by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: ചികിത്സയ്‌ക്കെത്തിയ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച മനശാസ്ത്രജ്ഞ ജീവനൊടുക്കി. ഹെദരാബാദിലെ ബെഞ്ചാര ഹില്‍സിലാണ് സംഭവം. മാനസിക പീഡനത്തെത്തുടര്‍ന്നാണ് 33 കാരിയായ ഡോക്ടര്‍ രഞ്ജിത ജീവനൊടുക്കിയത്. നാലു നിലക്കെട്ടിടത്തില്‍ നിന്നും താഴേക്കു ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. ബെഞ്ചാര ഹില്‍സിലെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഡോക്ടര്‍ രഞ്ജിത ജോലി ചെയ്തുവന്നിരുന്നത്.
ഡോക്ടര്‍ രഞ്ജിത ജോലി ചെയ്തിരുന്ന മാനസികാരോഗ്യ കേന്ദ്രത്തില്‍ മനശാസ്ത്ര ചികില്‍സയ്ക്കായിട്ടാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ രോഹിത് എത്തിയത്. രഞ്ജിതയുടെ ചികില്‍സയില്‍ രോഹിതിന് പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി. ക്രമേണ ഡോക്ടറുമായി അടുത്ത രോഹിത്, രഞ്ജിതയോട് വിവാഹാഭ്യര്‍ഥന നടത്തി. കുടുംബാംഗങ്ങള്‍ സമ്മതം മൂളിയതോടെ ഇവരുടെ വിവാഹം നടന്നു.
എന്നാല്‍ വിവാഹം കഴിഞ്ഞതിന് പിന്നാലെ രഞ്ജിത ജോലിക്ക് പോകുന്നത് രോഹിത് വിലക്കി. കിട്ടുന്ന ശമ്പളത്തിന് രഞ്ജിത ധൂര്‍ത്തടിക്കുന്നുവെന്ന് കുറ്റപ്പെടുത്തി. പിന്നീട് ഹൈദരാബാദിലെ പ്രശസ്തമായ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റായി രഞ്ജിത ജോലിയില്‍ പ്രവേശിച്ചു. ഇതിനും രോഹിത് തടസം നിന്നു. ഇത്തരത്തില്‍ മുന്നോട്ടു പോകാനാവില്ലെന്ന് രഞ്ജിത അറിയിച്ചതോടെ ശാരീരിക ഉപദ്രവം ആരംഭിച്ചതായി കുടുംബം പറയുന്നു.
രഞ്ജിതയോട് രോഹിതും കുടുംബവും പണം ആവശ്യപ്പെടും. നല്‍കാതിരുന്നാല്‍ മര്‍ദ്ദനമായിരുന്നെന്നും വീട്ടുകാര്‍ വെളിപ്പെടുത്തി. രോഹിതിനൊപ്പം മാതാപിതാക്കളും സഹോദരനും പീഡനം തുടങ്ങിയതോടെ രഞ്ജിത കടുത്ത മനപ്രയാസത്തിലായി. ജൂലൈ 16ന് ഉറക്ക ഗുളിക കഴിച്ച് രഞ്ജിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൃത്യസമയത്ത് ചികില്‍സ ലഭിച്ചതിനാല്‍ മാത്രം ജീവന്‍ തിരിച്ചു കിട്ടി. സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയെത്തിയ രഞ്ജിത ജൂലൈ 28ന് നാലുനിലക്കെട്ടിടത്തിലെ ബാത്‌റൂം ജനാലയിലൂടെ ചാടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രഞ്ജിത ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വനിതാ യുവ ഡോക്ടറുടെ മരണത്തില്‍ ആത്മഹത്യാപ്രേരണയ്ക്ക് ഭര്‍ത്താവ് രോഹിതിനും കുടുംബത്തിനുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത
മഹാമാരിയുടെ തീവ്രത കുറഞ്ഞു, മാറിയ സാഹചര്യത്തില്‍ കോവിഡ് രോഗികളില്‍ ഇനി ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. അടുത്തിടെ നടന്ന മെറ്റാ വിശകലനത്തിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം.
