നീറ്റ് സമരം: പൊലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം; സുപ്രീം കോടതി

നീറ്റ് സമരം: പൊലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം; സുപ്രീം കോടതി

ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങളിലും പൊലീസിന്റെ അതിക്രമങ്ങളിലും സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണത്തിനായി വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കുമെന്ന സുചനയും കോടതി നൽകി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മറുപടി കൂടി പരിഗണിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുക. പ്രതിഷേധത്തിൽ പങ്കെടുത്ത 18 വയസ്സിൽ താഴെയുള്ള, കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത എല്ലാ കുട്ടികളെയും ഉടനടി മോചിപ്പിക്കാൻ സുപ്രീം കോടതി വിവിധ സംസ്ഥാനങ്ങൾക്ക് ഉത്തരവ് നൽകി. കേസ് ഇനി ഓഗസ്റ്റ് മൂന്നിന് കോടതി പരിഗണിക്കും.

സുപ്രീം കോടതിയുടെ പ്രധാന നിർദേശങ്ങൾ:
സമരം നടക്കുമ്പോഴുള്ള സിസിടിവി, ഡ്രോൺ ദൃശ്യങ്ങൾ, ബോഡി ക്യാമറ ദൃശ്യങ്ങൾ, പൊലീസിന്റെ വയർലെസ് ആശയവിനിമയ റെക്കോർഡുകൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കണം. പ്രതിഷേധിച്ച വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങളോ ഡിജിറ്റൽ ഡാറ്റയോ യാതൊരു കാരണവശാലും പൊതുമധ്യത്തിൽ പ്രസിദ്ധീകരിക്കാനോ പങ്കുവെക്കാനോ പാടില്ല. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കടുത്തതോ പ്രതികാരപരമോ ആയ നടപടികൾ പാടില്ല. മുൻകാല കുറ്റകൃത്യങ്ങളിൽ പങ്കില്ലാത്ത, അറസ്റ്റിലായ 18 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളെയും അടിയന്തരമായി മോചിപ്പിക്കണം.

എന്തുകൊണ്ട് അന്വേഷണം അനിവാര്യം?
വിദ്യാർഥി പ്രതിഷേധത്തിന് നേരെ ലാത്തിച്ചാർജ്, പെല്ലറ്റ് തോക്കുകൾ, റബ്ബർ ബുള്ളറ്റുകൾ, ആണികൾ തറച്ച ലാത്തികൾ, ഇലക്ട്രിക് ബാറ്റണുകൾ തുടങ്ങിയവ ഉപയോഗിച്ച് പൊലീസ് അമിത ബലപ്രയോഗം നടത്തിയതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. പെല്ലറ്റ് തോക്കുകളുടെ പ്രയോഗത്തിൽ ഒരു വിദ്യാർഥിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതടക്കം ജീവന് ഭീഷണിയായ രീതിയിലുള്ള പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറുഭാഗത്ത്, സമാധാനപരമായ സമരത്തിലേക്ക് അതിക്രമികൾ കടന്നുകൂടുകയും 250-ഓളം പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ആക്രമണം നടത്തിയത് വിദ്യാർഥികളാണോ അതോ അക്രമികളാണോ എന്ന് വ്യക്തമാകാനും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ സത്യവസ്ഥ പുറത്തുകൊണ്ടുവരാനും നീതിയുക്തമായ ഒരു അന്വേഷണം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, കേരളം, ഉത്തർപ്രദേശ്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് വിഷയം സംബന്ധിച്ച് സുപ്രീം കോടതി നോട്ടീസ് അയക്കും.

സൗദി എണ്ണശാലകള്‍ക്കുനേരെ ആക്രമണം; ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം

സൗദി എണ്ണശാലകള്‍ക്കുനേരെ ആക്രമണം; ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദും കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണശാലകളും ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍ ആക്രമണം. . ഇറാഖിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങളാണ് ആക്രമണം നടത്തിയതെന്നും എല്ലാ ഡ്രോണുകളും വെടിവച്ചിട്ടെന്നും സൗദി സേന അറിയിച്ചു.

കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കിടെ നടന്ന ആക്രമണശ്രമങ്ങള്‍ സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി അറിയിച്ചു.

ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന ഇറാന്‍ പിന്തുണയുള്ള മിലീഷ്യകളാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്നും ഇവ ഭീകരാക്രമണ ശ്രമങ്ങളാണെന്നും തുര്‍ക്കി അല്‍-മാലികി പറഞ്ഞു. രാജ്യസുരക്ഷയും ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാന്‍ സൗദി അറേബ്യയ്ക്ക് നിയമപരമായ അവകാശമുണ്ടെന്നും ഉചിതമായ സമയത്ത് ഇതിന് മറുപടി നല്‍കുമെന്നും അല്‍-മാലികി വ്യക്തമാക്കി.

സൗദി വിദേശകാര്യ മന്ത്രാലയവും ആക്രമണ ശ്രമത്തെ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനും ആക്രമണങ്ങളെ ചെറുക്കാനും അതിന്റെ ഉറവിടങ്ങള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വായ ഒട്ടാഞ്ഞത് ഭാ​ഗ്യം! ‘വന്ദേ ഭാരതിൽ’ ​കിട്ടിയ പരിപ്പുവട കടിച്ചപ്പോൾ പശ; ഉള്ളിൽ ‘ഫെവിക്വിക്ക്’ ട്യൂബ്

വായ ഒട്ടാഞ്ഞത് ഭാ​ഗ്യം! ‘വന്ദേ ഭാരതിൽ’ ​കിട്ടിയ പരിപ്പുവട കടിച്ചപ്പോൾ പശ; ഉള്ളിൽ ‘ഫെവിക്വിക്ക്’ ട്യൂബ്

ചെന്നൈ: മൈസൂരു – ചെന്നൈ വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാരനു വൈകീട്ടു നൽകിയ ലഘുഭക്ഷണത്തിൽ ഫെവിക്വിക്ക് പശയുടെ ട്യൂബ്. ചായയ്ക്കൊപ്പം നൽകിയ പരിപ്പുവടയ്ക്കുള്ളിലാണ് ട്യൂബ് കണ്ടെത്തിയത്. വട കടിച്ചപ്പോൾ അസ്വാഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് ഇതു കണ്ടതെന്നും ഭാഗ്യം കൊണ്ടാണ് ട്യൂബ് പൊട്ടി പുറത്തു വന്ന പശ താൻ ഇതു വിഴുങ്ങാതിരുന്നതെന്നും യാത്രക്കാരൻ പറഞ്ഞു.

ട്രെയിൻ നമ്പർ 20608 ൽ യാത്ര ചെയ്ത ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് 3241 ഇ അംഗങ്ങൾക്കാണ് ദുരനുഭവം ഉണ്ടായത്. വൈകീട്ട് 3 മണിയോടെ ട്രെയിനിൽ ലഘുഭക്ഷണം വിതരണം ചെയ്തപ്പോഴാണ് സംഭവമെന്ന് യാത്രക്കാരനായ ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു.

സംഘത്തിലുണ്ടായിരുന്ന ഡി ശേഖർ എന്ന യാത്രക്കാരൻ പരിപ്പുവട കഴിക്കാൻ കടിച്ചപ്പോഴാണ് ഉള്ളിൽ ഒളിഞ്ഞിരുന്ന ഫെവിക്വിക് ട്യൂബ് കണ്ടത്. കടിച്ചയുടൻ ട്യൂബ് പൊട്ടുകയും പശ ശേഖറിന്റെ വായിലേക്ക് പടരുകയും ചെയ്തു. ഉടൻ തന്നെ അദ്ദേഹം ഇത് വായിൽ നിന്നു നീക്കം ചെയ്തതിനാൽ വലിയ അപകടം ഒഴിവായി.

