ഒരാള്‍ പോലും സഹായത്തിന് എത്തിയില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് യുവാവിന്റെ യാത്ര

ഒരാള്‍ പോലും സഹായത്തിന് എത്തിയില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് യുവാവിന്റെ യാത്ര

മുംബൈ: ആരുടെയും സഹായം ലഭിക്കാതെ വന്നതോടെ, വാഹനാപകടത്തില്‍ മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് നാട്ടിലേക്ക് തിരിച്ച് യുവാവ്. നാഗ്പൂര്‍- ജബല്‍പൂര്‍ ദേശീയ പാതയില്‍ ഭാര്യയുടെ മൃതദേഹവുമായി യുവാവ് ബൈക്കില്‍ പോകുന്ന നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അതിവേഗത്തില്‍ വന്ന ട്രക്ക് ഇടിച്ച് ഗ്യാര്‍സി അമിത് യാദവ് എന്ന സ്ത്രീയാണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്. സഹായത്തിനായി ഭര്‍ത്താവ് അമിത് യാദവ് നിരവധിയാളുകളോട് കേണപേക്ഷിച്ചെങ്കിലും ആരും എത്തിയില്ല. ഒടുവില്‍ നിരാശനായ അമിത് യാദവ് സ്വന്തം ബൈക്കില്‍ ഭാര്യയുടെ മൃതദേഹം കെട്ടിവെച്ച് മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് ഓടിച്ച് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരും മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ നിന്നുള്ളവരാണെങ്കിലും കഴിഞ്ഞ പത്തുവര്‍ഷമായി നാഗ്പൂരിലാണ് ദമ്പതികള്‍ താമസിക്കുന്നത്.

ലോനാരയില്‍ നിന്ന് കരണ്‍പൂരിലേക്ക് പോകുന്ന വഴിയാണ് അമിതും ഭാര്യയും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ആദ്യം ആരും സഹായത്തിനായി എത്തിയില്ലെങ്കിലും മോട്ടോര്‍ സൈക്കിളില്‍ മൃതദേഹം കൊണ്ടുപോകുന്നത് കണ്ട് മനസലിഞ്ഞ നിരവധിപ്പേര്‍ സഹായത്തിനായി എത്തി. എന്നാല്‍ ഇനിയൊരു പ്രശ്‌നം നേരിടാനുള്ള മാനസികനില ഇല്ലാത്തതിനാല്‍ അമിത് യാദവ് ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു. ഒടുവില്‍ ഹൈവേ പൊലീസ് ഇടപെട്ട് മൃതദേഹം നാഗ്പൂരിലെ മായോ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികളുടെ ഭാഗമായാണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്.

പാക് യുദ്ധത്തടവിൽ നിന്ന് സഹപ്രവർത്തകരേയും കൊണ്ടു രക്ഷപ്പെട്ട ധീരത; ക്യാപ്റ്റൻ ഡികെ പരുൽകർ അന്തരിച്ചു

പാക് യുദ്ധത്തടവിൽ നിന്ന് സഹപ്രവർത്തകരേയും കൊണ്ടു രക്ഷപ്പെട്ട ധീരത; ക്യാപ്റ്റൻ ഡികെ പരുൽകർ അന്തരിച്ചു

പുനെ: 1971ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിനിടെ പാക് പാടിയിലായ ശേഷം രക്ഷപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയ വ്യോമസേന മുൻ ​ഗ്രൂപ്പ് ക്യാപ്റ്റൻ ഡികെ പരുൽകർ (ക്യാപ്റ്റൻ ദിലീപ് കമാൽകർ പരുൽകർ) (82) അന്തരിച്ചു. പുനെയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. 1953ലാണ് പരുൽകർ വ്യോമസേനയിൽ കമ്മീഷൻ ചെയ്തത്. വ്യോമസേന അക്കാദമിയിൽ ഫ്ലൈയിങ് ഇൻസ്ട്രക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

1971ലെ ഇന്ത്യ- പാക് യുദ്ധത്തിനിടെയാണ് വിങ് കമാൻഡറായിരുന്ന പരുൽകറും രണ്ട് സഹ പ്രവർത്തകരും പാകിസ്ഥാന്റെ പിടിയിലായത്. യുദ്ധത്തടവുകാരായി കഴിയവേയാണ് പരുൽകറുടെ നേതൃത്വത്തിൽ സംഘം രക്ഷപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയത്.

