‘അമേരിക്കൻ വിസയെ ബഹുമാനിക്കൂ’: വിസയ്ക്ക് ബോണ്ട് ഏർപ്പെടുത്താൻ യുഎസ്; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

‘അമേരിക്കൻ വിസയെ ബഹുമാനിക്കൂ’: വിസയ്ക്ക് ബോണ്ട് ഏർപ്പെടുത്താൻ യുഎസ്; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

വാഷിങ്ടണ്‍: അമേരിക്കൻ വിസയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നവർക്ക് വൻ തിരിച്ചടി. ബിസിനസ്, ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷിക്കുന്ന വ്യക്തികള്‍ 15,000 ഡോളർ വരെ ബോണ്ട് നൽകേണ്ടി വരും. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. അമേരിക്കയുടെ പുതിയ നീക്കം വിസ അപേക്ഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുക.

അനധികൃതമായി രാജ്യത്ത് തുടരുന്നവരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ നേരത്തെ ഡോണൾഡ് ട്രംപ് സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ച എന്ന രീതിയിലാണ് വിസ അപേക്ഷകർക്ക് ബോണ്ട് ഏർപ്പെടുത്താനുള്ള നീക്കം സർക്കാർ നടത്തുന്നത്. ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കാണ് ബോണ്ട് ഏർപ്പെടുത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

പദ്ധതി നടപ്പാക്കുന്നതിന് 15 ദിവസം മുമ്പ് ഇത് സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിസ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവരുടെ കണക്കുകൾ അധികൃതർ പരിശോധിക്കും. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരിൽ കൂടുതൽ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് കണ്ടെത്തിയ ശേഷം ആ രാജ്യത്തിൽ നിന്നുള്ള അപേക്ഷകർക്കാകും ബോണ്ട് ഏർപ്പെടുത്തുക.

പദ്ധതി ഒരു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും നടപ്പിലാക്കുക. 5,000, മുതൽ 15,000 ഡോളറുകൾ വരെ ബോണ്ടായി ആവശ്യപ്പെടാനുള്ള പ്രത്യേക അധികാരം

കോൺസുലർ ഓഫിസർമാർക്ക് നൽകും. വിസയുടെ കാലാവധി അവസാനിക്കുന്നവർ നടപടി ക്രമങ്ങൾ പാലിച്ച് രാജ്യം വിടുമ്പോൾ ബോണ്ട് ആയി നൽകിയ പണം തിരികെ നൽകും. ഇനി വിസ നിയം ലംഘിച്ചാൽ പണം കണ്ടു കെട്ടുകെട്ടുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. അതേസമയം, ഇന്ത്യയിലെ യു എസ് എംബസി വിസ ഉടമകൾക്ക് കർശനമായ മുന്നറിയിപ്പുമായി രംഗത്ത് എത്തി. യു എസ് വിസയുടെ നിബന്ധനകളും അമേരിക്കയിൽ താമസിക്കുന്നതിനുള്ള അംഗീകൃത കാലയളവും മാനിക്കണമെന്ന് സമൂഹ മാധ്യമത്തിൽ പങ്ക് വെച്ച പോസ്റ്റിൽ എംബസി പറയുന്നു. നിയമലംഘനം നടത്തുന്നവരെ നാടുകടത്തുമെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം, വലഞ്ഞ് യാത്രക്കാര്‍

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം, വലഞ്ഞ് യാത്രക്കാര്‍

ബംഗളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിത കാല സമരത്തില്‍ വലഞ്ഞ് യാത്രക്കാര്‍. ഇന്ന് രാവിലെയാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കോടതി സ്റ്റേ അവഗണിച്ചാണ് യൂണിയനുകള്‍ പണിമുടക്ക് നടത്തുന്നത്. ഡിപ്പോകളില്‍ ബസുകള്‍ കൂട്ടമായി നിര്‍ത്തിയിട്ട അവസ്ഥയാണ്. ചുരുക്കം ചില ബസുകള്‍ മാത്രമാണ് സര്‍വീസുകള്‍ നടത്തുന്നത്. ഗ്രാമീണ മേഖലയിലെ ചില ബസുകള്‍ സര്‍വീസ് നടത്തി. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് വേണ്ടി കുറച്ച് ഡ്രൈവര്‍മാര്‍ ജോലിയില്‍ കയറിയതായി ഗതാഗത വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ബസ് സര്‍വീസുകള്‍ തടസപ്പെട്ടതിനാല്‍, സ്‌കൂളുകളിലും കോളജുകളിലും ഓഫീസുകളിലും ഹാജര്‍ കുറവായിരുന്നു. പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ ട്രെയിനി ബസ് ഡ്രൈവര്‍മാരെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. യാത്രക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ ബസ് ടെര്‍മിനലുകളില്‍ നിന്ന് സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബെംഗളൂരു, ചിക്കമഗളൂരു, റായ്ച്ചൂര്‍, ചിത്രദുര്‍ഗ, ഹുബ്ബള്ളി, ധാര്‍വാഡ്, ബെലഗാവി, മംഗളൂരു, മൈസൂരു, തുമകൂരു, ഹാസന്‍, മടിക്കേരി, ശിവമോഗ, കലബുറഗി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ബസ് സ്റ്റാന്‍ഡുകളില്‍ നിരവധി യാത്രക്കാരാണ് കുടുങ്ങിയത്.

