ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

റാഞ്ചി: ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു സോറന്‍. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹേമന്ത് സോറനാണ് പിതാവിന്റെ മരണവാര്‍ത്തയറിയിച്ചത്. ‘ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാന്‍ ശൂന്യനായി’ എന്ന് കുറിച്ചു കൊണ്ടാണ് ഹേമന്ത് അച്ഛന്റെ മരണവാര്‍ത്ത എക്‌സിലൂടെ അറിയിച്ചത്. നിലവിൽ ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എട്ടു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ രാജ്യസഭ എംപിയായി. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു.

സന്താൽ സമുദായത്തിൽപ്പെട്ട ഷിബു സോറൻ അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിൽ 1944ലാണ് ജനിച്ചത്. ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാവ് എ.കെ. റോയിയുമായും കുർമി മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോയുമായും ചേർന്ന് 1972ലാണ് ജാർഖണ്ഡ് മുക്തി മോർച്ച രൂപീകരിച്ചു. കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയെ നയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണം; തലാലിന്റെ സഹോദരന്റെ കത്ത്

നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണം; തലാലിന്റെ സഹോദരന്റെ കത്ത്

സന: നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ യെമന്‍ അറ്റോര്‍ണി ജനറലിന് വീണ്ടും കത്തയച്ചു. മധ്യസ്ഥതയ്‌ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് കത്തില്‍ പറയുന്നു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്.

അറ്റോര്‍ണി ജനറലിന് തലാലിന്റെ സഹോദരന്‍ വീണ്ടും കത്തയച്ചതോടെ നിമിഷ പ്രിയയുടെ മോചനം സങ്കീര്‍ണമാകും. വധശിക്ഷക്കുള്ള തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടു. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നുമാണ് തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നത്.

ജൂലൈ പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടക്കാനിരിക്കെയാണ് അനിശ്ചിതമായി നീട്ടുവച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. വധശിക്ഷ നീട്ടിവയ്ക്കുന്നതില്‍ കാന്തപുരം എപി അബൂബക്കല്‍ മുസ്ലീയാരുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടലുകളായിരുന്നു അതിന് ഇടയാക്കിയത്. എന്നാല്‍ തലാലിന്റെ കുടുംബം വീണ്ടും കത്തയച്ചോതോടെ മധ്യസ്ഥ ശ്രമം ഫലം കണ്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.

കശ്മീരില്‍ മൂന്ന് ഭീകരരെ കൂടി സൈന്യം വധിച്ചു; ‘ഓപ്പറേഷന്‍ അഖല്‍’ മൂന്നാം ദിനവും തുടരുന്നു

കശ്മീരില്‍ മൂന്ന് ഭീകരരെ കൂടി സൈന്യം വധിച്ചു; ‘ഓപ്പറേഷന്‍ അഖല്‍’ മൂന്നാം ദിനവും തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ അഖല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഓപ്പറേഷനില്‍ ഇതുവരെ വധിച്ച ഭീകരരുടെ എണ്ണം ആറായി.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭീകരവിരുദ്ധ വേട്ടയാണ് കശ്മീരില്‍ നടക്കുന്നത്. തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ അഖല്‍ വനമേഖലയില്‍ രാത്രി വൈകിയും വെടിവെപ്പുണ്ടായി. സൈന്യം, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയുടെ സംയുക്ത സംഘവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.

അഖല്‍ വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇതോടെ വനത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച കൊല്ലപ്പെട്ട ഭീകരര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റെസിസ്റ്റന്‍സ് ഫ്രണ്ടില്‍ (ടിആര്‍എഫ്) പെട്ടവരാണെന്ന് സൈന്യം സൂചിപ്പിച്ചു.

കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെത്തിച്ചു; ജ്യോതി ശര്‍മയ്‌ക്കെതിരെ പെണ്‍കുട്ടികള്‍ വീണ്ടും പരാതി നല്‍കും

കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെത്തിച്ചു; ജ്യോതി ശര്‍മയ്‌ക്കെതിരെ പെണ്‍കുട്ടികള്‍ വീണ്ടും പരാതി നല്‍കും

ന്യൂഡല്‍ഹി: ജാമ്യത്തില്‍ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ രാജറായി മഠത്തില്‍ എത്തിച്ചു. കനത്ത സുരക്ഷയിലാണ് ഇവരെ മഠത്തിലെത്തിച്ചത്. അതേസമയം കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ കത്തോലിക്ക സഭ വിശദമായ കൂടിയോചനകള്‍ നടത്തും. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിക്കും.

കേസ് റദ്ദാക്കുന്നതിന് പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ബജ്‌റങ് ദള്‍ നേതാവ് ജ്യോതി ശര്‍മ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഓണ്‍ലൈനായി ദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്നലെ നാരായണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല.

കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി എന്നിവര്‍ക്ക് പുറമേ മൂന്നാം പ്രതി സുഖ്മാന്‍ മാണ്ഡവിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. മൂന്ന് പേരും 50,000 രൂപ വീതം ബോണ്ട് കെട്ടിവയ്ക്കുകയും പാസ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും വേണം. രാജ്യം വിടുന്നതില്‍ നിന്നും എന്‍ഐഎ കോടതി ഇവരെ വിലക്കിയിട്ടുണ്ട്.