2020 മുതല്‍ 2024 വരെയുള്ള കാലളവില്‍ കോവിഡ് വ്യാപനത്തിലും തീവ്രതയിലും മാറ്റം വന്നിരിക്കുന്നു. 2020-ലെ കോവിഡിന്‍റെ ആദ്യ തരം സമയത്ത് രൂപീകരിച്ച മാര്‍ഗനിര്‍ദേശത്തില്‍ നിന്ന് ആഗോളതലത്തില്‍ സാഹചര്യം വളരെ അധികം മാറിയിരിക്കുന്നു. പുതിയ നിര്‍ദേശങ്ങള്‍ മഹാമാരിയുടെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായാണ് വികസിപ്പിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ഈ കാലയളവില്‍ ഉണ്ടായ ശ്രദ്ധേയമായ മാറ്റങ്ങള്‍ മൊത്തത്തിലുള്ള അണുബാധ നിരക്കും രോഗ തീവ്രതയും കുറച്ചിട്ടുണ്ട്. ഏർപ്പെടുത്തിയിരുന്ന അടിയന്തര നടപടികളും നീക്കം ചെയ്തു, കൂടാതെ കോവിഡ് രോഗികൾക്കുള്ള പരിചരണം സാധാരണ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുമായി കൂടുതൽ സംയോജിപ്പിച്ചിരിക്കുന്നു.
കോവിഡ് രോഗികളുടെ ആരോഗ്യ സംരക്ഷണത്തിലും കോവിഡിന് ശേഷമുള്ള അവസ്ഥയിലും നേരിട്ടോ അല്ലാതെയോ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്കാണ് പുതുക്കിയ മാർഗനിർദേശങ്ങൾ ബാധകമാവുകയെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ഇതിൽ ക്ലിനിക്കുകൾ, അനുബന്ധ ആരോഗ്യ പ്രവർത്തകർ, ഫെസിലിറ്റി മാനേജർമാർ, ആശുപത്രി അഡ്മിനിസ്ട്രേറ്റർമാർ എന്നിവർ ഉൾപ്പെടുന്നു.
ഇന്നും പ്രതിദിനം ആയിരക്കണക്കിന് ആളുകളില്‍ കോവിഡ് ബാധ ഉണ്ടാകുന്നുണ്ട്. എന്നാല്‍ വാക്സിനുകളുടെയും ചികിത്സയുടെയും വ്യാപകമായ ഉപയോഗവും അണുബാധയിൽ നിന്നുള്ള ജനങ്ങളുടെ പ്രതിരോധശേഷി വർധിപ്പിച്ചതും ആശുപത്രിവാസം, രോഗത്തിന്റെ തീവ്രത, മരണനിരക്ക് എന്നിവ ഗണ്യമായി കുറച്ചു.
എന്നാല്‍ പകർച്ചവ്യാധി, രോഗപ്രതിരോധ ശേഷി, രോഗ തീവ്രത എന്നിവയിൽ വൈറസ് പരിണമിച്ചുകൊണ്ടിരിക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിയും വിശകലനങ്ങളും കോവിഡ് ചികിത്സ മാനേജ്മെന്‍റ് രീതികളില്‍ തുടര്‍ച്ചയായ വികസനവും സുകാര്യതയും ഉറപ്പാക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത, സിനിമ
തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആണ് രജനികാന്ത്. ഇന്നും തലൈവരുടെ സ്വാഗിനും സ്റ്റൈലിനുമൊന്നും പകരം വയ്ക്കാൻ മറ്റൊരു നടൻ ഇല്ല. കെ ബാലചന്ദർ സംവിധാനം ചെയ്ത് 1975 ഓഗസ്റ്റ് 15 ന് റിലീസ് ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു സ്റ്റൈൽ മന്നന്റെ സിനിമ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് രജനിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ദളപതി, അണ്ണാമലൈ, ബാഷ, പടയപ്പ, ചന്ദ്രമുഖി, എന്തിരൻ, ജയിലർ, വേട്ടയ്യൻ തുടങ്ങി എണ്ണിയാൽ തീരാത്തത്ര ഹിറ്റുകളിലൂടെ രജനികാന്ത് തമിഴകത്ത് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ചു. തന്റെ ട്രേഡ്‌മാർക്ക് അഭിനയരീതികൾ കൊണ്ടും സ്റ്റൈലിഷ് സ്റ്റേറ്റ്‌മെന്റും കൊണ്ടും രജനികാന്ത് സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കാൻ തുടങ്ങിയിട്ട് 50 വർഷം തികയുകയാണ്.
