വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ നടപടി; മൂന്നംഗ സമിതിയെ നിയമിച്ചു

വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ നടപടി; മൂന്നംഗ സമിതിയെ നിയമിച്ചു

ഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് സ്പീക്കര്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ക്കായി നിയോഗിച്ചത്.

മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം എം ശ്രീവാസ്തവ, കര്‍ണാടക ഹൈക്കോടതിയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ബി വി ആചാര്യ എന്നിവരാണ് മൂന്നംഗ സമിതിയിലെ മറ്റംഗങ്ങള്‍. ജസ്റ്റിസ് വര്‍മക്കെതിരെയുള്ള ആരോപണങ്ങളില്‍ മൂന്നംഗ സമിതി അന്വേഷണം നടത്തും. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടികള്‍. മൂന്നു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം. അടുത്ത സമ്മേളനം റിപ്പോര്‍ട്ട് പരിഗണിക്കും.

ജസ്റ്റിസ് വര്‍മയ്‌ക്കെതിരെ 146 പാര്‍ലമെന്റ് അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്‌മെന്റ് നോട്ടീസാണ് സ്പീക്കര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. അഴിമതിക്കെതിരെ പാര്‍ലമെന്റ് ഒറ്റക്കെട്ടാണ്. ജനങ്ങള്‍ ജുഡീഷ്യറിയില്‍ വിശ്വാസം അര്‍പ്പിക്കുന്നു. അതിനാല്‍ത്തന്നെ ഇംപീച്ച്‌മെന്റ് നോട്ടീസ് അംഗീകരിക്കുന്നതായി സ്പീക്കര്‍ ഓം ബിര്‍ല ലോക്‌സഭയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്.

വസതിയിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി അന്വേഷണ സമിതിയുടെ ശുപാർശയ്ക്കെതിരെ യശ്വന്ത് വർമ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. തന്റെ വിശദീകരണം കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന ജസ്റ്റിസ് വർമയുടെ വാദം കോടതി നിരാകരിച്ചു. ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി അന്വേഷണ സമിതിയും റിപ്പോർട്ട് നൽകിയിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു ചെയര്‍മാനായ മൂന്നംഗ സമിതിയാണ് അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോർട്ട് നൽകിയത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച്‌മെന്റ് ചെയ്ത് പുറത്താക്കാൻ ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന ശുപാർശ നൽകുകയും ചെയ്തിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ തീ അണയ്ക്കാന്‍ വന്ന അഗ്‌നിരക്ഷാസേനയാണ് മാര്‍ച്ച് 14ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. ആരോപണത്തെത്തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്നും അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.

ദുബൈയിലെ യാത്രകൾ ഇനി മുടങ്ങില്ല; പുതിയ സംവിധാനവുമായി ആർടിഎ

ദുബൈയിലെ യാത്രകൾ ഇനി മുടങ്ങില്ല; പുതിയ സംവിധാനവുമായി ആർടിഎ

ദുബൈ: യു എ ഇയിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹങ്ങളുടെ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കാനായി പുതിയ സംവിധാനം അവതരിപ്പിച്ച് ദുബൈ ആർ ടി എ. ‘ഡേറ്റ ഡ്രൈവ് ക്ലിയർ ഗൈഡ്’ എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്.

ഇതിലൂടെ വാഹനങ്ങളുടെ എണ്ണം മുൻകൂട്ടി കണ്ടു ട്രാഫിക് കുരുക്കുകൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനാകും എന്ന് അധികൃതർ വ്യക്തമാക്കി. റോഡിന്റെ അവസ്ഥ, വാഹനങ്ങളുടെ ശരാശരി വേഗം, നിലവിലെ ഗതാഗത ശൈലി,റോഡുകളിൽ വാഹനങ്ങളുടെ എണ്ണം കുറവുള്ളതും കൂടുതൽ ഉള്ളതുമായ സമയം തുടങ്ങിയ കാര്യങ്ങൾ അതിവേഗം വിലയിരുത്താൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

മുൻ വർഷങ്ങളിലെയും ഈ വർഷത്തേയും വാഹനങ്ങളുടെ പ്രവാഹം സംബന്ധിച്ചുള്ള ഡേറ്റകൾ കൂടി താരതമ്യം ചെയ്താകും ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ പുതിയ സംവിധാനം വഴി തീരുമാനിക്കുക.