‘വ്യാപാര യുദ്ധത്തിൽ കണ്ണ് ചിമ്മുമെന്ന് കരുതണ്ട’, ട്രംപിനോട് നരേന്ദ്രമോദി

‘വ്യാപാര യുദ്ധത്തിൽ കണ്ണ് ചിമ്മുമെന്ന് കരുതണ്ട’, ട്രംപിനോട് നരേന്ദ്രമോദി

ഡൽഹി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും അമേരിക്കയുടെയും താരിഫ് ഭീഷണികൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വ്യാപാരയുദ്ധത്തിൽ കണ്ണ് ചിമ്മുമെന്ന് കരുതേണ്ടെന്ന് ട്രംപിനോട് മോദി വ്യക്തമാക്കി. രാജ്യതാൽപര്യം അനുസരിച്ചേ മുന്നോട്ട് പോകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

റഷ്യയുമായി എണ്ണ ഇറക്കുമതി സംബന്ധിച്ച് ഇന്ത്യ ധാരണയിലെത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശം കൂടി വന്നതോടെയാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണം നൽകിയത്. “റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിവെച്ചുവെന്ന് ഞാൻ കേൾക്കുന്നു, ഇത് ശരിയാണെങ്കിൽ അതൊരു നല്ല നടപടിയാണ്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യക്ക് പിഴ ചുമത്താൻ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ ഈ പ്രസ്താവന. എന്നാൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വിപണി ചലനാത്മകതയും ദേശീയ താൽപ്പര്യങ്ങളും അനുസരിച്ചാണ് ഇന്ത്യ കൈകാര്യം ചെയ്യുന്നതെന്നും, റഷ്യൻ എണ്ണ ഇറക്കുമതി താൽക്കാലികമായി നിർത്തുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിന് അറിയില്ലെന്നും വിദേശകാര്യ മന്ത്രാലയം അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.

ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ അറിയാം; റിസര്‍വേഷന്‍ ആരംഭിച്ചു

ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ അറിയാം; റിസര്‍വേഷന്‍ ആരംഭിച്ചു

ചെന്നൈ: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചതായി ദക്ഷിണ റെയില്‍വേ. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു റൂട്ടിലെ രണ്ട് തീവണ്ടികളിലും മംഗളൂരു ജങ്ഷന്‍-കൊല്ലം-മംഗളൂരു ജങ്ഷന്‍, മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ തുടങ്ങിയ തീവണ്ടികളിലാണ് മുന്‍കൂട്ടിയുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്.

ഓഗസ്റ്റ് ഒന്നുമുതല്‍ റിസര്‍വേഷന്‍ ആരംഭിച്ച ട്രയിനുകള്‍

06119 ചെന്നൈ സെന്‍ട്രല്‍- കൊല്ലം പ്രതിവാര എക്സ്പ്രസ് (ഓഗസ്റ്റ് 27, സെപ്റ്റംബര്‍ 3, സെപ്റ്റംബര്‍ 10 എന്നീ തീയതികളില്‍ സര്‍വീസ്)

06120 കൊല്ലം- ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസ് (ഓഗസ്റ്റ് 28, സെപ്റ്റംബര്‍ 4, 11 എന്നീ തീയതികളില്‍ സര്‍വീസ്)

06041 മംഗളൂരു ജങ്ഷന്‍- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബര്‍ 04, 06, 11, 13 തീയതികളില്‍ സര്‍വീസ്)

06042 തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ എക്സ്പ്രസ് (ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബര്‍ 05, 07, 12, 14 തീയതികളില്‍ സര്‍വീസ്)

06047 മംഗളൂരു ജങ്ഷന്‍- കൊല്ലം എക്സ്പ്രസ് (ഓഗസ്റ്റ് 25, സെപ്റ്റംബര്‍ 01, 08 തീയതികളില്‍ സര്‍വീസ്)

06048 കൊല്ലം-മംഗളൂരു ജങ്ഷന്‍ എക്സ്പ്രസ് (ഓഗസ്റ്റ് 26, സെപ്റ്റംബര്‍ 02,09 തീയതികളില്‍ സര്‍വീസ്)

ഓഗസ്റ്റ് രണ്ട് മുതല്‍ റിസര്‍വേഷന്‍ ആരംഭിച്ച ട്രെയിനുകള്‍

06547 എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (ഓഗസ്റ്റ് 13, 27, സെപ്റ്റംബര്‍ 3 തീയതികളില്‍ സര്‍വീസ്)

06548 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു എക്സ്പ്രസ് (ഓഗസ്റ്റ് 14, 28, സെപ്റ്റംബര്‍ 4 തീയതികളില്‍ സര്‍വീസ്

06523 എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (ഓഗസ്റ്റ് 11, 18, 25, സെപ്റ്റംബര്‍ 01, 08, 15 തീയതികളില്‍ സര്‍വീസ്)

06524 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു എക്സ്പ്രസ് (ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബര്‍ 02, 09, 16 തീയതികളില്‍ സര്‍വീസ്)