1965ലെ ഇന്ത്യ- പാക് യുദ്ധത്തിൽ പരുൽകർ പറത്തിയ വിമാനത്തിനു നേരെ ശത്രുക്കൾ നടത്തിയ വെടിവയ്പ്പിൽ അദ്ദേഹത്തിന്റെ ചുമലിനു പരിക്കേറ്റിരുന്നു. തകരാറിലായ വിമാനം ഉപേക്ഷിക്കാൻ മേലധികാരികൾ അദ്ദേഹത്തിനു നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മനഃസാന്നിധ്യം വിടാതെ വിമാനം തിരിച്ച് സൈനിക ക്യാംപിലേക്ക് എത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഈ ധീരതയ്ക്ക് വ്യോമസേന അദ്ദേഹത്തെ മെഡൽ നൽകി ആദരിക്കുകയും ചെയ്തു. മറ്റ് വിശിഷ്ട സേവാ മെഡലുകളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

സനാതന ധർമത്തിനെതിരെ പ്രസം​ഗിച്ചു; കമൽഹാസന്റെ കഴുത്തു വെട്ടുമെന്ന് സീരിയൽ നടൻ

സനാതന ധർമത്തിനെതിരെ പ്രസം​ഗിച്ചു; കമൽഹാസന്റെ കഴുത്തു വെട്ടുമെന്ന് സീരിയൽ നടൻ

ചെന്നൈ: നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസന്റെ കഴുത്തുവെട്ടുമെന്നു ഭീഷണി. സീരിയൽ നടൻ രവിചന്ദ്രനാണ് വധ ഭീഷണി മുഴക്കിയത്. ദിവസങ്ങൾക്കു മുൻപ് കമൽഹാസൻ സനാതന ധർമത്തിനെതിരെ സംസാരിച്ചതാണ് പ്രകോപനം. സംഭവത്തെക്കുറിച്ച് അനേഷണം നടത്തണമെന്നു ആവശ്യപ്പെട്ട് മക്കൾ നീതിമയ്യം ഭാരവാഹികൾ ചെന്നൈ പൊലീസ് കമ്മീഷണർക്കു പരാതി നൽകി.

സ്വേച്ഛാധിപത്തിന്റേയും സനാതനത്തിന്റേയും ചങ്ങലകൾ തകർക്കാൻ വിദ്യാഭ്യാസം കൊണ്ടു മാത്രമേ കഴിയു എന്നായിരുന്നു കമൽഹാസൻ കഴിഞ്ഞയാഴ്ച പ്രസം​ഗിച്ചത്. നടൻ സൂര്യയുടെ സന്നദ്ധ സംഘടനയായ അ​ഗരം ഫൗണ്ടേഷന്റെ 15ാം വാർഷിക ആഘോഷ വേദിയിലായിരുന്നു പ്രസ്താവന. അറിവല്ലാതെ മറ്റൊരു ആയുധവും കൈയിലെടുക്കരുതെന്നും ഈ പ്രസം​ഗത്തിൽ കമൽഹാസൻ യുവാക്കളോടു ആഹ്വാനം ചെയ്തിരുന്നു.

ഇതിനെതിരെയാണ് രവിചന്ദ്രൻ രം​ഗത്തെത്തിയത്. സനാതന ധർമത്തെ അവഹേളിക്കുന്നതാണ് കമൽഹാസന്റെ പ്രസ്താവന എന്നാണ് സീരിയൽ നടൻ ആരോപിച്ചത്. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വിവാദ പ്രസ്താവന.