ദുബൈയിലെ റോഡിലെ നിർമാണം, അപകടം, വലിയ ചടങ്ങുകൾ നടക്കുമ്പോൾ ഉണ്ടാകുന്ന ട്രാഫിക്ക് കുരുക്ക് എന്നിവ ഒഴിവാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഒരു പാതയിൽ ഗതാഗത തടസമുണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ചു വിടേണ്ടതിനെ സംബന്ധിച്ചുള്ള തീരുമാനം പുതിയ സംവിധാനത്തിലൂടെ അതിവേഗം കണ്ടെത്താൻ അധികൃതർക്ക് കഴിയും.

നേരത്തെ മനുഷ്യ സഹായത്തോടെ ആഴ്ചകൾ എടുത്തു ശേഖരിച്ചിരുന്ന വിവരങ്ങളാണ് ഇപ്പോൾ മിനിറ്റുകൾ കൊണ്ട് ലഭ്യമാക്കുന്നത്. 5 വർഷത്തെ ട്രാഫിക് വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിച്ചിട്ടുണ്ട് എന്നും പുതിയ സംവിധനത്തിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

ഡയറ്റ് പ്ലാന്‍ മാറ്റാന്‍ ചാറ്റ്ജിപിടിയോട് ചോദിച്ചു; 60 കാരന്‍ ആശുപത്രിയില്‍

ഡയറ്റ് പ്ലാന്‍ മാറ്റാന്‍ ചാറ്റ്ജിപിടിയോട് ചോദിച്ചു; 60 കാരന്‍ ആശുപത്രിയില്‍

ന്യൂയോര്‍ക്ക്: ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ചാറ്റ്ജിപിടിയുടെ ഉപദേശം തേടിയ 60 വയസുകാരന്‍ ആശുപത്രിയില്‍. ഭക്ഷണത്തില്‍ നിന്ന് സോഡിയം ക്ലോറൈഡ് എങ്ങനെ നീക്കം ചെയ്യാമെന്ന് എഐ ചാറ്റ്‌ബോട്ടിനോട് ചോദിച്ച് ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയതിന് ശേഷം ഗുരുതരമായ മാനസിക ലക്ഷണങ്ങളോടെയാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 60കാരന് മുന്‍പ് മാനസിക രോഗങ്ങളോ മെഡിക്കല്‍ ചരിത്രമോ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദ്യ 24 മണിക്കൂറിനകം രോഗി മനോവിഭ്രാന്തിയും ശ്രവണ, ദൃശ്യ ഭ്രമാത്മകതയും പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഭൂമിക്കടിയില്‍ നിന്ന് കുഴിച്ചെടുക്കുന്ന ടേബിള്‍ സാള്‍ട്ടിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് വായിച്ചതിനു ശേഷമാണ് ചാറ്റ് ജിപിടിയുടെ സഹായം തേടിയത്. ടേബിള്‍ സാള്‍ട്ടിന് പകരം ഉപയോഗിക്കാവുന്നതിനെ കുറിച്ച് ചാറ്റ് ജിപിടിയോട് ചോദിച്ചപ്പോള്‍ സോഡിയം ബ്രോമൈഡ് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് 60കാരന്‍ ആശുപത്രിയിലായത്.

ടേബിള്‍ സാള്‍ട്ടില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംയുക്തമാണ് സോഡിയം ബ്രോമൈഡ്. ഇത് ഇടയ്ക്കിടെ മരുന്നുകളില്‍ ഉപയോഗിക്കാറുണ്ട്. പക്ഷേ സാധാരണയായി വ്യാവസായിക, ശുചീകരണ ആവശ്യങ്ങള്‍ക്കായാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. അമിതമായി ബ്രോമൈഡ് കഴിക്കുന്നത് ന്യൂറോ സൈക്യാട്രിക്, ത്വക് രോഗ ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