സിനിമയിലെ രജനികാന്തിന്റെ 50 വർഷങ്ങൾ ആഘോഷമാക്കുകയാണ് ആരാധകരും. രജനികാന്തിനോടുള്ള ആരാധനയുടെ ഭാഗമായി തമിഴ്നാട്ടിൽ അദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം പോലും നിർമിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ക്ഷേത്രത്തിൽ നിന്നുള്ള ഒരു വിശേഷമാണ് പുറത്തുവന്നിരിക്കുന്നത്. മധുരയിലെ രജനികാന്തിന്റെ പേരിലുള്ള ക്ഷേത്രമായ അരുൾമിഗു ശ്രീ രജനി ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ 5,500-ലധികം ഫോട്ടോഗ്രാഫുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് കാർത്തിക് എന്ന ആരാധകൻ.
രജനികാന്തിന്റെ സിനിമകളിൽ നിന്നുള്ള ഫോട്ടോകളും ഇവിടെ കാണാം. വർഷങ്ങൾക്ക് മുൻപ് നിർമിച്ച ഈ ക്ഷേത്രത്തിൽ 300 കിലോഗ്രാം ഭാരം വരുന്ന രജനികാന്തിന്റെ ഒരു വിഗ്രഹവുമുണ്ട്. രജനികാന്തിന്റെ അഭിനയത്തിലെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, നടനെ ദൈവമായി കണ്ടാണ് കാർത്തിക്കും കുടുംബവും വ്യാഴാഴ്ച ക്ഷേത്രത്തിൽ പ്രത്യേക ആചാരങ്ങളും ആഘോഷങ്ങളും നടത്തിയത്. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ സൂപ്പർ ഹിറ്റുകളായ ഒട്ടേറെ സിനിമകളാണ് അദ്ദേഹം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആണ് രജനികാന്തിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമ. ഈ മാസം 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക. വൻ താരനിര അണിനിരക്കുന്ന കൂലിയും ബോക്സോഫീസിൽ വൻ വിജയമായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ എപ്പോഴും സൗജന്യമായിരിക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും ഇടപാടുകള്‍ നടത്തുന്ന പ്രക്രിയക്ക് വരുന്ന ചെലവ് ഉപേയാക്താക്കള്‍ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘യുപിഐ ഇടപാട് എപ്പോഴും സൗജന്യമായിരിക്കില്ല, യുപിഐ ഇടപാട് നടക്കുന്ന പ്രക്രിയയ്ക്ക് ചെലവുകളുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടുപോകണമെങ്കില്‍ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും’ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്മെന്റ് സാങ്കേതിക വിദ്യയായ യുപിഐ ആഗോളതലത്തില്‍ വിസയെ മറികടന്ന് മുന്‍നിരയിലെത്തിയതായാണ് ഐഎംഎഫിന്റെ ഈയടുത്തുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 85 ശതമാനവും ആഗോളതലത്തില്‍ ഏകദേശം 60 ശതമാനവും ഡിജിറ്റല്‍ പെയ്മെന്റുകള്‍ നടക്കുന്നത് യുപിഐ വഴിയാണ്.
ഇന്ത്യയില്‍ യുപിഐ വഴി പ്രതിദിനം 640 ദശലക്ഷത്തിലധികം ഇടപാടുകള്‍ നടക്കുന്നു. 2025 ജൂണില്‍ മാത്രം 18.39 ബില്യണ്‍ (1,800 കോടിയിലധികം) യുപിഐ ഇടപാടുകളിലൂടെ 24 ലക്ഷം കോടി രൂപ കൈമാറ്റം നടത്തിയതായാണ് റിപ്പോര്‍ട്ട്.
by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന സുപ്രീംകോടതി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ അന്വേഷണത്തോട് ജസ്റ്റിസ് യശ്വന്ത് വര്‍മ സഹകരിച്ചിരുന്നതുമാണ്. പിന്നീട് ഇപ്പോള്‍ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജിയുമായി വന്നിട്ടുള്ളത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജസ്റ്റിസ് വര്‍മയുടെ ഹര്‍ജി പരിഗണിച്ചത്. സുപ്രീംകോടതി നിയോഗിച്ച മൂന്ന് ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ആഭ്യന്തരസമിതിയുടെ നടപടികള്‍ നീതിയുക്തമല്ലെന്ന ജസ്റ്റിസ് വര്‍മയുടെ വാദം കോടതി തള്ളി. നടപടിക്രമത്തിന് നിയമപരമായ അംഗീകാരമുണ്ട്. അന്വേഷണ സമിതി സമാന്തരവും ഭരണഘടനാ വിരുദ്ധവുമായ ഒരു സംവിധാനമല്ലെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വിധിയില്‍ വ്യക്തമാക്കി.