സംഭവത്തിൽ ശേഖർ ഐആർസിടിസിക്കു പരാതി നൽകി. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചതായി ശേഖർ വ്യക്തമാക്കി.

‘ഒരു മിനിറ്റ് കൊണ്ട് ‘നീറ്റ്’ പരീക്ഷ എഴുതാൻ പറ്റുമോ? 668 മാർക്ക്, കിട്ടിയത് മൈനസ് 11!’

‘ഒരു മിനിറ്റ് കൊണ്ട് ‘നീറ്റ്’ പരീക്ഷ എഴുതാൻ പറ്റുമോ? 668 മാർക്ക്, കിട്ടിയത് മൈനസ് 11!’

ബംഗളൂരു: നീറ്റ് യുജി പരീക്ഷയുടെ ഒഎംആര്‍ ഉത്തരക്കടലാസില്‍ കൃത്രിമം നടന്നെന്നു ആരോപിച്ച് കര്‍ണാടക ഹാവേരി സ്വദേശിയായ വിദ്യാര്‍ഥിനി ബിന്ദുശ്രീ ജെ പവാര്‍ ദേശീയ പരീക്ഷാ ഏജന്‍സിക്കു (എന്‍ടിഎ) പരാതി നല്‍കി. 668 മാര്‍ക്കിനു പകരം മൈനസ് 11 മാര്‍ക്കാണ് ലഭിച്ചതെന്നു ബിന്ദുശ്രീ പരാതിയില്‍ പറയുന്നു. 180 ചോദ്യങ്ങളില്‍ 165നും ഉത്തരം എഴുതിയിരുന്നു.

എന്നാല്‍ എന്‍ടിഎയില്‍ നിന്നു ലഭിച്ച ഒഎംആര്‍ ഉത്തക്കടലാസില്‍ 41 ചോദ്യങ്ങള്‍ക്കേ ഉത്തരമെഴുതിയുള്ളു എന്നാണ് കാണിക്കുന്നത്. പരീക്ഷാ ഹാളില്‍ ഉച്ചയ്ക്ക് 1.56നു പ്രവേശിച്ച് 1.57നു ഇറങ്ങിപ്പോയെന്നു കാണിക്കുന്നുവെന്നും 3 മണിക്കൂറുള്ള പരീക്ഷ ഒരു മിനിറ്റ് കൊണ്ട് എങ്ങനെയാണ് എഴുതുന്നതെന്നും വിദ്യാര്‍ഥിനി ചോദിച്ചു. ഇക്കാര്യങ്ങളില്‍ വ്യക്തത തേടി ഒട്ടേറെ തവണ ഇമെയിലിലും ഹെല്‍പ് ലൈന്‍ വഴിയും എന്‍ടിഎയെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നു വിദ്യാര്‍ഥിനി പറയുന്നു.

രണ്ടാം വര്‍ഷ പിയു പരീക്ഷയില്‍ 95 ശതമാനം മാര്‍ക്കി നേടിയ ബിന്ദുശ്രീ 2 വര്‍ഷം പഠിച്ചാണ് നീറ്റ് പരീക്ഷ എഴുതിയത്. എന്‍ടിഎ പുറത്തുവിട്ട ഒഎംആര്‍ ഷീറ്റ് തന്റേതല്ലെന്നും യഥാര്‍ഥ ഒഎംആര്‍ ഉത്തരക്കടലാസ് നല്‍കണമെന്നുമാണ് വിദ്യാര്‍ഥിനിയുടെ ആവശ്യം.

‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ ഞാന്‍ പരാജയപ്പെട്ടു’: നീറ്റില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി

‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ ഞാന്‍ പരാജയപ്പെട്ടു’: നീറ്റില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി

മുംബൈ: നീറ്റ് പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ അഹല്യാനഗര്‍ ജില്ലയിലെ ജലാല്‍പൂര്‍ സ്വദേശിയായ അങ്കിത സാംഗ്ലെ (19) ആണ് ജീവനൊടുക്കിയത്. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ 166 മാര്‍ക്ക് മാത്രമാണ് അങ്കിതയ്ക്ക് ലഭിച്ചത്. പരീക്ഷാ ഫലം വന്നതിനു പിന്നാലെ പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് അങ്കിതയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് മറാത്തിയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

‘നിങ്ങള്‍ എന്നെ ഒരുപാട് സ്‌നേഹിച്ചു, പക്ഷേ നിങ്ങളുടെ ഒരു ആഗ്രഹം പോലും പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എല്ലാ ബുദ്ധിമുട്ടുകളിലും ഒരു കൂട്ടുകാരിയെപ്പോലെ അമ്മ എന്നെ പിന്തുണച്ചു. ദാദാ (ജ്യേഷ്ഠന്‍), നിങ്ങളും എന്നെ ഒരുപാട് സഹായിച്ചു. അമ്മയെക്കാളും അച്ഛനെക്കാളും കൂടുതല്‍ എന്നെ സ്‌നേഹിച്ചു. എന്റെ മരണത്തിന് നിങ്ങള്‍ ആരും ഉത്തരവാദികളല്ല. ഞാന്‍ നീറ്റിനായി പഠിക്കുമ്പോഴും നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ ഞാന്‍ പരാജയപ്പെട്ടു. എനിക്ക് നിങ്ങളുടെ ആഗ്രഹം നിറവേറ്റാനായില്ല.’

മാതാപിതാക്കളെ നന്നായി നോക്കണമെന്നും അവരെ ഒന്നിനും ബുദ്ധിമുട്ടിക്കരുതെന്നും സഹോദരനോട് കുറിപ്പിലൂടെ അങ്കിത അഭ്യര്‍ഥിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദമോ വിഷാദമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സഹായത്തിനായി ദിശ ഹെല്‍പ്പ്ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം. വിളിക്കൂ: 1056 / 0471-2552056)

‘നരേന്ദ്രമോദിക്കെതിരെയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യണം’; സാമൂഹിക മാധ്യമങ്ങളോട് ഡല്‍ഹി പൊലീസ്

‘നരേന്ദ്രമോദിക്കെതിരെയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യണം’; സാമൂഹിക മാധ്യമങ്ങളോട് ഡല്‍ഹി പൊലീസ്

ഡല്‍ഹി: സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന പോസ്റ്റുകള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ്. പ്രധാനമന്ത്രിക്കെതിരെ അപമാനകരവും അധിക്ഷേപകരവുമായ പോസ്റ്റുകളും വിഡിയോകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ അപ്ലോഡ് ചെയ്ത നിരവധി പോസ്റ്റുകളിലാണ് പൊലീസ് വിശദീകരണം തേടിയത്. പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഡല്‍ഹി പൊലീസിന്റെ സോഷ്യല്‍ മീഡിയ നിരീക്ഷണ വിഭാഗമാണ് ഇത്തരം പോസ്റ്റുകള്‍ കണ്ടെത്തിയത്. പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പല പോസ്റ്റുകളും ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം പോസ്റ്റുകള്‍ പങ്കുവെച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തതിന് ശേഷം ശക്തമായ നിരീക്ഷണം തുടരാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വ്യാജ (ഡീപ്‌ഫേക്ക്), എഐ-നിര്‍മിത ഉള്ളടക്കങ്ങള്‍ പങ്കുവെച്ചതായി ആരോപിക്കപ്പെടുന്ന ഏകദേശം 450 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഈ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ അതത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന്, 36 ദിവസം നീണ്ടുനിന്ന പ്രതിഷേധം ശനിയാഴ്ച സിജെപി പിന്‍വലിച്ചിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് 5 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും, തുടര്‍ന്ന് അവ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അതീവ സുരക്ഷാമേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് എഫ്‌ഐആറാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്.