ഗാസ പൂര്‍ണമായും പിടിച്ചെടുക്കാന്‍ ഇസ്രയേല്‍

ഗാസ പൂര്‍ണമായും പിടിച്ചെടുക്കാന്‍ ഇസ്രയേല്‍

ജറുസലേം: ഗാസ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള സൈനിക പദ്ധതിക്ക് ഇസ്രയേല്‍ സെക്യൂരിറ്റി ക്യാബിനറ്റിന്റെ അംഗീകാരം. ഗാസയുടെ നിയന്ത്രണം സൈന്യം പിടിച്ചെടുക്കുന്ന സമ്പൂര്‍ണ അധിനിവേശത്തിലേക്ക് ഇസ്രയേല്‍ നീങ്ങുന്നു എന്നതാണ് പുതിയ പദ്ധതി സൂചിപ്പിക്കുന്നത്. ഹമാസിനെ നിരായുധീകരിക്കുക, മേഖലയിലെ യുദ്ധം അവസാനിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ അടങ്ങിയ ഇസ്രേയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നോട്ട് വച്ച അഞ്ചിന് കര്‍മ പദ്ധതിക്കാണ് ഇസ്രയേല്‍ സെക്യൂരിറ്റി ക്യാബിനറ്റ് അംഗീകാരം നല്‍കിയത്.

22 മാസമായി തുടരുന്ന ഗാസയിലെ സൈനിക നീക്കം അവസാനിപ്പിക്കുക, ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ ശക്തമായ സാഹചര്യത്തിലാണ് തിരക്കിട്ട നീക്കം. നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലിന് മുന്നിലുള്ള ബദല്‍ പദ്ധതി പ്രകാരം ഹമാസിന്റെ പരാജയമോ ബന്ദികളുടെ തിരിച്ചുവരവോ പൂര്‍ണമായി വിജയം കാണില്ലെന്ന് ക്യാബിനറ്റില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടതായി നെതന്യാഹുവിന്റെ ഓഫീസ് വിശദീകരിക്കുന്നു. എന്നാല്‍ ബദല്‍ പദ്ധതി എന്താണെന്ന് വ്യക്തമല്ല.

ഹമാസിന്‍റെ നിരായുധീകരണം, ബന്ദികളുടെ മോചനം, ഗാസയിലെ സൈനികവല്‍ക്കരണം, ഗാസയിലെ ഇസ്രായേലി സുരക്ഷാ നിയന്ത്രണം, ഹമാസ്, പലസ്തീന്‍ അതോറിറ്റി എന്നിവയ്ക്ക് പുറത്തുള്ള സിവില്‍ ഭരണകൂടം സ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്യാബിനറ്റ് അംഗീകരിച്ച പദ്ധതി. യുദ്ധമേഖലകള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് മാനുഷിക സഹായം വിതരണം ചെയ്യുന്നതിനൊപ്പം ഗാസ നഗരത്തിന്റെ നിയന്ത്രണം ഇസ്രായേലി പ്രതിരോധ സേന (ഐഡിഎഫ്) ഏറ്റെടുക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

അതേസമയം, ഗാസയെ ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയില്ലെന്ന് സുരക്ഷാ ക്യാബിനറ്റ് യോഗത്തിന് മുന്‍പ് നെതന്യാഹു പ്രതികരിച്ചിരുന്നു. ഗാസയുടെ സുരക്ഷ ഇസ്രായേല്‍ നിയന്ത്രിക്കുന്ന നിലയുണ്ടാകണം. എന്നാല്‍ ഗാസ പിടിച്ചെടുക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ അല്ല ഞങ്ങളുടെ പദ്ധതി. ഹമാസിനെ നശിപ്പിച്ച് ബന്ദികളെ തിരികെ കൊണ്ടുവരിക, ഗാസയെ ഒരു താല്‍ക്കാലിക സര്‍ക്കാരിന് കൈമാറുക എന്നതാണ് ലക്ഷ്യം,’ എന്നും നെതന്യാഹു മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