ജന്‍ ധന്‍ യോജന അക്കൗണ്ട് ഉടമയാണോ?, ഉടന്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യുക; വീട്ടുപടിക്കല്‍ സേവനവുമായി ബാങ്കുകള്‍

ജന്‍ ധന്‍ യോജന അക്കൗണ്ട് ഉടമയാണോ?, ഉടന്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യുക; വീട്ടുപടിക്കല്‍ സേവനവുമായി ബാങ്കുകള്‍

ഡല്‍ഹി: പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ദീര്‍ഘകാലമായി പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുമായി ബന്ധപ്പെട്ട് കെവൈസി അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ ചെയ്യാനാണ് നിര്‍ദേശം. ഇതിനായി ബാങ്കിലേക്ക് ഓടേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അക്കൗണ്ട് ഉടമകള്‍ക്ക് വീട്ടുപടിക്കല്‍ സേവനം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി അപ്‌ഡേറ്റ് പൂര്‍ത്തിയാക്കാനും ജൂലൈ ഒന്നുമുതല്‍ കാംപെയ്ന്‍ നടത്തി വരികയാണ്. സെപ്റ്റംബര്‍ 30 വരെയാണ് ദേശീയാടിസ്ഥാനത്തിലുള്ള ഈ കാംപെയ്ന്‍. ഈ പ്രചാരണത്തിന്റെ ഭാഗമായി നിലവിലുള്ള ജന്‍ ധന്‍ യോജന അക്കൗണ്ടുകളുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും കെവൈസി പുനഃപരിശോധിക്കല്‍, ബാങ്കിംഗ് സൗകര്യമില്ലാത്ത മുതിര്‍ന്നവര്‍ക്കായി ജന്‍ ധന്‍ യോജന അക്കൗണ്ടുകള്‍ തുറക്കല്‍, സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ചേര്‍ക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ വീട്ടുപടിക്കല്‍ നല്‍കുന്നതിനായി ബാങ്കുകള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ക്യാമ്പുകള്‍ നടത്തി വരികയാണ്. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും ക്യാമ്പുകളില്‍ നടപടി സ്വീകരിച്ച് വരികയാണ്.

ക്യാമ്പിലെ സേവനങ്ങള്‍

പഴയ ജന്‍ ധന്‍ അക്കൗണ്ടുകളുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും പുനഃപരിശോധന, അതായത് കെവൈസി അപ്‌ഡേറ്റ് സൗജന്യമായി ചെയ്യുന്നു.

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കായി പുതിയ ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറക്കുന്നു

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ), അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) തുടങ്ങിയ പ്രധാന പദ്ധതികളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം

ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളെക്കുറിച്ചുള്ള അവബോധം ഈ ക്യാമ്പുകളില്‍ പ്രചരിപ്പിക്കുകയും ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുകയും ചെയ്യുന്നു.

മെട്രോ നിയമങ്ങൾ കർശനമാക്കി ദുബൈ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 2,000 ദിർഹം വരെ പിഴ

മെട്രോ നിയമങ്ങൾ കർശനമാക്കി ദുബൈ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 2,000 ദിർഹം വരെ പിഴ

ദുബൈ: മെട്രോ നിയമങ്ങൾ പാലിക്കാതെ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ). നിയമങ്ങൾ ലംഘിക്കുന്നവർക്ക് 100 മുതൽ 2,000 ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. വൃത്തിയുള്ളതും സുരക്ഷിതവുമായ പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ആണ് കർശന നടപടികൾ സ്വീകരിക്കുന്നത്. മികച്ച യാത്രാനുഭവം ജനങ്ങൾക്ക് ലഭിക്കുന്നതിനായി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

മെട്രോ നിയമങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് അധികൃതർ നിയമങ്ങളും,പിഴത്തുകകളും വീണ്ടും ഓർമ്മപ്പെടുത്തിയത്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് ടിക്കറ്റുമായി ബന്ധപ്പെട്ടാണ്. യാത്രക്കൂലി നൽകാതെ മെട്രോയിൽ യാത്ര ചെയ്യുക,വ്യാജ യാത്രാ കാർഡ് ഉപയോഗിക്കുക, ടിക്കറ്റില്ലാതെ ഗേറ്റ് കടക്കാൻ ശ്രമിക്കുക തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്.

പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകളുടെ സമീപത്ത് സൗജന്യ പാർക്കിങ്ങിനുള്ള സൗകര്യം അധികൃതർ ഒരുക്കിയിരുന്നു. മെട്രോയിൽ യാത്ര ചെയുന്നവർക്ക് മാത്രമാണ് ഇവിടെ പാർക്കിങ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഈ സ്ഥലം പലരും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകള്‍ക്ക് വില കുറയും

പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകള്‍ക്ക് വില കുറയും

ഡല്‍ഹി: പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകളുടെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കാര്‍ഡിയോവാസ്‌കുലര്‍, പ്രമേഹം, മാനസിക രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളും ആന്റി- ഇൻഫ്ലമേറ്ററി, ആന്റി ബയോട്ടിക് മരുന്നുകളും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റി വില കുറച്ചവയുടെ പട്ടികയിലുണ്ട്.

അസെക്ലോഫെനാക്, ട്രിപ്‌സിന്‍ കൈമോട്രിപ്‌സിന്‍, പൊട്ടാസ്യം ക്ലാവുലനേറ്റ്, എംപാഗ്ലിഫോസിന്‍, സിറ്റാഗ്ലിപ്റ്റിന്‍, മെറ്റ്‌ഫോര്‍മിന്‍ ഉള്‍പ്പെടുന്ന സംയുക്തങ്ങള്‍, കുട്ടികള്‍ക്കു നല്‍കുന്ന തുള്ളി മരുന്നുകള്‍, വൈറ്റമിന്‍ ഡി, കാല്‍സ്യം ഡ്രോപ്പുകള്‍, ഡൈക്ലോഫെനാക് തുടങ്ങിയവയ്ക്കും വില കുറയും.

മുസ്ലീം ഹെ‍ഡ് മാസ്റ്ററെ ഒഴിവാക്കാന്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി; ശ്രീരാമ സേന നേതാവ് ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍

മുസ്ലീം ഹെ‍ഡ് മാസ്റ്ററെ ഒഴിവാക്കാന്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി; ശ്രീരാമ സേന നേതാവ് ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തിയ സംഭവത്തില്‍ ശ്രീരാമ സേന നേതാവ് ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍. മുസ്ലീമായ പ്രധാന അധ്യാപകനെ സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റാന്‍ വേണ്ടിയാണ് ശ്രീരാമസേന നേതാവ് വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തിയത്. 13വര്‍ഷമായി ഈ സ്‌കൂളിലെ പ്രധാന അധ്യാപകനാണ് സുലൈമാന്‍ ഗൊരിനായിക്ക്. ഇയാള്‍ക്കെതിരെ സംശയം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ നീക്കം.

വാട്ടര്‍ ടാങ്കിലെ കീടനാശിനി കലര്‍ന്ന വെള്ളം കുടിച്ച് 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗര്‍ പാട്ടീല്‍, കൃഷ്ണ മദാര്‍, നാഗന ഗൗഡ പാട്ടീല്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി കൃഷ്ണ മദാറിനുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ശ്രീരാമ സേന നേതാവ് സാഗര്‍ പാട്ടീല്‍ കൃഷ്ണ മദാറിനെ ഗൂഢാലോചനയില്‍ പങ്കെടുപ്പിച്ചത്. സാഗര്‍ നല്‍കിയ കീടനാശിനി അടങ്ങിയ കുപ്പി മദാര്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വാട്ടര്‍ ടാങ്കില്‍ ഒഴിപ്പിക്കുകയായിരുന്നു. ഇതിനായി ഒരു പാക്കറ്റ് ചിപ്‌സും ചോക്ലേറ്റും 500 രൂപയും മദാര്‍ തനിക്ക് തന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. വിഷം കലക്കാന്‍ ഉപയോഗിച്ച കുപ്പി സ്‌കൂള്‍ അങ്കണത്തില്‍ നിന്നും കണ്ടെത്തി.

മതമൗലികവാദവും വര്‍ഗീയ വിദ്വേഷവും ഹീനമായ പ്രവൃത്തികളിലേക്ക് നയിക്കും, എന്നതിന്റെ തെളിവാണ് നിരപരാധികളായ കുട്ടികളുടെ കൂട്ടക്കൊലക്ക് കാരണമായേക്കാവുന്ന ഈ സംഭവമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അനുകമ്പയാണ് മതത്തിന്റെ അടിസ്ഥാനം എന്ന പ്രഖ്യാപിച്ച ശരണങ്ങളുടെ നാട്ടില്‍ എങ്ങനെയാണ് ഇത്രയും ക്രൂരതയും വിദ്വേഷവും ഉയര്‍ന്നുവന്നത്? ഈ നിമിഷത്തിലും തനിക്കിത് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.

മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വിദ്വേഷം വിതച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപി നേതാക്കള്‍ ആത്മപരിശോധന നടത്തണം. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക് ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിജയേന്ദ്രയോ പ്രതിപക്ഷനേതാവ് ആര്‍.അശോകയോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.