നഴ്സുമാർക്ക് ആശ്വാസം, ഇനി പല പരീക്ഷകൾ എഴുതേണ്ട; യുഎഇയിൽ ഏകികൃത ആരോഗ്യ ലൈസൻസ് ഉടൻ വരുന്നു

നഴ്സുമാർക്ക് ആശ്വാസം, ഇനി പല പരീക്ഷകൾ എഴുതേണ്ട; യുഎഇയിൽ ഏകികൃത ആരോഗ്യ ലൈസൻസ് ഉടൻ വരുന്നു

ദുബൈ: യു എ ഇയിലെ ആരോഗ്യമേഖലയിൽ ജോലി അന്വേഷിക്കുന്നവരും തൊഴിൽ ചെയ്ത് വരുന്നവരും നേരിടുന്ന പ്രധാന പ്രശ്നം ലൈസൻസ് ആണ്. വിവിധ എമിറേറ്റുകളിൽ ജോലി ചെയ്യണമെങ്കിൽ പ്രത്യേകം ആരോഗ്യ ലൈസൻസ് എടുക്കേണ്ടി വരും. ഇത് കൊണ്ട് തന്നെ എമിറേറ്റുകളിൽ ജോലിക്കു ശ്രമിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. എന്നാൽ ഈ പ്രശ്നത്തിന് യു എ ഇ അധികൃതർ പരിഹാരം കണ്ടെത്തി എന്നാണ് റിപ്പോർട്ടുകൾ.

2026 മുതൽ രാജ്യത്ത് ഏകീകൃത ആരോഗ്യ ലൈസൻസിങ് പ്ലാറ്റ്‌ഫോം ആരംഭിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. യു എ ഇ ആരോഗ്യ മന്ത്രാലയം വിവിധ എമിറേറ്റുകളുമായി സഹകരിച്ചാണ് ഡിജിറ്റൽ സംവിധാനം നടപ്പാക്കുക. ഇത് വഴി രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

നിലവിൽ ദുബൈ ഹെൽത്ത് അതോറിറ്റിയും അബുദാബി ഹെൽത്ത് അതോറിറ്റിയും അവരുടെ എമിറേറ്റുകളിൽ ജോലി ചെയ്യണമെങ്കിൽ പ്രത്യേകം ലൈസൻസുകൾ ആവശ്യമാണ്. ഇതിനായി വ്യത്യസ്തമായ നിയമങ്ങളും മാനദണ്ഡങ്ങളും പരീക്ഷകളുമാണ് അവർ നടത്തുന്നത്.

ഇനി മുതൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ഒരു അപേക്ഷയിലൂടെ തന്നെ യു എ ഇയിലുടനീളം പ്രവർത്തിക്കാനുള്ള ലൈസൻസ് നേടാൻ കഴിയും. അത് കൊണ്ട് തന്നെ ദുബൈയിൽ ജോലി കണ്ടെത്താനായില്ലെങ്കിൽ പരീക്ഷ ഒന്നും എഴുതാതെ തന്നെ അബുദാബിയും ജോലിക്കായി ശ്രമിക്കാൻ സാധിക്കും.

പുതിയ സംവിധാനം ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ടെക്നീഷ്യൻമാർ തുടങ്ങി എല്ലാ ആരോഗ്യപ്രവർത്തകർക്കും ഒരു പോലെ പ്രയോജനപ്പെടും.പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം പദ്ധതിയുടെ ഡിസൈൻ ഘട്ടം പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2026 ന്റെ ആദ്യം തന്നെ പ്രവർത്തനം ആരംഭിക്കുന്ന രീതിയിലാണ് നിലവിൽ പദ്ധതി പുരോഗമിക്കുന്നത്. പ്രതിവർഷം 200,000ത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് ഇത് പ്രയോജനമാകും എന്നാണ് വിലയിരുത്തൽ.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ലൈസൻസിങ് നടപടികൾ വേഗത്തിലേക്കുള്ള നടപടികളും പുതിയ സംവിധാനത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് യാത്ര; 34 നിയമലംഘനം; ഡികെ ശിവകുമാര്‍ 18,500 രൂപ പിഴയടച്ചു

ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് യാത്ര; 34 നിയമലംഘനം; ഡികെ ശിവകുമാര്‍ 18,500 രൂപ പിഴയടച്ചു

ബംഗളൂരു: ഇരുചക്ര വാഹന യാത്രയ്ക്കിടെ ഗതാഗത നിയമലംഘനം നടത്തിയതിന് 18,500 രൂപ പിഴയടച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ബംഗളൂരുവിലെ ആര്‍ടി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പിഴയടച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം തുടങ്ങി വിവിധ ഗതാഗത നിയമലംഘനങ്ങള്‍ വാഹന ഉടമയ്‌ക്കെതിരെ നേരത്തെ ചുമത്തിയിരുന്നു.

ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് ബംഗളൂരുവിലെ ഹെബ്ബാള്‍ മേല്‍പ്പാലത്തിലെ നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു ഡികെ ശിവകുമാറും മന്ത്രി ബൈരതിയും. സണ്‍ ഗ്ലാസ് വെച്ച്, ഷാള്‍ പുതച്ച്, ഹെല്‍മെറ്റ് ധരിച്ച് വണ്ടിയോടിച്ചുപോകുന്ന ദൃശ്യം ശിവകുമാര്‍ എക്സില്‍ പങ്കുവെച്ചിരുന്നു.

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മന്ത്രിക്കെതിരെ ഗതാഗത നിയമലംഘനത്തില്‍ പിഴ ചുമത്തണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ഒരു നിയമവും മന്ത്രിമാര്‍ക്ക് മറ്റൊരു നിയമവുമാണോയെന്നും ബിജെപിയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാര്‍ പിഴ അടച്ചത്.

ഉത്തരാഖണ്ഡിൽ കുടുങ്ങിയ 28 മലയാളികൾ സുരക്ഷിതർ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഉത്തരാഖണ്ഡിൽ കുടുങ്ങിയ 28 മലയാളികൾ സുരക്ഷിതർ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ കാണാതായ മലയാളികൾ സുരക്ഷിതർ. ഗംഗോത്രിക്ക് സമീപം കുടുങ്ങിയ ഇവരെ രക്ഷാപ്രവർത്തന സംഘം കണ്ടെത്തുകയായിരുന്നു. നിലവിൽ ഇവരെ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

ഹരിദ്വാറിൽ നിന്ന് ​ഗം​ഗോത്രിയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇവർ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം.

കേരളത്തിൽ നിന്നുള്ള എട്ട് പേരും മുംബൈയിൽ നിന്നുള്ള മലയാളികളായ 20 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. തൃപ്പുണ്ണിത്തുറ, കായംകുളം, തിരുവനന്തപുരം എന്നിവടങ്ങളിൽ നിന്നുള്ള എട്ട് പേരും ബന്ധുക്കളാണ്. തൃപ്പുണ്ണിത്തുറ സ്വദേശിയായ നാരായണൻ നായരും ഭാര്യ ശ്രീദേവിയും അവരുടെ ബന്ധുക്കളുമാണ് എട്ടം​ഗ സംഘത്തിലുള്ളത്. ​ഗം​ഗോത്രിയിലേക്ക് പോകുന്ന വഴിക്ക് ഇവർ വീടുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സംഘാം​ഗങ്ങളുടെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഇവരെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതുവരെ 130 പേരെയാണ് ഇവിടെ നിന്ന് രക്ഷപ്പെടുത്തിയത്. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നുണ്ട്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ദുരന്തമേഖലയിൽ ആകാശനിരീക്ഷണം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

മത്സ്യ കൃഷിക്കും ഇനി എ ഐ; വൻ മാറ്റത്തിന് തുടക്കമിട്ട് അബുദാബി

മത്സ്യ കൃഷിക്കും ഇനി എ ഐ; വൻ മാറ്റത്തിന് തുടക്കമിട്ട് അബുദാബി

അബുദാബി: മത്സ്യ കൃഷിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ ) സാധ്യത ഉപയോഗിക്കാനൊരുങ്ങി അബുദാബി. ഡാൽമ മത്സ്യ പദ്ധതിയിലാണ് ആദ്യ ഘട്ടത്തിൽ എ ഐയുടെ സഹായം ഉപയോഗിക്കുക. രാജ്യത്തിൻറെ കാർഷിക മേഖലയിളുടെ വികസനത്തിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