എംസിസി നീറ്റ് യുജി അലോട്ട്മെന്റ് 2025: സമയക്രമം പുതുക്കി; ആദ്യ അലോട്ട്മെന്റ് നാളെ

എംസിസി നീറ്റ് യുജി അലോട്ട്മെന്റ് 2025: സമയക്രമം പുതുക്കി; ആദ്യ അലോട്ട്മെന്റ് നാളെ

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് ( നീറ്റ് യുജി ) 2025 അടിസ്ഥാനമാക്കി നടത്തുന്ന അഖിലേന്ത്യാ അലോട്ട്മെന്റിന്റെ സമയക്രമം പുതുക്കി. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പുതുക്കിയ സമയക്രമം mcc.nic.in -ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആദ്യ റൗണ്ടിലേക്കുള്ള ചോയ്‌സ് ഫില്ലിങ് ഇതിനകം പൂർത്തിയായി. ആദ്യ റൗണ്ട് അലോട്ട്മെന്റ് ഓഗസ്റ്റ് ഒൻപതിന് പ്രഖ്യാപിക്കും. കോളജ് റിപ്പോർട്ടിങ്ങിന് ഒൻപതു മുതൽ 18 വരെ അവസരമുണ്ടാകും.

രണ്ടാംറൗണ്ട് നടപടികൾ 21-ന് തുടങ്ങും. പുതിയ രജിസ്‌ട്രേഷൻ (ബാധകമെങ്കിൽ) 26-ന് ഉച്ചയ്ക്ക് 12 വരെ ചെയ്യാം. തുക അടയ്ക്കൽ 26-ന് വൈകീട്ട് മൂന്നു വരെയാണ്. ചോയ്‌സ് ഫില്ലിങ് 22 മുതൽ 26-ന് രാത്രി 11.55 വരെയും ചെയ്യാം. ലോക്കിങ് 26-ന് വൈകീട്ട് നാലുമുതൽ അന്ന് രാത്രി 11.55 വരെ. രണ്ടാം അലോട്‌മെന്റ് ഫലം 29-ന് പ്രസിദ്ധീകരിക്കും. റിപ്പോർട്ടിങ് സൗകര്യം 30 മുതൽ സെപ്‌റ്റംബർ അഞ്ചുവരെയാണ്.

റൗണ്ട് മൂന്നിന്റെ അലോട്ട്മെന്റ് നടപടികൾ ഒൻപതിന് തുടങ്ങും. രജിസ്‌ട്രേഷൻ/തുക അടയ്ക്കൽ (ബാധകമെങ്കിൽ) 14 വരെയാണ്. ചോയ്‌സ് ഫില്ലിങ് 10 മുതൽ 14 വരെ. ലോക്കിങ് സൗകര്യം 14-ന്, സീറ്റ് അലോട്ട്മെന്റ് ഫലം 17-ന് പ്രസിദ്ധീകരിക്കും. റിപ്പോർട്ടിങ് 18 മുതൽ 25 വരെയായിരിക്കും.

ഓൺലൈൻ സ്‌ട്രേ വേക്കൻസി റൗണ്ട് നടപടികൾ 30-ന് തുടങ്ങും. ഒക്ടോബർ രണ്ടിന് വൈകീട്ട് മൂന്നുവരെ രജിസ്‌ട്രേഷൻ. രണ്ടിന് വൈകീട്ട് ആറുവരെ പേമെന്റ്. ചോയ്‌സ് ഫില്ലിങ് 30 മുതൽ ഒക്ടോബർ മൂന്നിന് രാവിലെ എട്ടുവരെ. ലോക്കിങ് സൗകര്യം രണ്ടിന് രാത്രി എട്ടുമുതൽ മൂന്നിന് രാവിലെ എട്ടുവരെ. ഫലം നാലിന് പ്രഖ്യാപിക്കും. അഞ്ചിനും 10-നും ഇടയിൽ സ്ഥാപനതല റിപ്പോർട്ടിങ് നടത്തണം.

