില്‍ വിപണി കണ്ടെത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി 40 ഓളം രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
ബ്രിട്ടന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായാണ് ചര്‍ച്ച നടത്തിയിട്ടുള്ളത്. വസ്ത്രോല്‍പന്നങ്ങളുടെ കയറ്റുമതിക്ക് പ്രധാന്യം നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച നടത്തിയ 40 രാജ്യങ്ങളിലാകെ 59,000 കോടി ഡോളറിന്റെ ( 51.76 ലക്ഷം കോടി രൂപ) തുണിത്തരങ്ങളാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് എന്നാണ് കണക്കുകള്‍.

ഈ രാജ്യങ്ങളില്‍ നിലവില്‍ ഇന്ത്യന്‍ നിര്‍മിത വസ്ത്രങ്ങള്‍ക്കുള്ള വിപണി വിഹിതം ഏതാണ്ട് ആറ് ശതമാനം മാത്രമാണ്. ഇത് വര്‍ധിപ്പിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടെക്‌സ്റ്റൈല്‍സിന് പുറമെ ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍, തോല്‍ ഉത്പന്നങ്ങള്‍ക്കും പുതിയ വിപണി കണ്ടെത്തും. ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.
തീരുവ വര്‍ധന മൂലം ഇന്ത്യയ്ക്ക് യുഎസ് വിപണിയിലുണ്ടാകുന്ന നഷ്ടം ഏകദേശം 4800 കോടി ഡോളര്‍ ( 4.21 ലക്ഷം കോടി രൂപ) ആണ്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര വ്യാപാര മന്ത്രാലയം വ്യവസായ പ്രമുഖരുമായും വ്യാപാര പ്രതിനിധികളുമായും വിദഗ്ദരുമായും ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഉത്പന്ന വിപണി വിവിധ രാജ്യങ്ങളിലേക്ക് വര്‍ധിപ്പിച്ച് വിപുലീകരിക്കാനാണ് നീക്കം. ഇതോടൊപ്പം രാജ്യത്തെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്.


by Midhun HP News | Aug 28, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ബിയര്‍കുപ്പിയുടെ ചിത്രം കണ്ട് ഗൃഹനാഥന്‍ ഞെട്ടി. മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേലിനാണ് ദുരനുഭവം ഉണ്ടായത്. അസംഘടിത നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് റജിസ്റ്റര്‍ ചെയ്യാന്‍ ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് സംഭവം.

റേഷന്‍ കാര്‍ഡില്‍ ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്തുള്ളത് ‘ബീയര്‍ കുപ്പി’. വിവാഹിതയായ മകളുടെ പേര് ഏതാനും ദിവസം മുന്‍പ് സേവന കേന്ദ്രം വഴി കാര്‍ഡില്‍ നിന്നു നീക്കിയിരുന്നു. തുടര്‍ന്നു പുതിയ കാര്‍ഡ് എത്തും മുന്‍പ് താല്‍ക്കാലിക ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. ബിയര്‍ കുപ്പിയുടെ ചിത്രമുള്ള റേഷന്‍ കാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ക്ഷേമനിധി ബോര്‍ഡും കൈമലര്‍ത്തി. അതോടെ, രജിസ്‌ട്രേഷനും മുടങ്ങി. സംഭവത്തില്‍ അധികൃതര്‍ക്കു പരാതി നല്‍കിയതായി തങ്കവേല്‍ പറഞ്ഞു.


Recent Comments