60കാരന്റെ അനുഭവം അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളജില്‍ നിന്ന് പോഷകാഹാരത്തെ കുറിച്ച് പഠിച്ച 60കാരന്‍ തന്റെ ഭക്ഷണത്തില്‍ നിന്ന് സോഡിയം ക്ലോറൈഡ് ഒഴിവാക്കി ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ സോഡിയം ബ്രോമൈഡ് ഉപയോഗിച്ച് പരീക്ഷണം നടത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഈ പരീക്ഷണം ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ആഴ്ച ആശുപത്രിയില്‍ ചെലവഴിച്ചതിന് ശേഷമാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തത്. ‘ചാറ്റ് ജിപിടിയും മറ്റ് എഐ സംവിധാനങ്ങളും ശാസ്ത്രീയമായ കൃത്യതയില്ലായ്മകള്‍ സൃഷ്ടിക്കുമെന്നും ഫലങ്ങളെ വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യാനുള്ള കഴിവില്ലെന്നും ആത്യന്തികമായി തെറ്റായ വിവരങ്ങളുടെ വ്യാപനത്തിന് ഇന്ധനമാകുമെന്നും പരിഗണിക്കേണ്ടത് പ്രധാനമാണ്,’ – അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ജേണലിലെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

ചാറ്റ്‌ബോട്ടിന്റെ ഔട്ട്പുട്ട് എല്ലായ്‌പ്പോഴും കൃത്യമായിരിക്കണമെന്നില്ല എന്നാണ് ചാറ്റ്ജിപിടിയുടെ ഡെവലപ്പറായ ഓപ്പണ്‍എഐയുടെ ഉപയോഗ നിബന്ധനയില്‍ പറയുന്നത്. സത്യത്തിന്റെയോ വസ്തുതാപരമായ വിവരങ്ങളുടെയോ ഏക ഉറവിടമായോ പ്രൊഫഷണല്‍ ഉപദേശത്തിന് പകരമായോ ചാറ്റ് ജിപിടിയില്‍ നിന്നുള്ള ഔട്ട്പുട്ടിനെ മാത്രം ആശ്രയിക്കരുത്. ഏതെങ്കിലും ആരോഗ്യസ്ഥിതിയുടെ രോഗനിര്‍ണയത്തിലോ ചികിത്സയിലോ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ചാറ്റ് ജിപിടിയെന്നും ഉപയോഗ നിബന്ധനയില്‍ ചൂണ്ടിക്കാണിക്കുന്നു.

രൂപയ്ക്ക് നേട്ടം, പത്തു പൈസ മുന്നേറി; ഓഹരി വിപണിയിലും കുതിപ്പ്; എണ്ണ വില കൂടി

രൂപയ്ക്ക് നേട്ടം, പത്തു പൈസ മുന്നേറി; ഓഹരി വിപണിയിലും കുതിപ്പ്; എണ്ണ വില കൂടി

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. പത്തു പൈസയുടെ നേട്ടത്തോടെ 87.65 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് രൂപയ്ക്ക് നേട്ടമായത്.

അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനിരിക്കുകയാണ്. കൂടാതെ യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന അമേരിക്ക- റഷ്യ ചര്‍ച്ചയെയും ആകാംക്ഷയോടെയാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. ഇതിന്റെയെല്ലാം ഫലങ്ങള്‍ രൂപയുടെ മൂല്യത്തെ സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ 17 പൈസയുടെ നഷ്ടത്തോടെ 87.75 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. 0.33 ശതമാനം ഉയര്‍ന്ന് 66.85 എന്ന നിലയിലേക്കാണ് എണ്ണ വില ഉയര്‍ന്നത്.

ഓഹരി വിപണിയും നേട്ടത്തിന്റെ പാതയിലാണ്. ഇന്നലെ 700ലധികം പോയിന്റ് മുന്നേറിയ സെന്‍സെക്‌സ് വ്യാപാരത്തിന്റെ തുടക്കത്തില്‍ 280 പോയിന്റിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. നിഫ്റ്റി 24,650 പോയിന്റിന് മുകളിലാണ്. ഓട്ടോ, ഐടി, എണ്ണ, പ്രകൃതി വാതക ഓഹരികള്‍ നേട്ടത്തിലാണ്. എന്നാല്‍ റിയല്‍റ്റി ഓഹരികള്‍ നഷ്ടത്തിലാണ്. ടിസിഎസ്, എംആന്റ്എം, ഇന്‍ഫോസിസ്, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഹിന്‍ഡാല്‍കോ, ഗ്രാസിം, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടത്തിലാണ്.