സാഫി, ഷേരി, ഖാബിറ്റ്, ഹാമൂർ തുടങ്ങിയ പ്രധാന പ്രാദേശിക മത്സ്യയിനങ്ങൾ സമുദ്രത്തിലെ വലിയ കൂടുകളിൽ നിക്ഷേപിച്ച് വളർത്തിയെടുക്കുന്ന പദ്ധതിയിലാണ് എ ഐ ഉപയോഗിക്കുന്നത്. ഡാൽമ ദ്വീപുകളിലാണ് ഇതിനായുള്ള കൂടുകൾ അധികൃതർ സ്ഥാപിച്ചിരിക്കുന്നത്. ഒരു വർഷം 100 ടൺ മത്സ്യങ്ങൾ ഉത്പാദിപ്പിക്കുകയാണ് പദ്ധതി കൊണ്ട് അധികൃതർ ലക്ഷ്യമിടുന്നത്.

എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ കൂടുകൾക്ക് അകത്തുള്ള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കും. ജലത്തിന്റെ താപനില, പിഎച്ച്, ലവണാംശം, അമോണിയ അളവ് തുടങ്ങി പ്രധാന ജല ഗുണനിലവാര ഘടകങ്ങൾ കൃത്യമായി ശേഖരിക്കും. മത്സ്യങ്ങളെ നിരീക്ഷിക്കുന്നതിനും അവയ്ക്ക് കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുമായി എ ഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക ക്യാമറകളും കൂടിനുള്ളിൽ സ്ഥാപിക്കും. ഇങ്ങനെ ശേഖരിക്കുന്ന എല്ലാ വിവരങ്ങളും എ ഐ തന്നെ വിശകലനം ചെയ്തു വേണ്ട മാറ്റങ്ങൾ നിർദേശിക്കും.

ഈ മാറ്റങ്ങൾ അധികൃതർ നടപ്പാകുന്നതോടെ മികച്ച രീതിയിൽ ഉള്ള മത്സ്യ വിളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതി വിജയിച്ചാൽ കൂടുതൽ ഇടങ്ങളിൽ നടപ്പിലാക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ അബുദാബിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന തരത്തിലുള്ള മത്സ്യം ലഭ്യമാകുമെന്നാണ് അധികൃതർ കരുതുന്നത്.

യുഎഇ – ഒമാൻ യാത്രയ്ക്ക് വെറും ഒന്നര മണിക്കൂർ; 15,000 ടൺ ചരക്കുകൾ ഒറ്റ യാത്രയിൽ എത്തിക്കും

യുഎഇ – ഒമാൻ യാത്രയ്ക്ക് വെറും ഒന്നര മണിക്കൂർ; 15,000 ടൺ ചരക്കുകൾ ഒറ്റ യാത്രയിൽ എത്തിക്കും

ദുബൈ: യു എ ഇയെയും ഒമാനെയും റെയിൽ മാർഗം ബന്ധിപ്പിക്കുന്ന ‘ഹഫീത് ‘ റെയിൽ പദ്ധതിക്ക് തുടക്കമായി. ഗൾഫ് രാജ്യങ്ങളിലെ ഗതാഗത, വ്യാപാര മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ഏകദേശം 960 ദശലക്ഷം ഒമാനി റിയാൽ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദല ഇൻവെസ്റ്റ്‌മെന്റ് എന്നീ കമ്പനികൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

യു എ ഇയിലെ അൽ ഐൻ മുതൽ ഒമാനിലെ സുഹാർ തുറമുഖം വരെയാണ് റെയിൽ പാത നിർമ്മിക്കുന്നത്. 303 കിലോമീറ്റർ ആണ് പാതയുടെ നീളം. പ്രധാനമായും ചരക്ക് നീക്കമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 12 ൽ അധികം റെയിൽവേ സ്റ്റേഷനുകളും ഇതിന്റെ ഭാഗമായി നിർമ്മിക്കും. ചരക്ക് നീക്കവുമായി ബന്ധപ്പെട്ട പ്രത്യേക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.

ഹഫീത് റെയിൽ പദ്ധതിയിലൂടെ ഒരു യാത്രയിൽ 15,000 ടണ്ണിലധികം ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയും. അതായത് 270 കണ്ടെയ്നറുകളിൽ ഉൾക്കൊള്ളുന്ന വസ്തുൾ ഒരു യാത്രയിൽ കൊണ്ട് പോകാൻ സാധിക്കും. ഇതോടെ റോഡ് മാർഗമുള്ള ചരക്ക് നീക്കം കുറയ്ക്കാൻ സാധിക്കും. ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും സഞ്ചരിക്കുക എന്നും അധികൃതർ വ്യക്തമാക്കി.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനുകളാണ് യാത്രക്കാർക്കായി തയ്യാറാകുന്നത്. ഇതോടെ യു എ ഇയിൽ നിന്നും ഒമാനിലേക്കുളള യാത്ര സമയം പകുതി ആയി കുറയും.ഉദാഹരണത്തിന്, നിലവിൽ അബുദാബിയിൽ നിന്ന് സുഹാറിലേക്ക് യാത്രയ്ക്ക് ആവശ്യമായ സമയം 3 മണിക്കൂർ 25 മിനിറ്റ് ആണ്. അത് 1 മണിക്കൂർ 40 മിനിറ്റായി കുറയും.

യാത്രക്കാർക്ക് മരുഭൂമികളും പർവതങ്ങളും ഉൾപ്പെടെയുള്ള വിവിധ തരം കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാനും അവസരം ലഭിക്കും. പദ്ധതിലൂടെ ടൂറിസം മേഖലയിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

ഇതുവരെ നടത്തിയത് 50-ലധികം സിസേറിയനുകൾ; ഓപ്പറേഷൻ തിയേറ്ററിൽ സി-സെക്ഷൻ നടത്തിക്കൊണ്ടിരിക്കെ പോലീസ് റെയ്ഡ്, വ്യാജ ഡോക്ടർ അറസ്റ്റിൽ

ഇതുവരെ നടത്തിയത് 50-ലധികം സിസേറിയനുകൾ; ഓപ്പറേഷൻ തിയേറ്ററിൽ സി-സെക്ഷൻ നടത്തിക്കൊണ്ടിരിക്കെ പോലീസ് റെയ്ഡ്, വ്യാജ ഡോക്ടർ അറസ്റ്റിൽ

സിൽച്ചാർ: അസമിലെ സിൽച്ചാറിൽ ഒരു പതിറ്റാണ്ടിലേറെയായി ഡോക്ടറായി വേഷം കെട്ടിയ യുവാവ് പിടിയിൽ. മെഡിക്കൽ യോഗ്യതയില്ലാതെ 50-ലധികം സിസേറിയൻ, ഗൈനക്കോളജിക്കൽ ശസ്ത്രക്രിയകൾ നടത്തിയ പുലോക് മലക്കർ എന്നയാളാണ് സിൽച്ചാറിൽ പിടിയിലായത്. നടൻ സഞ്ജയ് ദത്തിന്റെ ‘മുന്ന ഭായ് എംബിബിഎസ്’ എന്ന സിനിമയുമായി സാമ്യം തോന്നുന്ന യഥാർത്ഥ സംഭവമായി ഇത് മാറി. രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. സിൽച്ചറിലെ ശിബ്സുന്ദരി നാരി ശിക്ഷ സേവാ ആശ്രമം ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിൽ സി-സെക്ഷൻ നടത്തിക്കൊണ്ടിരിക്കെ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു.

ഇയാളുടെ എല്ലാ സർട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ ഇയാൾ പ്രദേശത്ത് അറിയപ്പെട്ടിരുന്നു. വ്യാജ ഡോക്ടർമാർക്കെതിരെ അസം സർക്കാർ നടത്തുന്ന കർശന നടപടികളുടെ ഭാഗമാണ് ഈ അറസ്റ്റ്. 2025 ജനുവരിയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആന്റി-ക്വാക്കറി ആൻഡ് വിജിലൻസ് സെൽ ആണ് ഇയാളെ പിടികൂടിയത്. ഈ യൂണിറ്റ് രൂപീകരിച്ച ശേഷം ഇതുവരെ 13 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 10 വ്യാജ ഡോക്ടർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പിടിയിലായവരിൽ ഭൂരിഭാഗം പേരും താഴ്ന്ന, ഇടത്തരം വരുമാനക്കാരായ രോഗികളെ ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചിരുന്നത്. അടുത്തിടെ നാഗോണിലും ജോർഹട്ടിലുമായി നാല് വ്യാജ ഡോക്ടർമാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വഞ്ചന, ക്രിമിനൽ വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്