ഔദ്യോഗിക വസതിയില്‍ പണം സൂക്ഷിച്ചതിന് തെളിവുണ്ടെന്നും ജഡ്ജി യശ്വന്ത് വര്‍മയോ, വര്‍മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയില്‍ സൂക്ഷിക്കാന്‍ ആകില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയത്. യശ്വന്ത് വര്‍മയ്ക്കെതിരെ നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു ചെയര്‍മാനായ മൂന്നംഗ സമിതിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച്‌മെന്റ് ചെയ്ത് പുറത്താക്കാൻ ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന ശുപാർശ നൽകിയിരുന്നു.
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ തീ അണയ്ക്കാന്‍ വന്ന അഗ്‌നിരക്ഷാസേനയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. മാര്‍ച്ച് 14ന് രാത്രി തീപിടിത്തം നടന്നയിടത്തു നിന്ന് നോട്ടുകെട്ടുകള്‍ മാറ്റി. സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. 10 പേര്‍ പണം കണ്ടതായി മൊഴി നല്‍കി. ജസ്റ്റിസ് വര്‍മയും കുടുംബവും ജീവനക്കാരും പണം കണ്ടിട്ടില്ലന്ന് മൊഴിനല്‍കി. പ്രൈവറ്റ് സെക്രട്ടറിയുടെ മൊഴിയില്‍ വൈരുധ്യമുണ്ട്ജ. ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആരോപണത്തെത്തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്നും അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി തീരുവ ഉയര്‍ത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പരോക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരുടെ താത്പര്യമാണ് രാജ്യത്തിന് പ്രധാനമെന്നും അതിനായി വലിയ വില നല്‍കേണ്ടിവന്നാലും കര്‍ഷകരുടെ താത്പര്യം ഉയര്‍ത്തുന്നതില്‍ രാജ്യം വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ എംഎസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘കര്‍ഷകരുടെ താല്‍പ്പര്യമാണ് ഞങ്ങളുടെ മുന്‍ഗണന. ഇന്ത്യ ഒരിക്കലും കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് അറിയാം, എന്നാല്‍ അതിന് രാജ്യം തയ്യാറാണ്. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകര്‍ഷകരുടെയും താത്പര്യം സംരക്ഷിക്കാന്‍ വ്യക്തിപരമായി എന്തുവിലയും നല്‍കാന്‍ തയ്യാറാണ്,’ ട്രംപ് താരിഫുകള്‍ ഉയര്‍ത്തിയതിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
ഹരിത വിപ്ലവത്തിന്റെ ശില്‍പിയായ എംഎസ് സ്വാമിനാഥന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ‘ഭക്ഷ്യസുരക്ഷയുടെ പാരമ്പര്യത്തില്‍ കെട്ടിപ്പടുക്കുക, നമ്മുടെ കാര്‍ഷിക ശാസ്ത്രജ്ഞരുടെ അടുത്ത അതിര്‍ത്തി എല്ലാവര്‍ക്കും പോഷകാഹാര സുരക്ഷ ഉറപ്പാക്കുക എന്നതാണ്.’ ഇന്ത്യ യുഎസിലേക്ക് വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു, ട്രംപിന്റെ താരിഫുകളുടെ ആഘാതം വഹിക്കാന്‍ പോകുന്ന മേഖലകളില്‍ ഒന്നാണിത്.
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് 25 ശതമാനം അധിക താരിഫ് ചുമത്താനുള്ള യുഎസ് തീരുമാനത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ നടപടി ‘അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. താരിഫ് കൂട്ടിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ താരിഫ് ഇതോടെ 50 ശതമാനമായി ഉയരും.
Recent Comments