സംസ്ഥാനതല അലോട്ട്മെന്റ്

സംസ്ഥാനങ്ങളിലെ ആദ്യ അലോട്ട്മെന്റ് നടപടികൾ ഓഗസ്റ്റ് ഒൻപതുമുതൽ 18 വരെയുള്ള കാലയളവിലായിരിക്കും. സംസ്ഥാന തല ആദ്യ അലോട്ട്മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം 24-നകം നേടണം. രണ്ടാംറൗണ്ട് അലോട്ട്മെന്റ് നടപടികൾ 27 മുതൽ സെപ്‌റ്റംബർ അഞ്ചുവരെയാണ്. രണ്ടാം അലോട്ട്മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം സെപ്‌റ്റംബർ 11-നകം നേടണം. മൂന്നാം റൗണ്ട് അലോട്ട്മെന്റ് നടപടികൾ 15 മുതൽ 25 വരെയായിരിക്കും.

ഫാം ഹൗസില്‍ ഒളിപ്പിച്ച സാരിയില്‍ ബീജം; പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്കായി മാറിയത് അമിത ആത്മവിശ്വാസം

ഫാം ഹൗസില്‍ ഒളിപ്പിച്ച സാരിയില്‍ ബീജം; പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്കായി മാറിയത് അമിത ആത്മവിശ്വാസം

ബംഗലൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയെ കുടുക്കിയത് അമിതമായ ആത്മവിശ്വാസം. തന്റെ ഫാം ഹൗസില്‍ ഒളിപ്പിച്ച സാരിയാണ് കേസില്‍ പ്രജ്വലിനെ കുടുക്കുന്ന നിര്‍ണായ തെളിവായി മാറിയത്. പ്രജ്വലിനെ ശിക്ഷിക്കാന്‍ മതിയായ ഫോറന്‍സിക് തെളിവുകളാണ് സാരിയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചത്.

വീട്ടുവേലക്കാരിയുടെ സാരി പ്രജ്വല്‍ രേവണ്ണ ബലപ്രയോഗത്തിലൂടെ അഴിച്ചെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സാരി നശിപ്പിക്കുന്നതിന് പകരം പക്ഷേ ഫാം ഹൗസിലെ ഗോഡൗണില്‍ ഒളിപ്പിക്കുകയാണ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി സാരി വീണ്ടെടുക്കാന്‍ ധൈര്യപ്പെടുമെന്ന് പ്രജ്വല്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ പണവും പ്രലോഭനങ്ങളും വാരിയെറിഞ്ഞ കേസില്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ സാരി വീണ്ടെടുത്തത് കേസില്‍ നിര്‍ണായകമായി മാറുകയായിരുന്നു.

പ്രജ്വല്‍ ലൈംഗികമായി ഉപദ്രവിച്ച സമയത്ത് ഏത് വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതിക്കാരിയായ സ്ത്രീയോട് ചോദിച്ചു. സാരിയാണ് ഉടുത്തിരുന്നതെന്നും, വസ്ത്രം അഴിച്ചെടുത്ത അയാള്‍ തിരികെ തന്നില്ലെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് ഫാം ഹൗസില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഒളിച്ചുവെച്ച സാരി കണ്ടെത്തുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചപ്പോള്‍ സാരിയില്‍ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്തി.

ഡിഎന്‍എ പരിശോധനയില്‍ അത് പ്രജ്വലിന്റെ ബീജമാണെന്ന് തെളിയുകയും ചെയ്തു. ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടിനൊപ്പം സാരിയും പരാതിക്കാരിയുടെ മൊഴിയും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശിക്ഷയില്‍ ഇത് നിര്‍ണായകമായി മാറുകയും ചെയ്തു. പ്രജ്വല്‍ രേവണ്ണ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. ബലാത്സംഗക്കേസില്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.