ഖത്തറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു; ടൂറിസം മേഖലയ്ക്ക് മികച്ച നേട്ടം

ഖത്തറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു; ടൂറിസം മേഖലയ്ക്ക് മികച്ച നേട്ടം

ദോഹ: ഖത്തറിന്റെ ടൂറിസം രംഗത്ത് വൻ മുന്നേറ്റം. കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യം സന്ദർശിക്കാൻ എത്തിയത് 26 ലക്ഷം പേരാണ്. മുൻ വർഷത്തേക്കാൾ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിനോദ സഞ്ചാരികളെ ഖത്തറിലേക്ക് ആകർഷിക്കാനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഖത്തർ ടൂറിസം മന്ത്രാലയമാണ് വിനോദ സഞ്ചാരികളെ സംബന്ധിച്ചുള്ള കണക്കുകൾ പുറത്ത് വിട്ടത്. സന്ദർശകരിൽ 36 ശതമാനം ആളുകളും ജി സി സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്. യൂറോപ്പിൽനിന്ന് ഇരുപത്തിയാറ് ശതമാനം പേരും ഖത്തർ സന്ദർശിക്കാൻ എത്തി. യാത്രക്കാരിൽ 57 ശതമാനം പേർ വിമാനമാർഗവും 33 ശതമാനം കരവഴിയും ശതമാനം കടൽ വഴിയും രാജ്യത്തേക്ക് പ്രവേശിച്ചു. സഞ്ചാരികളിൽ 71 ശതമാനം ആളുകളും ഹോട്ടൽ മുറികൾ ഉപയോഗിച്ചതായും കണക്കുകൾ പറയുന്നത്.

സഞ്ചാരികളുടെ വർധന രാജ്യത്തിന്റെ വിവിധ മേഖലകളിൽ പുത്തനുണർവ്വ് സൃഷ്ടിച്ചതായി അധികൃതർ പറയുന്നു. സഞ്ചാരികളുടെ എണ്ണം കൂടുന്നത് പ്രവാസികളെ സംബന്ധിച്ച് ആശ്വാസകരമാണ്. പ്രത്യകിച്ചും ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവർക്ക്.

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സഞ്ചാരികളുടെ വരവിൽ കുറവ് വന്നതോടെ പലർക്കും ജോലി നഷ്ടമാകുമോ എന്ന സംശയം ഉണ്ടായിരുന്നു. പിന്നീടുള്ള മാസങ്ങളിൽ ക്രമേണ സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ആ പ്രതിസന്ധിക്ക് പരിഹാരമായി. വരും വർഷങ്ങളിൽ ഖത്തറിലേ ടൂറിസം രംഗത്ത് നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

സ്വയം തീ കൊളുത്തി പതിമൂന്നുകാരി; ഒഡിഷയില്‍ ഒരുമാസത്തിനിടെ നാലാമത്തെ സംഭവം

സ്വയം തീ കൊളുത്തി പതിമൂന്നുകാരി; ഒഡിഷയില്‍ ഒരുമാസത്തിനിടെ നാലാമത്തെ സംഭവം

ഭുവനേശ്വര്‍: ഒഡിഷയില്‍ സ്വയം തീ കൊളുത്തി പതിമൂന്ന് വയസുകാരി. ഒഡിഷയില്‍ ഒരു മാസത്തിനുള്ളില്‍ സമാനമായി നടക്കുന്ന നാലാമത്തെ സംഭവമാണിത്. ഗുരതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഒഡിഷയിലെ ബര്‍ഗഡ് ജില്ലയിലെ ഒരു ആശുപത്രിയില്‍ അത്യാസന്ന നിലയിലാണ്.

ഗൈസിലത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫിരിംഗ്മല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്ന് പകുതി പൊള്ളലേറ്റ നിലയിലാണ് ഗ്രാമവാസികള്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ബര്‍ഗഡ് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്നും ആത്മഹത്യാ ശ്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് ഒരു മാസത്തിനിടെ മൂന്ന് സ്ത്രീകള്‍ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ബാലസോറില്‍ ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനി കോളജ് ക്യംപസില്‍ സ്വയം തീകൊളുത്തി മരിച്ചിരുന്നു. ജൂലൈ 14 ന് ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. ബലംഗയില്‍ മൂന്ന് അക്രമികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീകൊളുത്തിയിരുന്നു, ഓഗസ്റ്റ് 2 നാണ് കുട്ടി മരിച്ചത്. ഓഗസ്റ്റ് 6 ന് കേന്ദ്രപാറ ജില്ലയില്‍ പട്ടമുണ്ടൈ (ഗ്രാമീണ) പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു.